വളരെ പ്രാചീനകാലത്തു തന്നെ വൈഷ്ണവധര്മ്മം ദക്ഷിണ ഭാരതത്തില്‍ ആവിര്‍ഭവിച്ചു കഴിഞ്ഞിരുന്നു. പുരാതത്ത്വവിജ്ഞാ നീയത്തിലെ പ്രസിദ്ധപണ്ഡിതനായ ഡോ. വൂളര്‍, ക്രിസ്തുവിനു മുമ്പ് എട്ടാം നൂറ്റാണ്ടില്‍ വൈഷ്ണവ ധര്‍മ്മം ദ്രാവിഡദേശത്തു വ്യാപിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ‘പാഞ്ചരാത്ര ധര്‍മ്മം എന്ന പേരില്‍ പ്രചരിച്ചിരുന്ന ഈ വൈഷ്ണവ സമ്പ്രദായത്തില്‍ വിഷ്ണുവിന്റെ ഉപാസന അല്ലെങ്കില്‍ സഗുണവൈഷ്ണവഭക്തി മുഖ്യഭാവന ആയിരുന്നു. അതുപോലെ തന്നെ പ്രാഗ് വൈദിക കാലം മുതല്‍ ദ്രാവിഡ ദേശത്ത് പ്രചരിച്ചിരുന്ന ശിവാരാധനയുടെയും കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിതമായിരുന്നത് ഭക്തി തന്നെ ആയിരുന്നു. സംഘകാലത്ത് ഇതിന് വളരെ പ്രാധാന്യം കൈവന്നിരുന്നു. അക്കാലങ്ങളില്‍ ആവിര്‍ഭവിച്ച് ശൈവസമയാചാര്യന്മാര്‍ എന്ന പേരില്‍ പ്രസിദ്ധരായ ശിവഭക്തന്മാര്‍ ശിവഭക്തിക്ക് വളരെ പ്രചാരം നല്‍കിയിരുന്നു. ഇവര്‍ നായനാരന്മാര്‍ എന്ന പേരിലും പ്രസിദ്ധരായിരുന്നു.
ശൈവമതത്തിന്റെ വ്യാപനം
ഈ ശൈവസമയാചാര്യന്മാര്‍ അഥവാ നായനാരന്മാര്‍ പാണ്ഡ്യ ചോള ദേശങ്ങളില്‍ ഏഴാം നൂറ്റാണ്ടുമുതല്‍ ഒന്‍പതാം നൂറ്റാണ്ടുവരെ വളരെ പ്രഭാവത്തില്‍ വര്‍ത്തിച്ചിരുന്നു. ഇവരില്‍ പ്രമുഖര്‍ ജ്ഞാനസംബന്ധര്‍, അപ്പര്‍, സുന്ദരമൂര്‍ത്തി, മാണിക്യ വാചകര് എന്നീ നാലു നായനാരന്മാരായിരുന്നു. ശിവഭക്തി പ്രചരിപ്പിച്ചു കൊണ്ടു സഞ്ചരിച്ചിരുന്ന ഇവര്‍ ആകെ 63 പേരുണ്ടായിരുന്നതായാണ് പറയപ്പെടുന്നത്.
നായനാരന്മാരുടെ ഭക്തിഗീതങ്ങളെ ‘തിരുമുറൈ’ എന്നാണ് വിളിച്ചിരുന്നത്. അവ ‘തേവാരം ‘എന്ന ഗ്രന്ഥത്തില്‍ സമാഹരിക്കപ്പെട്ടിട്ടുണ്ട്. കൂടെത്തന്നെ കന്നഡദേശത്തു വ്യാപരിച്ചിരുന്ന (വീരശൈവന്മാര്‍ എന്ന പേരിലും അറിയപ്പെട്ടിരുന്നു) ലിംഗായത സമ്പ്രദായക്കാരുടെ ആദ്ധ്യാത്മിക സാധനാമാര്‍ഗ്ഗം പ്രധാനമായും ശിവാരാധനയുടേതായിരുന്നു. പില്ക്കാലത്ത് കാഠിയാവാഡിലും സമീപദേശങ്ങളിലും പ്രചരിച്ചിരുന്ന പാശുപതമതവും കാശ്മീരിലും മറ്റും പ്രചാരത്തിലിരുന്ന ശൈവധര്‍മ്മവും ദക്ഷിണ ദേശത്തുണ്ടായിരുന്ന ഈ ശൈവാഗമങ്ങളില്‍ നിന്ന് ഉയിര്ക്കൊണ്ടതാണെന്നാണ് അഭിജ്ഞന്മാര് അഭിപ്രായപ്പെട്ടിരിക്കുന്നത്.
അങ്ങനെ ദക്ഷിണാപഥത്തില്‍ പ്രചാരത്തിലിരുന്ന ശൈവധര്‍മ്മം ക്രമേണു ഉത്തരാപഥത്തിലും വ്യാപിക്കുകയാണുണ്ടായതെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. അവിടെ ആ കാലഘട്ടങ്ങളില്‍ പ്രചരിച്ചിരുന്ന അനേകം ധര്‍മ്മ സമ്പ്രദായങ്ങളില്‍ വിശേഷിച്ചും അവയുടെ ദാര്‍ശനിക സങ്കല്പനങ്ങളില് ശൈവദര്‍ശനത്തിന്റെ സ്വാധീനം വളരെ ശക്തമായി പതിച്ചിരുന്നതായി കാണാവുന്നതാണ്. അവയില്‍ ചില ബൗദ്ധശാഖകളും അന്തര്‍ഭവിച്ചിരുന്നു. ബൗദ്ധരുടെ മഹായാനശാഖയിലെ നാഥപന്ഥീധാര വളരെ പ്രബലമായിരുന്നു. ഈ ധാര അദൈ്വത ദര്‍ശനത്തിന്റെ പല അടിസ്ഥാനപ്രമാണങ്ങളും സ്വാംശീകരിച്ചിരുന്നതായി കാണാന്‍ കഴിയുന്നതാണ്. അതിന്റെ ഫലമായി അവര്‍ ഹിന്ദുത്വത്തിന് വളരെ സമീപത്തു വന്നു ചേര്‍ന്നിരുന്നു. ഏതാണ്ട് പത്താംനൂറ്റാണ്ടു മുതല്‍ തന്നെ ചില നൂറ്റാണ്ടുകളില്‍ വടക്കേ ഇന്ത്യയിലെ ജനജീവിതത്തില്‍ നാഥപന്ഥികളായ യോഗികള്‍ വ്യാപകമായ സ്വാധീനം ചെലുത്തിയിരുന്നു. ഇവര്‍ തുടക്കത്തില്‍ ബൗദ്ധമായ മഹായാന ശാഖയില്‍ പെട്ട വജ്രായനികളും നാഗാര്ജുനനെന്ന ബൗദ്ധചാര്യന്റെ ശൂന്യവാദദര്ശനത്തിന്റെ സ്വാധീന വലയത്തില്‍ പെട്ടവരും ആയിരുന്നു. ഇതോടൊപ്പം തന്നെ ഇവരെ മൂന്നു ഹൈന്ദവ ചിന്താധാരകള്‍ കൂടി സ്വാധീനിച്ചിരുന്നതായി കാണാവുന്നതാണ്. അവകളില്‍ ആദ്യത്തേത് ശാക്തേയമായി വികസിച്ചിരുന്ന തന്ത്രശാസ്ത്രവും രണ്ടാമത്തേത് മായാവാദത്തില്‍ അടിയുറച്ച അദൈ്വതവാദവും മൂന്നാമത്തേത് ശൈവധര്മ്മവുമായിരുന്നു.
നിര്‍ഗ്ഗുണഭക്തി
മുന്‍പറഞ്ഞവരില്‍ തന്നെയുള്ള ഒരു വിഭാഗക്കാര്‍ അദൈ്വത ധാരണയിലെ ബ്രഹ്മത്തിന്റെ സ്ഥാനത്ത് ശിവസങ്കല്പ്പം കൊണ്ടു വരാനും തുടങ്ങി. ഇവരെ ശിവാദൈ്വതികള് എന്നാണ് പറഞ്ഞു വരാറുള്ളത്. യോഗികളുടെ ഈ വിഭാഗം ഭിക്ഷുരൂപത്തില്‍ രുദ്രാക്ഷവും ഭസ്മവും ധരിച്ചുകൊണ്ട് സഞ്ചരിച്ചിരുന്നവരും. ശിവനെ നിര്‍ഗ്ഗുണനായ പരാത്പരബ്രഹ്മരൂപത്തില് ഭാവന ചെയ്യുകയും ആ ശിവതത്ത്വം ദൈ്വതാദൈ്വതവിലക്ഷണമാണെന്ന് പ്രഖ്യാപിക്കുകകയും ചെയ്തിരുന്നു. ഇവര്‍ ഉത്തരഭാരതത്തിലെ ഗ്രാമാന്തരങ്ങളില്‍ അധിവസിച്ചിരുന്ന അലബ്ധവിദ്യരായ ജനങ്ങളില്‍ വ്യാപകമായ സ്വാധീനം ചെലുത്തിയിരുന്നു. സാധാരണ ജനങ്ങളുടെ ധര്‍മ്മോപദേഷ്ടാക്കളും വൈദ്യന്മാരും യോഗീബാബാ എന്നു വിളിക്കപ്പെട്ടിരുന്ന ഇവര്‍ തന്നെയായിരുന്നു. വൈദ്യവൃത്തി അനുഷ്ഠിച്ചിരുന്ന ഇവരാണ് ജനങ്ങളില്‍ നിര്‍ഗ്ഗുണഭക്തി പ്രചരിപ്പിച്ചത്. (കുറെ നാള് മുമ്പു വരെ ഈ യോഗീബാബാമാര് വടക്കേ ഇന്ത്യയില്‍ പല ഭാഗത്തും അക്കാലത്തു സഞ്ചരിച്ചിരുന്നു.)
അദൈ്വത സങ്കല്പനത്തില് വിശ്വസിച്ചിരുന്ന ‘നാഥപന്ഥി’’കളിലെ ഗോരഖ (ഗോരക്ഷ) സമ്പ്രദായം മഹാരാഷ്ട്രയിലെ ജ്ഞാനേശ്വരന്, നാമദേവന്‍, ത്രിലോചനന്‍ തുടങ്ങിയ ഭക്തന്മാരെ വളരെ സ്വാധീനിക്കുകയുണ്ടായി. (ഇവര്‍ നേരത്തേ വിഷ്ണുസ്വാമിയെന്ന വൈഷ്ണാവാചാര്യന് പ്രചരിപ്പിച്ചിരുന്നു. ‘വാര്ക്കരീ’’സമ്പ്രദായത്തിലെ ഭക്തന്മാരായിരുന്നു) ഇവര്‍ ഗോരക്ഷനാഥന്റെ അനുയായികളായതോടെ നിര്ഗ്ഗുണഭക്തന്മാരായിത്തീര്ന്നു. ‘സന്തമതം’ എന്നു പറയപ്പെട്ടിരുന്ന നിര്ഗ്ഗുണോപാസനാ പ്രസ്ഥാനം പ്രചരിപ്പിക്കുന്നതില്‍ ഇവരും വലിയ പങ്ക് വഹിച്ചിരുന്നു. ഇവര്‍ നിരാകാരനായ ഭഗവാന്റെ ഭക്തിയെപ്പറ്റി കവിതകളും ഗീതങ്ങളും രചിച്ചിരുന്നു. ഗുരുനാനാക്ക്, കബീര്‍ദാസ് തുടങ്ങിയവര്‍ ഇങ്ങനെയുള്ള ഭക്ത കവികളായിരുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: