കൊച്ചി : കുസാറ്റ് ടെക്‌ഫെസ്റ്റിലെ ഗാനമേളയ്‌ക്കെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ടു മരിച്ച മൂന്നു വിദ്യാര്‍ഥികളുടെ മൃതദേഹം ക്യാംപസില്‍ പൊതുദര്‍ശനത്തിനുവെച്ചു. പ്രിയകൂട്ടുകാര്‍ക്ക് കണ്ണീരോടെയാണ് സഹപാഠികള്‍ യാത്രാമൊഴി ചൊല്ലിയത്.പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷമാണ് മൃതദേഹം ക്യാംപസിലേക്ക് കൊണ്ടുവന്നത്. സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയില്‍ കെ.എം.തമ്പിയുടെ മകന്‍ അതുല്‍ തമ്പി (21), പറവൂര്‍ കുറുമ്പത്തുരുത്ത് കോണത്ത് വീട്ടില്‍ കെ.ജി.റോയിയുടെ മകള്‍ ആന്‍ റിഫ്ത റോയി (21), കോഴിക്കോട് താമരശേരി കോരങ്ങാട് തുവ്വക്കുന്നില്‍ താമസിക്കുന്ന വയലപ്പള്ളില്‍ തോമസ് സ്‌കറിയയുടെ മകള്‍ സാറ തോമസ് (20) എന്നിവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുവെച്ചത്.
അപകടത്തില്‍ മരിച്ച പാലക്കാട് മുണ്ടൂര്‍ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പില്‍ ജോസഫിന്റെ മകന്‍ ആല്‍ബിന്‍ ജോസഫ് (23) എന്നിവരാണു മരിച്ചത്. ആല്‍ബിന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. തിക്കിലും തിരക്കിലുംപെട്ട് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ തിക്കിലും തിരക്കിലുംപെട്ട് വിദ്യാര്‍ത്ഥികളുടെ ആന്തരിക അവയവങ്ങള്‍ക്ക് വരെ പരിക്കേറ്റിരുന്നു. എന്നാല്‍ പരിപാടി നടക്കുന്നതായി വാക്കാല്‍ അറിയിച്ചിരുന്നു. സംരക്ഷണം വേണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നില്ലെന്ന് ഡിസിപി അറിയിച്ചു. അതുകൊണ്ടുതന്നെ അപകട സമയത്ത് ക്യാമ്പസ്സില്‍ പരിപാടി നടക്കുമ്പോള്‍ വളരെ കുറച്ച് പോലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
അതേസമയം സംഭവത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ വൈസ് ചാന്‍സലറോടും (വിസി) ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയോടും റിപ്പോര്‍ട്ട് തേടി. മൂന്നംഗ പ്രത്യേക സമിതിയെ അന്വേഷിക്കുന്നതിനും മാര്‍ഗ നിര്‍ദ്ദേശം നല്‍കാനായും നിയോഗിച്ചു. സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് സബ് കമ്മറ്റിയുടെ അന്വേഷണം വൈസ് ചാന്‍സലര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പരിപാടി തുടങ്ങിയെന്ന് തെറ്റിദ്ധരിച്ച് വിദ്യാര്‍ത്ഥികള്‍ അകത്തേയ്‌ക്ക് തള്ളിക്കയറിയത് അപകടത്തിന് കാരണമായി. പരിപാടി തുടങ്ങാനും ഗേറ്റ് തുറക്കാന്‍ വൈകിയതും അപകടത്തിന് കാരണമായെന്ന് വി.സി. പ്രതികരിച്ചു.
പരുക്കേറ്റ് ചികിത്സയിലുള്ള വിദ്യാര്‍ഥികളുടെ ചികിത്സാ ചെലവ് സര്‍വകലാശാല വഹിക്കും. അസ്വഭാവിക മരണത്തിനു പോലീസും കേസെടുത്തിട്ടുണ്ട്. അപകടത്തില്‍ 66 പേര്‍ക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റ 4 പേരുടെ നില ഗുരുതരമാണ്. ഗുരുതരനിലയിലുള്ളവരില്‍ 2 പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും കായംകുളം സ്വദേശി ഗീതാഞ്ജലി, മലപ്പുറം സ്വദേശി ശ്വേത എന്നിവര്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലുമാണ്. 46 പേരെ കളമശേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലും 16 പേരെ പത്തടിപ്പാലം കിന്‍ഡര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുക്കേറ്റവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
ശനിയാഴ്ച വെെകിട്ട് ആറേമുക്കാലിനാണു നാടിനെ നടുക്കിയ ദുരന്തം. ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ ഗാനസന്ധ്യയ്‌ക്ക് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ കയറാനെത്തിയവരാണു തിക്കിലും തിരക്കിലുംപെട്ടത്. ഏഴു മണിക്കാണു ഗാനമേള തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. ഇതിനായി സംഘാടകസമിതി നല്‍കിയ കറുത്ത ടീഷര്‍ട്ടിട്ട കുറച്ചുപേരെ ഓഡിറ്റോറിയത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ധാരാളം വിദ്യാര്‍ഥികള്‍ ഇതേസമയം പുറത്തു തടിച്ചുകൂടി. ഇതിനിടെ മഴപെയ്തതോടെ വിദ്യാര്‍ഥികളുടെ തള്ളലില്‍ ഗേറ്റ് തുറന്നപ്പോള്‍ പലരും വീണു. ഗേറ്റു തുറക്കുന്നതു താഴേക്കു കുത്തനെയുള്ള പടികളിലേക്കായതിനാല്‍ തിക്കിലും തിരക്കിലും കൂടുതല്‍ പേര്‍ വീണു. വീണവരെ ചവിട്ടി പിന്നിലുള്ളവരും വീണതോടെ സ്ഥിതി ഗുരുതരമായി. തലയടിച്ചാണു പലരും വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: