ആസ്വാദനത്തിന്റെ കതിര്‍മഴ പെയ്യിച്ച് ഏഴുസ്വരങ്ങളാല്‍ സ്വരപൗര്‍ണമി ചുരത്തിയ അതുല്യ സംഗീതകാരന്‍ ടിഎസ് എന്ന വിളിപ്പേരിലെ ടി.എസ്. രാധാകൃഷ്ണന്‍. അരനൂറ്റാണ്ടു കാലത്തെ സംഗീത സപര്യ, ഇക്കഴിഞ്ഞ നവംബര്‍ അഞ്ചാം തീയതി എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ രാധാകൃഷ്ണജിയുടെ സുഹൃത്തുക്കളും ആരാധകരും ആഘോഷമാക്കുകയുണ്ടായി.
സപ്തസ്വരങ്ങളിലൂടെ നാദബ്രഹ്മത്തെ പ്രത്യക്ഷീകരിച്ച ടിഎസ്, മാതാപിതാക്കളായ ശങ്കരനാരായണയ്യരുടേയും സുബ്ബലക്ഷ്മി അമ്മാളുടേയും ഒന്‍പത് മക്കളില്‍ ഏഴാമനായാണ് ജനിച്ചത് എന്നത് കൗതുകകരമാകാം. സംഗീതം യാദൃച്ഛികമായിരുന്നില്ല. കുഞ്ഞുനാള്‍ മുതലേ താല്‍പ്പര്യമുണ്ടായിരുന്നു. എട്ടാമത്തെ വയസ്സില്‍, എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ ഭൂതനാഥ ഭജന സംഘത്തില്‍ പാടിത്തുടങ്ങിയ യാത്രയായിരുന്നു അത്. തളരുമ്പോള്‍, തല ചായ്‌ക്കാനുള്ള വഴിയമ്പലവും പശിക്കുമ്പോള്‍ പട്ടിണി മാറ്റാനുള്ള പാഥേയവുമെല്ലാം സംഗീതം തന്നെയായിരുന്നു. ഭജനസംഘത്തില്‍ പാടിത്തുടങ്ങിയതായിരുന്നു ആദ്യത്തെ വഴിത്തിരിവ്. തുണയായി സഹോദരന്‍ ടി.എസ് ശങ്കരനാരായണന്‍ ഒപ്പമുണ്ടായിരുന്നു ഇന്നുമുണ്ട്.
മലയാളത്തിലെ ഭക്തി ഗാനശാഖയില്‍ ടിഎസ് എന്ന പേരിന് നാനാര്‍ഥങ്ങളുണ്ട്. കേരളത്തിലെ സംഗീത ലോകത്ത് ഭക്തിഗാന ശാഖ ഉടലെടുക്കുന്നതിന് കാരണക്കാരനായവരില്‍ ഒരാളാണ് ടിഎസ്. ആദ്യകാലത്ത് കേരളത്തില്‍ ഭക്തിഗാനമെന്ന നിലയില്‍ സാന്നിധ്യം അറിയിച്ചത് ശബരിമല അയ്യപ്പസ്വാമിയെക്കുറിച്ചുള്ള ഗാനങ്ങളായിരുന്നു. ഇവയാകട്ടെ സിനിമകളിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. സിനിമയിലെ ഭക്തിഗാനങ്ങള്‍ക്ക് പ്രചാരവും ജനകീയതയും ഏറിയപ്പോഴാണ് ഭക്തിഗാനങ്ങള്‍ക്കു മാത്രമായൊരു പ്രൊഡക്ഷന്‍ എന്ന ആശയം നാമ്പിടുന്നത്. ആ ചുവടുവെപ്പിലെ മായാത്ത പാദമുദ്രകളാണ് ടിഎസ് മലയാളത്തിനു നല്‍കിയ സംഗീത സംഭാവനകള്‍. തഞ്ചാവൂര്‍ സുബ്രഹ്മണ്യ ഭാഗവതരാണ് ടിഎസ്സിന്റെ ആദ്യ ഗുരു. എറണാകുളം എസ്.ആര്‍.വി. സ്‌കൂളിലായിരുന്നു പത്താംതരം വരെ പഠിച്ചത്. പത്ത് പൂര്‍ത്തിയാക്കിയ ശേഷം തൃപ്പൂണിത്തുറ ആര്‍.എല്‍.വി. സംഗീത കോളജിലെ അധ്യാപകന്‍ പ്രൊഫ. കല്യാണസുന്ദരം ഭാഗവതരുടെ കീഴില്‍ എട്ടു വര്‍ഷം സംഗീതം പഠിച്ചു.
എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സിലാണ് പ്രീഡിഗ്രി പഠിച്ചത്. ഡിഗ്രി മഹാരാജാസിലും. തത്വചിന്തയാണ് ബിരുദത്തിന് വിഷയമെങ്കിലും മനസ്സു മുഴുവന്‍ സംഗീതമായിരുന്നു. ടിഎസ്സിന്റെ സഹോദരന്‍ ടി.എസ്. കൃഷ്ണന്‍, നല്ലൊരു ഡ്രംസ് വായനക്കാരനാണ്. ഹൈജാക്കേഴ്സ് എന്ന പേരില്‍ പാശ്ചാത്യ സംഗീത ബാന്റും നടത്തിയിരുന്നു. 1976 മുതല്‍ 84 വരെയുള്ള കാലഘട്ടത്തില്‍ അവരുടെ സംഘത്തില്‍ ടിഎസും ചേര്‍ന്നു. ഗിറ്റാര്‍ സ്വയം വായിച്ചു പഠിച്ചു. അന്നത്തെ പ്രത്യേകതയായ ബെല്‍ബോട്ടം പാന്റും നീളന്‍ മുടിയുമായി ടിഎസ് കാണികളെ കൈയിലെടുത്തു.
ഗാനരചയിതാവും എഴുത്തുകാരനുമായ ആര്‍.കെ.ദാമോദരന്‍ കോളജില്‍ സീനിയറായിരുന്നു. ടിഎസും ആര്‍കെയും തമ്മിലുള്ള കൂട്ടുകെട്ട് പുതിയ വഴിത്തിരിവിലെത്തി. 1979ല്‍ എറണാകുളത്തപ്പന്‍ അമ്പലത്തിലെ ഉത്സവ ഗാനമേളയ്‌ക്ക് ആര്‍കെ എഴുതി, ടിഎസ് സംഗീതം നല്‍കിയ ‘ചന്ദ്രക്കല പൂചൂടി’യെന്ന ഗാനത്തിലൂടെ ആ കൂട്ടുകെട്ടിലെ ആദ്യഗാനം പിറവി കൊണ്ടു.
1980ല്‍ ‘ഹരിശ്രീ പ്രസാദം’ എന്ന പേരില്‍ ആദ്യ ഭക്തിഗാന ആല്‍ബം പുറത്തിറങ്ങി. ടിഎസും ആര്‍കെയുമായുള്ള കൂട്ടുകെട്ടും ഭക്തിഗാന രംഗത്തെ ഒരു പുതിയ ചുവടുവെപ്പുമായി ആ ആല്‍ബം. തിരിഞ്ഞുനോക്കുമ്പോള്‍, മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തിഗാനങ്ങളെഴുതിയ ബഹുമതി ആര്‍കെ ദാമോദരനാണ് എന്നതാണ് വാസ്തവം. അത്തരമൊരു സംഗീത യാത്രയ്‌ക്ക് തുടക്കമിട്ടു എന്നതാണ് ‘ഹരിശ്രീ പ്രസാദ’ത്തിന്റെ പ്രത്യേകത.
1982 മുതല്‍ ‘ഹരിശ്രീ’ എന്ന ഭജന ഗ്രൂപ്പില്‍ ടിഎസ് സജീവമായി. ഡോ.എസ്. രാമനാഥന്‍, ഹരിശ്രീ എന്ന പേര് ത്യാഗരാജ സ്വാമികളുടെ സ്മരണാര്‍ത്ഥം ‘ത്യാഗബ്രഹ്മം’ എന്നാക്കി മാറ്റി.
ടിഎസിന്റെ ആദ്യ അയ്യപ്പഗാന ആല്‍ബം പിറവിയെടുത്തതും ആര്‍കെയുമൊത്തുള്ള കൂട്ടുകെട്ടിലാണ്. 1982ല്‍ യേശുദാസിന്റെ തരംഗിണിക്കുവേണ്ടി ‘തുളസീ തീര്‍ത്ഥം’ എന്ന ആല്‍ബത്തിലെ പത്ത് ഗാനങ്ങള്‍ക്ക് ഈണം നല്‍കി. തരംഗിണി പുറത്തിറക്കിയ ആല്‍ബങ്ങളില്‍ ഇരുപതെണ്ണത്തിന് സംഗീതം നിര്‍വ്വഹിച്ചു എന്നുള്ളത് ടിഎസ് എന്ന സംഗീതോപാസകനു ലഭിച്ച ജനപ്രിയതയും അംഗീകാരവുമാണെന്നതില്‍ സംശയമില്ല. എന്നുമാത്രമല്ല, ടിഎസ് എന്ന സംഗീതജ്ഞന്‍ ഈണമിട്ട ഗാനങ്ങളാണ് യേശുദാസ് ആലപിച്ച ചലച്ചിത്രേതര ഗാനങ്ങളില്‍ ഏറ്റവും കൂടുതല്‍ എന്നതും എടുത്തുപറയേണ്ട പ്രത്യേകതയാണ്.
1986ല്‍ ഡോ.എസ് രാമനാഥന്റെ കീഴില്‍ രണ്ടുവര്‍ഷം സംഗീതം പഠിച്ചു. അതേവര്‍ഷം തന്നെ ആറന്മുള ഉണ്ണി സംവിധാനം ചെയ്ത ‘എതിര്‍പ്പുകള്‍’ എന്ന സിനിമയ്‌ക്കുവേണ്ടി സംഗീതമൊരുക്കി. ഇതിലെ മനസ്സൊരു മായാപ്രപഞ്ചം, പൂനുള്ളും കാറ്റേ പൂങ്കാറ്റേ എന്നീ ഗാനങ്ങള്‍ ഇന്നും ആസ്വാദകരുടെ ചുണ്ടില്‍ തത്തിക്കളിക്കുന്നു. ‘എതിര്‍പ്പുകള്‍’ക്കുശേഷം ചലച്ചിത്ര ലോകത്തുനിന്നും ടിഎസ് വിടപറഞ്ഞു.
1982ല്‍ ഗുരുവായൂരിലെ ഉത്സവ സമയത്താണ് അന്തരിച്ച ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി ‘ഒരു നേരമെങ്കിലും…’ എന്ന ഗാനമെഴുതി ടിഎസിനെ ഏല്‍പ്പിക്കുന്നത്. ഗുരുവായൂരില്‍ വച്ചുതന്നെ ആ ഗാനം ട്യൂണ്‍ ചെയ്ത് വേദിയില്‍ ആലപിച്ചു. ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഗാനങ്ങളില്‍ ആ ഗാനം രചനകൊണ്ടും സംഗീതംകൊണ്ടും ആസ്വാദക ഹൃദയങ്ങളില്‍ കല്‍പ്പാന്തംവരെ നിലനില്‍ക്കും. അതായിരുന്നു ആ ഗാനത്തിന്റെ നിയോഗവും.
അനന്യമായ ഭക്തിയും അവികലിതമായ ആത്മസമര്‍പ്പണവുമാണ് ടിഎസിന്റെ പ്രത്യേകത. അയ്യപ്പഭക്തിയുടെ ആഴമറിഞ്ഞ ഉപാസകനുമാണ് ടിഎസ്. എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ അയ്യപ്പ സന്നിധിയില്‍ പാടിത്തുടങ്ങിയതു മുതല്‍ ഇന്നുവരെ മുടങ്ങാതെ വൃശ്ചികം ഒന്നിന് ഭജന നടത്താറുണ്ട്. പന്ത്രണ്ടു വയസ്സു മുതല്‍ തുടങ്ങിയ ശബരിമല തീര്‍ഥയാത്രയ്‌ക്കും ഇതുവരെ മുടക്കം വരുത്തിയിട്ടില്ല. പുട്ടപര്‍ത്തിയിലും മൂന്ന് പതിറ്റാണ്ടായി ടിഎസ് ഭജന നടത്തുന്നു. തന്റെ സംഗീത യാത്രയില്‍, ടിഎസ്സിനൊരു മാനസഗുരുവുണ്ട്. ദക്ഷിണാമൂര്‍ത്തി സ്വാമിയാണത്.
സംഗീത ലോകത്തെ അനേകം മഹാപ്രതിഭകളെ അടുത്തറിയാനും അവരുടെ സഹയാത്രികനാവാനും കഴിഞ്ഞത് ദൈവാനുഗ്രഹമെന്നാണ് ടിഎസ് കരുതുന്നത്. സംഗീതരഹിതമായ ജീവിതം ഓര്‍ക്കാനേ കഴിയില്ലെന്നാണ് ടിഎസ് പറയുക. ജീവിതാന്ത്യംവരെ സംഗീതവും കൂടെയുണ്ടാകണമെന്നാണ് ഏക പ്രാര്‍ഥന. പദ്മയാണ് സഹധര്‍മിണി. ലക്ഷ്മി, ശങ്കര്‍ വിനായക് എന്നിവര്‍ മക്കളും. അവരും സംഗീതത്തിന്റെ പന്ഥാവിലാണെന്നുള്ളത് ടിഎസ് എന്ന രാഗനിലാവിന് സന്തോഷം പകരുന്നു.
തീര്‍ത്ഥാടന സംഗീതം
ആര്‍.കെ. ദാമോദരന്‍
സമകാലിക ഭാഷാര്‍ത്ഥത്തില്‍ രാധാകൃഷ്ണന്‍ സംഗീതസംവിധായകനല്ല! ആര്‍ക്കും സംഗീത സംവിധായകനാകാവുന്ന സിനിമാ സംസ്‌കാര കാലഘട്ടത്തില്‍ ടി.എസ്. എന്ന ദ്വക്ഷരി ‘തീര്‍ത്ഥാടന സംഗീത’ സവിശേഷ സംസ്‌കൃതിയായി വിസ്തരിക്കപ്പെട്ടിരിക്കുന്ന-തനിമയുള്ള ത്യാഗരാജ ഭക്തിസംഗീതമായി ഉഞ്ഛവൃത്തി നടത്തിവരുന്നു!
ഭാവഗാനങ്ങളെ ഭസ്മക്കുറിയണിയിച്ച ഭക്തിസംഗീതമാണിത്. ധന്യമാം ധന്യാസി രാഗ ജീവിതമാണിത്. (സംഗീതജ്ഞാനമു ഭക്തി വി നാ… ത്യാഗരാജ സ്വാമികള്‍) അരനൂറ്റാണ്ടായി അരങ്ങുകള്‍, അമ്പലമാക്കുന്ന ആരാധ്യകീര്‍ത്തനം! സുമധുരസുന്ദര സംഗീത സാഹോദര്യം. രാധാകൃഷ്ണ സംഗീതവുമായി, സത്സംഗവുമായി ഞാനെന്ന ഗാനസാഹിത്യത്തിന് 43 വയസ്സുണ്ട്.
രാധാകൃഷ്ണനെന്ന ഭക്തിസംഗീതം സംഭവിക്കുന്നത് എറണാകുളത്തപ്പന്റെ ചന്ദ്രക്കലപ്പൂചൂടിയാണ്. എന്റെ രചനയിലാണ്. അന്ന് ഞങ്ങള്‍ മഹാരാജാസ് കോളജു കുമാരന്മാരാണ്. രാധ, ഫിലോസഫി, ഞാന്‍ മലയാളം.
നിത്യവും ഞാന്‍ ഇയ്യാട്ടുമുക്കിലെ രാധാകൃഷ്ണന്റെ വീട്ടില്‍ പോകും. മിക്കവാറും പ്രാതല്‍ അവിടന്നാവും. അമ്മ സുബ്ബലക്ഷ്മി അമ്മാള്‍ വിളമ്പിത്തരുന്ന ഇഡ്ഡലിയും ദോശയുമൊക്കെ കഴിച്ച് പല ദിവസങ്ങളിലും കോളജില്‍ പോകാതെ ഞങ്ങള്‍ പാട്ടുണ്ടാക്കും! കെ.വി.പ്രസാദെന്ന, ഇന്നത്തെ മൃദംഗ വിദ്വാനും കൂടെക്കൂടും. ആ ദിനങ്ങളൊക്കെ അനവദ്യസുന്ദരഗാനങ്ങളാകുകയായിരുന്നു. അങ്ങനെ ഞങ്ങള്‍ ‘സംഗീതമപി സാഹിത്യ’മാവുകയുമായിരുന്നു.
രാധാകൃഷ്ണനിലെ പ്രത്യേകത സമ്പൂര്‍ണ സംഗീത സമര്‍പ്പണമാണ്. സിനിമാ മോഹമില്ലാത്ത തനിമയാര്‍ന്ന ഭക്തി സംഗീതം. അചഞ്ചലമായ ഭക്തി. ഗുരുത്വം. ലാളിത്യമാര്‍ന്ന, വിനയാന്വിതമായ ജീവിതം പോലെ സംഗീത ശൈലിയും. പാര്‍ട്ട്‌ടൈം സംഗീതജ്ഞനാകാതെ ‘പരിപൂര്‍ണ സംഗീതജ്ഞ’നായ, എന്റെ തലമുറയിലെ ‘അപൂര്‍വ രാഗ’ വ്യക്തിത്വം തന്നെയാണ് സതീര്‍ത്ഥ്യനും സഹോദരനും സംഗീതാത്മാവുമായ രാധാകൃഷ്ണനെന്ന് അതിശയോക്തിയില്ലാതെ, അസൂയാലുവായി, അര്‍ത്ഥപൂര്‍ണമായി ഞാന്‍ ആത്മകാകളിയില്‍ കവിത പാടി നില്‍ക്കും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: