Categories: Vasthu

തറക്കല്ലിടലും കുറ്റിയടിയും; ഒരു വീടിന്റെ തറക്കല്ല് ഇടുന്നതിനാണോ പ്രാധാന്യം അതോ കുറ്റി സ്ഥാപിക്കുന്നതിനാണോ?

വാസ്തുവിജ്ഞാനം

Published by

പുതിയൊരു വീട് പണികഴിക്കാന്‍ പോവുകയാണ്. കുറ്റിയടി എന്ന ചടങ്ങ് ഇപ്പോള്‍ ഉണ്ടോ? ഒരു വീടിന്റെ തറക്കല്ല് ഇടുന്നതിനാണോ പ്രാധാന്യം അതോ കുറ്റി സ്ഥാപിക്കുന്നതിനാണോ?

വീടിന്റെ ആരംഭം കുറിക്കുന്നത് തറക്കല്ല് ഇടുന്നത് മുതലാണ്. പണ്ടുകാലത്ത് ആരൂഢ കണക്കില്‍ ഉള്ള വീടുകള്‍ പണിയുമ്പോള്‍ വിധിപ്രകാരം തച്ചന്മാരെക്കൊണ്ട് കുറ്റിയടിക്കുന്ന സമ്പ്രദായം നിലനിന്നിരുന്നു. എന്നാല്‍ കാലം മാറിയതോടുകൂടി ഇപ്പോള്‍ കോണ്‍ക്രീറ്റ് ഭവനങ്ങളാണ് പണിയുന്നത്. ഇതിന്റെ പ്ലാന്‍ ഒരു എഞ്ചിനീയര്‍ വരയ്‌ക്കുന്നു. പിന്നീട് പ്ലാന്‍ പ്രകാരം അവര്‍തന്നെ സെറ്റൗട്ട് ചെയ്യുന്നു. തറക്കല്ലിടല്‍ കര്‍മം കുടുംബത്തിലെ പ്രായംചെന്നവരോ ഗുരുക്കന്മാരോ സമൂഹത്തിലെ ഉന്നതവ്യക്തികളോ അല്ലെങ്കില്‍ സ്വന്തമായിട്ടോ ചെയ്യാവുന്നതാണ്.

നാല് സെന്റിനകത്ത് ഇരുപത് വര്‍ഷത്തിനുമുമ്പ് പണികഴിപ്പിച്ച വീട്. ചുറ്റുമതില്‍ ഉണ്ട്. പടിഞ്ഞാറ് ദര്‍ശനം. പ്രായാധിക്യത്താല്‍ മരിച്ച മുത്തച്ഛനെയും അപകടത്തില്‍ മരിച്ച കൊച്ചുമകനെയും വീടിനോട് ചേര്‍ന്ന് തെക്ക് ഭാഗത്താണ് അടക്കിയിട്ടുള്ളത്. ഇപ്പോള്‍ വീട്ടില്‍ പലവിധ പ്രശ്‌നങ്ങളാണ്. വീട്ടില്‍ ഉള്ളവര്‍ക്ക് എന്നും അസുഖങ്ങളാണ്. വീടിന്റെ കോമ്പൗണ്ടിനകത്ത് കുഴിമാടങ്ങള്‍ ഉള്ളതാണ് ഇതിനു കാരണമെന്ന് ജ്യോതിഷ പണ്ഡിതര്‍ പറയുന്നു. എന്താണ് പ്രതിവിധി?
പല വീടുകളിലും മേല്‍പ്പറഞ്ഞ രീതിയിലുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അങ്ങനെയുള്ള വീടുകള്‍ എല്ലാംതന്നെ കാലക്രമേണ പലതരത്തിലുള്ള ദുരിതങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സാധാരണ കോമ്പൗണ്ടിനകത്ത് അടക്കം ചെയ്യുന്നത് ഒന്നുകില്‍ വേറെ സ്ഥലം ഇല്ലാത്തതുകൊണ്ടോ മരിച്ച വ്യക്തിയോടുള്ള അമിതമായ സ്‌നേഹ താല്‍പ്പര്യംകൊണ്ടോ ആകാം. കാലം കഴിയുമ്പോള്‍ സ്‌നേഹ താല്‍പ്പര്യങ്ങള്‍ കുറയുകയും വീട്ടില്‍ ജീവിച്ചിരിക്കുന്നവരുടെ സുഖതാല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുകയും ചെയ്യും. വിധിപ്രകാരമുള്ള ആചാരകര്‍മങ്ങള്‍ ചെയ്ത ശേഷം കുഴിമാടങ്ങള്‍ പ്രസ്തുത സ്ഥലത്ത് നിന്നും മാറ്റാവുന്നതാണ്.

താമസിക്കുന്ന ഫ്‌ലാന്റിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് അടുക്കള വന്നിട്ടുള്ളത്. ഇത് ദോഷം ആണെന്ന് പലരും പറയുന്നു. ഫ്‌ലാന്റില്‍ വന്നിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. വിദഗ്‌ദ്ധോപദേശം പ്രതീക്ഷിക്കുന്നു. 
ഒരു അപ്പാര്‍ട്ട്‌മെന്ററിനകത്ത് വരുന്ന ഫ്‌ലാഌറ്റിലാണല്ലോ താമസിക്കുന്നത്. പ്രധാന ബില്‍ഡിങ്ങിന്റെ തെക്ക് പടിഞ്ഞാറു മൂലയിലാണ് അടുക്കള വരുന്നതെങ്കില്‍ ദോഷമാണ്.

പുതിയൊരു വീട് പണിയുകയാണ്. വീടിന്റെ അടുക്കള വടക്കുപടിഞ്ഞാറ് ഭാഗത്താണ്. ഈ ഭാഗത്ത്‌നിന്ന് ഏത് ദിക്കിലേക്ക് നോക്കിയാണ് പാചകം ചെയ്യേണ്ടത്?

വടക്കു പടിഞ്ഞാറ് ഭാഗം (വായുകോണ്‍) അടുക്കള വന്നാല്‍ കിഴക്കോട്ടും വടക്കോട്ടും പടിഞ്ഞാറോട്ടും നോക്കിനിന്ന് ആഹാരം പാചകം ചെയ്യുന്നതില്‍ തെറ്റില്ല. ഈ ദിക്കില്‍ മാത്രമാണ് പടിഞ്ഞാറ് ഭാഗത്തേക്ക് നോക്കിനിന്ന് പാചകം ചെയ്യാന്‍ വിധിയുള്ളത്.

വീട് പണി കഴിപ്പിച്ചിട്ട് ഏഴ് വര്‍ഷം കഴിഞ്ഞു. ഈ വീട്ടില്‍ താമസം ആയിതിന് ശേഷം എല്ലാം നഷ്ടപ്പെട്ട അവസ്ഥയും ദുരിതങ്ങളുമാണ്. വാസ്തുശാസ്ത്രവിധി പ്രകാരം വീടിന്റെ പ്രധാന വാതില്‍ മാറ്റാന്‍ ഉദ്ദേശിക്കുന്നു. ഒരിക്കല്‍ വിധിപ്രകാരം സ്ഥാപിച്ച വാതില്‍ ഇളക്കുന്നതുകൊണ്ട് ദോഷം ഉണ്ടോ?

പ്രധാന വാതില്‍ തെറ്റായ സ്ഥാനത്ത് ആണ് സ്ഥാപിച്ചിട്ടുള്ളതെങ്കില്‍ അവ ഇളക്കിമാറ്റി ഉചിതമായ സ്ഥാനത്ത് സ്ഥാപിക്കുന്നതില്‍ തെറ്റില്ല. വാസ്തുശാസ്ത്രപരമായ വിധിപ്രകാരമുള്ള പൂജകള്‍ ചെയ്യണമെന്ന് മാത്രം.

കഴിഞ്ഞ നാല് വര്‍ഷമായി വീട് പണി നടക്കുകയാണ്. പല തരത്തിലുള്ള തടസ്സങ്ങള്‍ കാരണമാണ് ഇത്രയും വൈകിയത്. ഗൃഹനാഥന്‍ ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. സാമാന്യം വലുപ്പമുള്ള വീടിന്റെ ദര്‍ശനം കിഴക്കാണ്. ഇരുപത് സെന്റിനകത്താണ് വീട് ഇരിക്കുന്നത്. ഒരു പൂന്തോട്ടം കിഴക്കുഭാഗത്തായിട്ട് ചെയ്തുവരുന്നു. തമിഴ്‌നാട്ടില്‍നിന്നും കൊണ്ടുവന്ന വളരെ പഴക്കംചെന്ന ശില്പങ്ങള്‍ ഈ പൂന്തോട്ടത്തിന്റെ പല ഭാഗത്തായി സ്ഥാപിച്ചു. വീടു പണി തുടങ്ങുന്ന സമയത്തു തന്നെയാണ് ഇവ ലസിച്ചത്. വാസ്തുശാസ്ത്രവുമായി അറിവുള്ള പലരും വിഗ്രഹങ്ങള്‍ കോമ്പൗണ്ടിനകത്ത് വയ്‌ക്കുവാന്‍ പാടില്ല എന്നുപറയുന്നു. ഇക്കാര്യത്തില്‍ വിശദമായ ഉപദേശം തേടുന്നു?

പല ആള്‍ക്കാര്‍ക്കും പറ്റുന്ന അബദ്ധമാണിത്. തമിഴ്‌നാട്ടില്‍ ജീര്‍ണിച്ച പല അമ്പലങ്ങളും പുതുക്കി പണിയുമ്പോള്‍ ഇതുപോലുള്ള വിഗ്രഹങ്ങള്‍ പുറന്തള്ളാറുണ്ട്. അതെല്ലാം തന്നെ വലിയ വിലകൊടുത്ത് വാങ്ങി നമ്മുടെ വീടിന്റെ കോമ്പൗണ്ടിനകത്ത് സ്ഥാപിച്ചാല്‍ വടി കൊടുത്ത് അടി വാങ്ങുന്ന അനുഭവമായിരിക്കും. ഇവിടെ സംഭവിച്ചത് ഇതുതന്നെയാണ്. വീടു പണി തുടങ്ങിയ സമയത്തു തന്നെ വിഗ്രഹങ്ങള്‍ കിട്ടിയതായി പറയുന്നു. നാലുവര്‍ഷമായിട്ടും വീടുപണി പൂര്‍ത്തിയാകാതിരിക്കാനുള്ള കാര്യവും ഇതു തന്നെയാണ്. വളരെയധികം നെഗറ്റീവ് എനര്‍ജി ബാധിച്ച വിഗ്രഹങ്ങളാണ് ഇവയെല്ലാം. അവ എത്രയും വേഗം പുറത്തു കളയുന്നതാണ് നല്ലത്.

മരം മുറിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ഒരു ഗൃഹം പണിയുന്നതിനുവേണ്ടി മരം മുറിക്കുന്നതിന് വൃക്ഷപൂജ ചെയ്യണം. ബുധനും വ്യാഴനും ഉത്തമമാണ്. വെള്ളി മധ്യമവും തിങ്കള്‍, ചൊവ്വ, ശനി, അധമവുമാകുന്നു.

കട്ടളപ്പടി സ്ഥാപിക്കുന്ന സമയം

ഒരു ഭവനത്തിന്റെ പൂമുഖവാതിലിന്റെ കട്ടളപ്പടി സ്ഥാപിക്കുന്നതിന് രാവിലത്തെ മുഹൂര്‍ത്തം എടുക്കണം. മകയിരം, പുണര്‍തം, ചിത്തിര, ചോതി, അനിഴം, മൂലം, ഉതൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങള്‍ ഉത്തമമാണ്. കട്ടളപ്പടി വയ്‌ക്കുന്നതിനോടൊപ്പം എനര്‍ജി ലെവല്‍ വമിക്കുന്ന രത്‌നങ്ങളും കട്ടളപ്പടിയുടെ അടിയില്‍ വക്കേണ്ടതാണ്.

കിണര്‍കുഴിക്കുന്നതിന് അനുയോജ്യമായ ഗ്രഹങ്ങള്‍

കിണര്‍ കുഴിക്കുന്നതിന് ഉത്രം, മകം, പൂയം, പുണര്‍തം, രോഹിണി, അത്തം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉതൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങള്‍ എടുക്കാവുന്നതാണ്. ഞായറും ചൊവ്വയും വര്‍ജിക്കണം.

ഇരിപ്പിട സ്ഥാനങ്ങള്‍

വ്യാപാര സ്ഥാപനത്തിന്റെ വാതിലിന് നേരേ ക്യാഷ് കൗണ്ടര്‍ വയ്‌ക്കുവാന്‍ പാടില്ല. ഒരു ഓഫീസ് മേധാവി, മുറിയുടെ വാതില്‍ തുറക്കുന്നതിനുനേരെ ഇരിക്കരുത്. ഡോക്ടര്‍മാര്‍ എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ കിഴക്കോട്ടും വടക്കോട്ടും നോക്കി ഇരിക്കത്തക്ക രീതിയില്‍ ഇരിപ്പിടം ക്രമീകരിക്കുക. എന്നാല്‍ പോലീസ് മേധാവികള്‍, പട്ടാള മേധാവികള്‍, ബിസിനസുകാര്‍ എന്നിവര്‍ തെക്കോട്ടും പടിഞ്ഞാറോട്ടും നോക്കിയിരിക്കുന്നത് നല്ലതാണ്.

(വാസ്തുശാസ്ത്രവിദഗ്ധനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ‘സ്ഥപതി’യുമാണ് ലേഖകന്‍)

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by