പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രേക്ഷക ശ്രദ്ധ നേടി മലയാള ചലച്ചിത്രം ആട്ടം. ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായ ആട്ടം കാണാന്‍ ഐനോക്സില്‍ നിറഞ്ഞ സദസ്. നാടക കലാകാരന്മാരുടെ സിനിമാ മോഹങ്ങള്‍ക്ക് അന്താരാഷ്ട്ര വേദിയില്‍ നിറഞ്ഞ കൈയടിയോടെ തുടക്കം.
ഗാന്ധി ടാക്ക്സിലെ അഭിനയ മികവിന് വിജയ് സേതുപതിക്കും മേളയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. റെഡ് കാര്‍പ്പെറ്റില്‍ ഇന്നലെ ബോളിവുഡ് താരം സല്മാന് ഖാനും വിജയ് സേതുപതിയും ആവേശം നിറച്ചു. രാവിലെ 75 യുവ പ്രതിഭകള്‍ക്ക് അംഗീകാരം നല്‍കിയായിരുന്നു പരിപാടികള്‍ ആരംഭിച്ചത്. ഇവര്‍ക്കായി 48 മണിക്കൂര്‍ സിനിമാ നിര്‍മാണ മത്സരവും തുടങ്ങി.
രാജ്യത്ത് നിര്‍മ്മിക്കുന്ന വിദേശ ചലച്ചിത്രങ്ങള്‍ക്ക് നല്കുന്ന കിഴിവ്, അവയുടെ ചെലവിന്റെ 40 ശതമാനമായി വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ ചടങ്ങില്‍ പറഞ്ഞു. ഈ തുകയുടെ പരിധി വര്‍ധിപ്പിച്ച് 30 കോടി രൂപയാക്കും. ഭാരതീയ ഉള്ളടക്കത്തിന് അധികമായി 5% ബോണസും അനുവദിക്കും, അനുരാഗ് ഠാക്കൂര്‍ യുവ സിനിമാ പ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണത്തില്‍ പറഞ്ഞു.
ഭാരതത്തിലെ സിനിമാ വ്യവസായം വലിയ കുതിച്ചു ചാട്ടമാണ് നടത്തുന്നതെന്നും പ്രതിവര്‍ഷം പതിനായിരത്തിലധികം സിനിമകള്‍ക്ക് രാജ്യത്ത് സെന്‍സറിങ് നടത്തുന്നുണ്ടെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി നീരജാ ശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: