വിശ്വവ്യാപിയെ ഒരു സ്ഥലത്തുമാത്രം ക്ഷേത്രത്തിലോ വിഗ്രഹത്തിലോ മാത്രം കല്പിച്ചാല് അതു പരബ്രഹ്മത്തെ സംബന്ധിച്ചിടത്തോളം പരിധി നിശ്ചയിക്കുകയാവും. ആ ദൃഷ്ടിയില് ശരിയല്ല. എന്നാല്‍ അതു സത്യമല്ലാതെ വരുന്നില്ല. ശങ്കരാചാര്യര്‍ തന്റെ അസാധാരണ മഹിമാശാലിയായ ബ്രഹ്മസൂത്രഭാഷ്യത്തില് ഒരു ദൃഷ്ടാന്തംകൊണ്ട് ഇക്കാര്യം വിശദമാക്കുന്നു: ‘യഥാ സമസ്ത വസുധാധിപതിരപി സന് അയോദ്ധ്യാധിപതിരിതിവ്യപദിശ്യതേ (ബ്ര.ശാം.ഭാ.127) (സമസ്ത വസുധയുടെയും അധിപതിയായിരിക്കെ തന്നെ അദ്ദേഹത്തെ അയോദ്ധ്യാധിപതിയെന്നു മാത്രമായും പറയുന്നുണ്ടല്ലോ) അതേപോലെയാണ് ഈശ്വരന് അമ്പലത്തില്‍ വസിക്കുന്നതായി പറയുന്നത്. അങ്ങനെ ഈശ്വരനെ പരിസീമിതനായി കണ്ടുകൊണ്ടും ഭക്തിസാധന ചെയ്യുന്നതു പോലും മനസ്സിനെ ജ്ഞാനാനുഭൂതിക്കും തദ്വാരാമോക്ഷത്തിനും യോഗ്യമാക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ ആദ്യമായി ഭാരത ത്തിലെ ദാര്ശിനിക വിചാരധാരയില്‍ ഭക്തിക്കുസ്ഥാനം നല്കി യഥോചിതമായി വ്യവസ്ഥാപനം ചെയ്തത് ശ്രീശങ്കരാചാര്യരാണെന്ന് കാണാന്‍ കഴിയുന്നതാണ്. തന്നെയല്ല, അദ്ദേഹം ഭാവോജ്ജ്വലങ്ങളും നിരതിശയരമണീയങ്ങളുമായനിരവധി സ്തോത്രങ്ങള്രചിച്ച് ഭക്തി സാധനയേയും ഭക്തിഭാവനയേയും പരിപുേ്ടമാക്കിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹം രചിച്ച സ്തോത്രങ്ങളെല്ലാം സംസ്കൃതഭാഷയിലായിരുന്നു. അതുനിമിത്തം വടക്കേ ഇന്ന്ത്യയിലെ സാധാരണ ജനങ്ങളില്‍ അവയ്ക്ക് വേണ്ടത്ര പ്രചാരം ലഭിക്കാതെ പോയി.
അദൈ്വതസിദ്ധാന്തത്തെ ഖണ്ഡനപരമായി വിക സിപ്പിച്ച വിശിഷ്ടാദൈ്വതം, ദൈ്വതം ദൈ്വതാദൈ്വതം, ശുദ്ധാദൈ്വതം തുടങ്ങിയ വിവിധ ദാര്‍ശിക സമ്പ്രദായങ്ങളില്‍ മുഖ്യമായ ചില പദ്ധതികളെക്കുറിച്ചും അവയുടെ ഉപജ്ഞാതാക്കളായ ആചാര്യന്മാരെക്കുറിച്ചും ചുരുക്കി വിവരിക്കുന്നു:
രാമാനുജനും വിശിഷ്ടാദൈ്വതവും
ആഴ്വാരന്മാരുടെ അനന്യമായ വൈഷ്ണവഭക്തിയുടേയും അവരുടെ തമിഴ്ഭാഷയിലുള്ള ഗീതങ്ങളുടെയും ആദ്യത്തെ പ്രചാരകന് നാഥമുനിയായിരുന്നു. അദ്ദേഹം ശ്രീരംഗത്തിലെ പ്രഥമ ആചാര്യനായിരുന്നു. അദ്ദേഹമാണ് നാലായിരം ദിവ്യപ്രബന്ധങ്ങള്‍ സമാഹരിച്ച് അവയ്ക്ക് തമിഴ് വേദത്തിന്റെ സ്ഥാനം നല്‍കിയത്. നാഥമുനിയുടെ പൗത്രനായ ആഴ്വന്താറും (യാമുനാചാര്യരും) അദ്ദേഹ ത്തിനുശേഷം തല്‍പുത്രനായ രാമാനുജാചാര്യരും ശ്രീരംഗത്തിലെ ആചാര്യപീഠത്തില് വിരാജിച്ചിരുന്നവരാണ്. രാമാനുജാചാര്യര്‍ വൈഷ്ണവ സമ്പ്രദായം എന്ന പേരിലുള്ള വൈഷ്ണവ പരമ്പര സ്ഥാപിക്കുകയും ഭക്തിക്ക് പരമമായ പ്രാധാന്യം നല്‍കുന്നതിനായി വിശിഷ്ടാദൈ്വതദര്ശനം പ്രതിപാദിക്കുകയും ചെയ്തു.
അദ്ദേഹം ശങ്കരാചാര്യരെപ്പോലെ പ്രസ്ഥാനത്രയിയിലുള്ള എല്ലാ ഗ്രന്ഥങ്ങള്‍ക്കും ഭാഷ്യഗ്രന്ഥങ്ങള്‍ രചിക്കുകയും അവയുടെ വെളിച്ചത്തില്‍ അദൈ്വത മതത്തില്‍ നിന്നും വ്യത്യസ്തമായ വിശിഷ്ടാദൈ്വതം പ്രചരിപ്പിക്കുകയും ചെയ്തു. ഈ മതത്തിന്റെ ദൃഷ്ടിയില് ജീവനും ജഗത്തും അന്തര്യാമിയായ ഈശ്വരനും ബ്രഹ്മത്തിന്റെ മൂന്നു പ്രകാരഭേദങ്ങളാണ്. ബ്രഹ്മം അദ്വയമാണ്, എന്നാല്‍ ഈ മൂന്നു പ്രകാരങ്ങളെക്കൊണ്ട് വിശിഷ്ടവുമാണ്. തന്നിമിത്തം ബ്രഹ്മത്തിന്റെ സ്ഥിതി വിശിഷ്ടാദൈ്വതമായി പറയപ്പെടുന്നു.
വിശിഷ്ടാദൈ്വതത്തിന്റെ കാഴ്ചപ്പാടില്‍ ബ്രഹ്മം സഗുണമാണ്. ഈ സഗുണബ്രഹ്മം അഞ്ചുരൂപങ്ങളില്‍ പ്രകടമായിരിക്കുന്നു.
അവയ്ക്ക് പരബ്രഹ്മം, വ്യൂഹം, വിഭവം, അര്‍ച്ച, അന്തര്യാമി ഇങ്ങനെ പേര് പറഞ്ഞുവരുന്നു. പരബ്രഹ്മത്തെ നാരായണനെന്നു പറയുന്നു. അദ്ദേഹം വൈകുണ്ഠത്തില്‍ അനന്തശയനനായി വിരാജിക്കുന്നു. വ്യൂഹത്തെ അഥവാ വ്യൂഹാവതാരത്തെ വാസുദേവന്‍ സങ്കര്‍ഷണന്‍, പ്രദ്യുമ്നന്, അനിരുദ്ധന് എന്നീ നാലു പേരുകളില്‍ അറിയുന്നു. വിഭവം എന്നു പറയുന്നത് മത്സ്യാദി അവതാരങ്ങളെത്തന്നെയാണ്. ക്ഷേത്രങ്ങളില്‍ വിഗ്രഹ രൂപത്തില്‍ പ്രതിഷ്ഠിക്കപ്പെടുന്നത് അര്ച്ചാവതാരമായി പറയപ്പെടുന്നു. ഓരോ പ്രാണിയുടെയും അന്തഃകരണത്തില്‍ നിയാമകശക്തിയായി സ്ഥിതിചെയ്യുന്ന ഈശ്വര ചൈതന്യത്തിനാണ് അന്തര്യാമി എന്നു പറയുന്നത്. ഭഗവാന് തന്റെ ഭക്തവാത്സല്യം മൂലം ഈ അഞ്ചുരൂപങ്ങളിലും പ്രകടമായിരിക്കുന്നു. ജീവന് ബ്രഹ്മത്തിന്റെ തന്നെ അംശമാണെങ്കിലും അതിന് മുക്തി ലഭിക്കുന്നതിന് ഈശ്വരന്റെ കൃപതന്നെ വേണം. അതു സാധിക്കുന്നതിന് സമര്‍പ്പണാത്മകമായ ഭഗവദ് ഭക്തി അഥവാ പ്രപത്തിയെ തന്നെ ആശ്രയിക്കേണ്ടിയിരിക്കുന്നു. മോക്ഷമെന്ന് പറയുന്നത് നിരന്തരമായ അഥവാ ശാശ്വതമായ ഈശ്വരസാക്ഷാത്കാരത്തിനാണ്.
പ്രായോഗികമായ ദൃഷ്ടിയില് വിശിഷ്ടാദൈ്വതത്തിലെ ഭക്തി തത്ത്വത്തിന്റെ അടിസ്ഥാനം ‘പ്രബന്ധ’ മാണെന്നാണ് പറയപ്പെടുന്നതെങ്കിലും ശ്രീവൈഷ്ണവ സമ്പ്രദായത്തിന്റെ പാരമ്പര്യഗ്രന്ഥങ്ങളില് ഭക്തി ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത് പാഞ്ചരാത്ര ധര്‍മ്മ സംഹിതകളെ അവലംബിച്ചാണ്. അതുകൊണ്ടുതന്നെ രാമനെക്കുറിച്ചും ഗോപാലകൃഷ്ണനെക്കുറിച്ചും അവിടെ പരാമര്‍ശിച്ചു കാണുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: