രണ്ടാഴ്ച മുമ്പാണ് ബിജെപി കേന്ദ്ര ആസ്ഥാനത്ത് പ്രധാനമന്ത്രി, ദല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം ദീപാവലി മിലന്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നത്. പരിപാടിക്ക് ശേഷം കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാനായി മാധ്യമ പ്രവര്‍ത്തകര്‍ ഒത്തുകൂടി. പ്രധാനമന്ത്രി പരിപാടിക്ക് ശേഷം മടങ്ങിയെങ്കിലും മാധ്യമപ്രവര്‍ത്തകരോട് രാഷ്‌ട്രീയ വിഷയങ്ങളില്‍ സൗഹൃദചര്‍ച്ച നടത്തേണ്ട ചുമതല പതിവുപോലെ അമിത്ഷായാണ് ഏറ്റെടുത്തത്. അമിത്ഷായ്‌ക്ക് ചുറ്റുംകൂടിയ എല്ലാവര്‍ക്കും അറിയേണ്ടത് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബിജെപി പ്രകടനത്തെപ്പറ്റിയായിരുന്നു. രാജസ്ഥാനില്‍ ഭരണം ലഭിക്കുമോ, മധ്യപ്രദേശില്‍ ഭരണത്തുടര്‍ച്ച ലഭിക്കുമോ, ഛത്തീസ്ഗട്ടില്‍ എത്ര സീറ്റ് ലഭിക്കും തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ച ചിലരൊക്കെ, ഉത്തരഭാരതത്തില്‍ മൂന്നിടത്തും കോണ്‍ഗ്രസിന് മികച്ച വിജയം ലഭിക്കുമെന്ന് രഹസ്യമായി പറയുന്നുമുണ്ടായിരുന്നു. കോണ്‍ഗ്രസ് വലിയ മുന്നേറ്റമാണ് നാല് സംസ്ഥാനങ്ങളിലും നടത്തുന്നതെന്ന് മുതിര്‍ന്ന ഒരു മാധ്യമ പ്രവര്‍ത്തക അമിത്ഷായോട് പറയുകയും ചെയ്തു. അവര്‍ക്ക് അമിത ആത്മവിശ്വാസമാണ്, അതവര്‍ക്ക് തിരിച്ചടിയാവും; ഫലം വരുമ്പോള്‍ നിങ്ങള്‍ നോക്കിക്കോളൂ, ഇതായിരുന്നു അമിത് ഷായുടെ ഒറ്റയടിക്കുള്ള മറുപടി.
ഒടുവില്‍ ഫലം പുറത്തുവന്നപ്പോള്‍ അമിത്ഷായുടെ വാക്കുകള്‍ ശരിയെന്ന് വ്യക്തമായി. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഛത്തീസ്ഗട്ടിലെയും ജനമനസ്സ് കിറുകൃത്യം മനസ്സിലാക്കാന്‍ അമിത്ഷായ്‌ക്ക് സാധിച്ചു. അടിത്തട്ടില്‍ ജനങ്ങളുമായി ഇടപെട്ടും താഴേത്തട്ടുവരെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിര്‍വഹിച്ചും ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തിയതിന്റെ ആത്മവിശ്വാസമായിരുന്നു അമിത്ഷായുടെ വാക്കുകളില്‍ നിറഞ്ഞുനിന്നത്. ഒപ്പം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളുടെ വിജയവും ബിജെപിക്ക് മികച്ച വിജയം സമ്മാനിച്ചു. എന്നാല്‍ കോണ്‍ഗ്രസാവട്ടെ താഴേത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താതെയും സംസ്ഥാന നേതാക്കളുടെ റിപ്പോര്‍ട്ടുകള്‍ അതേപടി വിശ്വസിച്ചും സ്വന്തം കുഴികുത്തി.
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയം ഉറപ്പിച്ച മട്ടിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വവും രാഹുല്‍ഗാന്ധിയും കഴിഞ്ഞ നാളുകളില്‍ പെരുമാറിയത്. ബിജെപി പരാജയത്തിലേക്കാണെന്നും മധ്യപ്രദേശിലും ഛത്തീസ്ഗട്ടിലും വലിയ തിരിച്ചടികള്‍ ഉണ്ടാവുമെന്നും കോണ്‍ഗ്രസും ചില മാധ്യമങ്ങളും പ്രചരിപ്പിച്ചു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചു. കമല്‍നാഥ് നല്‍കിയ റിപ്പോര്‍ട്ടുകള്‍ അതേപോലെ വിശ്വസിച്ച് പരിഹാസ്യരായ കേന്ദ്രനേതൃത്വം കനത്ത പരാജയത്തിന്റെ ഞെട്ടലിലാണ്. ഛത്തീസ്ഗട്ടില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് ഹൈക്കമാന്റ് ആത്മാര്‍ത്ഥമായി വിശ്വസിച്ചു. എന്നാല്‍ സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം തിരിച്ചറിയാനാവാതെ പോയി. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ പ്രതിച്ഛായ മികച്ചതാണെന്ന വിലയിരുത്തലില്‍ ഹൈക്കമാന്റ് സംസ്ഥാനത്തെ ജനമനസ്സ് മനസ്സിലാക്കാന്‍ ശ്രമിച്ചതേയില്ല. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തീസ്ഗട്ടിലെയും സ്ത്രീ വോട്ടര്‍മാര്‍ ബിജെപിക്കും നരേന്ദ്രമോദിക്കുംവേണ്ടി വിധിയെഴുതിയപ്പോള്‍ കോണ്‍ഗ്രസിന്റെ പഴകിത്തേഞ്ഞ ജാതി വിഭജന നീക്കങ്ങള്‍ അമ്പേ പരാജയപ്പെട്ടു. ജാതി സെന്‍സസും ഒബിസി കാര്‍ഡും ഹിന്ദി ഹൃദയഭൂമിയില്‍ ഏശിയില്ല. വോട്ടര്‍മാരില്‍ മൂന്നില്‍ രണ്ടും പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗങ്ങളുള്ള മധ്യപ്രദേശില്‍ നേടിയ കനത്ത തോല്‍വി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്നവര്‍ക്കുള്ള തിരിച്ചടി കൂടിയായി.
മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ അമ്പരപ്പും ഞെട്ടലും ഇതുവരെ കോണ്‍ഗ്രസ് ഹൈക്കമാന്റിനെ വിട്ടുപോയിട്ടില്ല. ഇന്നലെ പാര്‍ലമെന്റില്‍ മാധ്യമങ്ങളോട് സംസാരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളൊക്കെ പറഞ്ഞത് ഇക്കാര്യം തന്നെ. രാജസ്ഥാനില്‍ ഭരണം പോകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മധ്യപ്രദേശില്‍ അധികാരം ലഭിക്കുമെന്ന് തന്നെയായിരുന്നു വോട്ടെണ്ണല്‍ ദിനത്തിന്റെ ആദ്യ മണിക്കൂറുകള്‍ വരെ ഹൈക്കമാന്റ് വിശ്വാസം. എന്നാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി വമ്പന്‍ വിജയം നേടിയപ്പോള്‍ വിശ്വസിക്കാനാവാത്ത അവസ്ഥയിലായി ഹൈക്കമാന്റ്. ഛത്തീസ്ഗട്ടില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ച നേതാക്കള്‍, അവിടുത്തെ ഫലം കൂടി വന്നതോടെ കടുത്ത നിരാശയിലായി. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണമെന്നും കടുത്ത നടപടികളും വലിയ മാറ്റങ്ങളും വന്നാല്‍ മാത്രമേ പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകാനാവൂ എന്നും ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. എന്നാല്‍ രാഹുല്‍ഗാന്ധിയെ മുന്‍നിര്‍ത്തിയുള്ള പതിവ് പ്രചാരണ രീതികള്‍ക്കേറ്റ തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്ന് പറയാനുള്ള ധൈര്യം കോണ്‍ഗ്രസ് നേതാക്കള്‍ക്കില്ല. പ്രധാനമന്ത്രിയെ വ്യക്തിഹത്യ ചെയ്തുകൊണ്ട് രാഹുല്‍ നടത്തുന്ന പ്രസംഗങ്ങള്‍ വലിയ തോതില്‍ തിരിച്ചടിയാവുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ തന്നെ രഹസ്യ അഭിപ്രായം.മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗട്ടിലും വലിയ പരാജയം ഏറ്റുവാങ്ങുമ്പോഴും തെലങ്കാനയില്‍ തിരിച്ചുവരാന്‍ സാധിച്ചത് കോണ്‍ഗ്രസിന് ആശ്വാസമാണ്. അപ്പോഴും, മിസോറാമില്‍ മുഖ്യപ്രതിപക്ഷ സ്ഥാനത്തുനിന്ന് നിലംപരിശായ കോണ്‍ഗ്രസ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും അപ്രത്യക്ഷമായിക്കഴിഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിച്ച അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാലുമാസങ്ങള്‍ക്കപ്പുറം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. ഹിന്ദി ഹൃദയ ഭൂമിയിലെ ലോക്സഭാ സീറ്റുകള്‍ ഉറപ്പാക്കിക്കഴിഞ്ഞ ബിജെപിക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും തെക്കന്‍ സംസ്ഥാനങ്ങളിലേക്കും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും സാധിക്കും. കൂടുതല്‍ രാഷ്‌ട്രീയ സഖ്യങ്ങള്‍ക്കും താഴേത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ബിജെപിക്ക് സമയം ലഭിക്കും. ജനുവരി മൂന്നാം വാരം അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങാനാണ് ബിജെപിയുടെ ആലോചനകള്‍. രാജസ്ഥാനും ഛത്തീസ്ഗട്ടും തിരിച്ചു പിടിച്ചതോടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 12 ആയി ഉയര്‍ന്നിട്ടുണ്ട്. ബിജെപിയും സഖ്യകക്ഷികളും അഞ്ചിടത്തും ഭരിക്കുന്നു. രാജ്യത്തെ വലിയ സംസ്ഥാനങ്ങളായ മഹാരാഷ്‌ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ ഭരണം ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിജെപിയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നു. കൊവിഡ് പ്രതിസന്ധിയില്‍ ലോകത്തെ സാമ്പത്തിക ശക്തികള്‍ പോലും പിന്നോട്ട് പോയപ്പോള്‍ ഭാരതം നേടുന്ന കുതിപ്പും താഴേത്തട്ടുവരെയെത്തുന്ന ജനക്ഷേമ പദ്ധതികളുടെ വിജയവും അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവല്‍പ്രശ്നങ്ങള്‍ക്ക് പ്രധാനമന്ത്രി മോദി പരിഹാരം കാണുന്നതും കാല്‍ നൂറ്റാണ്ടിനപ്പുറം ഭാരതത്തെ വികസിത രാജ്യമാക്കിത്തീര്‍ക്കുമെന്ന പ്രഖ്യാപനം നല്‍കുന്ന ആവേശവും പുതുതലമുറയിലും മധ്യവര്‍ഗ്ഗ വോട്ടര്‍മാരിലും പ്രായമായവരിലും നല്‍കുന്ന ആവേശം ചെറുതല്ല. പ്രധാനമന്ത്രി മോദിയെ അവര്‍ സമ്പൂര്‍ണ്ണമായും വിശ്വസിക്കുന്നു. ജനവിശ്വാസം ആര്‍ജ്ജിച്ച നേതാവിനെ പരാജയപ്പെടുത്താന്‍ ജനങ്ങളെ വിഭജിക്കാന്‍ നടക്കുന്നവരുടെ ഗൂഢനീക്കങ്ങള്‍ക്ക് സാധിക്കില്ലെന്ന് രാജ്യം ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക