മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന നവകേരള സദസും അതിന്റെ ആഡംബര യാത്രയും ഒരു കാരണവശാലും നിര്‍ത്തരുതെന്നും കഴിയുന്നത്ര തുടരണമെന്നുമാണ് രാഷ്ടീയം പഠിക്കുന്ന ഒരു മാധ്യമ പ്രവര്ത്തകന് എന്ന നിലയിലുള്ള അഭ്യര്‍ത്ഥന. കേരളം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും ധൂര്‍ത്തനും ജനദ്രോഹിയും ജനവികാരം അറിയാത്ത സ്റ്റാലിനിസ്റ്റ് മനോഭാവം പുലര്‍ത്തുന്ന ഏകാധിപതിയുമാണ് പിണറായി വിജയന്. തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി പറഞ്ഞിരുന്ന കരുതലും തലോടലും ഒന്നും കാണാനില്ല! പകരമോ ശുദ്ധമായ രാഷ്ട്രീയ വൈരത്തിന്റെയും താന്‍ പോരിമയുടെയും ധാര്‍ഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതീകമായി മാറിയ ഒരു ഏകാധിപതിയുടെ ജല്പനങ്ങളാണ് അരങ്ങേറുന്നത്. ഇക്കാര്യത്തില്‍ മാത്രം അദ്ദേഹം മികച്ച സോഷ്യലിസ്റ്റാണ്. സ്വന്തം പാര്‍ട്ടിക്കാരി ആണെങ്കിലും പിആര്‍ സംവിധാനത്തിലൂടെ തനിക്കു മുകളില്‍ എത്തിയ, അല്ലെങ്കില്‍ തന്നെക്കാള്‍ നാട്ടുകാര്‍ക്ക് പ്രിയങ്കരിയാണെന്ന് തോന്നിയ കെ.കെ.ശൈലജ ടീച്ചറിനെ പോലും മുള്‍മുനയില്‍ നിര്‍ത്തി അപമാനിക്കുകയും തരംതാഴ്ത്തുകയും ചെയ്ത ആണധികാരത്തിന്റെ പേര് പിണറായി എന്നാണ്.
സ്ഥലം എംഎല്‍എ കൂടിയായ കെ.കെ.ശൈലജ ആയിരുന്നു മട്ടന്നൂരിലെ പരിപാടിയുടെ അധ്യക്ഷ. അധ്യക്ഷ പ്രസംഗം കഴിഞ്ഞ് മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ അദ്ദേഹം നടത്തിയ പരാമര്‍ശം ഇങ്ങനെയായിരുന്നു, ‘നിങ്ങളെ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന അധ്യക്ഷയ്ക്ക് നിങ്ങളെ കണ്ടപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കണം എന്ന് തോന്നി സമയം കുറച്ചു കൂടുതലായി’. കെ.കെ ശൈലജയെ അപമാനിക്കുന്ന ഈ പരാമര്‍ശം പാര്‍ട്ടിയിലെ ഗ്രൂപ്പ് വൈരത്തിന്റെ പേരിലാണെന്ന് വ്യക്തം. മുഖ്യമന്ത്രി പിണറായി വിജയന് പകരം മുഖ്യമന്ത്രിസ്ഥാനത്തേക്ക് തന്നെ ഉയര്‍ത്തിക്കാട്ടിയ ശൈലജയെ അപമാനിക്കാന്‍ തുടങ്ങിയത് രണ്ടാമത്തെ മന്ത്രിസഭയുടെ കാലം മുതലാണ്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് എതിരെ കെ.കെ.ശൈലജ പരസ്യമായി തന്നെ മാധ്യമങ്ങളില്‍ എത്തി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ തെറ്റിദ്ധാരണ കൊണ്ടാണെന്നും താന്‍ 15 മിനിറ്റില്‍ കൂടുതല്‍ സംസാരിച്ചിട്ടില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു എന്നു മാത്രമല്ല സ്ഥലം എംഎല്‍എ എന്ന നിലയില്‍ നാടിന്റെ ആവശ്യങ്ങള്‍ മുന്നോട്ടു വെക്കേണ്ടതുണ്ടായിരുന്നു എന്നും അവര്‍ തുറന്നടിച്ചതോടെ വെട്ടിലായത് മുഖ്യമന്ത്രിയാണ്.
കാസര്‍കോട് ജില്ലയില്‍ നവകേരള സദസ്സ് ആരംഭിച്ചതുതന്നെ മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും രാജാധികാരത്തിന്റെ തലപ്പാവ് ചാര്‍ത്തിയാണ്. കിരീടം പോലെയുള്ള ആ തലപ്പാവ് ചാര്‍ത്തി അധികാരത്തിന്റെയും ഏകാധിപത്യത്തിന്റെയും പ്രതീകമാണ് താനെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ പിണറായിക്ക് അല്പം പോലും വൈഷമ്യം തോന്നിയില്ല. കോടികള്‍ മുടക്കിയ വാഹനത്തില്‍ ആര്‍ഭാടവും ആഡംബരവും ഇല്ലാത്ത യാത്രയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ചെലവ് കുറയ്ക്കാനാണ് ആഡംബര ബസ് വാങ്ങിയതെന്നാണ് മന്ത്രി ആന്റണി രാജു മാധ്യമപ്രവര്‍ത്തകരോട് ആണയിട്ടു പറഞ്ഞത്. ചെലവ് ചുരുക്കത്തിന്റെ ചിത്രം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു. വാഹനങ്ങളുടെ ഘോഷയാത്രയുമായാണ് മുഖ്യമന്ത്രിയുടെയും മന്ത്രിപരിവാരങ്ങളുടെയും യാത്ര.
കണ്ണൂരിലെ പഴയങ്ങാടിയില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കോടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐക്കാര്‍ പൂച്ചട്ടികള്‍ കൊണ്ടും ഹെല്‍മറ്റ് കൊണ്ടും മര്‍ദ്ദിക്കുന്ന ദൃശ്യം വാര്‍ത്താചാനലുകളില്‍ ലൈവ് ആയി തന്നെ കാട്ടിയിരുന്നു. ഈ സംഭവത്തോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ശരിക്കും അദ്ദേഹത്തിന്റെ സമനില തെറ്റിയോ എന്ന സംശയത്തിനാണ് വഴിതുറന്നത്. ഡിവൈഎഫ്ഐക്കാര്‍ പോലീസിന്റെ പണി ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തെരുവു ഗുണ്ടകളെപോലെ തല്ലിയത് ജീവന് രക്ഷാപ്രവര്‍ത്തനം ആയിരുന്നു എന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ചെടിച്ചട്ടിയും ഹെല്‍മറ്റും കൊണ്ട് തലക്കടിക്കുന്നതാണോ ജീവന് രക്ഷാപ്രവര്‍ത്തനം എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും മറുപടി നല്‍കാതെ പത്രസമ്മേളനം അവസാനിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.
ആഭ്യന്തര വകുപ്പിന്റെചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ വാക്കുകള്‍ പക്ഷേ പോലീസ് സേന മുഖവിലക്കെടുത്തില്ല. ഡിവൈഎഫ്ഐയുടെ ജീവന് രക്ഷാപ്രവര്‍ത്തനം കൊലപാതകശ്രമവും ഏറ്റുമുട്ടലും ആയാണ് അവര്‍ക്കുതോന്നിയത്. 14 ഡിവൈഎഫ്ഐക്കാരുടെ പേരില്‍ കേസെടുക്കുകയും നാലു പേരെ അറസ്റ്റ് ചെയ്യുകയുംചെയ്തു. കരിങ്കൊടി കാണിച്ചവരെ ചെടിച്ചട്ടിയും ഹെല്‍മറ്റും കൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസ് എഫ്ഐആറില്‍ പറഞ്ഞത്. താന്‍ കൂടി പങ്കെടുക്കുന്ന ഒരു പരിപാടിയില്‍ പ്രതിഷേധം ഉയര്‍ത്തിയ പ്രതിപക്ഷ സംഘടനാ പ്രവര്‍ത്തകരെ അതിക്രൂരമായി മര്‍ദ്ദിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന് വ്യാഖ്യാനിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ മനോനില ശരിക്കും പരിശോധിക്കേണ്ടതുതന്നെയല്ലേ?
അടിയന്തരാവസ്ഥയിലെ ഏകാധിപതിയുടെ ചിത്രം പ്രജാപതിയിലൂടെ ഒ.വി.വിജയന് വരച്ചുകാട്ടിയിരുന്നു. ഇന്ന് കേരളം ഏതാണ്ട് അതേ സാഹചര്യമാണ് കണ്ടുകൊണ്ടിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിമാര്‍ മാത്രമല്ല, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്മാരും ഇത്തരം ജനകീയ പരിപാടികള്‍ കേരളത്തില്‍ നടത്തിയിട്ടുണ്ട്. പാലക്കാട് കളക്ടര്‍ ആയിരിക്കെ ജിജി തോംസനും കൊല്ലം കളക്ടര്‍ ആയിരിക്കെ അഹമ്മദ് നഗര്‍ പരിഷ്കാരം കൊണ്ടുവന്ന ഗോപാല്‍ കൃഷ്ണപിള്ളയും ഫയലില്‍ നിന്ന് വയലിലേക്ക് കൊണ്ടുവന്ന സി.വി ആനന്ദബോസും ഒക്കെ തന്നെ ഇത്തരം പരിപാടികളാണ് നടത്തിയത്. മുഖ്യമന്ത്രിയായിരിക്കെ എ.കെ.ആന്റണിയും പിന്നീട് ഉമ്മന്‍ചാണ്ടിയും ജനസമ്പര്‍ക്ക പരിപാടികള്‍ നടത്തിയിരുന്നു. ഇന്ന് ഒരു മന്ത്രിയെയും കാണാന്‍ ജനങ്ങള്‍ക്ക് കഴിയുന്നില്ല. ജനങ്ങള്‍ അവരുടെ പ്രശ്നങ്ങളുമായി വന്നു ഉദ്യോഗസ്ഥരോട് പരാതി പറയുന്നത് കണ്ടിരിക്കുക മാത്രമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്യുന്നത്. വാങ്ങുന്ന പരാതികള്‍ കെട്ടിവെക്കുക അല്ലാതെ ഒരു പരാതിയിലും നടപടിയില്ല.
ഇത്രയും മന്ത്രിമാരെ ഒപ്പം കൂട്ടി ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുമ്പോള്‍ അതത് വകുപ്പുകളിലെ പരാതി അതത് സ്ഥലങ്ങളില്‍ വകുപ്പ് മന്ത്രിമാര്‍ കേള്‍ക്കുകയും പരിഹരിക്കുകയും ചെയ്യുകയും പ്രധാന പൊതു വിഷയങ്ങള്‍ അല്ലെങ്കില്‍ ഉന്നത പരിഗണന വേണ്ടവ മുഖ്യമന്ത്രിയുടെ മുമ്പാകെ നേരിട്ട് എത്തിക്കുകയും ചെയ്യുന്ന രീതിയില്‍ ഈ പരിപാടി വിഭാവന ചെയ്തിരുന്നെങ്കില്‍ എത്രയോ പാവങ്ങള്‍ക്ക് ആശ്വാസം ആകുമായിരുന്നു. മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണ പരിപാടിയില്പൗരപ്രമുഖന്മാരുടെ പട്ടികയില്‍ വന്ന ആളുകളെ കൂടി ഒന്ന് പരിശോധിക്കേണ്ടതാണ്. പാര്‍ട്ടിയുടെ അടിത്തറയായിരുന്ന സാധാരണക്കാരില്‍ സാധാരണക്കാരോ ഇടത്തരക്കാരോ ഒന്നും തന്നെ അവിടേക്ക് എത്തിപ്പെടുന്നില്ല. പാലോറ മാതയും കണ്ടനും ചിരുതയും ഒന്നും പ്രമാണിമാരല്ല. സിംഗപ്പൂരില്‍ നടന്ന ഐഎല്‍ഓ സമ്മേളനത്തില്‍ കൈലിമുണ്ടുടുത്ത് പങ്കെടുത്ത ആര്. സുഗതനെ ഇപ്പോഴത്തെ സിപിഎമ്മിന് അറിയുമോ? കേ ന്ദ്രത്തെയും കേരളത്തിലെ പ്രതിപക്ഷത്തെയും കുറ്റം പറയാനുള്ള രാഷ്ട്രീയ പ്രസംഗം മാത്രമാണ് മുഖ്യമന്ത്രി നടത്തുന്നത്. സാധാരണ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ കക്ഷികള്‍ നടത്തുന്ന പദയാത്രയ്ക്ക് പകരം ഒരു കോടീശ്വര യാത്രയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവ കേരള സദസ്സ് എന്ന പേരില്‍ അരങ്ങേറുന്നത്. നവംബര്‍ 23ലെ പത്രങ്ങളില്‍ നവ കേരള യാത്രയെക്കുറിച്ച് വന്ന നാലുവളം വാര്‍ത്ത മുഖ്യമന്ത്രിയുടെയും സിപിഎമ്മുകാരുടെയും മനസ്സില്‍ തെല്ലും നോവുണ്ടാക്കിയില്ലെങ്കിലും വായനക്കാരുടെ നെഞ്ച് തകര്‍ക്കുന്നതായിരുന്നു. ലോവര്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികളെ നട്ടുച്ച വെയിലത്ത് മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ നിരത്തി നിര്‍ത്തിയതിനെ കുറിച്ചാണ് ഈ വാര്‍ത്ത.
മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലും ഒരു കൊച്ചു കുട്ടിയുണ്ട്. ആ കുഞ്ഞിന് പാല് കൊടുക്കാന്‍ വേണ്ടിയാണ് ശീതീകരിച്ച അരക്കോടി രൂപയുടെ തൊഴുത്തു പണിയിച്ചത്. വളര്‍ത്തുനായകളെ നോക്കാന്‍ മൃഗസംരക്ഷണ വകുപ്പിന്റെ ഔദ്യോഗിക സംവിധാനവും ഉണ്ട്. മുഖ്യമന്ത്രിയുടെ വിദേശയാത്രകളില്‍ ഒക്കെ സ്ഥിരം ഒപ്പമുണ്ടാകാറുള്ള മകള്‍ വീണാ റിയാസിന്റെ മകന് ഇഷാനെ ഈ തരത്തില്‍ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാനുള്ള കുട്ടികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുമോ? ഇല്ല! കാരണം ആ കുഞ്ഞ് അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിദ്യാലയത്തിലാണ് പഠിക്കുന്നത്. സാധാരണക്കാരില്‍ സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ത്ഥികളെ മാത്രമാണ് ഇവിടെ അണിനിരത്തുന്നത് എന്ന കാര്യം കൂടി മനസ്സിലാകുമ്പോഴാണ് കേരളത്തിലെ സാധാരണ ജനങ്ങള്‍ എത്രമാത്രം പറ്റിക്കപ്പെടുന്ന പമ്പര വിഡ്ഢികളാണെന്നകാര്യം ബോധ്യപ്പെടുക.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളരെ സാധാരണക്കാരായ പ്രവര്‍ത്തകര്‍ പോലും പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. അവര്‍ക്ക് നേരം വെളുക്കുകയാണ്. ബംഗാളിലെയും ത്രിപുരയിലെയും പോലെ ഈ നേതാക്കളെ തെരുവില്‍ നേരിടുന്ന സാധാരണ സഖാക്കള്‍ കേരളത്തിലുമുണ്ടാകുന്ന കാലം വിദൂരത്തല്ല. അതുകൊണ്ട് ഇപ്പോള്‍ മുഖ്യമന്ത്രി നടത്തുന്ന ഈ ധൂര്ത്തുയാത്രയും വെറുപ്പിക്കലും തുടരുക തന്നെ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: