Categories: KeralaNews

മറിയക്കുട്ടിയുടെ ഹര്‍ജി: കോടതി അനാവശ്യ കാര്യങ്ങള്‍ പറയുന്നുവെന്ന് സര്‍ക്കാര്‍; വയസായ സ്ത്രീക്കൊപ്പം നിന്നതാണോ തെറ്റെന്ന് കോടതി

Published by

കൊച്ചി : മറിയക്കുട്ടി പെന്‍ഷന്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് നല്‍കിയ ഹര്‍ജി രാഷ്‌ട്രീയ പ്രേരിതമാണെന്ന ആരോപണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ക്രിസ്തുമസ് കാലത്ത് ആളുകളുടെ സന്തോഷത്തെ തല്ലിക്കെടുത്തരുത്. ഹര്‍ജി രാഷ്‌ട്രീയ പ്രേരിതമാണെന്ന സര്‍ക്കാര്‍ നിലപാട് ഹൃദയഭേദകരമാണ്. മറിയക്കുട്ടിയുടെ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമര്‍ശം.

വിഷയത്തില്‍ കോടതി അനാവശ്യ കാര്യങ്ങള്‍ പറയുന്നതായി സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. ഇതോടെ താന്‍ എന്ത് തെറ്റാണ് കോടതിയില്‍ പറഞ്ഞതെന്ന് പറയണം. വയസ്സായ സ്ത്രീക്കൊപ്പം നിന്നതാണോ തെറ്റ്. താന്‍ പറഞ്ഞ തെറ്റ് ഈ ബാറിലെ ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ കേസില്‍ നിന്ന് പിന്മാറാന്‍ തയ്യാറാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

പരാതിക്കാരിക്ക് ലീഗല്‍ സര്‍വീസ് അതോറിട്ടിയുടെ സഹായം തരാം. എന്നാല്‍ പെന്‍ഷന്‍ സ്റ്റാറ്റിയൂട്ടറി അല്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. പെന്‍ഷന്‍ വിതരണത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഉത്തരവാദിത്വം തള്ളിക്കളയരുത്. കേന്ദ്രവും സംസ്ഥാനവും അങ്ങോട്ടും എങ്ങോട്ടും പഴി ചാരിയാല്‍ ഇവിടെ ആളുകള്‍ക്ക് ജീവിക്കണ്ടേ. ആളുകളുടെ ഡിഗ്‌നിറ്റിയെപ്പറ്റി സര്‍ക്കാര്‍ ഓര്‍ക്കണം. ഹര്‍ജിക്കാരിക്ക് കിട്ടാനുളള 4500 രൂപ കൊടുക്കാന്‍ പലരും തയാറായേക്കും, എന്നാല്‍ വ്യക്തിയെന്ന നിലയില്‍ സമൂഹത്തിലെ അവരുടെ മാന്യതയും ഡിഗ്‌നിറ്റിയും കൂടി കോടതിക്ക് ഓര്‍ക്കേണ്ടതുണ്ട്.

വിഷയത്തില്‍ ആവശ്യമെങ്കില്‍ അമിക്കസ് ക്യൂറിയെ വയ്‌ക്കും. സീനിയര്‍ അഭിഭാഷകരെ അടക്കം ഉള്‍പ്പെടുത്തി ആവശ്യമെങ്കില്‍ സാഹചര്യം പരിശോധിക്കും. ഇതുവഴി സര്‍ക്കാര്‍ പറയുന്നത് ശരിയാണോയെന്ന് പരിശോധിക്കേണ്ടിവരുമെന്നും കോടതി അറിയിച്ചു. ഹര്‍ജിക്കാരിക്ക് താല്പര്യമെങ്കില്‍ കോടതി വഴി സഹായിക്കാന്‍ തയ്യാറാണെന്നും കോടതി പറഞ്ഞു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ മറിയക്കുട്ടി നല്‍കിയ ഹര്‍ജി രാഷ്‌ട്രീയ പ്രേരിതമാണെന്ന പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് സര്‍ക്കാര്‍ അറിയിച്ചു.

മറിയക്കുട്ടിക്ക് സമ്മതമെങ്കില്‍ പണം കോടതി നല്‍കുമെന്നും അറിയിച്ചു. എന്നാല്‍ തനിക്ക് മാത്രമായി പെന്‍ഷന്‍ വേണ്ട. ഇത്തരത്തില്‍ ലഭിക്കാത്ത എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കണമെന്നും മറിയക്കുട്ടി കോടതിയില്‍ മറുപടി നല്‍കി. ഹര്‍ജിയില്‍ സര്‍ക്കാരും കോടതിയും തമ്മില്‍ രൂക്ഷമായ വാഗ്വാദങ്ങാണ് നടക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by