Categories: KeralaNews

ഗതാഗത വകുപ്പ് തന്നെയാണോ ലഭിക്കുക എന്നതറിയില്ല; ആണെങ്കില്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കും, വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് ഉപദ്രവിക്കരുത്

Published by

തിരുവനന്തപുരം : മന്ത്രിസഭാ പുനസംഘടനയില്‍ തന്റെ വകുപ്പ് എന്താണെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. അനാവശ്യ വാദങ്ങളിലേക്ക് വലിച്ചിഴച്ച് ഉപദ്രവിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍. രാവിലെ ഇടതുമുന്നണി യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിയുക്തമന്ത്രി.

വീണ്ടും മന്ത്രിയാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. മാധ്യമങ്ങളുടേയും ജനങ്ങളുടേയും ഭാഗത്തു നിന്നും എല്ലാ പിന്തുണയുമുണ്ടാകണം. ഗതാഗത വകുപ്പ് തന്നെയാണോന്ന് മുഖ്യമന്ത്രി പറഞ്ഞില്ല. ഗതാഗത വകുപ്പാണെങ്കില്‍ ഒരുപാട് ജോലിയുണ്ട്. എങ്കിലും ഇന്നത്തെ സ്ഥിതിയില്‍നിന്നും അതിനെ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില ആശയങ്ങളൊക്കെ മനസ്സിലുണ്ട്. മുഖ്യമന്ത്രി വകുപ്പ് പ്രഖ്യാപിച്ചശേഷം അതിനെക്കുറിച്ച് വിശദമായി പറയാം.

വെറുതെ എന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് ദയവുചെയ്ത് ഉപദ്രവിക്കരുത്. ഞാന്‍ ഒന്നിനുമുള്ള ആളല്ല. നന്നായി ഒരു ജോലി ചെയ്യാന്‍ മുഖ്യമന്ത്രി ഏല്‍പിച്ചിരിക്കുകയാണ്. ഈ ചുമതല നിര്‍വ്വഹിക്കാന്‍ എല്ലാവരും സഹായിക്കുക. ഇപ്പോഴത്തെ ഒരു സ്ഥിതിയെക്കുറിച്ച് പഠിക്കേണ്ടതുണ്ട്.

മുമ്പ് ഗതാഗത വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ളതാണെങ്കിലും നിലവില്‍ അതിനേക്കാള്‍ മോശം സ്ഥിതിയിലാണുള്ളത്.ഗതാഗത വകുപ്പാണെങ്കില്‍ കെഎസ്ആര്‍ടിസി നന്നാക്കി പക്കാ ലാഭത്തിലാക്കാമെന്നുള്ള മണ്ടത്തരം ഒന്നും പറയുന്നില്ല. പക്ഷേ വളരെയധികം മെച്ചപ്പെടുത്തിയെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ മാസം 29നാണ് കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. എല്‍ഡിഎഫിലെ മുന്‍ ധാരണപ്രകാരമാണ് ഇരുവരും മന്ത്രിമാരാകുന്നത്. ഇതിനായി അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by