കൊല്ലം: അയോധ്യയില്‍ ശ്രീരാമക്ഷേത്രം ദര്‍ശനത്തിനെത്തുന്നവരെ കാത്ത് കൊച്ചിന് ഷിപ്പ്യാര്ഡില് നിര്‍മിച്ച ഇലക്ട്രിക് ബോട്ടുകള്‍. കൊച്ചിന് വാട്ടര്‍മെട്രോ മാതൃകയിലുള്ള രണ്ട് ഇലക്ട്രിക് ബോട്ടുകളാണ് അയോധ്യയിലേക്കും വാരാണസിയിലേക്കും എത്തുന്നത്. അയോധ്യയില്‍ പ്രാണ പ്രതിഷ്ഠയ്ക്ക് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സരയൂനദിയുലൂടെ സഞ്ചരിച്ച് ഇലക്ട്രിക് ബോട്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് അറിയുന്നത്.
ഐവി ആക്ട് (ഇന്‍ലാന്‍ഡ് വെസ്സല്‍സ് ആക്ട്) 2021നു ശേഷം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ ഇലക്ട്രിക് ബോട്ടുകളാണ് ഇവ. കൊടുങ്ങല്ലൂര്‍ പോര്‍ട്ട് ഓഫീസിലാണ് ഇവ രജിസ്റ്റര്‍ ചെയ്തത്. ഒരു ബോട്ടില്‍ 50 പേര്‍ക്ക് യാത്ര ചെയ്യാം.
രാജ്യത്തെ നദികളില്‍ ഇലക്ട്രിക് ബോട്ട് യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി ആവിഷ്ക്കരിച്ചിരിക്കുന്ന ബൃഹത് പദ്ധതിയുടെ ഭാഗമാണ് ഈ ബോട്ടുകള്‍. ആദ്യഘട്ടത്തില്‍ എട്ടെണ്ണം ആണ് നിര്‍മിക്കുന്നത്. ഇതില്‍ രണ്ടെണ്ണമാണ് കൊച്ചിയില്‍ നിര്‍മിച്ചിരിക്കുന്നത്. ബാക്കി ആറെണ്ണം കൊച്ചിന് ഷിപ്പ്യാര്ഡിന്റെ ഹൂബ്ലിശാലയില് നിര്‍മിക്കും.
ഇലക്ട്രിക് ബോട്ടുകളുമായുള്ള ബാര്‍ജ് കൊണ്ടുപോകുന്ന ടഗ് കൊല്ലം പോര്‍ട്ടില്‍ എത്തി. ഇലക്ട്രിക് ബോട്ടുകള്‍ വഹിച്ചുള്ള ‘സാന്‍ 3’ ബാര്ജുമായുള്ള ‘സാം പാരഡൈസ്’ എന്ന ടഗ് വാരാണസിക്കു തിരിച്ചെങ്കിലും പാമ്പന്‍ പാലത്തിന് അടിയിലൂടെ കടന്നു പോകാന്‍ സാധിക്കാതിരുന്നതോടെ അടുത്ത തുറമുഖമായ കൊല്ലം പോര്‍ട്ടില്‍ എത്തിക്കുകയായിരുന്നു.
ചെറിയ ടഗ് ആയ ‘സാം പാരഡൈസി’ന് ശ്രീലങ്ക ചുറ്റിപ്പോകാനുള്ള പവര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഗോവയില്‍ നിന്നെത്തിയ ‘ഭീം’ എന്ന വലിയ ടഗ്ഗ് ഇലക്ട്രിക് ബോട്ടുകളുമായി പുറപ്പെട്ടു. ശ്രീലങ്കവഴി 15 ദിവസം കൊണ്ട് കൊല്‍ക്കത്ത പോര്‍ട്ടിലും അവിടെ നിന്ന് നദിമാര്‍ഗം അയോധ്യയിയിലും എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: