എന്താണ് തന്ത്രശാസ്ത്രം? ആഗമശാസ്ത്രത്തിന് തന്ത്രശാസ്ത്രമെന്നും സംഹിതാ ശാസ്ത്രമെന്നും കൂടി പേരുണ്ട്. ഈ ശാസ്ത്രശാഖയില്‍പെടുന്ന ഗ്രന്ഥങ്ങളില്‍ അനേകം കാര്യങ്ങളുടെ വിധിവിധാനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നതായി കാണാം. അവയില്‍ തന്നെ പൂജാപദ്ധതികള്‍ക്കാണ് പ്രാധാന്യം എന്നും പറയപ്പെട്ടുവല്ലോ. പൊതുവായി ആഗമം, സംഹിതാ, തന്ത്രം ഇവ സമാനാര്‍ത്ഥകമായി പ്രയോഗി ക്കപ്പെടുന്നുണ്ടെങ്കിലും ശൈവവും ശാക്തേയവുമായ പൂജാപദ്ധതികള്‍
വിവരിക്കപ്പെടുന്ന ഗ്രന്ഥങ്ങളെ ആഗമഗ്രന്ഥങ്ങളെന്നും വൈഷ്ണവപൂജാപദ്ധതികള്‍ വിവരിക്കുന്നവയെ സംഹിതകള്‍ എന്നും വേര്‍തിരിച്ചു പറയുന്ന പതിവും ഉണ്ട്. തന്ത്രശാസ്ത്രഗ്രന്ഥങ്ങളില്‍ അനേകം വിഷയങ്ങള്‍ വര്‍ണ്ണിക്കപ്പെടുന്നു എന്ന് പറഞ്ഞുവല്ലോ. അവയില്‍തന്നെ മുഖ്യമായവ സര്‍ഗ്ഗപ്രതിസര്‍ഗ്ഗങ്ങള്‍, ധര്‍മ്മത്തിന്റെ ലക്ഷണങ്ങള്‍, വ്രതാനുഷ്ഠാനങ്ങള്‍, തീര്‍ത്ഥസ്ഥാനങ്ങള്‍, ദേവസ്ഥാനങ്ങള്‍, മന്ത്രലക്ഷണങ്ങള്‍, ശൗചാശൗച വ്യാഖ്യാനങ്ങള്‍, രാജധര്‍മ്മങ്ങള്‍, ദാനധര്‍മ്മങ്ങള്‍, യുഗധര്‍മ്മങ്ങള്‍, ദേവസ്ഥാന നിര്‍മ്മിതി, പൂജാപദ്ധതി ഇവയെല്ലാമാണ്.
തന്ത്രഗ്രന്ഥങ്ങളില് ദേവതാസ്വരൂപ വര്‍ണ്ണനകളും പൂജാപദ്ധതികളും മുഖ്യമായി കാണപ്പെടുന്നുണ്ട്. മറ്റു വൈദിക ഗ്രന്ഥങ്ങളിലൊന്നും ഇവ കാണപ്പെടുന്നുമില്ല. വൈദിക രീതിയനുസരിച്ചുള്ള ആരാധനാ പദ്ധതി എന്നു പറയുന്നത് അഗ്നിമുഖത്ത് എല്ലാ ദേവതകളും വസിക്കുന്നുണ്ടെന്ന വിശ്വാസത്തോടെ ഹോമകുണ്ഡത്തില്‍ ഹവിസ്സ് അര്‍പ്പിക്കലാണ്. (ഇക്കാലത്തും ഗണപതിഹോമത്തിലും മറ്റും ആ രീതിയാണല്ലോ അവലംബിക്കാറുള്ളത്.) എന്നാല്‍ ആ രീതിയനുസരിച്ചാണ് നമ്മുടെ ക്ഷേത്രങ്ങളും കേേ്ത്രപൂറകളുമെല്ലാം ഇപ്പോള്‍ നടന്നുവരുന്നത്.
വൈദികദേവന്മാരും, പൗരാണിക ദേവന്മാരും
ഇന്ദ്രന്, സോമന്, അഗ്നി, വരുണന് എന്നിവരെല്ലാവരുമായിരുന്നല്ലോ വൈദിക ദേവന്മാര്. എന്നാല്‍ ആഗമാനുസാരിയായ ഇന്നത്തെ പൂജകളില്‍ ശിവന്, ദുര്‍ഗ്ഗ (പാര്‍വതി), വിഷ്ണു. ലക്ഷ്മി ബഹ്മണ്യന്‍, ഗണപതി, ശാസ്താവ്, ഭദ്രകാളി, സരസ്വതി, നാഗരാജാവ് തുടങ്ങിയ ദേവീദേവന്മാരാണ് ആരാധ്യരാകുന്നത്. വേദങ്ങളിലും മറ്റും ഇവരില്‍ പല ദേവീദേവന്മാരും പരാമൃഷ്ടരാകുന്നു പോലുമില്ല. (ഋഗ്വേദത്തിലെ സാരസ്വത സൂക്തത്തില്‍ സരസ്വതിയും വിഷ്ണുസൂക്തത്തില്‍ വിഷ്ണുവും യജുര്‍വേദത്തിലെ ശ്രീരുദ്രത്തില്‍ ശിവനും സ്തുതിക്കപ്പെടുന്നുണ്ട്. എന്നാല്‍, വേദങ്ങളില്‍ വളരെ ചെറിയ തോതില്‍ പരാമൃഷ്ടരാവുന്ന ഈ ദേവീദേവന്മാര് പുരാണസങ്കല്പമനുസരിച്ചുള്ളവര്‍ അല്ല. അതായത് സരസ്വതി വിദ്യാദേവതയോ വീണാപാണിയോ, വിഷ്ണു ലക്ഷ്മീവല്ലഭനോ ശിവന് പാര്‍വതീകാന്തനോ ഒന്നുമല്ലെന്നു സാരം.) പുരാണങ്ങളില്‍ ഈ ദേവന്മാരെല്ലാം അവരുടെ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്. തന്നെയല്ല, പുരാണങ്ങളിലെ അവതാര സങ്കല്പവും സഗുണോപാസനയുമെല്ലാമായി ആഗമസങ്കല്പങ്ങള്‍ പൊരുത്തപ്പെട്ടുപോവുന്നുമുണ്ട്. മാത്രമല്ല തന്ത്രഗ്രന്ഥങ്ങളിലും പുരാണഗ്രന്ഥങ്ങളിലും ഒരേപോലെ ചര്‍ച്ചചെയ്യപ്പെടുന്ന പലേ വിഷയങ്ങളുമുണ്ട് എന്നു കാണാവുന്നതാണ്. വാസ്തവത്തില്‍ പുരാണങ്ങളില്‍ പ്രപഞ്ചനം ചെയ്യപ്പെട്ടിട്ടുള്ള ഒട്ടനവധി കാര്യങ്ങള്‍ പ്രാഗ്വൈദികം തന്നെയാണ്. അതുകൊണ്ടുതന്നെ ആഗമശബ്ദത്തിന്റെ പര്യായമായി പകരം പുരാണശബ്ദം ചിലപ്പോള്‍ പ്രയോഗിക്കപ്പെടാറുണ്ട്.
ഹിന്ദുധര്‍മ്മത്തിന് അടിസ്ഥാനമായി ശ്രുതിസ്മൃതിപുരാണങ്ങളാണെന്നു പറയുന്നിടത്ത് പുരാണശബ്ദം ആഗമശബ്ദത്തിന് സമാനാര്‍ത്ഥകമാണ്. തന്ത്രശാസ്ത്രത്തിന് കേരളീയ സമ്പ്രദായം ബംഗാളീ സമ്പ്രദായം, കാശ്മീരീ സമ്പ്രദായം ഇങ്ങനെ മൂന്ന് പിരിവുകള്‍ ഉണ്ടായിരുന്നതായി കാണുന്നുണ്ട്. എന്നാല്‍ ഭാരതത്തത്തിലെ മറ്റു പ്രദേശങ്ങളില്‍ പുരാണങ്ങള്‍ക്കു പ്രചാരമുണ്ടെങ്കിലും തന്ത്രശാസ്ത്രത്തിനു പ്രചാരം കുറവായിരുന്നതായി കാണുന്നു.
തന്ത്രശാസ്ത്രശാഖയില്‍ ചെറുതും വലുതുമായ 200ല്‍പരം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളതായി അറിയുന്നുണ്ട്. പ്രപഞ്ചസാരം, സപര്യാഹൃദയം, വിഷ്ണുസംഹിത, ക്രിയാസാരം, പ്രയോഗ മഞ്ജരി, അനുഷ്ഠാനപദ്ധതി (കേവലം പദ്ധതി എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്), തന്ത്രസമുച്ചയം, ശേഷസമുച്ചയം, ഈശാനശിവഗുരു ദേവപദ്ധതി എന്നിവയെല്ലാം പ്രധാനപ്പെട്ട തന്ത്ര ഗ്രന്ഥങ്ങളാണ്. ഈശാനശിവഗുരുദേവപദ്ധതി എന്ന ഗ്രന്ഥം തന്നെ 123 പടലങ്ങളിലായി 18000 ശ്ലോകങ്ങളുള്ള ഒരു ബൃഹത്കൃതിയാണ്. ഇവിടെ പ്രാമാണികങ്ങളും പ്രമുഖങ്ങളുമായ ചില തന്ത്രഗ്രന്ഥങ്ങളെപ്പറ്റി ചുരുക്കി ചില വിഷയങ്ങള്‍ പറഞ്ഞുകൊള്ളുന്നു.
പ്രപഞ്ചസാരം
സൃഷ്ടി സ്ഥിതി സംഹാരരൂപമായ പ്രപഞ്ചത്തിന്റെ മന്ത്ര ശാസ്ത്രദൃഷ്ട്യാ മനസ്സിലാക്കപ്പെടുന്ന സാരം അഥവാ രഹസ്യം ഉദ്ഘാടനം ചെയ്യുന്ന ഗ്രന്ഥമാണ് പ്രപഞ്ചസാരം. ക്രിസ്ത്വബ്ദം ഒന്‍പതാംനൂറ്റാണ്ടില്‍ ശ്രീ ശങ്കരനാല്‍ വിരചിതമായ കൃതിയെന്നാണ് വിശ്വസിച്ചു പോരുന്നത്.
പ്രാരംഭത്തില്‍ അക്ഷര സ്വരൂപിണിയായ സരസ്വതീ ദേവിയെ മനശ്ശദ്ധി ഉണ്ടാവാന്‍ വന്ദിച്ചതിനു ശേഷം ദ്വിപാരാര്‍ദ്ധാവസാനത്തിലെ പ്രാകൃതപ്രളയം കഴിഞ്ഞുള്ള ഭൂതസൃഷ്ടിയെക്കുറിച്ച് പറഞ്ഞു തുടങ്ങുന്നു ‘പ്രധാന’തത്ത്വത്തില്‍ നിന്ന് സത്ത്വാദിഗുണഭിന്നരായി ജഗത്തിന്റെ സൃഷ്ടിസ്ഥിതി സംഹാരാഭിമാനികളായി ബ്രഹ്മാവിഷ്ണുമഹേശ്വരന്‍ ആവിര്‍ഭവിച്ചെന്നും തുടര്‍ന്ന് അക്ഷരങ്ങളുടെ അന്യോന സംയോഗം കൊണ്ട് ശബ്ദവും ശബ്ദത്തില്‍ നിന്ന് ആകാശവും സ്പര്ശത്തില് നിന്ന് അഥവാ സ്പര്‍ശ തന്മാത്രയില് നിന്ന് വായുവും രൂപതന്മാത്രയില്‍ നിന്ന് അഗ്നിയും രസ തന്മാത്രയില് നിന്ന് അംഭസ്സം വര്‍ണ്ണങ്ങളും ഉദ്ഭിജ സ്വേദജ അണ്ഡജ ജരായുജാദികളുടെ രൂപാധാനവും ത്വക് ചര്‍മ്മ മാംസ രുധിര മേദോ മജ്ജാസ്ഥികളുടെയും മനസ്സ്, ബുദ്ധി, അഹങ്കാരം ഇവകളുടെയും ഉത്പത്തിയും ശുക്ല ബീജങ്ങളുടെ സംയോ തുടര്‍ന്ന് പ്രാണപാനാദികള്‍ ഗവും ഗര്ഭാധാനവും അവിടേയ്ക്ക് ക്ഷേത്രജ്ഞപ്രവേശവും തുടര്‍ന്ന് പ്രാണപാനാദികള്‍ ഉണ്ടാകുന്ന രീതിയും എടുത്തുപറഞ്ഞതിനുശേഷം സാധകന് അഥവാ പൂജകന് ക്രമത്തില്‍ ഓരോന്നായി ഭൂതസൃഷ്ടിയെ ആസകലം തന്റെ വിഭാവനാ വ്യാപാരത്താല്‍ മനസ്സില്‍ സങ്കല്പിച്ച് ഇപ്പോള്‍ ഉപാസിക്കാന്‍ പോകുന്ന അനാദിനിധനനായ ദേവമൂര്‍ത്തിയുടെ അപ്രമേയ പ്രഭാവം മൂലം സംഭവിച്ചതായി പ്രകല്പനം ചെയ്ത് മന്ത്രസ്വരൂപം വിശദമാക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: