കേരളത്തില്‍ ബിസി ഒന്നാം നൂറ്റാണ്ടു മുതല്‍ തന്നെ പാശ്ചാത്യ രാജ്യങ്ങളുമായി നേരിട്ടു കപ്പല്‍ വഴി വ്യാപാരം നടന്നിരുന്നു. റോമാ സാമ്രാജ്യവുമായും ചൈനയുമായും ഉണ്ടായിരുന്ന വ്യാപാരത്തിന്റെ ഫലമായി നേടിയിരുന്ന സാമ്പത്തിക അഭിവൃദ്ധി കേരളത്തിന്റെ മുഖച്ഛായ മാറ്റിയിരുന്നു എന്നും കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ പറയുന്നു (പേജ് 191). പതിമൂന്നാം ശതകത്തിലെ വിദേശ സഞ്ചാരിയായിരുന്ന മാര്‍ക്കോ പോളോ ഏഷ്യയും ചൈനയിലെ പല രാജ്യങ്ങളും സുഗന്ധ ദ്രവ്യങ്ങള്‍ക്കും കുരുമുളകിനു വേണ്ടിയും കേരളവുമായി വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നതായി കാണാം. (കേരള ചരിത്രം പേജ് 82,83).
ചൈനക്കാര്‍ ഒരു ദിവസം 10,449 പൗണ്ട് കുരുമുളക് വാങ്ങുമായിരുന്നു എന്നു കേരള ചരിത്രത്തില്‍ പറയുന്നു (പേജ് 83). റോമാ സാമ്രാജ്യവും കേരളത്തിന്റെ സമ്പല്‍സമൃദ്ധിയെപ്പറ്റി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അല്‍മസ് ഊദ്ദി എന്ന സഞ്ചാരി പറയുന്നത് ശുചിത്വവും നീതിയും പാലിക്കുന്ന കാര്യത്തില്‍ കേരളീയര്‍ അതീവ നിഷ്‌കര്‍ഷ പാലിച്ചിരുന്നു എന്നാണ്. കൊള്ളയും ചതിയും കുറവായിരുന്നു. വിദേശികളോട് സ്‌നേഹ പുര്‍വ്വം പെരുമാറുന്നതിലും വീദേശികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിലും കേരളീയര്‍ മുന്‍പന്തിയിലായിരുന്നു. ഇതാണു ചരിത്രകാരനായ വേലായുധന്‍ പണിക്കശ്ശേരി കേരള ചരിത്രത്തില്‍ രേഖപ്പെടുത്തുന്നത് (പേജ് 60). കള്ളവും ചതിയുമില്ലാത്ത നാടാണു കൊല്ലമെന്ന് സ്‌പൈനില്‍ നിന്നു വന്ന റബി ബഞ്ചമിന്‍ പറയുന്നു (പേജ് 65 കേരള ചരിത്രം). എഡി 345ല്‍ വന്ന കാനായ് തോമാസും, നാലും അഞ്ചും നൂറ്റാണ്ടുകളില്‍ കേരളം പ്രബല ശക്തിയായിരുന്നു എന്നു സമ്മതിക്കുന്നുണ്ട്. അതുകൊണ്ടാണ് കാനായ് തോമാസിനോടൊപ്പം വന്ന 372 കുടുംബങ്ങളെയും കൊടുങ്ങല്ലൂരില്‍ കുടിയിരുത്തപ്പെട്ടതെന്നൂം കേരള സാംസ്‌കാരിക ചരിത്രത്തില്‍ കാണാം (പേജ്203).
ഒരു ഇന്ത്യക്കാരനും നുണപറയുന്നത് കേട്ടിട്ടില്ല. രേഖകളുടെ വ്യാഖ്യാനങ്ങള്‍നുസരിച്ച് ഈ നിഗമനം ചൂണ്ടിക്കാണിക്കാതിരുന്നുകൂട എന്നാണ് ചരിത്രകാരനായ ഡി.ഡി. കൊസാംബി പ്രാചീന ഭാരതത്തിന്റെ സംസ്‌കാരവും നാഗരികതയും: ചരിത്രപരമായ രൂപരേഖയില്‍ പറയുന്നത് (പേജ് 29). 1409ല്‍ മാഹ്വാനും 1440ല്‍ നിക്കോള കോണ്ടിയും കുരുമുളകിന്റെയും സുഗന്ധ ദ്രവ്യങ്ങളുടെയും വാണിജ്യ കേന്ദ്രമായി കൊച്ചി വികാസം പ്രാപിച്ചിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
മുന്‍ വിവരിച്ച ചരിത്ര രേഖകളിലൂടെ കണ്ണോടിച്ചാല്‍ കേരളം ക്രിസ്തുവിനു മുന്‍പും പിമ്പും, ബ്രിട്ടീഷുകാര്‍ കേരളത്തില്‍ ഭരണം വെട്ടിപിടിക്കുന്നതുവരേയും സമ്പന്നമായിരുന്ന ഒരു രാജ്യമായിരുന്നു കേരളം എന്നു പറയുന്നതില്‍ തെറ്റൊന്നുമില്ല. കള്ളവും ചതിയുമില്ലാത്ത നാടായിരുന്നു അന്നു കേരളമെന്ന്, പത്താംനൂറ്റാണ്ടിലെ സഞ്ചാരിയും അറബി ലേഖകനും ആയ അല്‍മസ് ഊദിയും, പന്ത്രണ്ടാം നൂറ്റാണ്ടിലെ യൂറോപ്യന്‍ സഞ്ചാരി റബ്ബി ബഞ്ചമിനും പ്രസിദ്ധ ചരിത്രകാരനായ ഡി.ഡി. കൊസാംബിയും സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ കേരള ചരിത്രവും (എ. ശ്രീധരമേനോന്‍) കേരള സാംസ്‌കാരിക ചരിത്രവും (പി.കെ. ഗോപലകൃഷ്ണന്‍) കേരള ചരിത്രവും (വേലായുധന്‍ പണിക്കശ്ശേരി) ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു.
ഇതാകട്ടെ മേല്‍ ഉദ്ധരിച്ച ഓണപ്പാട്ടിലെ രണ്ടു കാര്യങ്ങള്‍ക്കുള്ള (കള്ളവും ചതിയും) സാക്ഷ്യപത്രങ്ങളാണ്. അതിനര്‍ത്ഥം അന്നു നൂറു ശതമനവും അത്തരക്കാരാണെന്നല്ല. എന്നാല്‍ പൊതു സ്വഭാവം അതാണു എന്നു നമുക്ക് ഊഹിക്കുന്നതില്‍ തെറ്റുമില്ല. അതുപോലെ പഴയ കേരളം സമ്പല്‍ സമൃദ്ധമായിരുന്നു എന്ന കാര്യത്തിലും ഒമ്പതാം നൂറ്റാണ്ടില്‍ വന്ന പേര്‍ഷ്യന്‍ സഞ്ചാരിയായ സുലൈമാനും പ്രസിദ്ധ ലോക സഞ്ചാരിയായ മൊറോക്കയിലെ ഇബനു ബത്തൂത്തയും പതിനഞ്ച്- പതിനാറാം നൂറ്റാണ്ടില്‍ വന്ന വാസ്‌കോഡിഗാമയും, പതിനഞ്ചാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി മാഹ്വാനും പതിനഞ്ചാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ കേരളത്തില്‍ വന്ന ഇറ്റാലിയന്‍ സഞ്ചാരി നിക്കോളോയും കേരളത്തിന്റെ അന്നത്തെ സമ്പല്‍ സമൃദ്ധികണ്ട് അത്ഭുതപ്പെട്ടു നിന്നവരാണു്. ഇതും ഓണപ്പാട്ടില്‍ പാരാമര്‍ശിക്കപ്പെട്ട കേരളത്തിന്റെ സാമ്പത്തിക ഉന്നതിയെ ബലപ്പെടുത്താന്‍ പര്യാപ്തമാണ്. ഏതാനം ചില സഞ്ചാരികളുടെ കുറിപ്പുകളും ചില ചരിത്രരേഖകളും മാത്രമെ സ്ഥല പരിമിതി മൂലം ഇവിടെ പരാമര്‍ശിക്കുന്നുള്ളു. ഈ ചരിത്ര സത്യങ്ങളെ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചാണ് ഏതാനും ബുദ്ധിജീവികളെന്നു സ്വയം അവകാശപ്പെറ്റുന്നവര്‍ കേരളത്തിന്റെ പൂര്‍വ്വ കാലഘട്ടത്തെ ഇകഴ്‌ത്തികൊണ്ടിരിക്കുന്നത്. ഇത് അംഗീകരിച്ചുകൊടുക്കാന്‍ സാധ്യമല്ല. ചരിത്രത്തെ അവഗണിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: