ഇന്ന്, ഡിസംബര്‍ 3, ലോക ഭിന്നശേഷി ദിനമായിആചരിക്കുന്നു. ഭിന്നശേഷിക്കാര്‍ 21 തരമെന്ന് 2016ലെ പിഡബ്ല്യുഡി ആക്ട് നിഷ്കര്‍ഷിക്കുന്നു. കാഴ്ച പരിമിതര്‍, ശ്രവണ-സംസാര പരിമിതര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, ശാരീരിക വെല്ലുവിളികള്നേരിടുന്നവര്, ബുദ്ധിപരമായി പിന്നാക്കാവസ്ഥയിലുള്ളവര്‍, പഠനത്തില്‍ പിന്നാക്കാവസ്ഥയിലുള്ളവര്‍…
ഇവരിലെ ശേഷികളെ തിരിച്ചറിഞ്ഞ് ശാക്തീകരിക്കുന്നതിന് ഇടയാകട്ടെ ലോക ഭിന്നശേഷിദിനാചരണം. കായികവും കലാപരവും ബുദ്ധിപരവും കരവിരുത് തെളിയിക്കുന്നതുമായ നിരവധി ശേഷികള്‍ ഇവര്‍ക്കുണ്ട്. ഇത്തരം ശേഷികളെ കണ്ടെത്തി പരിപോഷിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനുള്ള തീവ്ര പരിശീലനം ഇവര്‍ക്ക് ഉറപ്പാക്കാം. ശ്രവണ സംസാരപരിമിതര് നല്ല കായിക ശേഷിയുള്ളവരാണ്. ഇവരെ മികച്ച പരിശീലനത്തിലൂടെ മികച്ച കായികതാരങ്ങളാക്കി മാറ്റാം. കാഴ്ച പരിമിതര്‍ മികച്ചകലാകാരന്മാരാണ്. ഇവരുടെ ജന്മസിദ്ധ കലാവാസനയെ പരിപോഷിപ്പിച്ച് കലാകാരന്മാരും കലാകാരികളുമാക്കി തീര്‍ക്കാം. മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ ചിത്രരചനയിലും കലയിലും കരവിരുത് തെളിയിക്കുന്ന പ്രവര്‍ത്തനങ്ങളിലും ശേഷിയുള്ളവരാണ്. ഇവരെ ലോകം അറിയുന്ന ചിത്രകാരന്മാരും കലാകാരന്മാരുമാക്കിത്തീര്ക്കാം. അങ്ങനെ സമൂഹത്തില്‍ സാധാരണ ജീവിതം നയിക്കാനും ഇവര്‍ക്കാകും. ഇവരുടെ ബുദ്ധിപരമായ കഴിവുകള്‍ ഉപയോഗപ്പെടുത്തി ഭിന്ന ശേഷിക്കാരെ ഉയര്‍ന്ന തൊഴില്‍ മേഖലകളില്‍ എത്തിക്കാന്‍ ആകും. ഇങ്ങനെ ഭിന്നശേഷിക്കാരിലെ ഓരോ വിഭാഗക്കാരുടെയും ശേഷിയും അഭിരുചിയും അറിഞ്ഞു മികച്ച പരിശീലനത്തിലൂടെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കഴിയും. ഭിന്നശേഷിക്കാരായ നിരവധി വ്യക്തികള്‍ സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. ഹെലന് കെല്ലര്‍ ഉത്തമ ഉദാഹരണമാണ്. ഇതിന് ആവശ്യം ദൃഢനിശ്ചയവും കഠിനാധ്വാനവുമാണ്. അഭിമാന നേട്ടങ്ങള്‍ ഉറപ്പാക്കുന്നതോടൊപ്പം ജീവിത വിജയം നേടാനും ഇവര്ക്കുകഴിയണം. പഠന കാലഘട്ടത്തില്‍ നേടുന്ന പരിശീലനങ്ങള്‍ ശാക്തീകരിച്ച് തൊഴില്‍ ചെയ്യാനും ജീവിക്കാനുള്ള വരുമാനം കണ്ടെത്താനും ഇവര്‍ക്ക് കഴിയണം. കായികവും കലാപരവും കരവിരുത് തെളിയിക്കുന്ന പ്രവര്‍ത്തനങ്ങളും ജീവിത വിജയത്തിന് ഉതകുന്നതാകണം. ഒപ്പം വൈജ്ഞാനികവും ബുദ്ധിപരവുമായ ശേഷികളും പ്രയോജനപ്പെടുത്തണം. ഏതെങ്കിലും തരത്തിലുള്ളള അംഗപരിമിതികള്‍ ഇവരുടെ കഴിവുകളുടെ വികാസത്തിന് തടസ്സമാകുന്നില്ല.
ഭിന്നശേഷിക്കാരിലെ പരിമിതികളെ തിരിച്ചറിഞ്ഞ് ശേഷികള്‍ക്ക് പരമാവധിപ്രോത്സാഹനം നല്കി സാധാരണ വ്യക്തിത്വത്തിന്റെ ഉടമകളാക്കി മാറ്റാന്‍ എല്ലാവരും സന്നദ്ധരാകണം. മാത്രവുമല്ല,സമൂഹത്തില്‍ സാധാരണ ജീവിതം നയിക്കാന്‍ കരുത്താര്‍ജിക്കാന്‍ ഇടയാവണം. പരിമിതികള്‍ക്കിടയിലും പ്രവര്‍ത്തനനിരതമായ ജീവിതം നയിക്കാന്‍ ഇവര്‍ക്കാകണം. സാധാരണ കുട്ടികള്‍ക്ക് ലഭ്യമാകുന്ന വിദ്യാഭ്യാസവും പരിശീലനങ്ങളും ലഭ്യമാക്കാന്‍ അവസരങ്ങള്‍ ഉണ്ടാകണം. പ്രാപ്തിക്കനുസരിച്ച് പരിശീലനം നേടാനും സ്വയം പര്യാപ്തമായ ജീവിതം നയിക്കാനും കഴിയണം. വിദ്യാഭ്യാസത്തിലൂടെ നേടിയ പരിശീലനങ്ങള്‍ പ്രായോഗിക ജീവിതത്തിന് ഉപയുക്തമാകണം. അത്തരത്തിലുള്ള പ്രായോഗിക പരിശീലനങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് ലഭ്യമാകണം. അവര്‍ക്ക് അര്‍ഹമായ വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കണം. സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ ഇവര്‍ക്ക് നാല് ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് സ്വാഗതാര്‍ഹമാണ്. കാലാനുസൃതമായി ശ്രവണ പരിമിതര്‍ക്കായി പുതിയ പഠന തൊഴില്‍ മേഖലകള്‍ തുറക്കപ്പെടണം. തൊഴില്‍ പരിശീലനത്തിലും ഉന്നതവിദ്യാഭ്യാസ മേഖലയിലും ഇവര്‍ക്കായി കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് മതിയായ പരിശീലനവും ഇവരുടെ സംരക്ഷണത്തിന് ആവശ്യമായ സാമ്പത്തിക സഹായവും ഉറപ്പാക്കണം. ഭിന്നശേഷിക്കാരായ കുട്ടികളുള്ള വീടുകളിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി ഉറപ്പാക്കണം. തൊഴില്‍ സമയബന്ധിതമായി ലഭ്യമാവുകയും വേണം. ഇതിനനുസൃതമായ മാറ്റങ്ങള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസവും പുനരധിവാസവും കൂടുതല്‍ ഫലവത്തായി തീരണം. നേടിയ പരിശീലനത്തിന് അനുസൃതമായ തൊഴില്ലഭ്യമാകണം.
വിദ്യാഭ്യാസവും തൊഴിലും സര്‍ക്കാരുകളുടെ മാത്രം കടമയായി കാണരുത്. സര്‍ക്കാരേതര മേഖലകളിലും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കണം. സാമൂഹിക പ്രതിബദ്ധതയോടെ ഇവരെ കരുതാനും പ്രോത്സാഹനം നല്‍കാനും സാധ്യതകള്‍ തുറക്കാനും സഹതാപമല്ല വേണ്ടത്, അവസരങ്ങളാണ്. ഇത്തരം ഒരു മനോഭാവം എല്ലാവരിലും രൂപപ്പെട്ടാല്‍ പരിമിതികളെ മറികടന്ന് ജീവിതവിജയം നേടാന്‍ ഇവര്‍ക്കാകും.
(തിരുവല്ല സിഎസ്ഐ ബധിര വിദ്യാലയത്തിലെ അധ്യാപകനാണ് റോയി വര്‍ഗീസ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: