ന്യൂദല്‍ഹി: ഹിന്ദി ഹൃദയഭൂമിയിലെ ജനവിധില്‍ കോണ്‍ഗ്രസിന് അടിതെറ്റി. അടുപ്പിച്ച് നാലാം തവണയും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെട്ടു. നിലവിലെ എംപി മുഖ്യമന്ത്രി ശിവരാജ് ചൗഹാനും ബിജെപിയും ചേര്‍ന്ന് സംസ്ഥാനത്ത് ക്ലീന്‍ സ്വീപ്പിലേക്ക് നീങ്ങുകയാണ്.
തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്ത് വന്നപ്പോൾ തന്നെ രാജസ്ഥാനില്‍ കോൺഗ്രസ് ഫീൽഡ് ഔട്ട് ആകുന്ന കാഴ്ചയാണ് കണ്ടത്. മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരിനെതിരെ ശക്തമായ ഒരു പ്രകടനം കാഴ്ചവയ്‌ക്കാനും കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് സാധിച്ചില്ല എന്നത് പാര്‍ട്ടിയോടുള്ള സംഖ്യകക്ഷികളുടെ വിശ്വാസ്യത കുറക്കുന്നു. അതേസമയം ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിനെ മറികടക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. ഇതോടെ രണ്ടു സംസ്ഥാനങ്ങളിലെ ഭരണമാണ് കോണ്‍ഗ്രസിന് നഷ്ടമായത്.
ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഹിന്ദി ഹൃദയഭൂമിയിലുള്ള സ്വാധീനം പൂണമായും നഷ്ടപ്പെടുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. നിലവില്‍ ഹിമാചല്‍ പ്രദേശ് മാത്രമാണ് കോണ്‍ഗ്രസിന് ഭരണമുള്ള സംസ്ഥാനം. തെലങ്കാനയിലെ ഫലമാണ് ഈ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡിന് ആകെ സന്തോഷിക്കാനുള്ള വക കിട്ടിയത്. ബിആര്‍എസിനെതിരെയുള്ള ഭരണവിരുദ്ധ വികരാമാണ് തെലുങ്കുനാട്ടിലെ കോൺഗ്രസ് വിജയത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിജെപിയുടെ സോഷ്യല്‍ എഞ്ചിനീയറിംഗ്, സോഷ്യല്‍ സ്‌കീം ഫോര്‍മുലയ്‌ക്ക് മറുപടിയില്ലത്തതാണ് കോണ്‍ഗ്രസ് തോല്‍വിയുടെ കാരണം. 78 കാരനായ കമല്‍നാഥിന്റെയും 76 കാരനായ ദിഗ്‌വിജയ സിംഗിന്റെയും പഴയ തന്ത്രങ്ങള്‍ക്ക് മോദി തരംഗത്തെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചില്ല എന്നത് വിവിധ സ്ഥാനാര്‍ത്ഥി തോല്‍വികളിലൂടെ പ്രകടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാരും ലോക്‌സഭാ എംപിമാരും നടത്തിയ പ്രചാരണ പരിപാടികളും മികച്ച വിജയം ബിജെപിക്ക് കൈവരിക്കാന്‍ കാരണമായി.
നിരവധി സൗജന്യങ്ങള്‍ ഉള്‍പ്പെടെയുള്ള 11 ഉറപ്പുകള്‍ കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തിയത്. എന്നാല്‍ വോട്ടിങ്ങിനെ ഇതിന് സ്വാധീനിക്കാന്‍ സാധിച്ചില്ല. അതേസമയം ബിജെപി ഇതിനകം തന്നെ നിരവധി സാമൂഹിക പദ്ധതികളുടെ പ്രത്യേകിച്ച് സ്ത്രീ വോട്ടര്‍മാര്‍ക്ക് മുന്‍തൂക്കം നല്‍കി ‘ലാഡ്‌ലി ബെഹ്‌ന’ പദ്ധതിയുടെ പ്രയോജനം ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഈ തോല്‍വികള്‍ കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.
‘ജാതി സെന്‍സസ്’ എന്നത് ഒരു തുറുപ്പ് ചീട്ടു പോലെയായിരുന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിച്ചത്. കോണ്‍ഗ്രസിന്റെ ഭാഗമായ ബീഹാര്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ ജാതി ഘടന നിര്‍ണ്ണയിക്കുന്നതിനുള്ള ഒരു അഭ്യാസം നടത്തിയതിന് ശേഷമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ജാതി സെന്‍സസ് പ്രാരണ തന്ത്രമാക്കിയത്. എന്നാല്‍ അതിന് യാതൊരു ഫലവും ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ജാതിക്ക് പുറത്തായിരുന്നു ബിജെപിയുടെ വികസന ജനസേവന പ്രവര്‍ത്തനങ്ങളുടെ അംഗീകാരം.
പഴയ പെന്‍ഷന്‍ പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന വാഗ്ദാനത്തിന്റെ പിന്‍ബലത്തില്‍ ഹിമാചല്‍ പ്രദേശില്‍ വിജയിച്ച കോണ്‍ഗ്രസ്, കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ഥിരം വാഗ്ദാനങ്ങള്‍ നല്‍കിയാണ് ജയിച്ചത്. എന്നാല്‍ ഇത് മറ്റു സംസ്ഥാനങ്ങളില്‍ വിലപോയില്ല എന്നതിന് ഉദാഹരണമാണ് ദയനീയമായ ഈ തോല്‍വി. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കും വടക്കേ ഇന്ത്യയില്‍ സ്വധീനം ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നുവേണം അനുമാനിക്കാന്‍. മികച്ച പദ്ധതികളും പ്രകടനങ്ങളും കാഴ്ചവച്ചാല്‍ മാത്രമെ ഇനി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജനമനസുകളില്‍ വിശ്വാസം നേടാനാകു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: