വയനാട്ടിലെ ആദിവാസികളുടെ ജീവിതം അടുത്തറിഞ്ഞതോടെയാണ് പി. വത്സലയുടെ എഴുത്തുജീവിതം പുഷ്കലമാകുന്നത്. അച്ഛന് കാനങ്ങോട്ട് ചന്തുവിനൊപ്പം വയനാട് സന്ദര്‍ശിക്കുന്നത് വത്സലയ്ക്ക് ഇഷ്ടമായിരുന്നു. കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള യാത്ര അന്നത്തെ കാലത്ത് ഒരു അനുഷ്ഠാനം പോലെ പവിത്രമായിരുന്നു. അച്ഛന് ഡ്രൈവര്‍ പണി നിര്‍ത്തി വയനാട്ടിലെ എസ്റ്റേറ്റുകളില്‍ കണക്കെഴുത്ത് ജോലി തുടങ്ങിയ കാലമായിരുന്നു അത്. പഠനം കഴിഞ്ഞുള്ള ഇടവേളകളിലായിരുന്നു കുടുംബം ഒന്നിച്ചുള്ള യാത്ര. അത്തരം യാത്രകളിലാണ് ആദിവാസി സമൂഹത്തെ കണ്ടും കേട്ടും അറിയാന്‍ സാധിച്ചത്. സ്വന്തം ആചാരങ്ങളും അനുഷ്ഠാനങ്ങളും മുറുകെ പിടിച്ച ആദിവാസികളുടെ ജീവിതം വത്സലയെ ആകര്‍ഷിച്ചു. മുത്തശ്ശിയില്‍ നിന്ന് ധാരാളം കഥകള്‍ കേട്ടുവളര്‍ന്ന വത്സലയ്ക്ക് ആദിവാസി വിഭാഗത്തിന്റെ ജീവിതചിത്രം വിചിത്രമെങ്കിലും ഹൃദ്യവും അനുഭൂതിദായകവുമായി തോന്നി.
ആദിവാസികളെ കണ്ടറിഞ്ഞതിന്റെ ഉള്‍ക്കനത്തില്‍ എഴുതിയ നോവലാണ് നെല്ല്. ഇതിലൂടെ വയനാട്ടിലെ ആദിവാസികളുടെ നിരവധി ചൂഷണങ്ങള്‍ക്ക് വിധേയമായ ജീവിതം വത്സല വരച്ചിട്ടു. ജന്മി-കുടിയാന് ബന്ധങ്ങള്‍, കാര്ഷികഭൂനിയമങ്ങള് എന്നീ വിഷയങ്ങളും ആദ്യനോവലുകളില്‍ ഇടംനേടി. കലാപരമായ നൈപുണ്യത്തോടൊപ്പം സാമൂഹികബോധവും പ്രതിബദ്ധതയും വത്സലയുടെ എഴുത്തുജീവിതത്തിന്റെ കൊടിയടയാളങ്ങളാണ്. നെല്ലിന് പുറമെ ആഗ്നേയം, കൂമന്‍കൊല്ലി എന്നീ നോവലുകളും വയനാടിന്റെ പശ്ചാത്തലത്തില്‍ പിറവിയെടുത്തവയാണ്. അതിലെല്ലാം ആദിവാസികളുടെ പ്രധാനപ്രശ്നം വിശപ്പാണെന്ന് ‘നെല്ല്’ നമ്മെ ബോധ്യപ്പെടുത്തുന്നു. മണ്ണില്‍ പൊന്നുവിളയിക്കാന്‍ രാപ്പകല്‍ അധ്വാനിക്കുന്ന ആദിവാസികള്‍ക്ക് വിശപ്പടക്കാന്‍ വഴിയില്ല. ഈ അടിസ്ഥാനപ്രശ്നമാണ് ‘നെല്ല്’ എന്ന നോവല്‍ പ്രമേയമാക്കുന്നത്.
വയനാട്ടിലെ കാര്‍ഷികജീവിതം തന്നെയാണ് ആഗ്നേയം എന്ന നോവലിന്റെ പ്രമേയം. നങ്ങേമ എന്ന സ്ത്രീയുടെ പോരാട്ട ജീവിതമാണ് ഇതില്‍ തെളിയുന്നത്. പാലക്കാട് നിന്ന് വയനാട്ടില്‍ എത്തുന്ന നങ്ങേമക്ക് വന്യമൃഗങ്ങളോട് മാത്രമല്ല, താണ്ഡവമാടുന്ന പ്രകൃതിയോടും ഏറ്റുമുട്ടേണ്ടിവരുന്നു. സെയ്തിനെപ്പോലെ ആദിവാസികളെയും മറ്റും ചൂഷണം ചെയ്യുന്ന കച്ചവടക്കാര്‍ ഇവിടെയുണ്ട്. അവരെ തോല്പിക്കാന് വീടിന്റെ പടിപ്പുരയില്‍ കച്ചവടം തുടങ്ങാനും നങ്ങേമ തയാറാവുന്നു.
വര്‍ഗീസിനെ പോലുള്ള വിപ്ലവകാരികളുടെ ഇടപെടല്‍ വയനാടിനെ എങ്ങനെ മാറ്റി എന്നതും ആഗ്നേയം ചര്‍ച്ച ചെയ്യുന്നുണ്ട്. കൂമന്‍കൊല്ലി, മലയാളത്തില്‍ പരിസ്ഥിതിപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ആദ്യത്തെ നോവലുകളില്‍ ഒന്നാണ്. വയനാട്ടിലെ കാര്‍ഷികരംഗത്ത് ഉണ്ടാവുന്ന മാറ്റങ്ങളും കര്‍ഷകരുടെ വീക്ഷണത്തില്‍ ഉണ്ടാവുന്ന വ്യതിയാനങ്ങളും ഒപ്പം പരിസ്ഥിതിയില്‍ ഉണ്ടാവുന്ന മാറ്റങ്ങളും നോവല്‍ ചര്‍ച്ച ചെയ്യുന്നു. ആഗോളതാപനം തുടങ്ങിയ പരിസ്ഥിതി സംബന്ധമായ വാക്കുകള്‍ പ്രചാരത്തില്‍ വരുന്നതിന് എത്രയോ മുമ്പുതന്നെ കാലാവസ്ഥാവ്യതിയാനത്തിന്റെ സൂചനകള്‍ കൂമന്‍കൊല്ലിയില്‍ പങ്കുവെക്കുന്നുണ്ട്. കുന്നുകള്‍ ഇല്ലാതാകുന്നതും മഴ കുറയുന്നതും തണുപ്പ് കുറയുന്നതും ചൂട് കൂടുന്നതും കാട് വെട്ടിമാറ്റപ്പെടുന്നതും കൂമന്‍കൊല്ലിയുടെ അന്തരീക്ഷത്തില്‍ തെളിഞ്ഞുവരുന്ന സാമൂഹ്യദുരന്തങ്ങളാണ്.
വയനാട്ടിലെ ആദിവാസികള്‍ സ്വയംനിര്‍ണയാവകാശത്തിന്റെ പരിധിയിലേക്ക് നീങ്ങിനില്‍ക്കുന്ന കാഴ്ചയും കൂമന്‍കൊല്ലിയില്‍ ചര്‍ച്ചയാവുന്നുണ്ട്. ആദിവാസികളുടെ ജീവിതം അവര്‍ വിചാരിക്കുന്നപോലെ നൈസര്‍ഗികമായിരിക്കണം എന്നാണ് പി. വത്സല ചിന്തിച്ചത്. കാട്ടില്‍ ജനിച്ച് ജീവിച്ച ആദിവാസികളുടെ ജീവിതം പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ നോവലില്‍ വിമര്‍ശിക്കുന്നുണ്ട്. ജീവിതത്തിന്റെ അവസാനം വരെ വത്സല ആദിവാസികളുടെ ജീവിതത്തെപ്പറ്റി ആലോചിച്ചു എന്നു വേണം കരുതാന്‍. അസുഖമായി കിടക്കുന്നതുവരെ മധ്യവേനല്‍ക്കാലത്ത് വയനാട്ടില്‍ പോയി താമസിക്കാറുണ്ടായിരുന്നു. തിരുനെല്ലിയില്‍ ഒരേക്കര്‍ സ്ഥലത്ത് ടീച്ചര്‍ക്ക് വീടുണ്ട്. പല കൃതികളും എഴുതാന്‍ വയനാട്ടിന്റെ സ്വച്ഛമായ അന്തരീക്ഷം തിരഞ്ഞെടുക്കുന്നതും പതിവായിരുന്നു. അങ്ങനെ വയനാടുമായി വേര്‍പിരിയാനാവാത്ത ഒരു ബന്ധമാണ് അവരുടെ വിയോഗത്തോടെ ഇല്ലാതാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: