എഴുപതുവര്‍ഷം പഴക്കമുള്ള, നിരയും പലകയും ചേര്‍ത്തു പണിഞ്ഞ വീട്. കൂടാതെ തെക്കുഭാഗത്തായിട്ടു കുടുംബക്ഷേത്രവുമുണ്ട്. വീടും ക്ഷേത്രവും നോക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. മാസത്തില്‍ ഒരു ദിവസം വീട്ടുടമ കുടുംബവീട്ടില്‍ വരും. ക്ഷേത്രത്തില്‍ മുന്‍കാലങ്ങളില്‍ എല്ലാ ദിവസവും വിളക്കു കൊളുത്തി പൂജ ചെയ്യുമായിരുന്നു. ഇപ്പോള്‍ അതില്ലാത്തതിനാല്‍ കുടുംബത്തില്‍ പലവിധ പ്രശ്നങ്ങളും ഉണ്ടാകുന്നു. ഇതിന് എന്തെങ്കിലും പോംവഴി നിര്‍ദേശിക്കാമോ?
പണ്ടത്തെ വീടുകള്‍ വെറുതേ അടച്ചുമൂടി ഇടരുത്. നെഗറ്റീവ് എനര്‍ജി തളംകെട്ടും. കുടുംബക്ഷേത്രം വിളക്കു കത്തിക്കാതെ ഇടുന്നത് ഒട്ടും ശരിയല്ല. കുടുംബക്ഷേത്രത്തിന്റെ അപാകത കുടുംബത്തിലെ എല്ലാ അംഗങ്ങളെയും ബാധിക്കും. എല്ലാ ദിവസവും നട തുറന്നു വിളക്കു കത്തിച്ചില്ലെങ്കിലും മാസത്തില്‍ ഒരു ദിവസമെങ്കിലും ഒരു പൂജ തല്ക്കാലം ചെയ്യുക. അതു വെളുത്തവാവായിരുന്നാല് ഏറെ നല്ലത്. വീടു വെറുതേ അടച്ചിടാതെ വാടക കിട്ടിയില്ലെങ്കിലും ആരെയെങ്കിലും താമസിപ്പിക്കാന്‍ ഏര്‍പ്പാട് ഉണ്ടാക്കുക.
വീടിനുനേരേ പുതിയതായി ഒരു ക്ഷേത്രം പണിഞ്ഞ് പൂജ ആരംഭിച്ചു. വീടും ക്ഷേത്രവുമായി ഇരുന്നൂറു മീറ്റര്‍ അകലമേ ഉള്ളു. വീടിനും ക്ഷേത്രത്തിനും ഇടയ്ക്ക് ഒരു പൊതുവഴിയുണ്ട്. വീട് പടിഞ്ഞാറുദര്‍ശനവും ക്ഷേത്രം കിഴക്കുദര്‍ശനവുമാണ്. ഇതിനു ദോഷമുണ്ടോ? ഉണ്ടെങ്കില്‍ പരിഹാരം എന്താണ്?
വീട് പണിത് വര്‍ഷങ്ങള്‍ കഴിഞ്ഞാണു ക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളത്. വീടിനും ക്ഷേത്രത്തിനുമിടയ്ക്കു പൊതുവഴിയുള്ളത് ആശ്വാസകരമാണ്. അനുഭവത്തില്‍ എന്തെങ്കിലും പ്രയാസം തോന്നുന്നുണ്ടെങ്കില്‍ വീടിന്റെ പൂമുഖവാതിലിനു മാറ്റം വരുത്തേണ്ടതാണ്. വീടിന്റെ മുന്‍വശത്തു മുള നട്ടു വളര്‍ത്തുക. മനോഹരമായ കുറ്റിച്ചെടികളും പൂക്കളും നട്ടുവളര്‍ത്തുക. കഴിയുന്നതും ക്ഷേത്രത്തിനുനേരേയുള്ള ഗേറ്റു മാറ്റേണ്ടതാണ്.
പന്ത്രണ്ടു വര്‍ഷം പഴക്കമുള്ള ഒരു വീടു വാടകയ്ക്കെടുത്തു താമസമായി. കുടുംബാംഗങ്ങള്‍ക്ക് എല്ലായ്പ്പോഴും അപകടങ്ങളും ആരോഗ്യപ്രശ്നങ്ങളുമാണ്. താല്‍ക്കാലികമായെങ്കിലും വാസ്തുദോഷമകറ്റുന്നതിന്എന്തെങ്കിലും നിര്‍ദേശിക്കാമോ?
വാടകവീട് ആയതിനാല്‍ സ്ഥിരമായ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുകയില്ല. എന്നാല്‍, കിടക്കുന്ന മുറിയില്‍നിന്നും മാറി കിടക്കുവാന് നോക്കുക. ഒരു തെക്കോട്ടോ കിഴക്കോട്ടോ തലവച്ചു കിടക്കുവാന് നോക്കണം. രാവിലെയും വൈകുന്നേരവും കൃത്യമായി വിളക്കു കൊളുത്തണം. സന്ധ്യാസമയത്ത് ലക്ഷ്മീവിളക്കു കത്തിച്ചു വീടിന്റെ മുന്‍വശത്തു തറയില്‍ വയ്ക്കുക. ഗൃഹത്തില്‍ ഒരു സത്യനാരായണ പൂജ ചെയ്യിക്കുക. തല്ക്കാലം ഈ വക കാര്യങ്ങള്‍ മതിയാകും.
നാല്പതുസെന്റ് ഭൂമിയില്‍ വീടുവച്ച് താമസിക്കുന്ന കുടുംബം. വീടിന്റെ വടക്കുഭാഗത്തായി കുടുംബനാഥന് നടത്തിക്കൊണ്ടിരിക്കുന്ന നെയ്ത്തുശാലയും ഉണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി നെയ്ത്തുശാല പ്രവര്‍ത്തിക്കുന്നില്ല. നല്ല രീതിയില്‍ ഫൗണ്ടേഷനും ചുമരുകളും കെട്ടി പണികഴിപ്പിച്ച ഹാളാണ്. ഇതു വീടാക്കി മാറ്റുവാന്‍ ഉദ്ദേശിക്കുന്നു. എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
നെയ്ത്തുശാല അതല്ലെങ്കില്‍ ഇതുപോലെയുള്ള സ്ഥാപനങ്ങള്‍ വീടാക്കി മാറ്റുവാന്‍ ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാന ബെഡ്റൂമുകളും അടുക്കളയുടെ സ്ഥാനവും പ്രത്യേകം ശ്രദ്ധിക്കണം. നിലവിലുള്ള പൂമുഖവാതില്‍ മാറ്റി ഗൃഹാന്തരീക്ഷത്തിന് അനുയോജ്യ മായ രീതിയില്‍ മുന്‍വാതില്‍ കൊടുക്കേണ്ടതാണ്. വീടിന്റെ തറലെവല്‍ ഒരേ രീതിയില്‍ത്തന്നെയായിരിക്കണം. വീടാക്കി മാറ്റുമ്പോള്‍ ചുറ്റളവു കൃത്യമായിരി ക്കണം. വാഹനം കൊണ്ടിടുന്ന ദിക്ക് അനുയോജ്യമായിരിക്കണം. നല്ല സൂര്യപ്രകാശവും വായുവും കടക്കത്തക്കവിധത്തില്‍ വാതിലും ജനലുകളും കൊടുക്കണം. ഒരു വാസ്തുപണ്ഡിതനെ വിളിച്ചു കാണിച്ചശേഷം വീടാക്കി മാറ്റുന്നതാണ് ഉത്തമം.
ഒരു ക്ലിനിക്ക് തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നു. പ്രസ്തുത പ്ലാനില്‍ വാസ്തുശാസ്ത്രപരമായി എന്തെല്ലാം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പണിയേണ്ടത്?
കെട്ടിടത്തിന്റെ പടിഞ്ഞാറ് അല്ലെങ്കില്‍ വടക്കുപടിഞ്ഞാറ് ആയിരിക്കണം പരിശോധനാമുറി, ഡോക്ടര്‍ രോഗികളെ പരിശോധിക്കേണ്ടതു കിഴക്ക് അല്ലെങ്കില്‍ വടക്ക് നോക്കി വേണം. മെഡിക്കല്‍ യന്ത്രങ്ങള്‍ സജ്ജീകരിക്കേണ്ടതു വലിയ ഹാള്‍ ആണെങ്കില്‍ തെക്കുകിഴക്കുഭാഗത്തായിരിക്കണം. പെട്ടെന്ന് അസുഖം മാറാന്‍ വേണ്ടി രോഗികളെ തെക്കുപടിഞ്ഞാറ് മുറിയില്‍ കിടത്തുന്നത് ഉത്തമം. കൂടാതെ രോഗികളുടെ തല തെക്കോട്ട് വരത്തക്കവിധത്തില്‍ കിടത്തുന്നത് നല്ലതാണ്. തീവ്രപരിചരണവിഭാഗമുറിയും തെക്കുപടിഞ്ഞാറു വരുന്നത് ഉത്തമമാണ്. ഓപ്പറേഷന് തിയേറ്ററുകള്‍ കിഴക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തും വരുന്നത് ഉത്തമം. ക്ലിനിക്കുകള്‍ സമചതുരമായോ ദീര്‍ഘചതുരമായോ പണിയുന്നത് ഊര്‍ജപ്രവാഹം ക്രമീകരിക്കുവാന്‍ സഹായകമാണ്.
ഇരുപതുവര്‍ഷം പഴക്കമുള്ള വീട്. ആദ്യം പണിഞ്ഞപ്പോള്‍ 400 സ്ക്വയര്‍ഫീറ്റ് മാത്രമുള്ളതായിരുന്നു. പലപ്രാവശ്യമായി എക്സ്റ്റന്റ് ചെയ്ത് ഇപ്പോള്‍ 1200 സ്ക്വയര്‍ഫീറ്റ് ആയി. വീടിനകത്തെ തറനിരപ്പ്, കയറിയും ഇറങ്ങിയുമാണ്. ഈ അടുത്ത കാലത്ത് തെക്കു ഭാഗത്തായി ഒരു മുറികൂടി നീട്ടിയെടുത്തു. വീട്ടിന്റെ ഇപ്പോഴത്തെ അവസ്ഥ എല്ലാത്തരത്തിലും കഷ്ടപ്പാടു നിറഞ്ഞതാണ്. ഇതിന് എന്തെങ്കിലും പരിഹാരം നിര്‍ദേശിക്കാമോ?
വീടിന്റെ അവസ്ഥയെപ്പറ്റി പറഞ്ഞതില്‍നിന്നും മനസ്സിലാക്കുന്നത് അവിടെ ശരിയായ രീതിയിലുള്ള ഊര്‍ജപ്രവാഹം കിട്ടുന്നില്ല എന്നാണ്. ഭൗമോര്‍ജവും പ്രാപഞ്ചികോര്‍ജവും ഒരു വീടിന് പ്രാണവായുവാണ്. അതില്‍ വസിക്കുന്ന മനുഷ്യര്‍ക്കും ഇതു ബാധകമാണ്. ഒരു വീടിനെ സംബന്ധിച്ചു തറ ഒരേ നിരപ്പിലല്ലെങ്കില്‍ ഭൗമോര്‍ജം വികര്‍ഷിക്കും. കൂടാതെ ക്രമംതെറ്റിയുള്ള ജനല്‍, വാതിലുകള്‍ അവശ്യം വേണ്ട ഊര്ജപ്രവാഹത്തെ ശരിയായ രീതിയില്‍ കടത്തിവിടുകയില്ല. പല പ്രാവശ്യങ്ങളായി ഒരു ഗൃഹം എക്സ്റ്റെന്റ് ചെയ്യുന്നതു ദോഷകരമാണ്. വാസ്തുദോഷം അറിയാവുന്ന ഒരു വ്യക്തിയെ കാണിച്ചു വേണ്ട ക്രമീകരണങ്ങള്‍ ചെയ്യണം.
(വാസ്തുശാസ്ത്ര വിദഗ്ധനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ‘സ്ഥപതി’യുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: