ഹീമാന്‍ ബികിലിന് അന്ന് നാല് വയസ്സ്. താമസം കുടുംബത്തോടൊപ്പം എത്യോപ്യയില്‍. തോട്ടിലും തൊടിയിലും ഇടവഴികളിലുമൊക്കെ കൂട്ടുകാര്‍ക്കൊപ്പം കളിച്ചു നടക്കുമ്പോള്‍ എന്നും അവന് ഒരു കാഴ്ച കാണുമായിരുന്നു. കത്തിയെരിയുന്ന സൂര്യനെ സാക്ഷിയാക്കി പാടത്ത് പണിയെടുക്കുന്ന പാവപ്പെട്ട നാട്ടുകാരെ. തുടര്‍ച്ചയായ സൂര്യാഘാതത്തില്‍ ത്വക്കിനെ ബാധിക്കുന്ന മെലനോമ എന്ന അര്‍ബുദം ബാധിച്ചവരെ ചികിത്സിക്കാന്‍ പണമില്ലാതെ വിധിക്കു കീഴടങ്ങേണ്ടി വരുന്ന ആ കറുത്തവര്‍ഗക്കാരുടെ ഓര്മ ഹീമാന്റെ മനസ്സില്‍ നിന്ന് ഒരിക്കലും മാഞ്ഞില്ല.
അമേരിക്കയിലേക്ക് കുടിയേറി വെര്‍ജീനിയയില്‍ പാര്‍പ്പിക്കുമ്പോഴും, ഫെയര്‍ഫാക്സ് കൗണ്ടിയിലെ ഫ്രോസ്റ്റ് മിഡില്‍ സ്കൂളില്‍ പഠിക്കുമ്പോഴും തൊലിപ്പുറത്ത് കാന്‍സര്‍ ബാധിച്ച് കഷ്ടപ്പെടുന്ന തന്റെ നാട്ടുകാരെ അവന് മറന്നില്ല. അപ്പോഴാണ് രാജ്യത്തെ സ്കൂള്‍ കുട്ടികള്‍ക്കായി ഒരു ശാസ്ത്ര മത്സരമെത്തിയത്. നവീന ശാസ്ത്രാശയങ്ങള്‍ രൂപപ്പെടുത്തി ജനങ്ങളിലെത്തിക്കുന്ന ‘3 എം’ എന്ന സ്ഥാപനവും ഡിസ്കവറി എഡ്യുക്കേഷനും ചേര്‍ന്ന് നടത്തുന്ന മത്സരം. അമേരിക്കയുടെ ‘ടോപ്പ് യങ് സയന്റിസ്റ്റ്’ ആരെന്ന് കണ്ടെത്താനുള്ള മത്സരം. സമ്മാനം കാല്‍ലക്ഷം ഡോളറും വമ്പന്‍ പെരുമയും. ഹീമാന്‍ ബികില് മത്സരത്തില്‍ ചേര്‍ന്നു. ആദ്യം അവസാനത്തെ പത്ത് റാങ്കുകാരില്‍ ഒരുവന്. പിന്നെ ഒന്നാമന്!
നൊസാട്ടയിലെ സെന്റ് പോളിലുള്ള ‘3 എം’ ആസ്ഥാനത്ത് നടന്ന അവസാന റൗണ്ടില്‍ ഹീമാനെ സമ്മാനാര്‍ഹനാക്കിയത് മെലോനോമ എന്ന ത്വക് കാന്‍സര്‍ തടുക്കാനായി അവന് കണ്ടെത്തിയ സോപ്പ്.
മെലോനോമ ഗുരുതര സ്വഭാവത്തോടുകൂടിയ ത്വക് ക്യാന്‍സറാണ്. കാലേകൂട്ടി കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദപ്പെടുന്ന രോഗം. മറിച്ചായാല്‍ കുഴപ്പത്തിലേക്ക് നയിക്കുന്ന രോഗം. കേവലം ത്വക്കിലെ വര്ണഭേദത്തോടെ തുടങ്ങുന്നത്. ത്വക്കിലെ ബയോപ്സിയിലൂടെ കണ്ടെത്താന്‍ കഴിയുന്നത്. നിറത്തിനു കാരണമായ പിഗ്മെന്റ് ഉണ്ടാക്കുന്ന മെലനോസെറ്റ് എന്ന കോശങ്ങളിലല്ലാതെ പൊരിവെയിലില്‍ പണിയെടുക്കുന്ന കുറത്തവര്ഗക്കാര്ക്കിടയില് ഈ രോഗം വ്യാപകം.
തന്റെ പ്രോജക്ടിന്റെ വിജയത്തിന് ഹീമാന്‍ മാസങ്ങളോളം പണിയെടുത്തു. ത്വക് ക്യാന്‍സറിന് അടിപ്പെടുന്ന തൊലിപ്പുറത്തെ ഡെന്‍ട്രിക് കോശങ്ങളുമായി പ്രതിപ്രവര്‍ത്തിക്കുന്ന സോപ്പ് അങ്ങനെയാണ് ജനിച്ചത്. രോഗകോശങ്ങളെ തുടക്കത്തില്‍ തന്നെ ഈ സോപ്പ് നിര്‍വീര്യമാക്കും. ഒരു സോപ്പ് നിര്‍മിക്കാന്‍ വേണ്ടിവരുന്ന ചെലവ് അര ഡോളര്‍ അഥവാ 56 സെന്റ് മാത്രം. ത്വക് അര്‍ബുദം അകറ്റാനുള്ള ശസ്ത്രക്രിയയ്ക്ക് ചെലവ് ഏതാണ്ട് 40000 ഡോളര്‍ വരുമത്രേ. വിദഗ്ദ്ധ ചിക്തിസയ്ക്ക് പണമില്ലാതെ വലയുന്ന പട്ടിണിപ്പാവങ്ങള്‍ക്ക് ഈ സോപ്പ് വരദാനമാകുമെന്നത് തര്‍ക്കമില്ല. തന്റെ കണ്ടുപിടുത്തം ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളിലൂടെ അര്‍ഹിക്കുന്ന സമൂഹങ്ങളില്‍ എത്തിക്കുകയാണ് ഹീമാന്റെ ലക്ഷ്യം.
അമേരിക്കയിലും മറ്റും ത്വക് ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടിവരികയാണെന്ന് അവിടത്തെ നാഷണല്‍ ക്യന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് കണക്കുകള്‍ ഉദ്ധരിച്ച് പറയുന്നുണ്ട്. 1992 ല്‍ ലക്ഷം പേരില്‍ 14.6 പേര്‍ക്കാണ് ത്വക് ക്യാന്‍സര്‍ ബാധിച്ചിരുന്നെങ്കില്‍ 2019 ല്‍ അത് 24.1 എന്ന സംഖ്യയിലേക്കുയര്‍ന്നു. ലോകവ്യാപകമായി ത്വക് ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഹീമാന്റെ സോപ്പ് വലിയൊരു ശാസ്ത്രനേട്ടമാണ്.
വാശിയേറിയ ഈ ശാസ്ത്രമത്സരത്തില് രണ്ടാമതെത്തിയ ശ്രീപ്രിയ കല്ദേവി കണ്ടെത്തിയത് ശരീരത്തിലേക്ക് സ്വയം മരുന്ന് കയറ്റിവിടാന്‍ കഴിയുന്ന ഒരു ‘ഒട്ടിപ്പോ’ സ്റ്റിക്കര്‍ പാച്ച് ആണ്. കയ്യുടെ ചലനങ്ങള്‍ കൊണ്ടു മാത്രം ചിലതരം ചുഴലി രോഗങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന കയ്യുറ ആയിരുന്നു മൂന്നാം സ്ഥാനക്കാരി സാറാ വാങ്ങിന്റെ കണ്ടുപിടുത്തം.
കോഴിത്തൂവല്‍ വഴികാട്ടുമ്പോള്‍
ലോകമൊട്ടാകെ നോക്കിയാല്‍ പ്രതിവര്‍ഷം ഒരു ലക്ഷം കോടിയോളം കോഴികള്‍ മാംസത്തിനായി കൊല്ലപ്പെടുന്നുണ്ടത്രേ. അങ്ങനെ നോക്കിയാല്‍ അവയുടെ പൂടയും തൂവലുമൊക്കെ എത്രലക്ഷം കോടി കിലോഗ്രാം വരുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിന്തിച്ചാല്‍ ഒരു എത്തും പിടിയും കിട്ടില്ല. അവ അന്തരീക്ഷത്തിലുണ്ടാക്കുന്ന മാലിന്യത്തിന് കയ്യും കണക്കുമില്ല. സംസ്കരിക്കാനായി അവ കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ ഉയരുന്ന അപകടകാരികളായ ഗ്രീന്‍ഹൗസ് വാതകങ്ങളുടെ അളവും നമുക്ക് ആലോചിക്കാവുന്നതിലും വളരെയാണ്. ഈയൊരു ചിന്തയാണ് വലിയൊരു ഗവേഷണത്തിന് സൂറിച്ച് സര്‍വകലാശാല (ഇ.ടി.എച്ച്. സൂറിച്ച്)യിലെയും സിംഗപ്പൂരിലെ നാന്യാങ് സര്‍വകലാശാലയിലെയും ഗവേഷകര്‍ക്ക് ആശയം പകര്‍ന്നത്.
കോഴിത്തൂവലില്നിന്ന് ഊര്‍ജ സെല്ലുകള്‍ (ഫ്യുവല്‍ സെല്‍) ഉല്പ്പാദിക്കാമെന്നായിരുന്നു ഗവേഷകരുടെ കണ്ടെത്തല്‍. അതും പരിസ്ഥിതിക്ക് ഒരു കോട്ടവും വരാതെ തികച്ചും ചെലവു കുറഞ്ഞ രീതിയില്‍, നൂറു ശതമാനവും സുസ്ഥിര വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട്!
കോഴികളുടെ ചിറകിലും തൂവലിലും സമൃദ്ധമായ ‘കെരാറ്റിന്‍’ എന്ന പ്രോട്ടീന്‍ വേര്‍തിരിച്ചെടുത്ത് ഇന്ധന സെല്ലുകള്ക്കാവശ്യമായ സ്തര (മെമ്പറൈന്‍) രൂപപ്പെടുത്താനാവുമെന്ന് ശാസ്ത്രസംഘം കണ്ടെത്തി. കെരാറ്റിനെ അതിസൂക്ഷ്മ ഫൈബറുകളാക്കി മാറ്റുകയാണ് കടുപ്പമേറിയ ആദ്യപടി. ഇവയെ ഹൈഡ്രജന്‍ ഇന്ധന സെല്ലുകളില്‍ അതിലോലസ്തരങ്ങളായി ഉപയോഗിക്കുമത്രേ. പ്രോട്ടോണുകളെ കടത്തിവിടുന്ന ഇത്തരം സ്തരങ്ങള്‍ ഇലക്ട്രോണുകളെ തടയുകയും തിരിച്ച് ഒരു സര്‍ക്യൂട്ടിലേക്ക് അവയെ നയിക്കുകയും ചെയ്യും. നെഗറ്റീവ് ചാര്‍ജുള്ള കാതോഡിലേക്കുള്ള വൈദ്യുതി പ്രവാഹം!
ഇത്തരം ഇന്ധന സെല്ലുകളിലും സ്തരങ്ങളിലും നിരവധി വിഷ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. ഒരിക്കലും വിഘടനം സംഭവിക്കാത്ത ‘ഫോര്‍ എവര്‍’ രാസവസ്തുക്കള്‍. എന്നാല്‍ കോഴിത്തൂവല്‍ സ്തരങ്ങളില്‍ യാതൊരു വിഷാംശവുമില്ല. അവ എളുപ്പത്തില്‍ വിഘടിച്ച് പ്രകൃതിയില്‍ അലിഞ്ഞുചേരും. ഇപ്പോള്‍ ഉപയോഗിക്കുന്ന സ്തരങ്ങളുടെ മൂന്നിലൊന്ന് ചെലവ് മാത്രമേ അവയ്ക്കുണ്ടാകൂയെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. ചെലവ് തീരെ കുറഞ്ഞ അസംസ്കൃത പദാര്‍ത്ഥങ്ങളുടെ ഉറപ്പുള്ള ലഭ്യതയാണ് മറ്റൊരു നേട്ടം.
മറ്റൊരു നേട്ടം കൂടിയുണ്ട് ഈ കണ്ടുപിടുത്തത്തിന്. കോഴി വളര്‍ത്തല്‍-ഇറച്ചി വ്യവസായത്തിലെ ഭീമാകാരമായ മാലിന്യ പ്രശ്നം സുന്ദരമായി ഇല്ലാതാക്കാം. ഒരുപക്ഷേ കോഴി മാലിന്യങ്ങളില്‍ നിന്ന് കോഴികര്‍ഷകര്‍ക്ക് നല്ലൊരു വരുമാനമുണ്ടാക്കാനും ഇത് സഹായിച്ചേക്കാം. അതിലൊക്കെ ഉപരി ഗ്രീന്‍ഹൗസ് മലിനവാതകങ്ങളെ നിയന്ത്രിക്കാനും, അനിയന്ത്രിതമായ കാര്‍ബണ്‍ ഉത്സര്‍ജനത്തിന് അല്‍പ്പമെങ്കിലും ശമനമുണ്ടാക്കാനും ഈ കണ്ടുപിടുത്തത്തിന് കഴിഞ്ഞേക്കാം. കാര്‍ബണ്‍ പാദമുദ്ര കുറയ്ക്കാനുള്ള ശ്രമത്തില്‍ വലിയൊരു സഹായിയായേക്കാവുന്ന ഈ കണ്ടുപിടുത്തത്തിന് പേറ്റന്റ് എടുക്കാനുള്ള ഒരുക്കത്തിലാണ് ഗവേഷകര്‍. എങ്കിലും…സന്തോഷിക്കാന്‍ വരട്ടെ… അതൊരു വാണിജ്യ ഉല്‍പ്പന്നമായി പുറത്തിറങ്ങും വരെ നമുക്ക് ആഹ്ലാദിക്കാന്‍ വകയില്ല. തല്ക്കാലം ആശിക്കാം, എല്ലാം ശരിയാവുമെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: