കൊറോണയ്‌ക്ക് മുമ്പ് 2017-18 വര്‍ഷത്തില്‍ നീതിആയോഗ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സംസ്ഥാനങ്ങളുടെ പഠന നിലവാരം വിലയിരുത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ സംസ്ഥാനങ്ങളെ വലിയ സംസ്ഥാനങ്ങള്‍, ചെറിയ സംസ്ഥാനങ്ങള്‍ എന്നിങ്ങനെ തരം തിരിച്ചാണ് താരതമ്യ പഠനത്തിന് വിധേയമാക്കിയിരുന്നത്. പൊതുവില്‍ ചെറിയ സംസ്ഥാനങ്ങളാണ് ഗുണനിലവാരത്തിലും ഭരണനിര്‍വ്വഹണ തലത്തിലും മുന്നിട്ടു നിന്നിരുന്നത്. കേരളത്തെപ്പോലെ താരതമ്യേന ചെറിയ സംസ്ഥാനത്തെ വലിയ സംസ്ഥാനങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയതിനാല്‍ വലിയ സംസ്ഥാനങ്ങളുടെ ഗണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത് നിന്നിരുന്നു എന്നുള്ളതാണ് വസ്തുത. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ പ്രകടനം വലിയ പുരോഗതിയില്ല എന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
മറ്റു സംസ്ഥാനങ്ങള്‍ നിലമെച്ചപ്പെടുത്തി
പ്രധാനമായും രണ്ടു സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ പ്രകടനത്തെ വിലയിരുത്തിയത്. ഒന്ന് വ്യത്യസ്ത തലങ്ങളിലെ പരിണിതഫലങ്ങള്‍ (out come). രണ്ട് ഈ മേഖലകളിലെ മാറ്റത്തിനു വേണ്ടിയുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍. മാറ്റത്തെ പരിഗണിക്കുമ്പോള്‍ അവിടെ നാല് കാര്യങ്ങളാണ് പ്രധാനമായും പരിഗണിച്ചിരുന്നത്. പഠനശേഷി വികസനം, സാര്‍വ്വത്രികമായ പ്രവേശനം, അടിസ്ഥാന സൗകര്യ വികസനം, തുല്യതയും സാമൂഹ്യനീതിയും. 2015-16 വര്‍ഷത്തെ അപേക്ഷിച്ച് 2016-17 വര്‍ഷത്തില്‍ കേരളത്തിന്റെ പോയിന്റ് നില 77.6ല്‍ നിന്നും 82 പോയിന്റിലേക്ക് ഉയര്‍ന്നു. ഒന്നാം സ്ഥാനത്ത് നിലനിന്നു. കേരളം ഒന്നാം സ്ഥാനത്ത് നിലനിന്നപ്പോള്‍ തന്നെ തമിഴ്‌നാടും സമാനമായ പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ ഗുജറാത്ത്, ഹരിയാന, ഒഡീഷ, ആസാം, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ അവരുടെ നില വളരെയധികം മെച്ചപ്പെടുത്തുകയുണ്ടായി. ഒഡിസ സംസ്ഥാനം പതിമൂന്നാം സ്ഥാനത്ത് നിന്നും 6 റാങ്ക് മെച്ചപ്പെടുത്തി 7-ാം സ്ഥാനത്തേക്കും ഹരിയാന എട്ടാം സ്ഥാനത്തു നിന്നും 5-ാം സ്ഥാനം മെച്ചപ്പെടുത്തി മൂന്നാംസ്ഥാനത്തേക്കും ആസാം പതിനഞ്ചാം സ്ഥാനത്തുനിന്നും പത്താം സ്ഥാനത്തേക്ക് വന്നു. ചിലരൊക്കെ ഗോമൂത്ര സംസ്ഥാനങ്ങള്‍ എന്നുപറഞ്ഞ് ആക്ഷേപിക്കുന്ന സംസ്ഥാനങ്ങള്‍ കഴിഞ്ഞ കാലഘട്ടങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന ത്വരിത ഗതിയിലുള്ള വികസന പ്രവര്‍ത്തനത്തിന്റെ സൂചകങ്ങളാണിത്. ഈ കാലഘട്ടത്തില്‍ മഹാരാഷ്‌ട്ര, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളാണ് നില മോശമാക്കിയത് എന്നുള്ളതും ഏറേ ശ്രദ്ധേയമാണ്.
കേരളം താഴേക്ക്
2023 ജൂലായില്‍ പുറത്തിറക്കിയ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്‍ഡക്‌സ് 2, 2021-22 കാലഘട്ടത്തിലെ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനത്തെ ജില്ലാ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നു. ഇവിടെയും പഠനലഭ്യത, അടിസ്ഥാന സൗകര്യം, തുല്യത, സര്‍ക്കാറിന്റെ ഇടപെടല്‍ എന്നതിനോടൊപ്പം അധ്യാപക വിദ്യാഭ്യാസവും പരിശീലനവും കൂടി ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 73 സൂചകങ്ങളെ വിലയിരുത്തി ആയിരം മാര്‍ക്കാണ് പരിഗണിച്ചിരിക്കുന്നത്. ജില്ല തിരിച്ചു അവരുടെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് സ്‌കോറുകള്‍ നല്‍കിയിരിക്കുന്നത്. ഈ സ്‌കോറിങ്ങില്‍ ഈ വര്‍ഷം മുതല്‍ ഭാരതീയമായ ഗ്രേഡുകളാണ് നല്‍കിയിരിക്കുന്നത്. 90% ത്തില്‍ കൂടുതല്‍ മികവ് കാണിക്കുന്ന ജില്ല /സംസ്ഥാനം എന്നിവയ്‌ക്ക് ‘ദക്ഷ’ എന്ന വിഭാഗവും 80 മുതല്‍ 90 വരെ ‘ഉത്കര്‍ഷ’ എന്നും എഴുപതില്‍ കൂടുതല്‍ ഉള്ളതിനെ ‘അത്യുത്തമം’ എന്നും 60ല്‍ കൂടുതലുള്ളതിനെ ‘ഉത്തമം’ എന്നും സൂചിപ്പിക്കുന്നു. താഴേക്ക് 10 മുതല്‍ 60 വരെയുള്ള സ്‌കോറുകള്‍ക്ക് 10 സ്‌ക്കോറുകളുടെ വ്യത്യാസത്തില്‍ ‘പ്രചേഷ്ട’ ഒന്ന്, രണ്ട്, മൂന്ന്, ‘ആകാംക്ഷി’ 1, 2 ,3 എന്നും നാമകരണം ചെയ്തിട്ടുണ്ട്. ‘ആകാംക്ഷി; എന്നാല്‍ ‘ആസ്പിറേഷണല്‍’, ഇനിയും വളരെയധികം വളരേണ്ടത് എന്ന അര്‍ത്ഥത്തില്‍.
ഈ പഠനം കാണിക്കുന്നത് ഭാരതത്തിലെ ഒരു സംസ്ഥാനവും ആദ്യത്തെ അഞ്ച് ഗ്രേഡും നേടുന്നതിന് ക്ഷമത കാണിച്ചിട്ടില്ല എന്നതാണ്. ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ സംസ്ഥാനങ്ങള്‍ /കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ചാണ്ഡിഗഡും പഞ്ചാബും ആണ്. ഗുജറാത്ത്, കേരളം, മഹാരാഷ്‌ട്ര, ദല്‍ഹി, പോണ്ടിച്ചേരി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടു താഴെയുള്ള വിഭാഗത്തില്‍ വരുന്നത്. അതായത് കേരളം കഴിഞ്ഞ വിലയിരുത്തലിലെ ഒന്നാം സ്ഥാനത്തുനിന്നും താഴേക്ക് പോവുകയും രണ്ടാം തരത്തിലുള്ള സംസ്ഥാനങ്ങളുടെ ഗണത്തിലേക്ക് മാറുകയും ചെയ്തു.
ദേശീയ പഠന നിലവാര സര്‍വ്വേ
കൊറോണയ്‌ക്ക് മുമ്പും ശേഷവും ഇറങ്ങിയ ദേശീയ പഠന നിലവാര സര്‍വ്വേ ഫലങ്ങള്‍ ഒന്നാം ക്ലാസില്‍ നിന്നും കുട്ടി ക്രമമായി പത്താംക്ലാസില്‍ എത്തുമ്പോഴേക്കും വിവിധ വിഷയങ്ങളുടെ നിലവാരം കുറഞ്ഞു വരുന്നത് വര്‍ഷങ്ങളായി സൂചിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രവണതയാണ്. ഏറ്റവും ഒടുവിലത്തെ എന്‍എഎസ് ഫലം പട്ടികപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക. 3, 5, 8, 10 ക്ലാസ്സുകളിലെ ഭാഷ, ഗണിതം, പരിസ്ഥിതി പഠനം എന്ന വിഷയങ്ങള്‍ ആണ് സര്‍വ്വേക്ക് പരിഗണിച്ചിരിക്കുന്നത്. 8, 10 ക്ലാസ്സുകളില്‍ ഭാഷ വിഷയത്തില്‍ ഇംഗ്ലീഷും, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം എന്നിവ പ്രത്യേകം പ്രത്യേകം പരിഗണിക്കുകയും ചെയ്യുന്നുണ്ട്. ഏറ്റവും അടിസ്ഥാന യോഗ്യ നേടുന്നവരുടെ ഗതമാനമാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്.
കേരളം വാസ്തവത്തില്‍ ഒന്നാമതല്ല
ഒരു സംസ്ഥാനത്ത് മാത്രം പരിമിതപ്പെട്ട ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ മാതൃഭാഷ സാക്ഷരതയിലും അടിസ്ഥാന യോഗ്യതയിലും ഉള്ള കഴിവിന്റെ താരതമ്യം പരിഗണിക്കുമ്പോഴും വിദ്യാഭ്യാസപരമായി ഒന്നാമതാണ് എന്ന അവകാശപ്പെടുന്ന കേരളം വാസ്തവത്തില്‍ അങ്ങനെയല്ല എന്ന് വ്യക്തമാകുന്നു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഏറ്റവും പ്രധാന ലക്ഷ്യമായ അടിസ്ഥാന സാക്ഷരതയും ഗണിത നൈപുണിയും ഉറപ്പുവരുത്തുന്നതിന് ആവശ്യമായിട്ടുള്ള പദ്ധതികള്‍ രൂപീകരിക്കുന്നതിന്റെ മുന്നൊരുക്കമായി കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഭാരതത്തിലെ 20 മാതൃഭാഷകള്‍ക്കിടയില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. തമിഴ്‌നാട്, തെലുങ്കാന തുടങ്ങിയ മാതൃഭാഷാ വിദ്യാഭ്യാസത്തിന്റെ സ്ഥിതി അങ്ങേയറ്റം പരിതാപകരമാണ്. അന്താരാഷ്‌ട്ര നിലവാരത്തിനു താഴെ, അന്താരാഷ്‌ട്ര നിലവാരവുമായി അടുത്ത, അന്താരാഷ്‌ട്ര നിലവാരത്തിനു സമാനം, അന്താരാഷ്‌ട്ര നിലവാരത്തെക്കാള്‍ മെച്ചം എന്നിങ്ങനെ ഓരോ സംസ്ഥാനത്തിന്റേയും പ്രകടനം ക്രോഡീകരിച്ച് റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്.
ഒരു മിനിറ്റില്‍ എത്ര വാക്ക് വായിച്ച് മനസ്സിലാക്കാന്‍ സാധിക്കും എന്നുള്ളതായിരുന്നു പ്രധാന പരിശോധന. ഒരു വാക്കുപോലും വായിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ നിന്നും അറുപതും എഴുപതും വാക്കുകള്‍ വരെ വായിച്ച് ഗ്രഹിക്കാനുള്ള കഴിവ് വരെ വിലയിരുത്തിയിട്ടുണ്ട്. മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയില്‍ നിന്നും പ്രതീക്ഷിക്കാത്ത വാക്കുകള്‍ കൂടി വായിച്ചു മനസ്സിലാക്കി ആശയം പ്രകടിപ്പിക്കാന്‍ കഴിയുന്ന തലം വരെ ഈ സര്‍വ്വേയില്‍ പരിശോധിച്ചിരുന്നു. മൂന്നാം ക്ലാസ് വരെ പഠിക്കുന്ന 17% വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മിനിറ്റില്‍ ഒരു വാക്ക് മുതല്‍ പത്തു വാക്കിന് താഴെവരെ കൃത്യമായി വായിച്ച്, അതെന്താണെന്ന് മനസ്സിലാക്കാനുള്ള ശേഷി ഇല്ലെന്നുള്ളത് ഈ പഠനം കാണിക്കുന്നു. അതേസമയം 28 ശതമാനം വിദ്യാര്‍ത്ഥികള്‍ ആഗോള മാനകതലത്തില്‍ ശേഷി നേടുകയും 16% വിദ്യാര്‍ത്ഥികള്‍ ഇതിലും മേന്മ പ്രകടിപ്പിക്കുകയും ചെയ്യുന്നു എന്നുള്ളതും ശ്രദ്ധേയമാണ്. പഞ്ചാബ്, ഗുജറാത്ത്, ഒഡിസ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ മാതൃഭാഷ തലത്തില്‍ കാണിക്കുന്ന പ്രാധാന്യം മൊത്തത്തില്‍ അവരുടെ വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്നതിന് കാരണമായിട്ടുണ്ട് എന്ന് ഗുണനിലവാര ദേശിയ സൂചകങ്ങള്‍ പരിശോധിച്ചാല്‍ കാണുകയും ചെയ്യാം.
(നാളെ: അവകാശവാദത്തിന്റെ പൊള്ളത്തരം)
(കേന്ദ്രസര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ മോണിറ്ററിംഗ് കമ്മിറ്റിയിലെ അംഗവും മാധവ ഗണിതകേന്ദ്രത്തിന്റെ സെക്രട്ടറിയുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: