ഒരിക്കല്‍ ഭഗവാന് അരുളി, ”എല്ലാം പുതുക്കി പണിയണം. നമ്മുടെ പൈതൃകത്തെ വീണ്ടെടുക്കാന്‍ സഹായിക്കണം.” സനാതന ധര്‍മ്മത്തിലാണ് പ്രശാന്തി സ്ഥിതി ചെയ്യുന്നത്. സനാതനധര്‍മ്മ പുനഃസ്ഥാപനത്തിലൂടെ ലോകമംഗളം ഉണ്ടാകും. വേദോദ്ധാരകനായ, സര്വ്വധര്മ്മസ്വരൂപിയായ ഭഗവാന് ശ്രീസത്യസായിബാബയുടെ 98-ാം ജന്മദിനമാണ് ഇന്ന് ലോകമെമ്പാടുമുള്ള ഭക്തന്മാര് ആഘോഷിക്കുന്നത്.
1926 നവംബര്‍ 23 ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ പുട്ടപര്‍ത്തി ഗ്രാമത്തില്‍ സത്യനാരായണരാജു ജനിച്ചു. അച്ഛന് പെദ്ദ വെങ്കപ്പരാജു, അമ്മ ഈശ്വരാംബ. സത്യനെ ഗര്‍ഭിണിയായിരിക്കുമ്പോഴേ ആ പാവപ്പെട്ട കുടുംബം ഗ്രാമത്തിന്റെ ശ്രദ്ധാകേന്ദ്രമായി. നിരവധി അത്ഭുതങ്ങള്‍ അവിടെ അരങ്ങേറി. സത്യന്റെ ജനനം മുതലേ അത്ഭുതലീലകളുടെ ഒഴുക്കായിരുന്നു. എല്ലാ മഹാപുരുഷന്മാരുടേയും ജീവിതത്തില്‍ ഒഴിവാക്കിയിട്ടില്ലാത്ത കൊടിയ പീഡനങ്ങളുടെ ഒരു കാലം ആ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ഏറ്റവും ദുഷ്കരമായ, നിസ്സഹായമായ പ്രതികൂല സാഹചര്യങ്ങള്‍ നിറഞ്ഞ ഒരിടം അവതാരപുരുഷന്മാര് ജനിക്കാനായി തിരഞ്ഞെടുക്കുന്നു. കടുത്ത പ്രതിസന്ധികളെ സാവധാനം അതിജീവിച്ച് ക്രമാനുഗതമായി അവര്‍ തങ്ങളുടെ ദൗത്യം നിറവേറ്റുന്നു. ഏതൊരവതാരപുരുഷന്റേയും ചരിത്രമെടുത്താല്‍ ഇത്തരം പ്രതിസന്ധി ഘട്ടങ്ങള്‍ പൊതുവായി കാണാം. ഭഗവാന് സത്യസായിബാബയുടെ കാര്യത്തിലും മറിച്ചല്ല. ഇതെല്ലാം പകല്‍ വെളിച്ചം പോലെ നമുക്ക് വ്യക്തമാകും പുട്ടപര്ത്തിയിലെത്തിയാല് മതി.
പുറ്റുകള്‍ നിറഞ്ഞ, ഉണങ്ങി വരണ്ട ഒരു കൊച്ചു ഗ്രാമം. നൂറോളം പേര് മാത്രം താമസക്കാര്‍. കൗപീനധാരികളായ കൃഷിക്കാര്‍. തീവണ്ടി പോകുന്നത് ആദ്യം കണ്ടപ്പോള്‍ ‘പെരുപാമ്പ് വരുന്നേ’ എന്നു പറഞ്ഞ് ഭയന്നോടിയ ഗ്രാമീണര്‍. ഇതായിരുന്നു 98 വര്‍ഷം മുമ്പുള്ള പുട്ടപര്‍ത്തി. ഇന്ന് ലോകത്തിലെ അത്യാധുനിക സൗകര്യങ്ങള്‍ ഇവിടെ സുലഭം. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്, ദിവസേന നൂറിലേറെ രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശകര്‍. ഭൂപടത്തില്‍ ഒഴിവാക്കാന്‍ വയ്യാത്ത ഒരു പുണ്യസ്ഥലമായി ഇന്ന് പുട്ടപര്‍ത്തി മാറിയിരിക്കുന്നു.
ഒന്നേകാല്‍ ലക്ഷത്തോളം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ആശുപത്രിസമുച്ചയം. അഞ്ചര മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് ഇന്നും ഒരു കടങ്കഥ പോലെ. പൗരാണിക ഭാരതത്തില്‍ വിദ്യയും വൈദ്യവും ഒരിക്കലും വില്പന ചരക്കുകളായിരുന്നില്ല. ഇതു രണ്ടും കരുണാപൂര്‍വ്വം നല്കി, ഭഗവാന് ആ സന്ദേശം വീണ്ടും പ്രചരിപ്പിച്ചു. വൈദ്യവും വിദ്യയും വില്പനയ്ക്കല്ല. അതുകൊണ്ട് ഏതു രോഗിക്കും ഇവിടെ വരാം, മരുന്ന് വാങ്ങാം, പോകാം. പണം വേണ്ട. പുട്ടപര്‍ത്തിയിലെ സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഇതേവരെ ലക്ഷക്കണക്കിനു ഹൃദയ സംബന്ധമായ ചികിത്സ നടന്നു. മാത്രമല്ല യൂറോളജിയിലും നേത്രരോഗ ചികിത്സയിലും അസ്ഥിരോഗ ചികിത്സയിലും ലക്ഷക്കണക്കിന് രോഗികള്‍ക്ക് ചികിത്സ നല്‍കിയിട്ടുണ്ട്. എല്ലാം സൗജന്യം.
വിദ്യാഭ്യാസ പദ്ധതിയും അതുപോലെ തന്നെ. വിദ്യയും അവിടെ വല്പനച്ചരക്കല്ല. എല്ലാ വിദ്യാര്‍ത്ഥികളും സമ്പൂര്‍ണ്ണ സൗജന്യമായി വിദ്യാഭ്യാസം നേടുന്നു. കെ. ജി. മുതല്‍ പി.ജി, എം.ഫില്‍ വരെ. പാഠ്യ വിഷയം മാത്രമല്ല അവിടെ പഠിപ്പിക്കുന്നത്. ധാര്‍മ്മികത കൂടി പഠിപ്പിക്കുന്നു, പരിശീലിപ്പിക്കുന്നു. പഠനം പൂര്‍ത്തിയാക്കി പോകുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും ഭഗവാന് ആഗ്രഹിക്കുന്നത് ഇത്രമാത്രം. ”മാതാപിതാക്കളെ, ഗുരുജനങ്ങളെ, നാടിനെ സ്നേഹിക്കുക. ഇവിടെ നിന്നും പോയാല്‍ പഠിച്ചത് ആചരിച്ചു കാണിക്കുക. മറ്റുള്ളവര്‍ക്ക് മാതൃകയാവുക. നാടിന് അനുഗ്രഹമാകുക. ‘ ഭാരതത്തിലെ സമുന്നതമായ ഈ സര്‍വ്വകലാശാല. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കൊണ്ട് ഭാരതീയ സംസ്ക്കാരം നിലനിര്‍ത്തുന്നു.
ഈശ്വരന് കനിഞ്ഞേകിയ വായുവിനും ശുദ്ധജലത്തിനും ക്ഷാമം നേരിടുന്ന കാലമാണിത്. ജലത്തിന്റെ കാര്യത്തില്‍ ലോകം മുഴുവനും ക്ഷാമം വ്യാപിച്ചു കഴിഞ്ഞു. വായുവിന്റേത് വന്‍ നഗരങ്ങള്‍ അനുഭവിച്ചു തുടങ്ങി.
ഒരു തുള്ളി ജലത്തിനായി ദശകങ്ങളായി കേഴുന്ന മനുഷ്യമക്കള്‍ക്ക് ജഗദീശ്വരന് പരിഹാരമുണ്ടാക്കി. അനന്തപൂര്‍ ജില്ലയിലെ 731 ഗ്രാമങ്ങളില്‍ കൂടിവെള്ളം വിതരണം നടത്തി. 2500 കി. മീറ്റര്‍ ദൂരം പൈപ്പുകള്‍ ഇട്ട് 300 കോടി രൂപ ചിലവഴിച്ച് ഗ്രാമീണ ജനതക്ക് ജലം നല്കി. അതുപോലെ തന്നെ കിഴക്കു പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ 500 ഗ്രാമങ്ങളില്‍, കിഴക്കന്‍ ഗോദാവരി ജില്ലയിലെ മൂന്നു ലക്ഷം ഗോത്രവര്‍ഗ്ഗ ഗ്രാമീണര്‍ക്ക്, ചെന്നൈ നഗരത്തില്‍ സായിഗംഗാ കുടിജലവിതരണം ഒരുകോടി ജനങ്ങള്‍ക്ക് പ്രയോജനപ്പെടന്നു. ഈ വന്‍ പദ്ധതികളെല്ലാം പൂര്‍ത്തിയാക്കിയത് ഓരോ വര്‍ഷം കൊണ്ട്. ഒരിക്കല്‍ പുട്ടപര്‍ത്തി സന്ദര്‍ശിച്ച ഡോ. ഏ. പി. അബ്ദുള്‍കലാമിന്റെ വാക്കുകള്‍, ”സര്‍വ്വശക്തന്റെ ദൗത്യം ഇവിടെ അരങ്ങേറുന്നത് ഞാന്‍ അറിയുന്നു.”
പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് ഒരിക്കല്‍ സാക്ഷ്യപ്പെടുത്തി. ”ലോകത്തിന്റെ പല ഭാഗത്തും നിരവധി പടുകൂറ്റന്‍ ആശുപത്രികള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ ഭഗവാന് ബാബയുടെ ഈ ആതുരമന്ദിരം പോലെ മഹനീയമായ ഒന്ന് ഞാന്‍ കണ്ടിട്ടേയില്ല. ഇത് നമ്മുടെ ജനതക്കുള്ള അവിടത്തെ ദിവ്യസമ്മാനം.”
ഭഗവാന് ബാബയെ അറിയാന്‍ ഭഗവാന്റെ വാക്കുകള്‍ തന്നെ ശരണം. താന്‍ ആരെന്നും, ലക്ഷ്യമെന്തെന്നും ഭഗവാന് തന്നെ വെളിപ്പെടുത്തി. ”ഞാന്‍ ആരുടേയും വിശ്വാസം തകര്‍ക്കാനോ പുതിയതൊന്ന് സ്ഥാപിക്കാനോ വന്നതല്ല. ഹിന്ദു നല്ല ഹിന്ദു ആകുക. ക്രിസ്ത്യാനി നല്ല ക്രിസ്ത്യാനിയാകുക, മുസ്ലീം നല്ല മുസ്ലീമാകുക. ഈശ്വരനിലേക്കുള്ള ആ പഴയ രാജപാത വെടിപ്പാക്കി നിങ്ങളെ വഴി നടത്താന്‍ വന്നവനാണ് ഞാന്‍. ആരും പറയുന്നത് കേട്ട് വിശ്വസിക്കണ്ട, എന്നെ അറിയാന്‍ നിങ്ങള്‍ക്ക് നേരിട്ട് വരാം, എന്നെ കാണാം, പരീക്ഷിക്കാം; അനുഭവത്തിനു ശേഷം മാത്രം സ്വീകരിക്കുക.” ശ്രുതി-യുക്തി-അനുഭവം എന്ന ഉപനിഷത്ത് വചനമല്ലേ ഭഗവാന് ബാബയുടെ വാക്കുകളില്‍ മുഴങ്ങുന്നത്. ”എന്റെ ഈ അവതാര ദൗത്യത്തില്‍ പങ്കെടുക്കുന്നവരെല്ലാം മഹാഭാഗ്യന്മാര്‍.”
അവതാരപുരുഷന് ആവിര്‍ഭവിക്കുന്നത് എപ്പോഴാണെന്ന് ഗീത വ്യക്തമായി പറയുന്നു. അധര്‍മ്മം കൊടികുത്തി വാഴുമ്പോള്‍ ലോകത്ത് ധാര്‍മ്മികര്‍ക്ക് ജീവിതം ദുസ്സഹമാകുമ്പോള്‍, അതിന് പരിഹാരമായി ഭഗവാന് അവതരിക്കുന്നു, ശരിയായ മാര്‍ഗ്ഗം കാണിച്ചു കൊടുക്കുന്നു. വഴി കാണിച്ചു തന്നാല്‍ അതുവഴി പോകേണ്ടത് നമ്മുടെ ധര്‍മ്മം. അനുസരിച്ചില്ലെങ്കില്‍ അതിന്റെ ദുരിത ദുരന്തങ്ങള്‍ അവനവന് തന്നെ അനുഭവിക്കേണ്ടി വരും.
യുഗാവതാരമാണ് താന്‍ എന്ന് ഭഗവാന് സുവ്യക്തമായി അരുളിയിട്ട് ഒരു മുന്നറിയിപ്പും നല്കി ”മാനവവംശത്തിന്റെ നിലനില്പു തന്നെ ചോദ്യം ചെയ്യുന്ന കാലഘട്ടത്തിലാണ് ലോകം. ഞാന്‍ മനുഷ്യകുലത്തിന് നേര്‍വഴി കാണിക്കാന്‍ വന്നതാണ്.”
ഭഗവാന് ബാബയുടെ ജീവിതചരിതവും ഉപദേശങ്ങളും അറിയുക, അറിയിക്കുക, അനുസരിക്കുക, ആചരിക്കുക. ശാന്തിയും സമാധാനവും സര്‍വ്വൈശ്വര്യങ്ങളും ലഭിക്കും. ആധുനിക മനുഷ്യകുലത്തിന് ഒരു പ്രയാസവും കൂടാതെ അനുസരിക്കാന്‍ പറ്റുന്ന രണ്ടു മഹാമന്ത്രങ്ങള് ഭഗവാന് ഉപദേശിച്ചു.
‘LOVE ALL SERVE ALL HURT NEVER HELP EVER”,
ഭഗവാന് വീണ്ടും അരുളി: ”നിങ്ങളിലൂടെ എന്റെ സന്ദേശം ലോകം അറിയട്ടെ.” ഈ സത്യ സാക്ഷാത്ക്കാരത്തിനു വേണ്ടി യത്നിക്കാം, മനുഷ്യകുലത്തിന്റെ നന്മയ്ക്കു വേണ്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: