Categories: Kerala

ക്യൂ നിന്ന് വലഞ്ഞു; കാനനപാതയില്‍ അയ്യപ്പഭക്തരുടെ പ്രതിഷേധം

Published by

വണ്ടിപ്പെരിയാര്‍: ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയുടെ ഭാഗമായ സത്രത്തില്‍ തീര്‍ത്ഥാടകരുടെ പ്രതിഷേധം. തിരക്ക് മുന്നില്‍ക്കണ്ട് സൗകര്യങ്ങള്‍ ഒരുക്കാതെ വന്നതോടെ ഇവിടെയെത്തിയ തീര്‍ത്ഥാടകള്‍ മണിക്കൂറുകള്‍ ക്യൂ നിന്ന് വലഞ്ഞു.

ഇന്നലെ ഇവിടെ എത്തിയത് റിക്കാര്‍ഡ് തീര്‍ത്ഥാടകര്‍, തിക്കിലും തിരക്കിലും പോലീസ് എയിഡ് പോസ്റ്റ് ഭാഗികമായി തകര്‍ന്നു. തിരക്ക് നിയന്ത്രിക്കാനാകാതെ വന്നതോടെ പാസ് നല്‍കാതെ ഭക്തരെ കടത്തിവിട്ടു.

വണ്ടിപ്പെരിയാറില്‍ നിന്ന് ഏകദേശം 14 കി.മീറ്ററോളം അകലെയാണ് സത്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ഇവിടെ നിന്ന് രാവിലെ 7 മുതല്‍ ഉച്ചയ്‌ക്ക് രണ്ട് വരെ മാത്രമാണ് ഭക്തരെ കാനനപാതയിലൂടെ കടത്തിവിടുക. ഇവിടെ നിന്ന് സീതക്കുളം, പുല്ലുമേട്, പൂങ്കാവനം, കഴുതക്കുഴി വഴി 12 കി.മീറ്ററോളം ദൂരമാണ് സന്നിധാനത്തേക്കുള്ളത്. സത്രം വരെ കെഎസ്ആര്‍ടിസി ബസും മറ്റ് വാഹനങ്ങളും എത്തും. ഇവിടെ നിന്ന് കാല്‍നടയായി വേണം യാത്ര തുടരാന്‍. പ്രധാനപാതയില്‍ തിരക്കായതോടെ ഇതുവഴി ഒരാഴ്ചയായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ശരാശരി 3000 ല്‍ അധികം പേരാണ് ദിവസവും കടന്ന് പോയിരുന്നത്.

എന്നാല്‍ ഇന്നലെ തിരക്ക് വലിയ തോതില്‍ കൂടി. ഇതോടെ സ്‌പോട്ട് ബുക്കിങ് പറ്റില്ലെന്നും ഓണ്‍ലൈന്‍ ബുക്കിങ് എടുത്ത് വേണം വരാനെന്നുമായി പോലീസ്. ആവശ്യത്തിന് പോലീസുകാര്‍ ഇല്ലാതിരുന്നതിനാല്‍ വരുന്നവര്‍ക്ക് പാസ് നല്‍കി പരിശോധന പൂര്‍ത്തിയാക്കി വേഗത്തില്‍ മലകയറ്റി വിടാനുമായില്ല. തിരക്ക് കൂടിയതോടെ സംഘര്‍ഷ സാധ്യതയും ഉടലെടുത്തു.

വെയിലത്ത് ക്യൂവില്‍ നിന്ന് മടുത്തതോടെ തീര്‍ത്ഥാടകര്‍ പ്രതിഷേധിച്ചു. ഇതിനിടെയാണ് തകര ഷീറ്റു കൊണ്ട് താല്കാലികമായി നിര്‍മിച്ച പോലീസ് ഔട്ട് പോസ്റ്റ് തകര്‍ന്നത്. പിന്നീട് പ്രതിഷേധം കടുത്തതോടെ പാസ് ഇല്ലാതെ ഭക്തരെ കടത്തിവിട്ട് തലയൂരുകയായിരുന്നു പോലീസ്. ഘോരവനത്തിലൂടെ കടന്ന് പോകുന്നതിനാല്‍ ഇവിടെ നിന്ന് കയറുന്നവര്‍ കൃത്യമായി അവിടെ എത്തിയോ എന്നറിയുന്നതിനാണ് പ്രധാനമായും പോലീസ് സ്ഥലത്ത് പാസ് നല്‍കുന്നത്. ആവശ്യത്തിന് പോലീസുദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് തീര്‍ത്ഥാടകര്‍ ആവശ്യപ്പെടുന്നത്. വനംവകുപ്പാണ് സ്ഥലത്ത് കുടിവെള്ളം, ഭക്ഷണം പോലുള്ള മറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നത്.

ഇന്നലെ എത്തിയത് 5276 പേര്‍

ഈ സീസണില്‍ ഇതുവരെ സത്രം വഴി സന്നിധാനത്തേക്ക് കടന്നുപോയത് 37,000 തീര്‍ത്ഥാടകരാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ തീര്‍ത്ഥാടകര്‍ ഇതുവഴി എത്തുന്നതായി വനംവകുപ്പും പറയുന്നു. ഇന്നലെ മാത്രം 5276 പേരാണ് എത്തിയത്. ഇത് സര്‍വകാല റിക്കാര്‍ഡാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പരമാവധി 3500 പേര് ആണ് ഒരു ദിവസം കാനനപാത വഴി യാത്ര ചെയ്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by