വളരെ പണ്ടുകാലത്തുതന്നെ ഈ നാട്ടില്‍ ദേവതാപ്രതിഷ്ഠകളും ക്ഷേത്രാരാധനയുമുണ്ടായിരുന്നു. അതാണല്ലോ രാമായണത്തിലും ഭാഗവതത്തിലുമെല്ലാം ക്ഷേത്രാരാധനയെപ്പറ്റിയുള്ള പരാമര്‍ശം കാണപ്പെടുന്നത്. തന്നെയല്ല. പലതരം പൂജാവിധാനങ്ങളും ഇവിടെ നിലനിന്നിരുന്നു.
പൂജാതന്ത്രങ്ങളും തന്ത്രാചാരങ്ങളും
പ്രധാനമായും അഞ്ചുതരം പൂജാതന്ത്രങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. മുഖ്യമായും ഗാണപത്യം, സൗരം, വൈഷ്ണവ ശൈവം, ശാക്തം എന്നിങ്ങനെയുള്ള പേരുകളിലാണ് അവ അറിയപ്പെട്ടിരുന്നത്. ഇവയില്‍ ഗാണപത്യവും സൗരവും കാലാന്തരത്തില്‍ പ്രചാരലുപ്തമായി. ശേഷമുള്ള മൂന്നു പൂജാസമ്പ്രദായങ്ങളിലും ഭക്തിയും ഉപാസനയുമായിരുന്നു മുഖ്യം. പില്ക്കാലത്ത് സാധന (യോഗസാധന) യും അവയുടെ ഭാഗമായി. വിശേഷിച്ചും ശാക്തത്തില്‍. വൈഷ്ണവശൈവശാക്ത സമ്പ്രദായങ്ങള്‍ വികസിച്ചു വന്നപ്പോള്‍ അവയില്‍ പൊതുവേ പല ആചാരങ്ങള്‍ വിവിധ ആചാര്യന്മാര്‍ മുഖേന പ്രവൃദ്ധമായി വന്നു. ഇങ്ങനെ ആചാര്യന്മാരാല്‍ വികസിപ്പിക്കപ്പെട്ട തന്ത്രാചാരങ്ങള്‍ ഏഴുവിധത്തിലായിരുന്നു. (1)വൈദികം (2) വൈഷ്ണവം (3) ശൈവം (4) ദക്ഷിണം (5) സിദ്ധാന്തം, (6) വാമം, (7) കൗളം. വൈദികാചാരം കര്‍മ്മത്തിന് (യജ്ഞകര്‍മ്മത്തിന്) പ്രാധാന്യം നല്കുമ്പോള്‍ വൈഷ്ണവാചാരം ഭക്തിക്കാണ് പ്രാമുഖ്യം നല്കുന്നത്. ജ്ഞാനാചാരത്തിന് പ്രാമുഖ്യം നല്കുന്നതാണ് ശൈവം. മൂന്നു മാര്‍ഗ്ഗത്തിനും അതായത് ഭക്തി, കര്‍മ്മം, ജ്ഞാനം ഇവ മൂന്നിനും ഒരുപോലെ പ്രാധാന്യം നല്കുന്നതാണ് ദക്ഷിണം. കേരളീയമായ ആചാരം സാങ്കേതികമായി ദക്ഷിണമാണ്. ശിവശക്തികളുടെ സംയോഗമാണ് സൃഷ്ടിയുടെ മൂലം എന്ന സങ്കല്പനമാണ് സിദ്ധാന്താചാരത്തില്‍.
വാമാചാരവും കൗലാചാരവും
വാമാചാരവും കൗലാചാരവും ഇതില്‍ നിന്നെല്ലാം സര്‍വ്വഥാ ഭിന്നമാണ്. ഇവയില്‍ വാമാചാരം വിധിനിഷേധങ്ങളെ തീര്‍ത്തും മാനിക്കുന്നില്ല. വ്യാവഹാരിക ലോകത്തിലുള്ള എല്ലാ കാര്യങ്ങളും മിഥ്യയാണ്. ഈ ചിന്താഗതി വാമാചാരികള്‍ക്കും ഉണ്ടായിരുന്നു. എല്ലാം മിഥ്യയെങ്കില്‍ അഥവാ മായയെങ്കില്‍ പാപപുണ്യങ്ങള്‍ക്ക് പ്രസക്തി ഇല്ലല്ലോ. തന്നിമിത്തം വാമാചാരികളുടെ സങ്കല്പത്തില്‍ ശുഭാശുഭങ്ങളോ പാപപുണ്യങ്ങളോ നന്മതിന്മകളോ ഒന്നും ഇല്ല. അതുകൊണ്ടുതന്നെ ജീവിതത്തില്‍ വെറുക്കപ്പെടേണ്ടതോ ചെയ്തു കൂടാത്തതോ ആയ ഒരു കാര്യവും ഇല്ല, അഥവാ ഉള്ളതായി അവര്‍ അംഗീകരിക്കുന്നില്ല. മോക്ഷത്തിന് ആസക്തികളെ, വിശേഷിച്ചും ഭോഗാസക്തികളെ അടക്കണമെന്ന് അവരും വിശ്വസിക്കുന്നു. എന്നാല്‍ അവരുടെ ദൃഷ്ടിയില്‍ ഭോഗാനുഭൂതികളില്‍ കൂടിയാവണം ഭോഗത്തോട് വിരക്തി വരുത്താന്‍. അങ്ങനെ ഭോഗാസക്തിയെ നിഹനിക്കാന്‍ ‘സ്ത്രീസാധന’ ഒരു സാധനാക്രമമായി വാമാചാരികള്‍ വളര്‍ത്തിയെടുത്തു. ബംഗാളിലാണ് വാമാചാരത്തിന്റെ പ്രക്രിയ അത്യധികം വ്യാപിച്ചത്. ബുദ്ധമതത്തിന്റെ മഹായാനശാഖയില്‍ വജ്രയാനവും അതിന്റെ വികസിത ഭാഗമായ സഹജയാനവും വജ്രയാനത്തിന്റെ തന്നെ മറ്റൊരു ശാഖയായ കാപാലിക മതവും എല്ലാം ഉടലെടുത്തതും ഹിന്ുുധര്‍മത്തിലെ തന്നെ ശാക്തേയോപാസനയില്‍ നിന്നാണ്.ഹിന്ദുധര്‍ത്തില്‍ ശക്ത്യുപാസനയുടെ ഒരു ഭാഗമായാണ് വാമാചാരം വളര്‍ന്നത്. കൗളമാര്‍ഗ്ഗവും ശക്ത്യാരാധനയുടെ തന്നെ മറ്റൊരു ശാഖയാണ്. ആ ശാഖയുടെ തന്നെ രണ്ടു ധാരകള്‍ ഉയായിരുന്നു. ഒന്ന് കുലപഥം (സുഷുമ്‌ന) വഴിക്ക് മൂലാധാര (കുലം) ത്തില്‍ നിന്ന് കുണ്ഡലിനീ (ശക്തി) യെ ഉത്ഥാപനം ചെയ്ത് പദ്മത്തില്‍ പ്രവേശിപ്പിച്ച് അവിടെയുള്ള മഹേശനുമായി സംയോജ നടത്തുന്നതിന്റെ പ്രക്രിയയാണ് കൗല (കൗള) മാര്‍ഗ്ഗം. സൗന്ദലഹരിയിലെ ശ്രീചക്രോപാസ്തിപരമായ ആദ്യത്തെ പത്തു ശ്ലോകങ്ങള്‍, വിശേഷിച്ചും ‘മഹീം മൂലാധാരേ’ എന്നു തുടങ്ങുന്ന ഒന്‍പതാമത്തെ ശ്ലോകം ഇവിടെ അനുന്ധേയമാണ്. ആന്ധ്രപ്രദേശിലെ ശ്രീശൈലവും മറ്റും ശാക്തേയമായ ഇത്തരം ഉപാസനയുള്ള കേന്ദ്രമായിരുന്നു. കൗളമാര്‍ഗ്ഗത്തിന്റെ മറ്റൊരു ശാഖ കശ്മീര്‍ ഭാഗങ്ങളിലാണ് വികാസം പ്രാപിച്ചത്. അത് ‘പഞ്ചമകാര’ങ്ങള്‍ക്കു പ്രാധാന്യം നല്കുന്ന ഒരു തരം താമസിക ദേവ്യുപാസനയാണ്. ഇങ്ങനെ പഞ്ചമകാരങ്ങള്‍ (മദ്യം, മാംസം, മത്സ്യം, മുദ്രാ, മൈഥുനം) ഉപയോഗിച്ചുകൊണ്ടുള്ള ശാക്തേയഭക്തിയാണ് ഇത്. ‘പഞ്ചമകാരങ്ങളുടെ ഉപയോഗം കുറെ ഒക്കെ വാമാചാരത്തിലും നിലനിന്നിരുന്നുവെങ്കിലും ഇവയ്‌ക്ക് പ്രാമുഖ്യം കൗലമാര്‍ഗ്ഗത്തില്‍ തന്നെയായിരുന്നു. കുറെക്കാലത്തേക്ക് ഇവകള്‍ ജനസമൂഹത്തെ ആകര്‍ഷണവലയത്തില്‍ ബന്ധിച്ചു നിര്‍ത്തിയിരുന്നു. എന്നാല്‍ ദീര്‍ഘകാലം ഇവ പ്രചാരത്തിലിരുന്നതായി പറയാനാവില്ല. കേരളത്തിലെ താന്ത്രികന്മാര്‍ ഒരുകാലത്തും ഇത്തരം താന്ത്രികമായ പൂജാപദ്ധതിക്ക് പ്രാധാന്യം കൊടുത്തിരുന്നില്ല. ഭക്തിയും ഉപാസനയുമായിരുന്നു ഇവിടെ മുഖ്യം. ‘സാധന’പ്രാണായാമത്തില്‍ ഒതുങ്ങിയിരുന്നു.
രാജയോഗവും ഹഠയോഗവും
വൈദിക വൈഷ്ണവ ശൈവ ദക്ഷിണാചാരങ്ങളില്‍ ചിത്തവൃത്തി നിരോധരൂപമായ യമ നിയമ ആസന പ്രാണായാമ പ്രത്യാഹാര ധാരണാ ധ്യാന സമാധികളുടെ രാജയോഗത്തിനു വാമാചാര സിദ്ധാന്ത കൗലമാര്‍ഗ്ഗങ്ങളില്‍ ഹഠയോഗ സാധനയ്‌ക്കായിരുന്നു പ്രാമുഖ്യം. ഇവ തമ്മിലുള്ള വ്യത്യാസം ആദ്യത്തേത് (രാജയോഗം) ക്രമപ്രവൃദ്ധവും സാവധാനത്തിലുള്ള അഭ്യാസവും കൊണ്ട് ശീലിക്കാവുന്നതുമാണെങ്കില്‍ രണ്ടാമത്തേത് (ഹഠയോഗം) വളരെയധികം ക്ലേശകരമായതും നിരന്തരമായ അഭ്യാസം കൊണ്ട് പരിശീലിക്കേണ്ടതുമാണെന്നതാണ്. ഹായോഗസാധനയെന്നാല്‍ ഹഠപൂര്‍വ്വകമായി ബലപൂര്‍വ്വകമായി യോഗാഭ്യാസം കൊണ്ട് ജ്ഞാനബലത്താല്‍ മനസ്സിനെ യഥാര്‍ത്ഥ കേന്ദ്രത്തിലേക്ക് ആകര്‍ഷിച്ച് അതുവഴി മിഥ്യാബോധത്തെ തരണം ചെയ്ത് ഷഡ്ചകങ്ങളെ ഭേദിച്ച് ത്വരിതഗതിയില്‍ ശക്തിയുടെ സഹസ്രാരചക്ര പ്രവേശം സാദ്ധ്യമാക്കി അതിന്റെ (ശക്തിയുടെ) ശിവനുമായുള്ള സംയോഗമാണ് ലക്ഷ്യമാക്കുന്നത്. ഹഠയോഗസാധനകൊണ്ട് സാധകനായ യോഗിക്ക് തന്റെ ശാരീരികപ്രവര്‍ത്തനങ്ങളെ (അനിച്ഛാധീനങ്ങളായ പ്രവര്‍ത്തനങ്ങളെപ്പോലും) തന്റെ ഇച്ഛാധീനങ്ങളാക്കി നിര്‍ത്താന്‍ കഴിയുമെന്ന് പറയപ്പെടുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: