തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും നിത്യച്ചെലവുകള്‍ക്കും പണമില്ലാത്തതിനാല്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറിയെടുക്കാന്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയാണ് നിയന്ത്രണം.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാസത്തിന്റെ ആദ്യത്തെ പ്രവൃത്തി ദിവസങ്ങളില്‍ മൂന്നു ദിവസങ്ങളിലായാണ് ശമ്പളം നല്‍കുന്നത്. 5.20 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരും 5.30 ലക്ഷം പെന്‍ഷന്‍കാരുമാണ് സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ളത്. 6700 കോടിയോളം രൂപ വേണം ഒരു മാസം ശമ്പളവും പെന്‍ഷനും നല്കാന്. ആദ്യ പ്രവൃത്തി ദിവസം സെക്രട്ടേറിയറ്റിലെയും കോടതിയിലെയും ജീവനക്കാര്‍ക്കും രണ്ടാം ദിവസം ആരോഗ്യവിഭാഗത്തിലെയും പോലീസിലെയും മൂന്നാം ദിവസം അധ്യാപക വിഭാഗത്തിനും മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍ക്കും ശമ്പളം നല്‍കണം. മൂന്നാം ദിവസത്തില്‍ കോളജ് ജീവനക്കാര്‍ക്കും അധ്യാപക വിഭാഗത്തിനും നല്കാന് വലിയൊരു തുക വേണം. ഇതിനെല്ലാം ശേഷമാണ് പെന്ഷന് നല്‍കുന്നത്.
കേന്ദ്ര സര്‍ക്കാരിന് യഥാസമയം കണക്കുകള്‍ നല്കാത്തതിനാല് കോളജ് അധ്യാപകരുടെ ശമ്പളം നല്‍കുന്നില്ല. അതിനാല്‍ ശമ്പളത്തിനായി ഖജനാവില്‍ നിന്നും പണം നല്‍കണം. നവകേരളസദസ് നടക്കുന്നതിനാല്‍ ശമ്പളം നല്‍കിയില്ലെങ്കില്‍ പ്രതിഷേധത്തിനിടയാക്കും. റിസര്‍വ് ബാങ്കില്‍ നിന്നും ലഭിക്കുന്ന ഓവര്‍ ഡ്രാഫ്റ്റ് നിത്യച്ചെലവുകള്ക്കേയുള്ളൂ.
ഒക്ടോബര്‍ 15 വരെയുള്ള ബില്ലുകളെല്ലാം പരിധിയില്ലാതെ മാറി നല്‍കാനാണ് ട്രഷറിക്ക് നിര്‍ദേശം. ഒരു ലക്ഷം വരെയുള്ള തുക അപ്പപ്പോള്‍ നല്‍കും. അതിനു മുകളിലേക്കുള്ള ബില്ലുകളെങ്കില്‍ ഇലക്ട്രോണിക് ടോക്കണ്‍ സംവിധാനത്തിലൂടെ നല്‍കും. ഈ തുക നല്‍കുന്നതിനും ധനവകുപ്പിന്റെ അനുമതി വേണം. ഒക്ടോബര്‍ 15 വരെയുള്ള ബില്ലുകളെല്ലാം പരിധിയില്ലാതെ മാറി നല്കാന് ആറു മാസത്തിനു മുമ്പ് അനുമതി നല്‍കിയിരുന്നു. കരാറുകാര്‍ക്കാണ് കൂടുതല്‍ നല്‍കേണ്ടത്. എന്നാല്‍ അനുമതി നല്കിയതല്ലാതെ പണം നല്‍കുന്നില്ല. 16,000 കോടി രൂപയാണ് കരാറുകാര്‍ക്ക് നല്‍കാനുള്ളത് കുടിശ്ശിക നല്കാത്തതിനാല് കരാറു പണികളെല്ലാം നിലച്ചിട്ടുണ്ട്.
ക്രിസ്മസിന് ശമ്പളം അഡ്വാന്‍സായി നല്‍കേണ്ടി വരും. മൂന്ന് മാസത്തെ ക്ഷേമ പെന്‍ഷനും നല്‍കണം. സ്കൂള്‍ ഉച്ചഭക്ഷണം, സിവില്‍ സപ്ലൈസ് എന്നിവയ്ക്കും അടിയന്തരമായി തുക അനുവദിക്കണം. ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയാലും സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനാകില്ല. കേന്ദ്രത്തില്‍ നിന്നും അര്‍ധ വാര്‍ഷിക കണക്കിലുള്ള തുക ഇതിനകം വാങ്ങിക്കഴിഞ്ഞു. ഇനി ജനുവരി, ഫെബ്രുവരിയിലേ പണം ലഭിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: