‘ജിംഗിള്‍ ബെല്‍സ്…’ ക്രിസ്മസ് ഗാനമല്ല എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നും. കാരണം ലോകത്തിന്റെ പ്രിയപ്പെട്ട ക്രിസ്തുമസ് കാരള്‍ ഗാനമാണിത്. എന്നാല്‍, ഈ ഗാനം ക്രിസ്തുമസിനു വേണ്ടി എഴുതിയതല്ല. 1850കളിലാണ് ഗാനം എഴുതപ്പെട്ടത്. കൃത്യം ദിവസമോ എഴുതിയ സ്ഥലമോ ശരിയായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജയിംസ് ലോഡ് പീര്‍പോണ്ട് എന്ന അമേരിക്കന്‍ പിയാനോ വാദകന്‍ മസാച്ചുസെറ്റ്സിലെ മെഡ്ഫോഡ് നഗരത്തില്‍ വച്ചാണ് ഈ ഗാനം എഴുതിയതും ഈണം നല്‍കിയതെന്നും കരുതപ്പെടുന്നു. ഇതു സൂചിപ്പിക്കുന്ന ഒരു ഫലകം ഇപ്പോള്‍ മെഡ്ഫോഡില്‍ ഉണ്ട്. ഇതു മാത്രമാണു കാര്യമായ തെളിവ്.
ഗ്രാമത്തിലെ സണ്‍ഡേ സ്കൂളില്‍ കൃതജ്ഞതാദിനത്തില്‍ (താങ്ക്സ് ഗിവിങ് ഡേ) പാടാന്‍ വേണ്ടി എഴുതിയതാണ് ഇത്. പിന്നീട് ഉല്ലാസഗാനമായി “The One Horse Open Sleigh” എന്ന ടൈറ്റിലില്‍ 1857 സെപ്റ്റംബറില്‍ ഒരു ആല്‍ബത്തില്‍ ഇറക്കിയെങ്കിലും വലിയ സ്വീകാര്യത കിട്ടിയില്ല.
അമേരിക്കയിലെ സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ നടത്തുന്ന ബ്ലാക്ക് ഫെയ്സ് ഷോയിലെ പ്രധാന ഗാനമായിരുന്നു കുറച്ചുനാള്‍ ഇത്. പിന്നീടു കുറേനാള്‍ മദ്യപാന സദിരുകളുടെ പ്രിയപ്പെട്ട പാട്ടായിരുന്നു ജിംഗിള്‍ ബെല്‍സ്! വിശ്വസിക്കാന്‍ കഴിയുമോ?
പക്ഷേ സത്യമാണ്. ‘ജിംഗിള്‍ ബെല്‍സ്’ എന്നത് മദ്യചഷകത്തില്‍ ഐസ്ക്യൂബുകള്‍ കൂട്ടിമുട്ടുന്നതിന്റെ ശബ്ദമായി വ്യാഖ്യാനിച്ച് ആഘോഷിച്ചു. പില്ക്കാലത്ത് ക്രിസ്തുമസ് കാരള്‍ ഗാന ആല്‍ബത്തില്‍ ഉള്‍പ്പെട്ടതോടെയാണ് ഗാനം ആഗോളപ്രശസ്തമായത്.
ഏറ്റവും കൂടുതല്‍ കേട്ട പാട്ട്
ഈ ഭൂമി ഇന്നുവരെ ഏറ്റവും കൂടുതല്‍ കേട്ട പാട്ട് ഏതാണ്? കൃത്യമായ ഒരു ഉത്തരം പറയാന്‍ ആര്‍ക്കും കഴിഞ്ഞെന്നു വരില്ല. എങ്കിലും, 19-ാം നൂറ്റാണ്ടില്‍ യുഎസില്‍ പുറത്തിറങ്ങിയ ഈ പാട്ടാണ് ലോകത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ പ്രാവശ്യം ആലപിക്കപ്പെട്ട ഗാനമായി കരുതപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രാവശ്യം റിക്കോര്‍ഡ് ചെയ്യപ്പെട്ട ഗാനമായി ലോക മ്യൂസിക് അസോസിയേഷനുകള്‍ അംഗീകരിച്ചിരിക്കുന്നതും ഈ ഗാനമാണ്.
മതനിരപേക്ഷ ഗാനം
ക്രിസ്തുമസ് കാരള്‍ ഗാനമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതില്‍ മതവുമായി ബന്ധപ്പെട്ട ഒരു സൂചനപോലും ഇല്ല. ഇതും ഈ ഗാനത്തിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചു.
ലോകത്ത് ഇന്നുവരെ എഴുതപ്പെട്ട ഏറ്റവും മതനിരപേക്ഷമായ ഉല്ലാസഗാനമെന്ന ബഹുമതിയും ഈ ഗാനത്തിനാണ്. ഈ ഗാനം പാടാത്ത ഗായകര്‍ കുറവാണ്. എല്‍വിസ് പ്രെസ്ലി, ലൂയിസ് ആംസ്ട്രോങ്, ബീറ്റില്‍സ്, സപൈക് ജോണ്‍സ്, ഫ്രാങ്ക് സിനാത്ര … തുടങ്ങിയ മുന്‍നിരക്കാരെല്ലാം അവരുടെ ആല്‍ബങ്ങളില്‍ ജിംഗിള്‍ ബെല്‍സ് ആവിഷ്ക്കരിച്ചിട്ടുണ്ട്.
ആര്‍ക്കും അനായാസം പാടാവുന്ന ഈണവും സന്തോഷം തുളുമ്പുന്ന വരികളുമാണ് ഇതിന്റെ സ്വീകാര്യതയുടെ രഹസ്യം. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 1890 മുതല്‍ 1954 വരെ തുടര്‍ച്ചയായി 64 വര്‍ഷം ആഗോള ഹിറ്റ് ചാര്‍ട്ടില്‍ ഈ ഗാനം ഉണ്ടായിരുന്നു. ഇങ്ങനൊരു നേട്ടം ലോകത്ത് ഒരു പാട്ടിനും കൈവരിക്കാനായിട്ടില്ല.
ക്രിസ്തുമസ് ഗാനമായി പരിഗണിക്കപ്പെട്ടശേഷം ഇതിന്റെ വരികള്‍ക്ക് ഏറെ വിശദീകരണങ്ങള്‍ ഉണ്ടായി. ക്രിസ്തു ജനിച്ചപ്പോള്‍ മാലാഖമാര്‍ പാടി. ”അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനം” ഈ ആശിസ്സിന്റെ പ്രതീകമാണ് മണിനാദമത്രേ. അതിനാല്‍ ജിംഗിള്‍ ബെല്‍സ് എന്നു പാടുന്നതു സമാധാനത്തിന്റെ വിളംബരമായാണ് എന്നതാണ് ഇന്നു പൊതുവെ സ്വീകരിക്കപ്പെട്ടിരിക്കുന്ന വ്യാഖ്യാനം.
ബഹിരാകാശത്തില്‍ നിന്നെത്തിയ പാട്ട്
ഒരു ബഹിരാകാശ വാഹനത്തില്‍നിന്നു ഭൂമിയിലേക്ക് ആദ്യമായി എത്തിയ പാട്ട് എന്ന ബഹുമതിയും കൗതുകവും ഈ ഗാനത്തിനുണ്ട്. 1965ലെ ക്രിസ്തുമസ് കാലത്ത്
(ഡിസംബര്‍ 16) ജെമിനി-6 എന്ന ബഹിരാകാശ വാഹനത്തിലെ യാത്രികരായിരുന്ന തോമസ് സ്റ്റഫോര്‍ഡും വാല്ട്ടര് സ്കിറയുമാണ് ഈ കുസൃതി ഒപ്പിച്ചത്.
അവര്‍ നാസയിലെ നിയന്ത്രണ നിലയവുമായി ബന്ധപ്പെട്ടിട്ട് ഇതുവരെ നല്‍കാതിരുന്ന ഒരു പ്രധാന സന്ദേശം ഉണ്ടെന്നു പറഞ്ഞു. സുപ്രധാന സന്ദേശത്തിനായി കാതു കൂര്‍പ്പിച്ച നാസ ശാസ്ത്രജ്ഞര്‍ കേട്ടത് ബഹിരാകാശത്തുനിന്ന് ഒഴുകി വന്ന ‘ജിംഗിള്‍ ബെല്‍സ്…’ എന്ന ഗാനമായിരുന്നു.
സ്റ്റഫോഡും സ്കിറയും ചേര്‍ന്നു ചിരിച്ചുകൊണ്ടു പാടുന്നു. ഒപ്പം ഹാര്‍മോണിയവും മണികളും പശ്ചാത്തല സംഗീതം ഒരുക്കി. ആരും അറിയാതെ ഇരുവരും ബഹിരാകാശ വാഹനത്തിലേക്ക് ഒളിച്ചുകടത്തിയതായിരുന്നു ഏതാനും ഇഞ്ച് മാത്രം വലിപ്പമുള്ള കൊച്ചു ഹാര്‍മോണിയവും മണികളും, ഒരു കുസൃതി ഒപ്പിക്കാനായി.
എഴുത്തുകാരന്
ലോകം കണ്ട ഏറ്റവും വലിയ സമ്പന്നരിലും ബാങ്കര്മാരിലുമൊരാളായിരുന്ന ജെ.പി. മോര്‍ഗന്റെ അമ്മാവനാണ് ഈ ഗാനമെഴുതിയ ജയിംസ് ലോഡ് പീര്‍പോണ്ട് എന്ന കൗതുകമുണ്ട്. മോര്‍ഗന്റെ അമ്മ ജൂണി സ്പെന്‍സര്‍ മോര്‍ഗണ്‍ ഗാനരചയിതാവ് പീര്പോണ്ടിന്റെ മൂത്ത സഹോദരിയാണ്. പീര്‍പോണ്ട് കടുത്ത മതവിശ്വാസിയോ ആചാരബദ്ധമായ ജീവിതം നയിച്ചയാളോ ആയിരുന്നില്ല. പതിനാലാം വയസ്സില്‍ ബോര്‍ഡിങ്ങില്‍നിന്ന് ഒളിച്ചോടിയ അയാള്‍ എത്തിച്ചേര്‍ന്നത് ഒരു മത്സ്യബന്ധന കപ്പലിലാണ്. കൂറ്റന്‍ തിമിംഗലങ്ങളെ പിടിക്കുന്ന പണിയായിരുന്നു അവരുടേത്. പത്തു വര്‍ഷം കടലില്‍ പോരാടിയ ശേഷമാണ് പീര്‍പോണ്ട് കരയണയുന്നതും ഗാര്‍ഹസ്ഥ്യത്തിലേക്കു കടക്കുന്നതും. പിന്നീട് നാല് വര്‍ഷം കൂടി കഴിഞ്ഞാണ് ആ പാട്ട ്എഴുതുന്നത്. ക്രിസ്തു ശിഷ്യരില്‍ മിക്കവരും മുക്കുവരായിരുന്നല്ലോ. ക്രിസ്തുമസ് കാലത്തെ ഏറ്റവും പ്രമുഖമായ ഗാനവും ഒരു മീന്പിടുത്തക്കാരന് എഴുതിയെന്നതു കൗതുകം. പ്രശസ്തമായ കാലിഫോര്‍ണിയ ഗോള്‍ഡ് റഷില്‍ പങ്കെടുക്കാനായി പിന്നീടും വീടു വിട്ടുപോയ പീര്‍പോണ്ട് വര്‍ഷങ്ങള്‍ ശേഷമാണ് മടങ്ങിയെത്തിയത്.
ഒരു ബാറില്‍ മദ്യപിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ ഗാനം എഴുതിയതെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. സമാധാനത്തിന്റെ ഗാനമെന്നറിയപ്പെടുന്ന ജിംഗിള്‍ ബെല്‍സ് എഴുതിയ പീര്‍പോണ്ട് തന്നെയാണ് അമേരിക്കന്‍ സിവില്‍ യുദ്ധങ്ങള്‍ക്ക് വീറും വാശിയും പകര്‍ന്ന Strike for the South…, We Conquer, or Die…, Our Battle Flag… തുടങ്ങിയ പോരാട്ടഗാനങ്ങളും എഴുതിയത്. ജീവിതം മുഴുവന്‍ ഒരു റെബല്‍ സ്വഭാവമാണ് ഇദ്ദേഹം പ്രകടിപ്പിച്ചത്. അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തില്‍ പിതാവിന്റെയും സഹോദരന്റെയും എതിര്‍പക്ഷത്തുമായിരുന്നു പീര്‍ പോണ്ട്.
തെറ്റിദ്ധരിച്ച അര്‍ഥം
ജിംഗിള്‍ ബെല്‍സ്… എന്ന വരികളുടെ അര്‍ഥം എന്താണ്? ബെല്‍സ് (മണികള്‍) എന്ന നാമത്തിന്റെ വിശേഷണമായാണ് ജിംഗിള്‍ എന്ന വാക്ക് കരുതിപ്പോരുന്നത്. അതായത്,
‘കിലുങ്ങുന്ന മണികള്‍.’ എന്നാല്‍ ജിംഗിള്‍ എന്ന വാക്ക് ഒരു നിര്‍ദേശക ക്രിയ ആയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
അതായത്, ജിംഗിള്‍ ബെല്‍സ് എന്നാല്‍ ‘കിലുങ്ങൂ മണികളേ’ എന്നുവേണം അര്‍ഥമെടുക്കാന്‍. അക്കാലത്ത് യുഎസില്‍ ഉപയോഗിച്ചിരുന്ന മഞ്ഞുവണ്ടികള്‍ പ്രകാശം കുറഞ്ഞിടത്തും വളവുകളിലും വച്ചു കൂട്ടിമുട്ടാറുണ്ടായിരുന്നു. ഇതൊഴിവാക്കാനാണ് മഞ്ഞുവണ്ടികളില്‍ മണികള്‍ സ്ഥാപിച്ചത്.
മണിശബ്ദത്തില്നിന്ന് വാഹനം വരുന്നത് തിരിച്ചറിയാനുള്ള സൂത്രവിദ്യ. ”കുതിരയെ പൂട്ടിയ മഞ്ഞുവണ്ടിയില്‍ ഞങ്ങള്‍ ഉല്ലാസയാത്ര തുടങ്ങുന്നു, അതിനാല്‍ മണികളേ നിങ്ങള്‍ ഈ വഴിയില്‍ മുഴുവന്‍നേരവും കിലുങ്ങിക്കൊണ്ടേയിരിക്കുക….”
Oh, jingle bells, jingle bells
Jingle all the way
Oh, what fun it is to ride
In a one horse open sleigh
പ്രതികരിക്കാൻ ഇവിടെ എഴുതുക: