വാരാണസിയില്‍, കാശി ദര്‍ശനത്തിനു ശേഷം രാവിലെ 10മണിയോടെ അയോധ്യയിലേക്ക് അനുഗ്രഹീത യാത്ര. വശങ്ങളില്‍ നോക്കെത്താ ദൂരത്ത് കൃഷിയിടങ്ങള്‍. അങ്ങിങ്ങായി കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗ്രാമീണ ജനത. ഉച്ചയ്‌ക്ക് ദേശീയ പാതയില്‍നിന്നു തിരിഞ്ഞ് രാമഘട്ട് ചൗരാഹയിലൂടെ പരിക്രമമാര്‍ഗിലൂടെ വിഎച്ച്പി കാര്യാലയവും, രാമജന്മഭൂമി ന്യാസ് കാര്യാലയവുമായ ഭരത്കുഡിയില്‍ രണ്ടരയോടെ എത്തിച്ചേര്‍ന്നു. സ്‌നേഹ പൂര്‍ണമായ കുശലാന്വേക്ഷണത്തോടെ കൃഷ്ണകുമാര്‍ജി, സര്‍ഹര്‍ദ് ശര്‍മ്മ എന്നിവരും എത്തി. വൈകീട്ട് 6 മണിയോടെ പ്രിയസുഹൃത്ത് അവിനാശുമൊത്ത് ക്ഷേത്ര ദര്‍ശനത്തിനായി തിരിച്ചു. വാസ്തവത്തില്‍ അദ്ദേഹത്തിന്റെ അതിയായ ആഗ്രഹം കാരണമാണ് യാത്ര സാധ്യമായത്. ടുട്ടു എന്ന ഓട്ടോറിക്ഷ മാതൃകയിലുള്ള വാഹനത്തില്‍ സഞ്ചാരം. വര്‍ഷങ്ങള്‍ മുമ്പു കണ്ട അയോധ്യയല്ല ഇതെന്ന് ആദ്യ കാഴ്ചയില്‍ത്തന്നെ വ്യക്തം. വശങ്ങള്‍ വീതികൂട്ടി സമീപത്തെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവ പുനര്‍ നിര്‍മ്മാണം നടത്തിക്കഴിഞ്ഞിരിക്കുന്നു. ഓരോ വീടിന്റെയും സ്ഥാപനത്തിന്റെയും മുന്‍വശത്ത് രാമനാമം.
‘രാമനില്ലാത്തൊരു കീര്‍ത്തനമൊ, രഘുരാമിനല്ലാത്തൊരു പാര്‍ഥിപനോ, ബിലഹരിയായാലും, ആഭേരിയായും ഭഗവാന്റെ കീര്‍ത്തനം മധുരം’ എന്ന കവി. എസ്. രമേശന്‍ നായരുടെ ഭക്തിഗാനം മനസ്സിലൂടെ കടന്നുപോയി. നിര്‍മ്മാണം നടക്കുന്ന ക്ഷേത്ര കവാടത്തിന് സമീപം ഭക്തജനതിരക്ക്, സുരക്ഷാ പോലീസ് ഉദ്യോഗസ്ഥര്‍, മറ്റ് ഉദ്യോഗസ്ഥരുടെ ഒരു സംഘം. ക്ഷേത്രകവാടത്തിന്റെ നിര്‍മ്മാണം വലിയ ഫഌഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ നടക്കുന്നു. ഏകദേശം 40 അടിയോളം ഉയരത്തിലാണ് നിര്‍മിതി വരുന്നത്. നാലുവരി പാതയുടെ വീതിയില്‍ നടവഴി, ഭക്തര്‍ക്ക് ഏതുകാലാവസ്ഥയിലും കടന്നുപോകാന്‍ പാകത്തില്‍ മേല്‍ക്കൂര. ഏകദേശം അര കിലോമീറ്ററോളം വരുന്ന പാത എത്തിച്ചേരുന്നത് പുതിയ ക്ഷേത്രത്തിന്റെ മുന്‍പിലാണ്. കനത്ത സുരക്ഷയും സന്ദര്‍ശക നിയന്ത്രണവും ഉണ്ട്.
70ഏക്കര്‍ വരുന്ന ക്ഷേത്രഭൂമിയില്‍ ഏകദേശം 5 ഏക്കറില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട നിര്‍മാണം. തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്ന തൂണുകള്‍ അകലെനിന്നേ ആരെയും ആകര്‍ഷിക്കും. മൂന്ന് തട്ടുകളായുള്ള ഒരു പൗരാണികകൊട്ടാരം കണക്കെ. ദര്‍ശനത്തിന് സമയമായി എന്ന് അറിയിപ്പ് വന്നു. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ജനറല്‍സെക്രട്ടറി ചമ്പത്ത്‌റായിജിയുടെ പ്രത്യേക ശുപാര്‍ശയില്‍ വൈകീട്ട് 7നുള്ള സന്ധ്യആരതിയില്‍ പങ്കെടുക്കാന്‍ അവസരം, 30 പേര്‍ക്ക് മാത്രമേ അനുവാദമുള്ളൂ. ക്യാമ്പ് ഓഫീസായ രാമ്കച്ചേരിയില്‍ നിന്ന് ലഭിച്ച പാസുമായി സ്വയം സേവകനായ രജനീഷ് ശര്‍മ്മയുമൊത്ത് സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമായി. ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലട്രോണിക് ഉപകരണങ്ങള്‍ക്ക് അകത്തേക്ക് പ്രവേശനമില്ല.
ഇപ്പോഴത്തെ രാമക്ഷേത്രത്തിലെത്തി. ചുറ്റും കണ്ണാടിക്കൂട്. ലോകം മുഴുവന്‍ ആകാംക്ഷയോടെ കാണാന്‍ കാത്തിരിക്കുന്ന ശ്രീരാമ ഭഗവാന്റെ വിഗ്രഹം. ആരതി ആരംഭിച്ചു. മണി ശബ്ദം മുഴുങ്ങി. എല്ലാ കണ്ണുകളും മര്യാദ പുരുഷോത്തമായ ശ്രീരാമ ഭഗവാന്റെ സനിധിയിലേക്ക്. ആരതിക്ക് ശേഷം പ്രസാദം. പ്രസാദമായി ഹനുമാന്‍ചാലീസാ പ്രാര്‍ത്ഥനാ കൈപുസ്തകവും ലഭിച്ചു. ഇരുട്ടു പരന്നു തുടങ്ങി. വീഥിയിലും ഗൃഹങ്ങളില്‍നിന്നും രാമമന്ത്രങ്ങള്‍ ഒഴുകിവരുന്നു. ഏകദേശം 7500 ചെറുതും വലുതുമായ ക്ഷേത്രങ്ങള്‍ അയോധ്യ നഗരിയില്‍ ഉണ്ട്. 100 നും 300 നും ഇടയില്‍ വര്‍ഷം പഴക്കമുള്ള കെട്ടിടങ്ങള്‍ ഒട്ടും പ്രൗഢി നഷ്ടപ്പെടാതെ തലയുയര്‍ത്തിനില്‍ക്കുന്നു, ഒരു ഹവേലി കണക്കെ.
രാവിലെ 6 മണിയോടെ അയോധ്യനഗരി ദര്‍ശനത്തിനായി ഇറങ്ങി. ഭാരതത്തിന്റെ അഭിമാനമായ ഗായിക ലതാമങ്കേഷ്‌കറുടെ നാമത്തിലുള്ള മങ്കേഷ്‌കര്‍ചൗക്ക് സന്ദര്‍ശിച്ചു. രാമ് കാ പേഡി എന്ന പേരിലുള്ള ഒരു നിര്‍മിത തടാകം സരയുനദിയോട് ചേര്‍ന്നു കിടക്കുന്നു. വിശിഷ്ട വ്യക്തികള്‍ എത്തുമ്പോള്‍ ദീപക്കാഴ്‌ച്ച ഒരുക്കുന്നത് ഇവിടെയാണ്. തുടര്‍ന്ന് സരയൂ നദിക്കരയിലേക്ക് വാഹനം നീങ്ങി. സരയൂ നദി ശാന്തയായി ഒഴുകുകയാണ്. വശങ്ങളില്‍ രാമഭക്തര്‍ സ്‌നാനം ചെയ്യുന്നു. അയോധ്യയുടെ പോരാട്ടവഴിയില്‍ നിരവധി രാമഭക്തര്‍ ബലിദാനികളായ പാലം സരയൂ നദിക്ക് കുറുകെ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഒരു നൊമ്പരം. തൊട്ടടുത്ത് കരയില്‍ താത്കാലിക ഹെലിപ്പാട്. ക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാസത്തില്‍ പല തവണ വരുമ്പോള്‍ ഉപയോഗിക്കുന്നത്. ഇവിടെയുള്ള ക്യൂന്‍ ഹൊ മെമ്മോറിയല്‍ പാര്‍ക്കിലാണ് രാമകഥകള്‍ അരങ്ങേറുന്നത്. വശങ്ങളില്‍ വിശാലമായ പാതയുടെ നിര്‍മ്മാണം അവസാനഘട്ടത്തില്‍. വഴിയോര കച്ചവടക്കാര്‍ക്കായി മാതൃകാപരമായ രീതിയില്‍ നിര്‍മ്മിച്ചു നല്‍കുന്ന കടകള്‍. റോഡിന് മുകളിലായി റെയില്‍വേയുടെ ജലശേഖരണി സത്‌രംഗി പൂള്‍.
യാത്ര രാമസേവക പുരത്തില്‍ എത്തി. ക്ഷേത്ര നിര്‍മ്മാണത്തിനായി സാധനസാമഗ്രികള്‍ സൂക്ഷിക്കുന്ന സ്ഥലം. സന്ദര്‍ശക ഇടം കൂടിയാണിവിടം. രാവിലെ 9 മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം. ശ്രീരാമന്റെ ജനനം തൊട്ടുള്ള വിവരണങ്ങള്‍ കൊത്തിവെച്ച രീതിയില്‍ രൂപങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നു. നേപ്പാളില്‍ ഗോലേശ്വര്‍ ധാമ്, രാജസ്ഥാന്‍, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നു ക്ഷേത്ര നിര്‍മാണത്തിനായി കൊണ്ടുവന്ന കൂറ്റന്‍ ദേവശിലകള്‍, ഓംകാരേശ്വറില്‍നിന്ന് പൂജ്യ അവധൂതനായ നര്‍മ്മദാനന്ദ് മഹാരാജിന്റെ കൈയില്‍ നിന്ന് നല്‍കിയ നര്‍മധേശ്വര്‍ ശിവലിംഗ് എന്നിവ ഇവിടെയുണ്ട്. എല്ലാത്തിനും അനുഗ്രഹം ചൊരിഞ്ഞ് ഈ കേന്ദ്രത്തില്‍ ഒരു ഗണേശ ക്ഷേത്രം.
മറ്റൊരു കേന്ദ്രത്തില്‍ കര്‍ണാടകയില്‍ നിന്നു രാമക്ഷേത്രത്തില്‍ സ്ഥാപിക്കാന്‍ കൊണ്ടുവന്ന കൂറ്റന്‍ മണി. മൂന്ന് അടിയോളം വരുന്ന, 300കിലോ ഭാരം വരുന്ന മണിയുടെ നാദം രണ്ടുകിലോമീറ്റര്‍ ദൂരം കേള്‍ക്കുമത്രെ. തൊട്ടടുത്ത് കൂറ്റന്‍ വെള്ളാരം, റോസ് നിറത്തിലുള്ള കല്ലുകളില്‍ തൂണിന്റെ രൂപത്തില്‍ കൈ കൊണ്ടും യന്ത്രം ഉപയോഗിച്ചും തീര്‍ക്കുന്ന രാജസ്ഥാനിലെ തൊഴിലാളികള്‍.
രാമ ഹട്ട് അയോധ്യയിലെ ശ്രീപഞ്ചമുഖി ഹനുമാന്‍ ഗുജറാത്തി മന്ദിറിലെ എഴുത്ത്, അദ്ഭുതത്തോടെ ഞാനത് വായിച്ചു. ‘ശ്രീരാമ പട്ടാഭിഷേകം’ എന്നു മലയാളത്തില്‍ ക്ഷേത്രത്തിന്റെ മുഖ്യ കവാടത്തില്‍ കൊത്തിവച്ചിരിക്കുന്നു. ഏതൊരു മലയാളിക്കും സന്തോഷം പകരുന്ന നിമിഷം. രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ആദ്യഅധ്യക്ഷന്‍ ശ്രീമഹന്ദ്പരമഹംസ രാമചന്ദ്രദാസിന്റെ വാസസ്ഥലമായ കെട്ടിടത്തിന്റെ പഴമ ഒട്ടും നഷ്ടപ്പെടുത്താതെ പുനര്‍നിര്‍മാണം നടക്കുന്നു. താട്ടടുത്ത് കനക ഭവന്‍. ഭഗവാന്‍ ശ്രീരാമനും സീതയും താമസിച്ച് തീര്‍ത്ഥയാത്ര നടത്തിയത് ഇവിടെനിന്നാണെന്ന് വിശ്വാസം. കുശന്‍ ആണ് ഇത് നിര്‍മ്മിച്ചത്. ദ്വാപരയുഗത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഇവിടെ സന്ദര്‍ശിച്ചിരിന്നു എന്നും വിശ്വാസമുണ്ട്. കലിയുഗത്തില്‍ മഹാരാജാ വിക്രമാദിത്യന്‍ യുധിഷ്ഠിര യുഗം 2431 ല്‍ പുനര്‍നിര്‍മ്മിച്ചു എന്നുചരിത്രം.
ശ്രീവാല്മീകി രാമായണന്‍ഭവന്‍ സന്ദര്‍ശിച്ചു. മഹന്ത് നിത്യ ഗോപാല്‍ജിയുടെ ആസ്ഥാനം. 50വലിയ തൂണിലായി തലയെടുപ്പോടെ നില്‍ക്കുന്ന മനോഹരസൗധം. വശങ്ങളിലും തൂണുകളിലും രാമായണ കഥ രചിച്ചിരിക്കുന്നു. ഒരു വശത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്ന രാമമന്ത്രം എഴുതിയ പുസ്തകക്കെട്ടുകള്‍ ഒരു ചെറിയ കുന്നുകണക്കെ നല്ല തുണി സഞ്ചികളില്‍ ശേഖരിച്ചുവച്ചിരിക്കുന്നു. നിത്യ ഗോപാല്‍ മഹാരാജിനെ കാണാന്‍ അവസരം ലഭിച്ചത് ഒരു അദ്ഭുതമായി തോന്നുന്നു. 90 നോടടുത്തു പ്രായം. ശുഭ്രവസ്ത്രധാരി, തൊട്ടടുത്ത് ശ്രീദേവകാളി എന്ന സീതാദേവിയുടെ കുലദേവതാ പ്രതിഷ്ഠയുള്ള ക്ഷേത്രവും സന്ദര്‍ശിച്ചു. ശ്രീരാമചന്ദ ഭഗവാനെ മനസ്സാസ്മരിക്കുമ്പോള്‍ സാക്ഷാല്‍ ഭക്തിയുടെ പര്യായമായ ഹനുമാനെ ദര്‍ശിക്കാതിരിക്കാന്‍ ഒരുഭക്തനും സാധ്യമല്ല. ഹനുമദ് ക്ഷേത്രത്തിന്റെ പടികള്‍കയറി നടയില്‍ എത്തിച്ചേരുന്ന ഓരോരുത്തരും ആ സങ്കടനിവാരണ മൂര്‍ത്തിയെ ദര്‍ശിക്കുമ്പോഴുള്ള അനുഭൂതി പറഞ്ഞറിയിക്കാനാവില്ല.
അതെ, ഏവരും കാത്തിരിക്കുന്ന 2024 ജനുവരി 22. പ്രാണപ്രതിഷ്ഠാദിനം. അയോധ്യനഗരി വലിയതോതില്‍ ഒരുങ്ങുകയാണ്. 12,000 പേര്‍ക്കുള്ള താമസ സൗകര്യം, നാലായിരത്തോളം സംന്യാസിശ്രേഷ്ഠര്‍, 2,500ഓളം വിഐപികള്‍, 15,000 പേര്‍ക്കായി 20 ഭോജനശാല, കൂറ്റന്‍ പന്തലുകള്‍… അതെ അയോധ്യ ഉണര്‍ന്നു കഴിഞ്ഞു, അഭിമാനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: