നാല്‍പ്പത് വര്‍ഷം മുന്‍പു നടന്ന ഒരു ദാരുണ സംഭവം ഓര്‍മയില്‍ വരുന്നു. തണുത്തു മരവിച്ച ഒരു പാതിരാത്രിയില്‍ ഫാക്ടറിയില്‍ നിന്ന് പുറത്തുചാടിയ വിഷവാതകം പതിനായിരങ്ങളെ ശ്വാസംമുട്ടിച്ചു കൊന്ന സംഭവം. യൂണിയന് കാര്‍ബൈഡ് എന്ന ബഹുരാഷ്ട്ര കുത്തകയുടെ കണ്ണില്‍ചോരയില്ലാത്ത കഴിവുകേടിന് ഭോപ്പാല്‍ നഗരത്തിലെ പത്ത് ലക്ഷത്തോളം സാധുക്കളാണ് അന്ന് ഇരയായത്. വഴിവക്കിലും പീടികത്തിണ്ണയിലും ഉറങ്ങിയവര്‍ മാത്രമല്ല, അടച്ചുറപ്പുള്ള വീടുകളില്‍ കഴിഞ്ഞ വരെയും ആ വിഷവാതകം വെറുതെവിട്ടില്ല. പാവങ്ങള്‍ക്കൊപ്പം പതിനായിരക്കണക്കിന് വളര്‍ത്തുമൃഗങ്ങളും പിടഞ്ഞുമരിച്ചു.
1984 ഡിസംബര്‍ മൂന്നാംതീയതി പാതിരാത്രിയില്‍ നടന്ന കൂട്ടക്കൊലയ്ക്ക് ഡിസംബര്‍ രണ്ടിന് 40 വര്‍ഷം തികയുകയാണ്. ഭോപ്പാല്‍ വാതക ദുരന്തമെന്ന് ചരിത്രത്തില്‍ അറിയുന്ന ആ ദുരന്തത്തിന് മറ്റൊരുപ്രത്യേകത കൂടിയുണ്ട്-കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്തെ നടുക്കിയ ഏറ്റവും വലിയ വ്യാവസായിക അപകടം എന്ന പദവി. രാജ്യാന്തര തൊഴില്‍ സംഘടന (ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്ഗനൈസേഷന്) തൊഴില്‍രംഗത്ത് കൈക്കൊള്ളേണ്ട ആരോഗ്യസുരക്ഷാ നടപടികള്‍ സംബന്ധിച്ച് 2019 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലായിരുന്നു ഈ പരാമര്‍ശം.
1986 ഏപ്രില്‍ മാസം യുക്രൈനിലെ ചെര്‍ണോബില്‍ ആണവനിലയത്തിലുണ്ടായ സ്ഫോടനവും, ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തില്‍ സുനാമിയെ തുടര്‍ന്നുണ്ടായ ആണവസ്ഫോടനവുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.
1984 ഡിസംബര്‍ രണ്ട് അര്‍ദ്ധരാത്രിയിലാണ് ഭോപ്പാല്‍ ദുരന്തത്തിന്റെ ആരംഭം. അഥവാ രാസവിഷച്ചോര്ച്ച യൂണിയന് കാര്‍ബൈഡ് ഇന്ത്യാ ലിമിറ്റഡ് കമ്പനിയുടെ ഭോപ്പാലിലെ കീടനാശിനി കമ്പനിയിലായിരുന്നു അപകടം സംഭവിച്ചത്. അവിടെ സൂക്ഷിച്ചിരുന്ന കീടനാശിനി നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുവായ മീതൈല്‍ ഐസോ സയാനേറ്റ്, ടാങ്കില്‍നിന്ന് പുറത്തുചാടിയാണ് മരണതാണ്ഡവം നടത്തിയത്.
അറുപത് ടണ്‍ വീതം സംഭരണശേഷിയുള്ള മൂന്ന് സംഭരണികളിലായിരുന്നു രാസവിഷ വാതകം സൂക്ഷിച്ചിരുന്നത്. ഉത്തരവാദിത്വക്കുറവും നോട്ടപ്പിശകും മൂലം ടാങ്കിലെ മര്‍ദ്ദം പൊടുന്നനേ ഉയര്‍ന്നു. അതിന്റെ സുരക്ഷാ വാല്‍വ് തകര്‍ന്നു. കൂറ്റന്‍ ടവറിലെ പുകക്കുഴലിലൂടെയാണ് ആരോരുമറിയാതെ മീതൈല്‍ ഐസോ സയനേറ്റ് അന്തരീക്ഷത്തിലേക്ക് കടന്നത്. ഉറങ്ങിക്കിടന്നവരെ വിഷം തൊട്ടുണര്‍ത്തി. ശ്വാസംമുട്ടിയും ചുമച്ചും കണ്ണുകള്‍ ചുട്ടുപൊള്ളിയും അവര്‍ ശ്വാസത്തിനുവേണ്ടി പരക്കംപാഞ്ഞു. എങ്ങോട്ടെന്നില്ലാതെ ഓടി. ആ ഓട്ടത്തിനിടയില്‍ വഴിയിലും വീട്ടുമുറ്റത്തും റെയില്‍ പ്ലാറ്റ്ഫോമിലുമൊക്കെ അവര്‍ പിടഞ്ഞുവീണു. വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം അവരുടെയും ചേതനയറ്റ ശരീരങ്ങള്‍ നഗരത്തിലെങ്ങും ചിതറിക്കിടന്നു.
മരിക്കാത്തവര്‍ എണ്ണിയാലൊടുങ്ങാത്ത വേദനകളുമായി ഉഴറി. കാഴ്ച മങ്ങിയവര്‍, വായിലൂടെ നുരയും പതയും ചാടിയവര്‍, തലവേദനയും തലചുറ്റലും കൊണ്ട് വിഷമിച്ചവര്‍… അങ്ങനെ പതിനായിരങ്ങള്‍. തൊണ്ടവേദനയും ഛര്‍ദിയും വയറിളക്കവും ശ്വാസംമുട്ടലുമായിരുന്നു മറ്റ് ചിലരെ ബാധിച്ചത്. ചിലര്‍ പക്ഷാഘാതം ബാധിച്ച് താഴെ വീണു. ചിലര്‍ ബോധരഹിതരായി നിലംപതിച്ചു. അല്‍പ്പമെങ്കിലും ചലനശേഷി ഉണ്ടായിരുന്നവര്‍ അലമുറയിട്ട് തൊട്ടടുത്ത ആശുപത്രിയിലേക്ക് പാഞ്ഞു. എന്നാല്‍ ഡോക്ടര്‍മാര്‍ നിസ്സഹായരായിരുന്നു. രോഗമെന്താണെന്നും ചികിത്സയെന്താണെന്നും ആദ്യമവര്‍ക്ക് അറിയാനായില്ല. ചികിത്സയ്ക്കോ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കോ സഹായകരമായി ഒന്നുംതന്നെ ചെയ്യാന്‍ ഫാക്ടറി അധികൃതര്‍ കൂട്ടാക്കിയില്ല. മുഖ്യമന്ത്രിയടക്കമുള്ള ഭരണാധികാരികള്‍ സ്ഥലംകാലിയാക്കിയെന്നും ആരോപണമുണ്ട്.
മണിക്കൂറുകള്‍ക്കകം ഭോപ്പാല്‍ ഒരു ചുടലപ്പറമ്പായി മാറി. സര്‍ക്കാര്‍ കണക്കില്‍ 3750 മരണം. എന്നാല്‍ ഒരൊറ്റദിവസം തന്നെ പതിനായിരം പേരെങ്കിലും മരിച്ചുവെന്നും രോഗപീഡകളാല്‍ അടുത്തദിവസങ്ങളില്‍ 17000 പേര്‍കൂടി കൊല്ലപ്പെട്ടുവെന്നുമാണ് അനൗദ്യോഗിക കണക്കുകള്‍. ആകെ മരണം ഏതാണ്ട് 25000…. ഒരുലക്ഷത്തിലേറെ ആളുകള്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് അടിപ്പെട്ടു. ലോകചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തം അഥവാ രാസവിഷദുരന്തം.
കമ്പനിയുടെ നിരുത്തരവാദിത്വപരമായ ചെയ്തികളായിരുന്നു അപകടത്തിന്റെ കാരണമെന്ന് തെളിഞ്ഞത് പിന്നീടുള്ള അന്വേഷണത്തില്‍. വിഷവാതക ടാങ്കുകളെ തണുപ്പിക്കുന്നതിനുള്ള ശീതീകരണ സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ല. ഡയനേറ്റ് സൂക്ഷിക്കുന്ന ഒരു ടാങ്ക് കാലിയാക്കി ഇടണമെന്നാണ് വ്യവസ്ഥ. എന്നാല്‍ അപകടം നടന്ന ദിവസം മൂന്ന് ടാങ്കുകളിലും നിറയെ വിഷവാതകം ഉണ്ടായിരുന്നു. ഏതെങ്കിലും ടാങ്കില്‍ മര്‍ദ്ദം കൂടിയാല്‍ കാലിയായ ടാങ്കിലേക്ക് കുറെ വാതകം മാറ്റണമെന്ന നിബന്ധന ലംഘക്കപ്പെട്ടു. ശാസ്ത്രീയമായ ഓപ്പറേഷന് മാനുവല്‍ അനുസരിച്ചായിരുന്നില്ല കമ്പനിയുടെ പ്രവര്‍ത്തനം. മീതൈല്‍ ഐസോ ഡയനേറ്റ് പുറത്തുചാടാനിടവന്നാല് നിര്‍വീര്യമാക്കാന്‍ സോഡിയം ഹൈഡ്രോക്സൈഡ് ലായനി പ്രയോഗിക്കണം. എന്നാല്‍ യൂണിയന് കാര്‍ബൈഡില്‍ അതിന് സൗകര്യമൊരുക്കിയിരുന്നില്ല. ജലത്തിന്റെ സാന്നിദ്ധ്യം മീതൈല്‍ ഐസോ ഡയനേറ്റിന്റെ കാഠിന്യം കുറയ്ക്കും. എന്നാല്‍ അപകടമുണ്ടായാല്‍ ഉടന്‍ പ്രവര്‍ത്തിക്കേണ്ട ജലവേലി (വാട്ടര്‍ കര്ട്ടന്)പ്രവര്‍ത്തനക്ഷമമായിരുന്നില്ല. കേവലം നനഞ്ഞ തുണികൊണ്ട് മുഖംമൂടിയിരുന്നെങ്കില്ത്തന്നെ നിരവധി ജീവനുകള്‍ രക്ഷിക്കാമായിരുന്നു എന്ന് വിദഗ്ധര്‍ പില്ക്കാലത്ത് അഭിപ്രായപ്പെട്ടു. പക്ഷേ കമ്പനിയില്‍ ഉപയോഗിക്കുന്ന വിഷക്കൂട്ടുകളെക്കുറിച്ചോ, അപകടം വന്നാല്‍ സ്വീകരിക്കേണ്ട പ്രതിവിധികളെക്കുറിച്ചോ കമ്പനി അധികൃതര്‍ പരിസരവാസികളെ അറിയിച്ചിരുന്നില്ല.
1985ല്‍ ഭാരത സര്‍ക്കാര്‍ പാസ്സാക്കിയ ‘ഭോപ്പാല്‍ ഗ്യാസ് ലീക്ക് ഡിസാസ്റ്റര്‍ ആക്ട്’ പ്രകാരം ദുരന്തത്തിലെ ഇരകളെ സര്‍ക്കാര്‍ തന്നെയാണ് കോടതിയില്‍ പ്രതിനിധീകരിച്ചത്. എന്നാല്‍ അജ്ഞാതമായ കാരണങ്ങളാല്‍ കേസ് ഒത്തുതീരുകയാണുണ്ടായത്. കമ്പനി അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം മാത്രം ഏറ്റെടുത്തു. ഇരകള്‍ക്ക് കേവലം 470 ദശലക്ഷം ഡോളര്‍ മാത്രം നഷ്ടപരിഹാരം നല്കി. കമ്പനിയിലെ ഉന്നതന്മാര് കേസുകളില്‍നിന്ന് ഒഴിവായി. ദുരന്തത്തിന്റെ മുഖ്യ ഉത്തരവാദിയായ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വാറന്‍ അന്റേഴ്സണ് പ്രത്യേക വിമാനത്തില്‍ രാജ്യത്തുനിന്ന് കടന്നുകളഞ്ഞു. സംസ്ഥാനവും രാജ്യവും ഭരിച്ചിരുന്ന പ്രമുഖരുടെ ഒത്താശയോടെയായിരുന്നുവത്രേ വാറന്റെ ഒളിച്ചോട്ടം.
അമേരിക്കയില്‍ ആസ്ബസ്റ്റോസ് മലിനീകരണത്തിനിരയായവര്ക്ക് യൂണിയന് കാര്‍ബൈഡും കൂട്ടരും ചേര്‍ന്ന് നൂറ് ലക്ഷം കോടിയോളം നഷ്ടപരിഹാരം നല്‍കിയപ്പോഴാണ് പിടഞ്ഞുമരിച്ച കാല്‍ലക്ഷം ഭാരതീയര്‍ക്കായി 470 ദശലക്ഷം ഡോളര്‍ അവര്‍ എറിഞ്ഞുകൊടുത്തത്. വിഷമൃത്യു വരിച്ച ഓരോരുത്തരുടെയും അവകാശികള്‍ക്ക് വെറും ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ് നഷ്ടപരിഹാരം. ലഭിച്ചത്. രാസവിഷ ദുരന്തത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളായി മാറിയവര്‍ക്ക് കരുതല്‍ നല്‍കാനും ആരുമുണ്ടായില്ല. ക്രോമസോം തകരാറുകള്‍, ജനിതക രോഗങ്ങള്‍, പ്രത്യുല്‍പ്പാദന വ്യവസ്ഥയിലെ വീഴ്ചകള്‍, ശ്വാസകോശ കാന്‍സര്‍, തലച്ചോര്‍ പ്രശ്നങ്ങള്‍ എന്നിങ്ങനെ നിരവധി രോഗങ്ങള്‍ അവരെ വേട്ടയാടി.
ഭോപ്പാല്‍ ദുരന്തം ലോകത്തിന് ഒരു ഓര്മക്കുറിപ്പാണ്. ഒരു നിമിഷം ശ്രദ്ധതിരിഞ്ഞാല്‍ പാലു നല്കിയവനെയും ദംശിക്കുന്ന പാമ്പാണ് രാസവിഷങ്ങള്‍ എന്ന ഓര്‍മപ്പെടുത്തല്‍. രാസവിഷങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം കുറയ്ക്കാത്ത പക്ഷം മനുഷ്യനെ കാത്തിരിക്കുന്ന ആപത്തിന്റെ മുന്നറിയിപ്പ്. ആകാശത്തെയും ഭൂമിയെയും വായുവിനെയും ജലത്തെയും മാത്രമല്ല മനുഷ്യനെയും അവ ഹിംസിക്കുമെന്ന മുന്നറിയിപ്പ്. ലോക മനസ്സാക്ഷിയെ നടുക്കിയ രാസദുരന്തത്തിന്റെ 40-ാം വാര്‍ഷികം അതാണ് നമ്മെ ഓര്‍മിപ്പിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: