ന്യൂദല്‍ഹി : ഒമിക്രോണ്‍ പുതിയ വകഭേദം ജെഎന്‍ 1 ആഗോള തലത്തില്‍ വലിയ അപകട സാധ്യത ഉയര്‍ത്തുന്നതല്ലെങ്കിലും ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ സജീവ കോവിഡ് കേസുകള്‍ കുറവാണ്. എന്നിരുന്നാലും രാജ്യത്തെ കോവിഡ് കേസുകള്‍ കൂടുന്നത് കണക്കിലെടുത്ത് പ്രതിരോധ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കോവിഡ് അവലോകന യോഗത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
മൂന്നുമാസത്തിലൊരിക്കല്‍ മോക് ഡ്രില്‍ നടത്തണം, രോഗലക്ഷണങ്ങള്‍, കേസിന്റെ തീവ്രത എന്നിവ നിരീക്ഷിക്കണം. പോസിറ്റീവ് സാംപിളുകള്‍ ഇന്‍സാകോഗിലേക്ക് അയക്കണം. മരുന്ന്, ഓക്‌സിജന്‍ സിലിന്‍ഡര്‍, വെന്റിലേറ്റര്‍, പ്രതിരോധകുത്തിവെപ്പ് എന്നിവയുടെ സ്റ്റോക്ക് ഉറപ്പാക്കണം. കോവിഡ് കേസുകളുടെ തത്സ്ഥിതി കണക്ക് ദിവസവും വെബ്സൈറ്റുകളില്‍ അപ്ഡേറ്റ് ചെയ്യണം. എന്നീ നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രിമാരായ പ്രൊഫ. എസ്.പി. സിങ് ബാഗേല്‍, ഡോ. ഭാരതി പ്രവീണ്‍ പവാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ആഗോള സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ സജീവ കേസുകള്‍ കുറവാണെങ്കിലും രണ്ടാഴ്ചയ്‌ക്കിടെ എണ്ണം 614 ആയി ഉയര്‍ന്നിട്ടുണ്ട്. കേരളം, മഹാരാഷ്‌ട്ര, ഝാര്‍ഖണ്ഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രതിദിന രോഗസ്ഥിരീകരണ വര്‍ധിച്ചിരിക്കുന്നത്. 92 ശതമാനം കേസുകളും ഒറ്റപ്പെട്ടവയാണ്. ക്ലസ്റ്ററുകള്‍ എവിടെയും രൂപപ്പെട്ടിട്ടില്ല.
ജെഎന്‍-1നെ ‘വേരിയന്റ് ഓഫ് ഇന്ററസ്റ്റ്’ വിഭാഗത്തില്‍ ലോകാരോഗ്യ സംഘടനയും ഉള്‍പ്പെടുത്തിയിട്ടുണ്ട. പ്രതിരോധ കുത്തിവെയ്‌പ്പ് എടുത്തവരില്‍ ഗുരുതരമായ പ്രശ്‌നങ്ങളൊന്നും ഉണ്ടാകുന്നില്ല വലിയ അപകട സാധ്യത ഉണ്ടാകുന്നില്ലെന്നും യുഎന്‍ ഏജന്‍സി അറിയിച്ചു. അതിനിട രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: