അമ്പത്തിനാലാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയ്‌ക്ക് ഗോവയില്‍ തുടക്കമായി. ഭാരതീയ സിനിമകള്‍ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് നടി മാധുരി ദീക്ഷിത്തിന് പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു കൊണ്ടായിരുന്നു മേളയ്‌ക്ക് തുടക്കമായത്.
ഗോവന്‍ മേളയില്‍ പുതുതായി ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ മേള ഉദ്ഘാടനം ചെയ്തു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രിമാരായ ഡോ.എല്‍. മുരുഗന്‍, ശ്രീപാദ് യശോനായിക്, താരങ്ങളായ മാധുരി ദീക്ഷിത്ത്, ഷാഹിദ് കപൂര്‍, സണ്ണി ഡിയോള്‍, ഖുശ്ബു സുന്ദര്‍ എന്നിവരും ഉദ്ഘാടന വേദിയില്‍ എത്തി.
സ്റ്റ്യുവര്‍ട്ട് ഗട്ട് സംവിധാനം ചെയ്ത ക്യാച്ചിങ് ഡസ്റ്റ് ആയിരുന്നു ഉദ്ഘാടന ചിത്രം. ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ ഉദ്ഘാടന ചിത്രം മലയാള ചിത്രമായ ആട്ടം ആണ്. ഇന്ന് പനാജിയിലെ ഇനോക്‌സ് തീയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ പതിനൊന്നു നാടക കലാകാരന്മാരുടെ സിനിമാ അരങ്ങേറ്റം കൂടിയായ ആട്ടത്തിന് കിട്ടുന്ന അന്താരാഷ്‌ട്ര ബഹുമതിയായി അത് മാറും. ലോസ് ഏഞ്ചല്‍സിലെ ഇന്ത്യന്‍ ചലച്ചിത്ര മേളയില്‍ ആട്ടത്തിന് അംഗീകാരം ലഭിച്ചിരുന്നു.
സിനിമാ താരങ്ങളുമായി വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാന്‍ മാസ്റ്റര്‍ക്ലാസസ് എന്ന പ്രത്യേക സെഷന്‍ ഒരുക്കിയിട്ടുണ്ട്. പങ്കജ് ത്രിപാഠി, വിജയ് സേതുപതി, സോയ അക്തര്‍ എന്നിവരടക്കം ഇരുപത് പ്രമുഖര്‍ യുവ തലമുറയോട് സംവദിക്കും. സല്‍മാന്‍ ഖാന്‍, എ.ആര്‍. റഹ്മാന്‍, വിദ്യാ ബാലന്‍, വിക്കി കൗശല്‍, റാണി മുഖര്‍ജി, നവാസുദ്ദിന്‍ സിദ്ദിഖി, കേ കേ മേനോന്‍ എന്നിവരും വിവിധ ദിവസങ്ങളിലായി ഗോവയിലെത്തും.
ഫിലിം ബസാറിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ മാരിയറ്റ് റിസോര്‍ട്ടില്‍ നിര്‍വഹിച്ചു. ലോക സിനിമാ രംഗത്ത് നിന്ന് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയ്‌ക്ക് ലഭിക്കുന്ന പ്രോത്സാഹനം വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. 13 വേള്‍ഡ് പ്രീമിയറുകളും 18 ഇന്റര്‍നാഷണല്‍ പ്രീമിയറുകളും 62 ഏഷ്യന്‍ പ്രീമിയറുകളും പ്രദര്‍ശിപ്പിക്കുന്നത് ഇതിന്റെ തെളിവാണെന്ന് ഫിലിം ബസാറില്‍ മാധ്യമങ്ങളോട് സംസാരിക്കവേ കേന്ദ്രമന്ത്രി പറഞ്ഞു.
രാജ്യത്തെ മീഡിയ ഇന്‍ഡസ്ട്രി ഇരുപത് ശതമാനം വളര്‍ച്ചയാണ് എല്ലാ വര്‍ഷവും കൈവരിക്കുന്നത്. ലോക സിനിമയിലെ അടക്കം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും രാജ്യത്ത് നിരവധി നടക്കുന്നു. എന്റര്‍ടെയിന്‍മെന്റ് വ്യവസായത്തില്‍ ലോകത്ത് അഞ്ചാം സ്ഥാനത്തേക്ക് ഭാരതം എത്തിക്കഴിഞ്ഞു. മൂന്നാം സ്ഥാനത്തേക്ക് രാജ്യത്തെ സിനിമാ രംഗം വളരുകയാണ്, ഠാക്കൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: