ദുബായ്: രണ്ടായിരത്തി മുപ്പതിലെ ലോക എക്സ്പോയുടെ വേദിയാകുന്നതിലൂടെ രണ്ടരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നതെന്ന് സൗദി ടൂറിസം വകുപ്പ് മന്ത്രി അഹ്‌മദ് അൽ ഖതീബ് വ്യക്തമാക്കി. റിയാദിൽ വെച്ച് നടന്ന ഗ്ലോബൽ ലേബർ മാർക്കറ്റ് കോൺഫറൻസിൽ പങ്കെടുത്ത് കൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇതിന്റെ ഭാഗമായി സൗദി അറേബ്യ സുസ്ഥിര തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാഷണൽ ടൂറിസം സ്ട്രാറ്റജിയുടെ ഭാഗമായി 2030-ഓടെ ടൂറിസം മേഖലയിൽ നിന്നുള്ള ജിഡിപി നിലവിലെ മൂന്ന് ശതമാനത്തിൽ നിന്ന് പത്ത് ശതമാനത്തിലെത്തിക്കുന്നതിനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. ഇതിനായി ഏതാണ്ട് ഒരു ദശലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എക്സ്പോ 2030-ന്റെ പശ്ചാത്തലത്തിൽ ആയിരത്തിലധികം ഹോട്ടൽ മുറികളുമായി ബന്ധപ്പെട്ട് കൊണ്ട് സുസ്ഥിരമായ പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക എക്സ്പോയുടെ ഔദ്യോഗിക സംഘാടകരായ ഇന്റർനാഷണൽ ബ്യൂറോ ഓഫ് എക്‌സിബിഷൻസ് (Bureau International des Expositions – BIE) അംഗരാജ്യങ്ങൾക്കിടയിൽ നടത്തിയ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് എക്സ്പോ 2030-യുടെ വേദിയായി സൗദി അറേബ്യയയിലെ റിയാദ് നഗരത്തെ തിരഞ്ഞെടുത്തത്.
നവംബർ 28-ന് പുറത്ത് വിട്ട കണക്കുകൾ പ്രകാരം സൗദി അറേബ്യ 119 വോട്ടുകൾ നേടി. സൗത്ത് കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളും ഈ ഔദ്യോഗിക നറുക്കെടുപ്പിൽ മത്സരിച്ചിരുന്നു. 2030-ലെ ലോക എക്സ്പോയ്‌ക്ക് വേദിയാകാൻ തങ്ങൾ തയ്യാറാണെന്ന് സൗദി അറേബ്യ 2021 ഒക്ടോബറിൽ ഔദ്യോഗികമായി അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: