സാന്ദ്രനന്ദാവബോധാത്മകമനുപമിതം
കാലദേശാവധിഭ്യാം
നിര്‍മുക്തം നിത്യമുക്തം നിഗമശതസഹ-
സ്രേണ നിര്‍ഭാസ്യമാനം
അസ്പഷ്ടം ദൃഷ്ടമാത്രേ
പുനരുരുപുരുഷാര്‍ത്ഥാത്മകം ബ്രഹ്മതത്ത്വം
തത്താവദ് ഭാതി സാക്ഷാത് ഗുരുപവനപുരേ
ഹന്ത! ഭാഗ്യം ജനാനാം
(നിറഞ്ഞ ആനന്ദവും അറിവുമാകുന്ന രൂപത്തോടു കൂടിയതും അതുല്യവും കാലത്തിന്റെയോ ദേശത്തിന്റെയോ അതിരില്ലാത്തതും മായാബന്ധരഹിതവും നൂറുകണക്കിന് വേദവാക്യങ്ങള്‍ കൊണ്ട് സ്പഷ്ടമാക്കിയിട്ടും അസ്പഷ്ടത നീങ്ങാത്തതും എന്നാല്‍ ഒറ്റക്കാഴ്ചയില്‍ തന്നെ മഹാപുരുഷാര്‍ഥമെന്ന് അനുഭവപ്പെടുന്നതുമായ ആ ബ്രഹ്മതത്ത്വം ഇതാ, ഗുരുവായൂരില്‍ പ്രത്യക്ഷമായി ശോഭിക്കുന്നു. അഹോ! ജനങ്ങളുടെ ഭാഗ്യം തന്നെ! -നാരായണീയം പ്രാരംഭം)
‘നാരായണീയം’ എന്ന വിഖ്യാത സംസ്‌കൃത ഭക്തികാവ്യത്തിന്റെ കര്‍ത്താവാണ് മേല്പുത്തൂര്‍ നാരായണ ഭട്ടതിരി. 1560 നും 1646 നും മധ്യേയാണ് ജീവിതകാലം. മലപ്പുറം ജില്ലയിലെ മേല്പുത്തൂര്‍ ഇല്ലത്ത് ജനനം. തിരുനാവായ ക്ഷേത്രത്തില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയാണ് ‘ഉപരിനവഗ്രാമം’ അഥവാ മേല്പുത്തൂര്‍ ഇല്ലം (കുറുമ്പത്തൂര്‍ ദേശം). അച്ഛന്‍ മാതൃദത്തന്‍ ഭട്ടതിരി, അമ്മ തൃശൂര്‍ പയ്യൂരില്ലത്തെ അന്തര്‍ജനം. അച്ഛനില്‍ നിന്നും മാധവാചാര്യര്‍, ദാമോദരന്‍, തൃക്കണ്ടിയൂര്‍ അച്യുത പിഷാരോടി എന്നിവരുടെ കീഴിലുമായിരുന്നു വിദ്യാഭ്യാസം. കാവ്യനാടകാദികള്‍, പൂര്‍വമീമാംസ, തര്‍ക്കം, വ്യാകരണം, ജ്യോതിഷം, വൈദ്യം, അലങ്കാര ശാസ്ത്രം എന്നിവയില്‍ പ്രാഗല്ഭ്യം നേടി. മുഖ്യ ഗുരുനാഥനായ അച്യുത പിഷാരോടിയുടെ മരുമകളായിരുന്നു ധര്‍മപത്‌നി.
വാതരോഗം ബാധിച്ച് തീര്‍ത്തും അവശനായ നാരായണ ഭട്ടതിരി മുഖ്യഗുരുവിന്റെ അനുഗ്രഹത്തോടെ അനുജന്‍ മാതൃദത്തനോടൊപ്പം ഗുരുവായൂരില്‍ ചെന്ന് ഭജനമാരംഭിച്ചു. കൊ.വ. 762 ചിങ്ങം 19 നും അതേ വര്‍ഷം വൃശ്ചികം 28 നും ഇടയിലായിരുന്നു കാവ്യ നിര്‍മാണം. ഇരുപത്തിയേഴു വയസ്സുള്ളപ്പോള്‍, നൂറു ദിവസം കൊണ്ട നൂറു ദശകങ്ങളിലായി ആയിരത്തിമുപ്പത്തിനാല് ശ്ലോകങ്ങള്‍ ശ്രീഗുരുവായൂരപ്പന് ഭക്തിപൂര്‍വം തിരുമുല്‍ക്കാഴ്ച വച്ചു.
പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് വിഷ്ണുസൂക്തങ്ങള്‍ ചൊല്ലിക്കൊണ്ട് നമസ്‌ക്കരിക്കല്‍, ക്ഷേത്ര പ്രദക്ഷിണം ഇവയ്‌ക്കു ശേഷം ഗുരുവായൂരപ്പന് അഭിമുഖമായിരുന്നുകൊണ്ടായിരുന്നു സ്‌തോത്ര രചന. ഉച്ചയ്‌ക്ക് നിവേദ്യച്ചോറു കഴിക്കും. വീണ്ടും നാമജപവും പ്രദക്ഷിണവും. അത്താഴപൂജ കഴിഞ്ഞാല്‍ വിശ്രമം, ഉറക്കം. ശുശ്രൂഷിക്കാന്‍ കൂടെ മാതൃദത്തന്‍. ക്രമേണ, വര്‍ധിച്ച വാതരോഗത്തിന് ശമനമുണ്ടാകുന്നു. ഗുരുവായൂരമ്പലത്തില്‍ നാരായണീയമെഴുതിയിരുന്ന മണ്ഡപസ്ഥാനം കാണാം. അനുജന്‍ ശ്ലോകങ്ങള്‍ പകര്‍ത്തി.
ഈ കാവ്യത്തിന്റെ ആദ്യ മുദ്രണം 1851 ലും വ്യാഖ്യാനം 1879 ലുമായിരുന്നു. തുഞ്ചത്ത് ഗുരുപാദരും ഭക്തമഹാകവി പൂന്താനവും ഭട്ടതിരിയുടെ സമകാലികരായിരുന്നു. വാതരോഗപരിഹാരാര്‍ഥം, ‘മീന്‍ തൊട്ടു കൂട്ടാന്‍’ (ദശാവതാര കഥകള്‍) ഭട്ടതിരിയെ ഉപദേശിച്ചത് തുഞ്ചത്ത് എഴുത്തച്ഛനായിരുന്നു.
മിതത്വവും ഏകാഗ്രതയുമാകുന്നു ഭാഗവത സാരസംഗ്രഹമായ ഈ വിശിഷ്ട കാവ്യത്തിന്റെ മുഖമുദ്രകള്‍. ഭാവോചിതമായ ശൈലി. ഭക്തിയും ശോകവും മറ്റു ഭാവങ്ങളും സംഗ്രഹണശേഷിയുമാണ് മറ്റു പ്രത്യേകതകള്‍. സ്യമന്തകം, കുചേലവൃത്തം, അജാമിളചരിതം, ഗജേന്ദ്രമോക്ഷം, രാസക്രീഡ, ധ്രുവചരിതം, രാമായണകഥ, മഹാഭാരതകഥ, ഭഗവദ്ഗീതി, വിഷ്ണുമഹത്ത്വം എന്നിവ നാരായണീയത്തെ ഉത്കൃഷ്ട കൃതിയായി ഉയര്‍ത്തുന്നു.
കാവ്യങ്ങളും പ്രശസ്തികളും സ്‌തോത്രങ്ങളും ചമ്പുക്കളും മുക്തകങ്ങളും വ്യാകരണവും പൂര്‍വമീമാംസയും ശാസ്ത്രകാവ്യവും ധാതുകാവ്യവും മാനമേയോദയവും സിദ്ധാന്തകൗമുദിയും ഉപലബ്ധികളായുണ്ട്. മലയാളകൃതികളൊന്നും കണ്ടെത്തിയിട്ടില്ല. ‘പ്രക്രിയാസര്‍വസ്വം’, എന്ന വ്യാകരണ ഗ്രന്ഥം പ്രഥിതമത്രേ. നാരായണ ഭട്ടതിരിയുടെ പുരസ്‌കര്‍തൃത്ത്വത്തിനുള്ള ഭാഗ്യം കൈവന്നത് അമ്പലപ്പുഴ രാജാവായ പൂരാടം തിരുനാള്‍ ദേവനാരായണനാണ്. ഉപരി സൂചിപ്പിച്ച വ്യാകരണ കൃതി ആ രാജാവിന്റെ നിര്‍ദേശാനുസാരം രചിച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: