സിനിമയുടെ ആഗോളഭാഷ എന്നത്തേക്കാളും ആഗോളമാണെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു 54-ാം അന്താരാഷ്ട്ര ഇന്ത്യന്‍ ചലച്ചിത്ര മേള (ഇഫി). മേളയുടെ ഭാഗമായി സത്യജിത്ത് റായിയുടെ പേരില്‍ നല്കുന്ന ഈ വര്‍ഷത്തെ സമഗ്രസംഭാവനാ പുരസ്കാരം സ്വീകരിച്ച ഹോളിവുഡിലെ ഐതിഹാസിക നടന് മൈക്കിള്‍ ഡൊഗ്ലസ് എടുത്തുപറഞ്ഞതും ഇതുതന്നെയാണ്. സാംസ്കാരികവും രാഷ്ട്രീയവും സാമൂഹ്യവുമായ വൈവിധ്യങ്ങളെ അവതരിപ്പിക്കുന്നതിലൂടെ ലോകജനതയെ ഒന്നിപ്പിക്കാനും പരിവര്‍ത്തനം ചെയ്യാനും സിനിമയ്ക്ക് ശക്തിയുണ്ടെന്ന് രണ്ട് തവണ ഓസ്കര് നേടിയ അദ്ദേഹം പറഞ്ഞു. ഇഫി കാലത്തിനും ഭാഷയ്ക്കും ഭൂമിശാസ്ത്രത്തിനും അതീതമായ സിനിമാ നിര്‍മ്മാണത്തിന്റെയും സാംസ്കാരിക ആവിഷ്കാരങ്ങളുടെയും മാന്ത്രികതയായി അനുഭവപ്പെട്ടെന്നാണ് മൈക്കിള്‍ ഡൊഗ്ലസ് സമാപനച്ചടങ്ങില്‍ പറഞ്ഞത്.
നവംബര്‍ 20 മുതല്‍ 28 വരെ ഗോവയിലെ 12 തീയേറ്ററുകളിലായി പ്രദര്‍ശിപ്പിച്ചത് 250 ലേറെ സിനിമകളാണ്. ഇതില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിലും ലോക സിനിമാ വിഭാഗത്തിലും ഐസിഎഫ്ടി- യുനെസ്കോ ഗാന്ധി മെഡലിനു വേണ്ടിയുള്ള മത്സരവിഭാഗത്തിലുമായി പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ മിക്കവയും പ്രാദേശിക സംസ്കാരത്തിന്റെ ജീവിതത്തിന്റെ പ്രതിഫലിപ്പിക്കുന്നതിനൊപ്പം തന്നെ ഒരു ആഗോളഭാഷ പ്രേക്ഷകമനസ്സുമായി സംവദിക്കുന്നവയായിരുന്നു. ലോകത്തെല്ലായിടത്തും മനുഷ്യജീവിതത്തിന്റെ ആത്യന്തിക പ്രശ്നങ്ങള്‍ ഒന്നാണെന്ന് ഈ ലോകസിനിമകള്‍ കാണുന്ന പ്രേക്ഷകന് തിരിച്ചറിവുണ്ടാകുന്നു എന്ന യാഥാര്‍ത്ഥ്യമാണ് മൈക്കിള്‍ ഡൊഗ്ലസും പങ്കുവച്ചത്.
അബ്ബാസ് അമിനി സംവിധാനം ചെയ്ത പേര്‍ഷ്യന്‍ ചിത്രമായ എന്‍ഡ്ലെസ് ബോര്‍ഡേഴ്സിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ മയൂരം ലഭിച്ചത്. സ്വയം അടിച്ചേല്‍പ്പിക്കുന്ന വൈകാരികവും ധാര്‍മ്മികവുമായ അതിരുകള്‍ ഭൗതിക അതിരുകളേക്കാള്‍ സങ്കീര്‍ണ്ണമാകുമെന്നാണ് ചിത്രം നല്കുന്ന സന്ദേശം.
അഫ്ഗാന് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഇറാനിലെ ഒരു ദരിദ്രഗ്രാമത്തില്‍ നാടുകടത്തപ്പെട്ട ഇറാനിയന്‍ അധ്യാപകനായ അഹ്മദിന്റെ യാത്രയാണ് ചിത്രം വിവരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാന്റെ ഉയര്‍ച്ച വംശീയഗോത്ര യുദ്ധങ്ങളുടെ തീ ആളിക്കത്തിച്ചു. താലിബാന്റെ ഭീഷണി നേരിടുന്ന ഹസാര അഫ്ഗാനികള്‍ അനധികൃതമായി ഇറാനില്‍ പ്രവേശിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒരു ഹസാര കുടുംബവുമായി അഹമ്മദ് പരിചയപ്പെടുമ്പോള്‍, ആ പ്രദേശത്തെ മുന്‍വിധികളുടെയും പിടിവാശിയുടെയും യഥാര്‍ത്ഥ മുഖം അയാള്‍ കാണുന്നു. എന്‍ഡ്ലെസ് ബോര്‍ഡേഴ്സിലെ അഭിനയത്തിന് ഇറാനിയന്‍ നടന് പൗറിയ റഹിമി സാമിനെ മികച്ച നടനായി തിരഞ്ഞെടുത്തു. പാര്‍ട്ടി ഓഫ് ഫൂള്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫ്രഞ്ച് നടി മെലാനി തിയറി മികച്ച നടിക്കുള്ള രജത മയൂരം നേടി.
ബള്‍ഗേറിയന്‍ സംവിധായകന് സ്റ്റീഫന്‍ കോമന്ദരേവിന് തന്റെ ബ്ലാഗസ് ലെസന്‍സ് എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള രജത മയൂരം ലഭിച്ചു.
പ്രേക്ഷക പ്രശംസ നേടിയ കാന്താര എന്ന കന്നഡ ചിത്രത്തിന്റെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി അന്താരാഷ്ട്രാ മത്സരവിഭാഗത്തില്‍ പ്രത്യേക ജൂറി അവാര്‍ഡ് നേടി. സിറിയന്‍ അറബ് റിപ്പബ്ലിക്കില്‍ നിന്നുള്ള വാഗ്ദാനമായ റെജര്‍ ആസാദ് കായ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് നേടി. വാര്‍ഡ് വെന്‍ ദ സീഡിംഗ്സ് ഗ്രോ എന്ന ചിത്രത്തിനാണ് അവാര്‍ഡ്.
ആന്റണി ചെന്‍ സംവിധാനം ചെയ്ത ഫ്രഞ്ച്, ബ്രിട്ടീഷ്, ഗ്രീക്ക് കോപ്രൊഡക്ഷന്‍ ചിത്രമായ ഡ്രിഫ്റ്റിന് ഐസിഎഫ്ടി-യുനെസ്കോ ഗാന്ധി മെഡല്‍ ലഭിച്ചു. പ്രതിരോധത്തിന്റെയും പ്രതീക്ഷകളുടെയും അടയാളപ്പെടുത്തലുകളാണ് ഈ ചിത്രമെന്ന് ജൂറി നിരീക്ഷിച്ചു. മനുഷ്യാവസ്ഥയുടെ ഭയാനകവും ഭ്രാന്തവുമായ യാഥാര്‍ത്ഥ്യങ്ങളാല്‍ അലഞ്ഞുതിരിയാന്‍ വിധിക്കപ്പെട്ട ഒരു കുടിയേറ്റ സ്ത്രീയുടെ കഥയാണ് ്ഡ്രിഫ്റ്റ്. ഈ വര്‍ഷം പുതുതായി ഏര്‍പ്പെടുത്തിയ മികച്ച ഒടിടി വെബ് സീരീസിനുള്ള പുരസ്കാരം നേടിയത് ദീപക് കുമാര്‍ മിശ്ര സംവിധാനം ചെയ്ത പഞ്ചായത്ത് സീസണ് 2 എന്ന പരമ്പരയാണ്.
ഈ വര്‍ഷം ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 25 ചിത്രങ്ങളില്‍ ഏഴെണ്ണം മലയാളത്തില്‍ നിന്നാണെന്നത് മലയാളചലച്ചിത്ര മേഖലയ്ക്ക് അഭിമാനകരമാണ്. ഇന്ത്യന്‍ പനോരമയിലെ ഉദ്ഘാടന ചിത്രവും മലയാളചിത്രമായ ആട്ടമായിരുന്നു. ആട്ടത്തിന് പുറമെ കാതല്‍, ഇരട്ട, മാളികപ്പുറം, ന്നാ താന്‍ കേസ് കൊട്, പൂക്കാലം, 2018 എന്നിവയാണ് മലയാളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവ.
ശുഭകരമായ പ്രഖ്യാപനങ്ങള്‍
പഴയ ക്ലാസിക്കുകള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള നാഷണല്‍ ഫിലിം ഹെറിറ്റേജ് മിഷന്റെ ശ്രമങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുമെന്നുള്‍പ്പെടെയുള്ള കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂറിന്റെ പ്രഖ്യാപനങ്ങള്‍ ശുഭോദര്‍ക്കമാണ്. 4കെ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ഒന്നിലധികം ഭാഷകളിലുള്ള 5,000ത്തിലധികം സിനിമകളും ഡോക്യുമെന്ററികളും പുനഃസ്ഥാപിക്കുമെന്നും ഭാരതത്തിന്റെ ഭാവി തലമുറകള്‍ക്ക് ഈ മഹത്തായ മഹത്തായ അനുഭവങ്ങളെ അഭിനന്ദിക്കാനും ആസ്വദിക്കാനും പ്രചോദനം നല്‍കാനും കഴിയുമെന്ന് അദ്ദേഹം സമാപനച്ചടങ്ങില്‍ ഉറപ്പുനല്‍കി. ‘നാഷണല്‍ ഫിലിം ഹെറിറ്റേജ് മിഷന്റെ കീഴില്‍ പുനഃസ്ഥാപിച്ച ഏഴ് സിനിമകളുടെ പ്രത്യേകം ക്യൂറേറ്റ് ചെയ്ത ഒരു വിഭാഗം 54-ാമത് ഐഎഫ്എഫ്ഐയില്‍ പ്രദര്‍ശിപ്പിച്ചത് സിനിമാപ്രേമികളുടെ വലിയ അഭിനന്ദനത്തിന് കാരണമായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പഴയത് സംരക്ഷിക്കുകയും പുതിയതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ഇരട്ട ദൗത്യത്തിനാണ് മന്ത്രാലയം ഊന്നല്‍ നല്‍കുന്നത്.
75 ക്രിയേറ്റീവ് മൈന്‍ഡ്സ് ഓഫ് ടുമാറോ എന്ന പദ്ധതിക്ക് കീഴിലുള്ള ‘ഫിലിം ചലഞ്ചിലൂടെ യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്ന കാര്യം മന്ത്രി എടുത്തുപറഞ്ഞു. 75 ക്രിയേറ്റീവ് മൈന്‍ഡുകളില്‍ 45 പേര്‍ക്കും തങ്ങളുടെ ആശയങ്ങള്‍ ഈ മേഖലയിലെ പ്രമുഖ കമ്പനികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ ഇതിനകം നല്‍കിയിട്ടുണ്ട്. എന്‍എഫ്ഡിസി ഫിലിം ബസാര്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച്, നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യയെ എന്‍എഫ്ഡിസിയില്‍ ലയിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ വൃഥാവിമര്‍ശനവുമായെത്തുന്നവരുടെ വായടപ്പിക്കുന്ന തരത്തിലുള്ള കൂട്ടായ പ്രവര്‍ത്തനം കൊണ്ട് വന്‍ നേട്ടങ്ങളാണ് ചലച്ചിത്രമേഖലയില്‍ രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്നത്.
78 രാജ്യങ്ങളില്‍ നിന്നായി 68 അന്തര്‍ദേശീയ ഭാഷകളെയും 17 ഇന്ത്യന്‍ ഭാഷകളെയും പ്രതിനിധീകരിച്ച് 250ഓളം സിനിമകളാണ് ഇഫിയില്‍ പ്രദര്‍ശിപ്പിച്ചത്. 23 മാസ്റ്റര്‍ക്ലാസ്സുകള്‍, ഇന്‍കോണ്‍വര്‍സേഷന്‍ സെഷനുകള്‍ എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായി നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: