Categories: Samskriti

ഭസ്മക്കുളം

ശബരിമല: സങ്കല്‍പ്പവും ചരിത്രവും-1

Published by

ബരിമല തീര്‍ത്ഥാടനം തുടങ്ങുകയായി. ശബരിമല തീര്‍ത്ഥാടനത്തേയും ക്ഷേത്രത്തെയും കുറിച്ചുള്ള സങ്കല്‍പ്പവും ചരിത്രവും ചിലത് വായിക്കാം.

സ്വാമി അയ്യപ്പനെക്കുറിച്ചുള്ള ഏത് പരാമര്‍ശത്തിലും വിഷയമാകുന്നതാണ് ഭസ്മവും കര്‍പ്പൂരവും നെയ്യും നെയ്യഭിഷേകവും മറ്റും. ഭസ്മവും ഭസ്മക്കുളവും സംബന്ധിച്ച ഐതിഹ്യവും വിശ്വാസവും സങ്കല്‍പ്പവും സംബന്ധിച്ച ചില വിശേഷങ്ങള്‍ ഇങ്ങനെ:

ക്ഷേത്രമുണ്ടായ കാലത്തുണ്ടായ ഒട്ടേറെ കിണറുകള്‍ സന്നിധാനത്തുണ്ടായിരുന്നു. അതില്‍നിന്ന് കുടിക്കാനും കുളിക്കാനും വെള്ളം ഉപ യോഗിച്ചിരുന്നു. വിഖ്യാതമായ ഭസ്മക്കുളം കൂടാതെ പാത്രക്കുളം എന്ന പേരില്‍ ഒരു കുളവും ഉണ്ടായിരുന്നു. പില്‍ക്കാലത്ത് ചില കിണറുകള്‍ കുളങ്ങളാക്കി. കുറേ കിണറുകള്‍ സ്ലാബിട്ടു മൂടി. പിന്നീട് ഭസ്മക്കുളവും പാത്രക്കുളവും മാത്രം പ്രത്യേകം കല്ലുകെട്ടി സംരക്ഷിച്ചു.

പാത്രക്കുളത്തില്‍ പാത്രങ്ങള്‍ കഴുകുന്നതിനും സോപ്പ് ഉപയോഗിക്കുന്നതിനും ആദ്യകാലത്ത് അനുവാദമുണ്ടായിരുന്നു. എന്നാല്‍, ഭസ്മക്കുളത്തില്‍ ഇതൊന്നും അനുവദിച്ചിരുന്നില്ല. കുളത്തില്‍ ധാരാളം നീരുറവകളുണ്ടായിരുന്നതുകൊണ്ടും കുമ്പളം തോട്ടില്‍നിന്ന് പൈപ്പുലൈന്‍വഴി വെള്ളം വിട്ടിരുന്നതുകൊണ്ടും ഈ കുളത്തിലെ വെള്ളം മലിനമാകാറില്ലായിരുന്നു.

തപസ്വിനിയും കന്യകയുമായ ശബരി യാഗാഗ്‌നിയില്‍ ദഹിച്ച സ്ഥാനത്ത് ആ സ്മരണയ്‌ക്കെന്ന സങ്കല്‍പ്പമാണ് ഭസ്മവാഹിനിയായ ഈ ദിവ്യകുളത്തിന്. ഈ തീര്‍ത്ഥത്തിലെ സ്‌നാനം പാപനാശകാരണമാകുമെന്നാണ് ഐതിഹ്യം. എന്നാല്‍, സന്നിധാനത്തില്‍ തിരക്കേറിയതോടെ തീര്‍ത്ഥാടകരുടെ ഉപയോഗക്കൂടുതല്‍ നിമിത്തം ഭസ്മക്കുളം മലിനമായി. 1952ലെ ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനുശേഷമാണ് ഭസ്മക്കുളം കെട്ടിവെടിപ്പാക്കിയത്. ഈ കുളത്തില്‍ കുളിച്ച് ഈറനോടെയാണ് അയ്യപ്പന്മാര്‍ തിരുമുറ്റത്ത് ശയനപ്രദക്ഷിണം നടത്തിയിരുന്നത്. കുളം ഉറവ വറ്റാത്തതാണ്. ഇപ്പോള്‍, ജലം മലിനമാകുമ്പോള്‍ അത് പമ്പുചെയ്ത് പുറത്തു കളഞ്ഞശേഷം ശുദ്ധജലം നിറയ്‌ക്കാറുണ്ട്.

പതിറ്റാണ്ടുകള്‍ മുമ്പ്, ഈ കുളം മൂടി മറ്റൊന്ന് കുഴിക്കാമെന്ന് അഭിപ്രായം ദേവസ്വം അധികാരികളില്‍നിന്നുണ്ടായി. വിശ്വാസവും ഐതിഹ്യവും മാനിക്കാത്തവര്‍ എക്കാലത്തുമുണ്ടാകുമല്ലോ. എന്നാല്‍ പല തലത്തിലുള്ള എതിര്‍പ്പുകളെ തുടര്‍ന്ന് അന്ന് ആ നിര്‍ദേശം നടപ്പായില്ല. 1987വരെ പല സ്ഥലങ്ങളിലും കുളം കുഴിക്കാന്‍ സ്ഥാനം നോക്കിയെങ്കിലും ഉറവ കണ്ടില്ല. 1987ല്‍ കൃത്രിമമായി കുളം കുഴിക്കുകയും മുമ്പ് ഉണ്ടായിരുന്ന കുളം മണ്ണിട്ടു നികത്തുകയും ചെയ്തു!

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക