Categories: Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മൊയ്തീനെതിരേ മൊഴി; സതീഷ്‌കുമാര്‍ മൊയ്തീന്റെ ബിനാമി, കുരുക്ക് മുറുക്കി ഇ ഡി

Published by

തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പുകേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ മാപ്പുസാക്ഷികളുടെ മൊഴി. എ.സി. മൊയ്തീന്റെ ബിനാമിയാണ് തട്ടിപ്പുകേസിലെ മുഖ്യപ്രതി സതീഷ്‌കുമാറെന്ന് പ്രധാന സാക്ഷി ജിജോര്‍. ഇയാളുടെ മൊഴി ഇ ഡി ഇന്നലെ കോടതിയില്‍ വായിച്ചു. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവേയായിരുന്നു ഇത്.

എ.സി. മൊയ്തീന്റെയും എം.കെ. കണ്ണന്റെയും പണം നൂറിന് 10 രൂപ പ്രതിമാസക്കണക്കില്‍ സതീഷ്‌കുമാര്‍ പലിശയ്‌ക്കു നല്കുകയായിരുന്നു. മുന്‍ ഡിഐജി ഉള്‍പ്പെടെ ഉന്നത പോലീസ് ഓഫീസര്‍മാരും സതീഷ്‌കുമാറിനെ പണമേല്‍പ്പിച്ചിട്ടുണ്ട്. പാര്‍ട്ടി, പോലീസ് സ്വാധീനങ്ങള്‍ ഉപയോഗിച്ച് പാവപ്പെട്ടവരെ ഭീഷണിപ്പെടുത്തി കൊള്ളപ്പലിശ പിരിച്ചെടുത്തു. സതീഷ്‌കുമാറിന്റെ എല്ലാ ഇടപാടുകള്‍ക്കും സഹായിയായ ആളാണ് മൊഴി നല്കിയ, തൃശ്ശൂര്‍ പാടുക്കാട് സ്വദേശി ജിജോര്‍.

കേസില്‍ കൂടുതല്‍പ്പേരെ മാപ്പുസാക്ഷികളാക്കും. ഇതോടെ സിപിഎം നേതാക്കള്‍ക്ക് കുരുക്ക് മുറുകുന്നു. സിപിഎമ്മും പോലീസും ചേര്‍ന്ന് ആദ്യഘട്ടത്തില്‍ പ്രതികളാക്കിയ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളും മാപ്പുസാക്ഷികളാകുമെന്നാണ് സൂചന.

വായ്പത്തട്ടിപ്പിലും കള്ളപ്പണ ഇടപാടിലും തങ്ങള്‍ കാഴ്ചക്കാര്‍ മാത്രമായിരുന്നെന്നും എല്ലാം തീരുമാനിച്ചിരുന്നത് സിപിഎമ്മായിരുന്നെന്നുമാണ് ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ വെളിപ്പെടുത്തിയത്. പറയുന്നിടത്തൊക്കെ ഒപ്പിടുക മാത്രം. സിറ്റിങ് ഫീസിനത്തില്‍ ഓരോ മീറ്റിങ്ങിനുമുള്ള 500 രൂപയേ കൈപ്പറ്റിയുള്ളൂ. മാപ്പുസാക്ഷികളാകാന്‍ തയാറായവരുടെ പേരുകളും ഇ ഡി ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by