സി.എസ്. മുരളിയുടെ പതിനഞ്ച് കഥകളുടെ സമാഹാരമായ പുനരാവര്ത്തങ്ങള് അദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകമാണ്. ഓരോ കഥയും പ്രമേയം കൊണ്ട് ഒന്നിനൊന്ന് വ്യത്യസ്ഥത പുലര്‍ത്തുന്നതാണ്. ഒട്ടുമിക്ക എല്ലാ കഥകളുടെയും ഉള്ളില്‍ ഒരു പുതിയ തുടക്കത്തിന്റെ അഥവാ ഒരു പുതിയ പുലരിയുടെ വെളിച്ചത്തിന്റെ സന്ദേശം വായനക്കാര്‍ക്ക് ലഭിക്കുന്നുണ്ട്.
കനല് വഴികളിലെ ആ അമ്മയെ തിരക്കി നാമാരും മറ്റെങ്ങും പോകേണ്ടതില്ല. അവര്‍ നമ്മുടെയിടയില്‍ത്തന്നെയുണ്ട്. ഒന്ന് സൂക്ഷിച്ചു നോക്കണം, നമ്മുടെ അമ്മയെത്തന്നെ. മക്കളുടെ സുഖത്തിനും ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടി അവര്‍ സ്വയം നീറിയെരിഞ്ഞ നീറ്റലുകള്‍ അപ്പോള്‍ നമ്മെയും പൊള്ളിയ്ക്കും. നമുക്ക് വേണ്ടി അവരെടുത്ത കടുത്ത തീരുമാനങ്ങളാല്‍ മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെട്ടുപോയ അനവധി അമ്മമാരുടെ ഒരു പ്രതീകത്തെ ഈ കഥയില്‍ കാണാം.
തത്വമസിയിലെ ഉസ്മാനെ നമ്മുടെ ഗ്രാമങ്ങളിലും അപൂര്‍വ്വമായി നഗരങ്ങളിലും പലവട്ടം നാം കണ്ടിട്ടുണ്ടാകും. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ, ആപത്ഘട്ടങ്ങളില്‍, മുന്പരിചയമൊട്ടുമില്ലാത്ത മറ്റുള്ളവരുടെ സഹായത്തിന് ചാടിയിറങ്ങുന്ന ഉസ്മാന്മാരുടെ വംശം അന്യം നിന്നു പോയിട്ടില്ല എന്നതിനാല്‍ നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാടായി ഇനിയും തുടരും എന്ന് പ്രത്യാശിക്കാം.
ദൃഢമായ സുഹൃത് ബന്ധത്തിന് പരസ്പരം സല്ലപിയ്ക്കുവാന് ദൂരമോ ശരീരമോ ജീവന് പോലുമോ ഒരു പ്രശ്നമല്ല എന്ന് ആത്മാവിന്റെ യാത്രാമൊഴിയിലൂടെ ആന്റണി വെളിപ്പെടുത്തിയ പോലെ നമ്മില്‍ ചിലര്‍ക്കെങ്കിലും ഒരു പക്ഷെ സ്വപ്
നാവസ്ഥയിലെങ്കിലും ചില അനുഭവങ്ങള്‍ ഒരിയ്ക്കലെങ്കിലും ഉണ്ടാകാത്തവര്‍ വിരളമായിരിയ്ക്കും.
വഴി വിളക്കില്‍ ലോട്ടറിയടിച്ച രാമകൃഷ്ണന് ഒരു പ്രതീകം മാത്രമാണ്. ലോട്ടറിയെന്നല്ല, എന്തു നേട്ടവുമായിക്കൊള്ളട്ടെ, അതെല്ലാം ഒറ്റക്ക് അനുഭവിയ്ക്കണമെന്ന ദുരമൂത്ത സമൂഹത്തില്‍ ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചമായി രാമകൃഷ്ണന്മാര് ഇനിയും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. കാരണം അവരാണ് നന്മയുടെ ജീവിയ്ക്കുന്ന സന്ദേശവാഹകരായി തലമുറകള്‍ക്ക് വഴി കാട്ടിയാവുന്നത്.
ലോപിച്ചു കൊണ്ടിരിക്കുന്ന ഗുരുശിഷ്യ ബന്ധത്തിന്റെ ദൃഢതയെയും പവിത്രതയെയും ഒന്നുകൂടെ ഊട്ടിയുറപ്പിയ്ക്കുവാനുള്ള എളിയ ശ്രമമായി ‘മാണിക്യനില്‍’ മാണിക്യനും തന്റെ സീനിയര്‍ വക്കീലും ഇതള്‍ വിടര്‍ന്നു വരുന്നത് ഒരു കവിത പോലെ അനുഭവവേദ്യമാകുന്നുണ്ട്.
ബാല്യ കൗമാരങ്ങളിലെ രസവും തന്ത്രവും സമാസമം ചേര്‍ത്ത് കാച്ചിക്കുറുക്കിയ ഒരു സെമി കാമ്പസ് കഥയായ രസതന്ത്രങ്ങള്‍ നമ്മിലെ ഓര്‍മ്മകളെ വര്‍ഷങ്ങള്‍ പുറകോട്ട് കൊണ്ടുപോയി ഒരിയ്ക്കല്‍ കൂടി ആ നാളുകള്‍ പുനര്‍ജ്ജനിച്ചെങ്കില്‍ എന്ന് നാം ആശിച്ചു പോകും വിധം കഥാകാരന് തന്റെ തൂലിക ചലിപ്പിച്ചിരിയ്ക്കുന്നു.
സര്‍ക്കാര്‍ സര്‍വ്വീസില്‍ വരുന്ന തുടക്കക്കാരുടെ അബദ്ധങ്ങള്‍ സഹപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലുകളിലൂടെ പരിഹരിച്ച് അവരെ മുന്നേറാന്‍ പ്രാപ്തരാക്കുന്നതിനൊപ്പം ബുദ്ധിമുട്ടുകള്‍ താല്‍ക്കാലികമാണെന്നും അവ മറ്റൊരു നന്മയിലേക്ക് വഴിവയ്ക്കും എന്നും വരച്ചുകാട്ടുന്നുണ്ട് ഉര്‍വ്വശീ ശാപത്തില്‍.
മനുഷ്യനെക്കാളും നന്മയും നൈര്‍മ്മല്യവും കാഴ്ചയില്‍ ഭീകരമെന്ന് തോന്നുന്ന ജീവികള്‍ക്ക് ഉണ്ടെന്ന സത്യത്തെ ഒരിയ്ക്കല്‍ കൂടി അടിവരയിട്ടുറപ്പിക്കുകയാണ് കളഭ ശ്രുതത്തില്. പക്ഷെ മനുഷ്യര്‍ പലപ്പോഴും ഇതൊന്നും കാണാതെ പോകുകയാണെന്ന സത്യവും നിലനില്ക്കുന്നു.
പൂര്‍വ്വജന്മാര്‍ജ്ജിതമായ കഴിവുകളുമായി ഒരു പ്രത്യേക ദൗത്യപൂര്‍ത്തീകരണത്തിന് ജന്മമെടുത്ത അപൂര്‍വ്വം ചില ജന്മങ്ങള് നമുക്കറിയാം. ആ ഗണത്തില്‍ പെടുത്താം മന്ത്രഭേദത്തിലെ സേതുലക്ഷ്മിയെയും. വായനാനന്തരം സേതു ലക്ഷ്മിയ്ക്ക് നമ്മുടെ ഹൃദയത്തില്‍ ഒരു സ്ഥാനമുണ്ടാക്കുന്നതില്‍ കഥാകൃത്തിന്റെ ശ്രമം സ്ഥലമായി എന്നുതന്നെ പറയാം.
അയല്വക്ക സ്റ്റേഹവും ബന്ധവും ശിഥിലമാകുന്ന ഈ കാലത്ത് അയല്ക്കാരന്റെ കഷ്ടപ്പാടിന് തങ്ങളാല്‍ ആവുംവിധം ഒരറുതി വരുത്തുവാന്‍ നല്ലവരായ ഒരു കുടുംബം രചിച്ച തിരക്കഥയും നാടകവും വിജയിപ്പിക്കുന്നതില്‍ കള്ളിച്ചെടികള്ക്കുമപ്പുറം എന്ന കഥയുടെ കഥാകൃത്തിന്റെ കയ്യൊതുക്കം എടുത്തു പറയേണ്ടതു തന്നെയാണ്.
പ്രതീക്ഷകള്‍ അസ്തമിക്കുന്ന സമയത്ത് പ്രത്യാശയുടെ ഉയിര്‍പ്പ് തെളിയുന്ന ഇത്തരം കഥകളുടെ സമാഹാരത്തിന് പുനര്ജന്മങ്ങള് എന്നര്‍ത്ഥം വരുന്ന ‘പുനരാവര്ത്തങ്ങള്’ എന്ന നാമവും ഏറെ ഉചിതം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: