കാസര്‍കോട്: എന്‍ഡോസള്‍ ഫാന്‍ പുനരധിവാസ കേന്ദ്രങ്ങളില്‍ തെറാപ്പിസ്റ്റുകളുടെ നിയമനം വൈകുന്നതില്‍ പ്രതിഷേധം വ്യാപകമാവുന്നു.എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തുകളിലെ സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള മാതൃകാശിശു പുനരധിവാസ കേന്ദ്രങ്ങളിലാണ് (ബഡ്‌സ് സ്‌കൂള്‍) തെറാപ്പിസ്റ്റുകളെ നിയമിക്കാത്തത്. കൂടിക്കാഴ്ച കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും തെറാപ്പിസ്റ്റുകളുടെ നിയമനം നടന്നില്ലെന്നാണ് പരാതി. ഇതോടെ ഭിന്നശേഷിക്കാരായ നിരവധി കുട്ടികളാണ് ദുരിതത്തിലായത്.
ജില്ലയില്‍ ആറ് എംസി ആര്‍സികളാണ് നിലവിലുള്ളത്. സ്പീച്ച്, ഫിസിയോ, ഒക്യുപേഷനല്‍ എന്നിങ്ങനെ മൂന്ന് വീതം തെറാപ്പിസ്റ്റുകളാണ് ഓരോ കേന്ദ്രത്തിലും വേണ്ടത്. എന്നാലിപ്പോള്‍ 18 തെറാപ്പിസ്റ്റുകള്‍ വേണ്ടിടത്ത് ആകെയുള്ളത് മൂന്ന് പേര്‍ മാത്രമാണ്.
ഒരു വര്‍ഷത്തിലധികമായി പലയിടത്തും ആവശ്യത്തിന് തെറാപ്പിസ്റ്റുകളില്ലാതെയാണ് ബഡ്‌സ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 16, 17 തീയതികളില്‍ തെറാപ്പിസ്റ്റുകളെ താല്‍ക്കാലികമായി നിയമിക്കുന്നതിനായി കൂടികാഴ്ച നടത്തിയെങ്കിലും ഇതുവരെയായി നിയമനം നടത്തിയിട്ടില്ല.
എംസിആര്‍സികളിലെത്തുന്ന 75 ശതമാനം കുട്ടികളും ഓരോ തെറാപ്പിക്ക് വിധേയമാകുന്നവരാണ്. എന്നാല്‍ സ്ഥിരമായ തെറാപ്പികള്‍ ചെയ്തിരുന്ന ഭിന്നശേഷി കുട്ടികളെ ഇപ്പോള്‍ സ്വകാര്യസ്ഥാപനങ്ങളില്‍ കൊണ്ടുപോയാണ് തെറാപ്പി ചെയ്യുന്നത്. ഇതിനായി 500 മുതല്‍ 700 രൂപ വരെ ഒരു ദിവസം ചെലവാകുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രക്ഷിതാക്കള്‍ക്ക് ഇതു വലിയ ബാധ്യതയാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: