Categories: Samskriti

നാളെ കുചേലദിനം: ‘ഒരു പിടി അവിലുമായ്…’

Published by

നുമാസത്തിലെ പ്രഥമ ബുധനാഴ്ചയാണ് കുചേല ദിനം. ഗുരുവായൂര്‍ ഉള്‍പ്പെടെ എല്ലാ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും പ്രസ്തുത നാള്‍ ഭക്തപൂര്‍വം ആചരിച്ചുവരുന്നു. സര്‍വ്വ ദുഃഖങ്ങളുമകറ്റി മോക്ഷപ്രാപ്തിക്ക,് ഭഗവാന്‍ ശ്രീകൃഷ്ണനെ ഭജിക്കുന്നു. അവില്‍ പ്രധാന നിവേദ്യം.

ഭാഗവതം ദശമസ്‌കന്ധത്തില്‍ 80, 81 ശ്ലോകങ്ങളിലാണ് ‘കുചേലഗതി’ വിന്യസിച്ചിരിക്കുന്നത്. ആ രണ്ടുപേരും പ്രിയ സതീര്‍ത്ഥ്യന്മാരായിരുന്നു. ശ്രീകൃഷ്ണനും കുചേലനും. സാന്ദീപനി യായിരുന്നു അവരുടെ ആചാര്യ ശ്രേഷ്ഠന്‍. ഗുരുകുലവാസമായിരുന്നു അവരുടേത്.
പരമദാരിദ്ര്യത്തില്‍പെട്ടുഴലുന്ന ശ്രീകൃഷ്ണഭക്തനായ കുചേലന്‍ പത്‌നിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് സഹപാഠിയും ദ്വാരകാധിപതിയുമായ ശ്രീകൃഷ്ണനെ സന്ദര്‍ശിക്കാന്‍ യാത്രയാകുന്നു. രാത്രിയില്‍ പെട്ടെല്ലു തയ്യാറാക്കിയതിനാല്‍ കല്ലും നെല്ലും കലര്‍ന്ന അവില്‍ (കുചിപിടകം) സതീര്‍ത്ഥ്യന് കൊടുക്കുവാന്‍ കയ്യില്‍ കരുതുന്നു. അതിപ്രശസ്തമായ കുചേലവൃത്തം വഞ്ചിപ്പാട്ടില്‍ (1756) മഹാകവി രാമപുരത്ത് ശങ്കരവാര്യര്‍ (1703 -1758) കുചേലോപാഖ്യാനം സഭ്യവും സാമാന്യവുമായിത്തീര്‍ത്തു. ഭദ്രശില്പമായ, ലഘുവായ കാവ്യം, അലഘുവായ പ്രശസ്തി. മനോഭിരാമമായ കാവ്യത്തിലൂടെ വഞ്ചിപ്പാട്ടിന് ചിരപ്രതിഷ്ഠ. 698 വരികള്‍, നതോന്നതാവൃത്തം. ആത്മനിഷ്ഠം.

വൈക്കത്ത് പെരുംതൃക്കോവിലപ്പനെ വന്ദിക്കാന്‍ എഴുന്നള്ളിയ (1756) തിരുവിതാംകൂര്‍ മഹാരാജാവ് മാര്‍ത്താണ്ഡവര്‍മ്മ(1706 -1758) അരുളിച്ചെയ്തതനുസരിച്ച് രാമപുരത്ത് വാര്യര്‍ കുചേലവൃത്തം വഞ്ചിപ്പാട്ട് നിര്‍മ്മിച്ചു. തിരികെ പുറപ്പെട്ടപ്പോള്‍ മഹാരാജാവ് കവിയെ പള്ളിയോടത്തില്‍ പള്ളിയോടത്തില്‍ കൂടെ കൂട്ടി. വാര്യര്‍ തന്റെ വാങ്മയം മഹാരാജാവിനെ പാടി കേള്‍പ്പിക്കുന്നു. മാര്‍ത്താണ്ഡവര്‍മ്മ പാരിതോഷികങ്ങള്‍ നല്കി കവിയെ സമാദരിക്കുന്നു.
കോട്ടയം ജില്ലയിലെ മീനച്ചല്‍ താലൂക്കില്‍ രാമപുരത്താണ് വാര്യരുടെ ജനനം. പുനം പത്മനാഭന്‍ നമ്പൂതിരിയാണ് അച്ഛന്‍. അമ്മ പാര്‍വതി വാരസ്യാര്‍. സാഹിത്യലക്ഷ്മിയെ പൊട്ടിച്ചിരിപ്പിച്ച കുഞ്ചന്‍ നമ്പ്യാരും ആട്ടക്കഥാകൃത്തായ ഉണ്ണായിവാരിയരും സമകാലികരായിരുന്നു. ഭാഷാഷ്ടപദി (ഗീതഗോവിന്ദം പരിഭാഷ), ലഘുഭാഷ, നൈഷധം തിരുവാതിരപ്പാട്ട്, ഐരാണവധം തുള്ളല്‍ എന്നിവയും വാര്യരുടെ ഉപലബ്ധികളത്രേ.
കൃഷ്ണഗാഥ, കണ്ണശ്ശ ഭാഗവതം ശ്രീകൃഷ്ണചരിതം മണിപ്രവാളം, ഭാഗവതം കിളിപ്പാട്ട,് തുള്ളലുകള്‍ തുടങ്ങി പല കൃതികളിലും കുചേല ചോമാതിരിയുടെ ജീവചിത്രങ്ങളുണ്ട്. ചെങ്ങന്നൂര്‍ മുങ്ങൂര്‍ ശങ്കരന്‍ പോറ്റിയുടെ ‘കുചേലവൃത്തം ആട്ടക്കഥ’യും വൈലോപ്പിള്ളിയുടെ കുചേലനും വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ‘രാമപുരത്തെ കുചേലനും’ അനുസ്മരണീയം.

നിരവധി കൊല്ലങ്ങള്‍ക്കു ശേഷമുള്ള ആ സതീര്‍ത്ഥ്യസംഗമം ഹൃദ്യമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു: (കുചേലവൃത്തം വഞ്ചിപ്പാട്ട്).
‘പാരാതെ ചെന്നെതിരേറ്റു കുചേലനെ; ദീനദയാ-
പാരവശ്യം മറ്റൊരീശ്വരനുണ്ടോ?
മാറത്തെ വിയര്‍പ്പ് വെള്ളം കൊണ്ടുനാറും
സതീര്‍ത്ഥ്യനെ മാറത്തുണ്മയോടു
ചേര്‍ത്തു ഗാഢം പുണര്‍ന്നു’

കലക്കത്ത് കുഞ്ചന്‍നമ്പ്യാരുടെ ശ്രീകൃഷ്ണചരിതം മണിപ്രവാളത്തിലെ വരികള്‍:
‘സുചേഷ്ടിതം കൊണ്ടു ജഗല്‍ പ്രസിദ്ധന്‍
കുചേലനെന്നുള്ളൊരു ഭൂമി ദേവന്‍
വശിത്വമുള്‍ക്കൊണ്ടു മഹാ ദരിദ്രന്‍
വസിച്ചു സാന്ദീപനി വാസദേശേ’
(പന്ത്രണ്ടാം സര്‍ഗം)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by