ഭാരത സംസ്കാരത്തെ നശിപ്പിക്കുവാന്‍ കമ്മ്യൂണിസ്റ്റ്-ഇസ്ലാമിസ്റ്റുകളുടെ കാലങ്ങളായുള്ള ശ്രമത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ നടത്താന്‍ശ്രമിച്ച ഓണഘോഷം. പശ്ചിമേഷ്യയിലെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന ഇസ്ലാമിക ഭീകരസംഘടനയായ ഹമാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ക്യാമ്പസില്‍ ഓണാഘോഷം സംഘടിപ്പിച്ചത്. ഓഗസ്റ്റിലോ സെപ്തംബറിലോ ആഘോഷിക്കേണ്ട ഓണം നവംബര്‍ ഒന്പതുവരെ നീട്ടി രാഷ്ട്രീയം കളിക്കുവാനാണ് ഇവര്‍ ശ്രമിച്ചത്. ക്യാമ്പസിലേ ഒരു മത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുപ്പുദ്ദേശിച്ച്, ആകര്‍ഷിക്കുകയെന്ന ഉദ്ദേശമാണ് പ്രീണന ഓണാഘോഷത്തിന് പിന്നിലെ മറ്റൊരു ലക്ഷ്യം. ഇതിനായി കേരളത്തില്‍ എല്ലാവരും ബഹുമാനപൂര്‍വ്വം കാണുന്ന മഹാബലിയെ പാലസ്തീന് പതാക ഉടുപ്പിച്ചു ‘ഐക്യദാര്‍ഢ്യത്തിന്റ ഓണം’ എന്നപേരില്‍ ആദ്യപോസ്റ്റര്‍ ഇറക്കി. മഹാബലിയല്ലെന്ന് ഒരു വിഭാഗം കമ്മ്യൂണിസ്റ്റുകള്‍ പറയുന്നു. എന്നാല്‍ മഹാബലിയെയാണോ മഹാവിഷ്ണുവിന്റെ അവതാരയമായ വാമന മൂര്‍ത്തിയെയാണോ പാലസ്തീന് പതാക ഉടുപ്പിച്ചതെന്ന് അവര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല.
ഇതൊക്കെ വര്‍ഷങ്ങളായി കണ്ടുമടുത്ത ഒരുവിഭാഗം മലയാളി വിദ്യാര്‍ത്ഥികള്‍ ശക്തമായി പ്രതിഷേധിച്ചപ്പോള്‍ ഓണാഘോഷപരിപാടി നടത്താന്‍ നല്‍കിയിരുന്ന കണ്വെന്ഷന് സെന്ററിന്റെ അനുമതി ജെഎന്‍യു അധികൃതര്‍ റദ്ദാക്കി. എന്നാല്‍ മതപരവും സാംസ്കാരികവുമായ ഒരുത്സവത്തെ തങ്ങള്‍ രാഷ്ട്രീയവത്കരിച്ചത് തെറ്റാണെന്ന് മനസിലാക്കാതെ ക്യാമ്പസില്‍ ജന്മാഷ്ടമി തുടങ്ങിയ ആഘോഷങ്ങള്‍ നടത്തിയത് ഉയര്‍ത്തിക്കാട്ടിയും കേരളത്തിനെതിരെയും ദക്ഷിണേന്ത്യക്കെതിരെയുമുള്ള സംഘപരിവാര്‍ അജണ്ടയാണെന്ന് പ്രചരിപ്പിച്ചും കമ്മ്യൂണിസ്റ്റ് സംഘടനകള്‍ പിന്തുണ നേടാനുള്ള ശ്രമം നടത്തിയെങ്കിലും അതില്‍ വിജയിച്ചില്ല. തത്ഫലമായി എല്ലാവര്‍ഷവും 700 ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്ന ആഘോഷത്തിന് പുറത്തുനിന്ന് ആളെ എത്തിച്ചിട്ടുപോലും 150 ഓളം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പങ്കെടുത്തത്. ചുരുക്കത്തില്‍ സാംസ്കാരിക പരിപാടിയെന്ന പേരില്‍ തുടങ്ങിയത് ക്യാമ്പസില്‍ നിത്യേന അരങ്ങേറുന്ന രാഷ്ട്രീയ പരിപാടിയായി ചുരുങ്ങി. അനുമതിയില്ലാത്തതിനാല്‍ ക്യാമ്പസിന്റെ മറ്റൊരു ഭാഗത്താണ് പിന്നീട് പരിപാടി നടന്നത്.
ജെഎന്‍യുവില്‍ ജന്മഷ്ടമി നടത്തിയത് സാംസ്കാരിക പരിപാടികള്‍ ഉള്‍പ്പെടുത്തിയാണ്. അതില്‍ രാഷ്ട്രീയം കലര്‍ത്തുകയോ മറ്റ് മതങ്ങളെ അധിക്ഷേപിക്കുകയോ ചെയ്തില്ല. ക്യാമ്പസില്‍ ഈദ് ആഘോഷിക്കുന്നതും അങ്ങനെ തന്നെയാണ്. അതില്‍ ആരും രാഷ്ട്രീയം കലര്‍ത്താറില്ല. ഈദ് ആഘോഷത്തിന്റെ ഭക്ഷണച്ചെലവ് ക്യാമ്പസിലെ പതിനെട്ടോളാം ഹോസ്റ്റല്‍ മെസ്സുകളിലെ എല്ലാ മതവിഭാഗത്തിലെയും വിദ്യാര്‍ത്ഥികളുടെ ബില്ലില്‍ നിന്നാണ് ഈടാക്കുന്നത്. ക്യാമ്പസില്‍ ഈദ് ആഘോഷിക്കുമ്പോള്‍ എല്ലാ മുറികളിലും കയറിയിറങ്ങി പണപ്പിരിവ് നടത്തുന്ന കമ്മ്യൂണിസ്റ്റ് സംഘടനകള്‍ ഹിന്ദുക്കള്‍ വാമനജയന്തിയായും മറ്റുള്ളവര്‍ സാംസ്കാരിക ഉത്സവമായും ആചരിക്കുന്ന ഓണത്തില്‍ രാഷ്ട്രീയം കലര്‍ത്തുക മാത്രമല്ല, പശ്ചിമേഷ്യയിലെ ക്രൈസ്തവ, യസീദി, ജൂത ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന ഹമാസ് തുടങ്ങിയ ഭീകരവാദ സംഘടനകളുടെ പ്രവൃത്തികളെ വെള്ളപൂശാന്‍ ഉപയോഗിക്കുകയും ചെയ്തു.
ഹിന്ദു ഉത്സവങ്ങളുടെ ഭാഗമായി ഹോസ്റ്റലുകളില്‍ പണപ്പിരിവിന് വിദ്യാര്‍ത്ഥികള്‍ ചെല്ലുമ്പോള്‍ ഇതേ ഇടതുസംഘടനകളുടെ നേതൃത്വത്തില്‍ പരിഹസിക്കുന്നത് പതിവാണ്. ഇത്തരത്തില്‍ ഇരട്ടത്താപ്പുമായി പ്രവര്‍ത്തിച്ചിരുന്ന ഇടതുവിദ്യാര്‍ത്ഥി സംഘടനകള്‍ക്കേറ്റ തിരിച്ചടിയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. ക്യാമ്പസിലെ ഓണാഘോഷത്തെ രാഷ്ട്രീയവത്കരിക്കുന്നത് ആദ്യമായിട്ടല്ല. കഴിഞ്ഞ വര്‍ഷത്തെ ഓണത്തിന് തിരുവാതിര നടത്തുവാന്‍ കമ്മ്യൂണിസ്റ്റ് സംഘടനകള്‍ തയ്യാറായിരുന്നില്ല. ജനറല്‍ മീറ്റിംഗില്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തപ്പോള്‍ തിരുവാതിര സവര്‍ണ്ണവും സ്ത്രീശരീരം പ്രദര്‍ശിപ്പിക്കുന്നതും അവരെ അധിക്ഷേപിക്കുന്നതാണെന്നുമായിരുന്നു അവരുടെ വാദം. എന്നാല്‍ ഇതേസംഘടനകള്‍ കേരളത്തില്‍ ലോകത്തെ ഏറ്റവും വലിയ തിരുവാതിര നടത്തി ഗിന്നസ് ബുക്കില്‍ ഇടം നേടുകയും ചെയ്തു. മാത്രമല്ല, സ്ത്രീ സംരക്ഷകരായ ഇവര്‍ ക്യാമ്പസില്‍ കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനയിലെ പെണ്‍കുട്ടി, സഹപ്രവര്‍ത്തകനാല്‍ ഉപദ്രവിക്കപ്പെട്ടുവെന്ന് പരാതിപ്പെട്ടപ്പോള്‍ മൗനം പാലിക്കുകയാണ് ചെയ്തത്.
കേരളത്തിലെ ‘പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ’പോലുള്ള നിരോധിത ഇസ്ലാമിക ഭീകര സംഘടനകളുടെ പ്രവര്‍ത്തകരും അത്തരത്തില്‍ മാനസികാവസ്ഥ വെച്ച് പുലര്‍ത്തുന്നവരും ക്യാമ്പസിലെ കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. ഭാരതത്തിന്റെ അഖണ്ഡത തകര്‍ക്കുകയെന്നതാണ് അവരുടെ ലക്ഷ്യം. സമാനമായി ജെഎന്‍യു കാമ്പസിലെ വിദ്യാര്‍ത്ഥികളെ മതത്തിന്റെയും ജാതിയുടെയും പ്രദേശത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. വിദ്യാര്‍ത്ഥികളെ ഹിന്ദുക്കള്‍, മുസ്ലീങ്ങള്‍, ഉത്തരേന്ത്യക്കാര്‍, ദക്ഷിണേന്ത്യക്കാര്‍, വടക്കുകിഴക്കന്‍ ഇന്ത്യക്കാര്‍ എന്നിങ്ങനെ വിഭജിക്കുന്ന തരത്തിലാണ് അവരുടെ പ്രവര്‍ത്തനവും.
ജാതി-മത-ദേശ ഭേദമില്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം ക്യാമ്പസ് തെരഞ്ഞെടുപ്പിനുപയോഗിക്കുന്നത് ഇടതുവിദ്യാര്‍ത്ഥി സംഘടനകളുടെ സങ്കുചിത രാഷ്ട്രീയത്തിനുദാഹരണമാണ്. എല്ലാവര്‍ഷവും ഓണാഘോഷത്തില്‍ പങ്കെടുത്തിരുന്ന അധ്യാപകര്‍ പോലും പരിപാടിയില്‍ നിന്നും വിട്ടു നിന്നിട്ടും ഭീകരവാദികളുടെ അജണ്ട മനസിലാക്കാതെ വിഷയത്തില്‍ ശശിതരൂര്‍, ഉന്നത വിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു അടക്കമുള്ളവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചത് അക്കാദമിക് സമൂഹത്തിന് തന്നെ അപമാനമായി മാറിയിരിക്കുകയാണ്. ജെഎന്‍യുവിന്റെ ഔദ്യോഗിക വിശദീകരണം വന്നതിനുശേഷമുണ്ടായ പ്രതികരണം മഹാബലിയും കേരളത്തിന്റെ സംസ്കാരവും വോട്ടിനു വേണ്ടി മറക്കുവാന്‍ അദ്ദേഹം തയ്യാറാണെന്ന സൂചനയാണ് നല്‍കുന്നത്.
ഹമാസെന്ന പദത്തിന്റെ അര്‍ഥം ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനമെന്നാണ്. സമൂഹത്തിലെ എല്ലാവര്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയല്ല ഹമാസ് എന്ന് അതിന്റെ പേരില്‍ നിന്നുതന്നെ വ്യക്തമാണ്. അതുകൊണ്ടുതന്നെ ഇന്ന് ഹമാസിന് പിന്തുണ പ്രഖ്യാപിച്ചാല്‍ നാളെ ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ, ജൈന തുടങ്ങിയ വിഭാഗങ്ങള്‍ക്കു വേണ്ടി ഇവര്‍ സംസാരിക്കുമെന്ന് കമ്മ്യൂണിസ്റ്റ് സംഘടനകള്‍ വിശ്വസിക്കുന്നുണ്ടോ. കമ്മ്യൂണിസ്റ്റുകളുടെ മറ്റൊരു വാദം ഹമാസും പാലസ്തീനും തമ്മില്‍ ഒരു ബന്ധവുമില്ലായെന്നാണ്. എന്നാല്‍ ഹമാസിനെ 2006ല്‍ തെരഞ്ഞടുപ്പിലൂടെ അധികാരത്തിലെത്തിച്ചത് ഗാസയിലെ ഈ ജനങ്ങള്‍ തന്നെയാണെന്ന് മറക്കരുത്. ഇത്തരത്തില്‍ സമൂഹത്തില്‍ സങ്കുചിതമായി പ്രവര്‍ത്തിക്കുന്ന ഒരു ഭീകരവാദ സംഘടനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാന്‍ സമത്വത്തിന്റെ ഉത്സവമായ ഓണത്തെ വേദിയാക്കിയത് പ്രതിഷേധാര്‍ഹമാണ്. മാത്രമല്ല തങ്ങളുടെ പ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ ക്യാമ്പസില്‍ നടന്ന ജന്മാഷ്ടമി ആഘോഷത്തെ വിമര്‍ശിക്കുകയും ഈദിനെക്കുറിച്ച് നിശബ്ദത പാലിക്കുകയും ചെയ്തു. കേരളത്തിലെയും ദല്‍ഹിയിലെ തന്നെ മറ്റ് ക്യാമ്പസുകളില്‍ ഈദ് തുടങ്ങിയ ആഘോഷങ്ങളില്‍ ഇത്തരത്തില്‍ രാഷ്ട്രീയം കലര്ത്തുമോയെന്ന് ഇവര്‍ വിദ്യാര്‍ത്ഥി സമൂഹത്തോട് വ്യക്തമാക്കേണ്ടതാണ്. ഭീകരവാദ അക്രമണങ്ങളുണ്ടായി ഹിന്ദുക്കളും ക്രൈസ്തവരുമടക്കം മരിക്കുമ്പോള്‍ യാതൊരുവിധ മനുഷ്യസ്നേഹ പ്രകടനങ്ങളും ഇടതുസംഘടനകളുടെ ഭാഗത്തുനിന്നും ജെഎന്‍യു ക്യാമ്പസില്‍ ഉണ്ടാവാറില്ല. തീവ്ര ഇസ്ലാമിക ആശയങ്ങള്‍ പിന്തുടരുന്ന വിദ്യാര്‍ത്ഥികളുടെ കയ്യിലെ പാവയാണ് ജെഎന്‍യുവിലെയും ദല്‍ഹിയിലെ മറ്റ് വിദ്യാലയങ്ങളിലെയും ഇടതുവിദ്യാര്‍ത്ഥി സംഘടനകള്‍. ഈദിന് സഹായം ചെയ്യുന്ന ഇടതുപക്ഷ സംഘടനകള്‍ ഓണത്തെ ഭീകരവാദികളെ വെള്ളപൂശാന്‍ ഉപയോഗിക്കുന്നത് ശരിയാണോ? ഓണത്തെ മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്റെ ജന്മദിനമായി ആചരിക്കുന്നവരുടെ വികാരം മാനിക്കേണ്ടതല്ലേ? എല്ലാവരുടെയും വിശ്വാസത്തെ മാനിക്കുന്നതല്ലേ സഹിഷ്ണുത. മതേതരമായി ഓണം ആഘോഷിക്കുന്നതിനോട് എല്ലാവരും യോജിക്കുന്നു. പക്ഷെ ഓണത്തെ ഓണമായി തന്നെ ആഘോഷിക്കണം. അതില്‍ രാഷ്ട്രീയനിറം നല്‍കുന്നതും ഭീകരവാദവുമായി ബന്ധപ്പെടുത്തുന്നതും കമ്മ്യൂണിസ്റ്റ് സംഘടനകള്‍ ഉപേക്ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: