പാലസ്തീന് ജനതയെ ഭീകരരാക്കുന്നവര് സാമ്രാജ്യത്വവാദികളെന്ന് പാലസ്തീന് ഐക്യദാര്‍ഢ്യറാലി ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യത്തെ മറച്ചുപിടിക്കലാണ്. പാലസ്തീന് ജനതയെ അല്ല അവര്‍ ഭീകരരാക്കുന്നത്, ഹമാസിനെയാണ്. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഹമാസ് ഇസ്രയേലില്‍ കയറി നടത്തിയ ഭീകരതയെ അപലപിക്കുകയും, പാലസ്തീന് ജനതയ്ക്കു വേണ്ട സഹായം എത്തിക്കുകയും ചെയ്തത്. ഭീകരരെയും ജനതയെയും തമ്മില്‍ കൂട്ടിക്കുഴച്ച മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. ഇസ്രായേലി രാജ്യത്ത് അനധികൃതമായി കടന്നുകയറി അതിക്രൂരമായ ആക്രമണങ്ങള്‍ നടത്തിയവരെ മുഖ്യമന്ത്രി സ്വാതന്ത്ര്യപോരാളികളെന്ന് വിശേഷിപ്പിച്ചിരിക്കുന്നു. പിണറായി വിജയന് ഇസ്രായേല്‍-പാലസ്തീന് ചരിത്രത്തില്‍ അജ്ഞാതനാണെന്നുവേണം കരുതാന്‍. അല്ലെങ്കില്‍ അദ്ദേഹം അജ്ഞത നടിക്കുന്നു.
ഒരു പ്രകോപനവുമില്ലാതിരുന്ന സാഹചര്യത്തില്‍, ഇക്കഴിഞ്ഞ ഒക്ടോബര്‍ 7ന് ഏകപക്ഷീയമായും അപ്രതീക്ഷിതമായും ഹമാസ് ഭീകരാക്രമണം അഴിച്ചുവിടുകയാണുണ്ടായത്. ഇതിനെ തുടര്‍ന്നാണ് ഇസ്രായേല്‍ യുദ്ധത്തിനു നിര്‍ബന്ധിതരായത്. അവരെ യുദ്ധത്തിലേക്ക് തള്ളിവിട്ട സാഹചര്യം പരിഗണിക്കാതെ ഇസ്രായേലിന്റെ പ്രത്യാക്രമണത്തെക്കുറിച്ചു മാത്രം ഇവര്‍ സംസാരിക്കുന്നു. ഇവിടത്തെ മുസ്ലീം വോട്ടുബാങ്കില്‍ കണ്ണുനട്ടുകൊണ്ടുള്ള ഒരടവുനയം മാത്രമാണിത്. ജൂതര്‍ക്കാണ് കേരളത്തില്‍ വോട്ടുബാങ്ക് ഉണ്ടായിരുന്നതെങ്കില്‍ ഇവരുടെ മാനുഷികമൂല്യങ്ങള്‍ ഇസ്രായേലികളോടൊപ്പമാകുമായിരുന്നു.
1948, 1967, 1973കളിലെ യുദ്ധത്തില്‍ ഏല്‍ക്കേണ്ടിവന്ന തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതെ വീണ്ടും വീണ്ടും ഇസ്രായേലില്‍ കയറി ആക്രമണം നടത്തുകയും തിരിച്ചടി വാങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ മുന്തിരിച്ചടികളെ മറന്നുകൊണ്ടാണ് ഇപ്പോള്‍ ഭീകരാക്രമണം നടത്തിയിരിക്കുന്നത്. ഇത്തവണ ഹമാസ് ഭീകരരെ പാടെ തുടച്ചുനീക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ഇസ്രായേല്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. ഐഎസ് ഭീകരരെപ്പോലെ അതിനിന്ദ്യമായ കൊലപാതകങ്ങളും കൊടുംഭീകരതയുമാണ് ഇസ്രായേലില്‍ കയറി നടത്തിയിരിക്കുന്നത്. ഇത്തരക്കാര്‍ കേരളാ മുഖ്യമന്ത്രിയുടെ കണ്ണില്‍ ഭീകരര്‍ അല്ല. തിരിച്ചടിക്കുന്നവരാണ് ഭീകരര്‍. ഞങ്ങള്‍ ഈ മേഖലയില്‍ ഹമാസിനെ ലക്ഷ്യംവെച്ച് ബോംബാക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് ആക്രമണം നടത്തുന്നത്. എന്നിട്ടും, കുട്ടികളും സ്ത്രീകളും അവിടെ നിന്ന് ഒഴിഞ്ഞുപോകുന്നില്ല. ഹമാസ് കുട്ടികളെയും സ്ത്രീകളെയും മറകളാക്കുന്നു. മുന്‍പ് ഈ തന്ത്രം ഭേദിക്കാതെ ഇസ്രായേല്‍ സൈന്യം പിന്മാറിയിരുന്നെങ്കില്, ഇപ്പോള്‍ ഈ പ്രതിരോധത്തെ കാര്യമാക്കാതെ ഹമാസിനെ ലക്ഷ്യംവെച്ചുള്ള പോരാട്ടം തുടരുന്നു. അതിനാല്‍ കുട്ടികളും, സ്ത്രീകളും ഹമാസ് ഭീകരരെക്കാള്‍ കൂടുതല്‍ കൊല്ലപ്പെടുന്നു. എന്തിന്റെ പേരിലായാലും ഈ അരുംകൊലകള്‍ക്ക് ഒരു പരിഹാരം ഉണ്ടായേ പറ്റൂ.
മുഖ്യമന്ത്രി സ്വാതന്ത്ര്യപ്പോരാളികളെന്നാണ് ഹമാസിനെ വിളിക്കുന്നത്. ആരുടെ സ്വാതന്ത്ര്യം? എന്തില്‍ നിന്നുള്ള സ്വാതന്ത്ര്യം? ഹമാസിനു ഗാസമേഖലയിലെ ഭരണം ജനക്ഷേമകരമായി നടത്തിയാല്‍ പേരെ? എങ്കില്‍, ഇസ്രായേല്‍ അങ്ങോട്ട് തിരിഞ്ഞുപോലും നോക്കില്ല. ഇസ്രായേലിലേക്ക് കയറി ആക്രമിക്കുമ്പോഴാണ് അതിന് പതിന്മടങ്ങ് തിരിച്ചടി നല്‍കാനായി ഇസ്രായേല്‍ സൈന്യം ഗാസയിലേക്ക് കയറുന്നത്. 1948ലും, 1967ലും, 1973ലും ആരാണ് ആദ്യം കയറി ആക്രമിച്ചത്?
അവിടെ ആദ്യം വേണ്ടത് ഫത്താപാര്‍ട്ടിയും ഹമാസും പരസ്പരം തല്ലാതെ ലക്ഷ്യബോധമുള്ള രണ്ട് രാഷ്ട്രീയ പാര്ട്ടികളാകണം. എന്നിട്ട്, ഗാസമേഖലയും പാലസ്തീന് മേഖലയും കൂട്ടിച്ചേര്‍ത്ത് ഒരൊറ്റരാജ്യമായി പ്രഖ്യാപിച്ച് അവിടെ സമാധാനത്തോടും അന്തസ്സായും ജീവിച്ച് കാണിക്കണം. എന്നിട്ട്, ഇസ്രായേല്‍ പ്രദേശത്തെ അവര്‍ സമ്പല്‍സമൃദ്ധമാക്കി മാറ്റിയെടുത്തതുപോലെ പാലസ്തീന് രാജ്യത്തെയും സമ്പല്‍സമൃദ്ധമാക്കി മാറ്റിയെടുക്കുകയാണ് വേണ്ടത്. അല്ലാതെ ഇന്ന് ഇസ്രായേലിന്റെ അവിഭാജ്യഘടകമായിരിക്കുന്ന അവരുടെ കൈവശമുള്ള വെസ്റ്റ്ബാങ്കിന്റെ കുറെ ഭാഗത്തിനു വേണ്ടി ഹമാസ് എത്ര കോപ്രായങ്ങള്‍ കാട്ടിയാലും ഇനി അത് തിരിച്ചു കിട്ടാന്‍ പോകുന്നില്ലായെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കണം. അതിനുവേണ്ടിയാണ് ഈ പോരാട്ടമെന്ന് പറയുന്ന മുഖ്യമന്ത്രി 1962ല്‍ ചൈന നമ്മില്‍ നിന്നും പിടിച്ചെടുത്ത സ്ഥലം നമുക്ക് തിരിച്ചുതരേണ്ടതാണെന്ന് പറഞ്ഞിട്ടുണ്ടോ? അമേരിക്കയിലെ ക്യൂബന്‍ എംബസിക്ക് നേരെ ആക്രമണം ഉണ്ടായപ്പോള്‍ അപലപിച്ചു, ബ്രിട്ടണിലെ ഇന്ത്യന്‍ എംബസിക്കു നേരെ ആക്രമണമുണ്ടായപ്പോള്‍ അപലപിച്ചിട്ടുണ്ടോ? ഇതാണ്, പിണറായിയുടെ കമ്യൂണിസ്റ്റ് നയം. ഇസ്രായേല്‍ പൂര്‍ണ്ണമായും ഗാസമേഖല പാലസ്തീനു വിട്ടുകൊടുത്തതാണ്. അതിനുശേഷം പ്രത്യാക്രമണത്തിനു അല്ലാതെ ഇസ്രായേല്‍ ഗാസയില്‍ കാലുകുത്തിയിട്ടുണ്ടോ? ഹമാസ് സ്വന്തം പ്രദേശത്തിന്റെ സമ്പല്സമൃദ്ധിക്കുവേണ്ടിയാണ് യത്നിക്കേണ്ടത്. അല്ലാതെ, അപ്പുറത്ത് കടന്നുകയറി ആക്രമണം നടത്തുന്നതിനെ ജനിച്ച നാടിനുവേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നതെന്ന് പറയരുത്.
ബിസി 1300 ലാണ് ഇസ്രായേലികള്‍ ആ പ്രദേശത്ത് എത്തുന്നത്. എഡി പതിനൊന്നാം നൂറ്റാണ്ടുമുതല്‍ അസീറിയക്കാരും, ബാബിലോണിയരും, റോമാക്കാരും ഉള്‍പ്പെടെയുള്ളവര്‍ തകര്‍ത്തെറിഞ്ഞ ഇസ്രായേലില്‍ അവര്‍ക്ക് അവിടെ നില്ക്കകള്ളിയില്ലാത്ത അവസ്ഥ വന്നു. അങ്ങനെ അവിടെ നിന്ന് പലായനം ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരായി. 15-ാം നൂറ്റാണ്ടില്‍ തൂര്‍ക്കിയുടെ കീഴിലുള്ള ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭരണകാലത്താണ് മുസ്ലീംകള്‍ അവിടെ വ്യാപകമായി കുടിയേറി തുടങ്ങിയത്. യഹൂദര്‍ക്ക് ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുണ്ടായ തിക്താനുഭവങ്ങളാല്‍, യഹൂദരെ വീണ്ടും അവരുടെ സ്വന്തം ദേശത്ത് കൂട്ടിയോജിപ്പിക്കാനായി ‘സയണിസ്റ്റ്മൂവ്മെന്റ്’ തുടങ്ങി. അതിന്റെ ഫലമായാണ് യഹൂദര്‍ അവരുടെ ദേശത്തേക്ക് മടങ്ങി വന്നത്.
1947ല്‍ ആ പ്രദേശം പകുത്തു രണ്ടു രാജ്യങ്ങളാക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചു. 1948ല്‍ ഈ തീരുമാനപ്രകാരം ഇസ്രായേല്‍ രാജ്യം നിലവില്‍ വന്നു. പാലസ്തീന് ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഐക്യരാഷ്ട്രസഭ ഉടലെടുത്തശേഷം അവര്‍ പ്രഖ്യാപിച്ച രാജ്യങ്ങള്‍ പലതും നിലവില്‍ വന്നുവെങ്കിലും ഐക്യരാഷ്ട്രസഭയുടെ ഈ തീരുമാനം മാത്രം നടപ്പാകാതെപോയി. ഐക്യരാഷ്ട്രസഭയുടെ ഈ തീരുമാനത്തെ ലംഘിച്ചുകൊണ്ട് അറബിരാജ്യങ്ങള്ക്കിടയില് മറ്റൊരു രാജ്യം അനുവദിക്കില്ലെന്നു പറഞ്ഞുകൊണ്ട് 1948ല്‍ തന്നെ ഇസ്രായേലിനു ചുറ്റുമുള്ള അറബ്രാജ്യങ്ങള്‍ ഇസ്രായേലിനെ വളഞ്ഞിട്ട് ആക്രമിച്ചെങ്കിലും അവര്‍ പരാജയപ്പെട്ടു. 1967ല്‍ സകല സന്നാഹങ്ങളോടും കൂടി അറബിരാജ്യങ്ങള്‍ വീണ്ടും യുദ്ധം തുടങ്ങി. ഈ യുദ്ധത്തില്‍ ഐക്യരാഷ്ട്രസഭ പാലസ്തീനു നല്കിയ ഗാസാമേഖലയും വെസ്റ്റുബാങ്കും ഇസ്രായേല്‍ പിടിച്ചെടുക്കുന്നു. തുടര്‍ന്ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ച സ്ഥലംമാത്രം കിട്ടിയാല്‍ മതിയെന്ന് പാലസ്തീന് ഐക്യരാഷ്ട്രസഭയോടു കേഴുന്നു. പിന്നീട് പിഎല്‍ഒ നേതാവ് യാസര്‍ അരാഫത്തുമായി നടന്ന ചര്‍ച്ചയെത്തുടര്‍ന്ന് ലോകനേതാക്കള്‍ ഇടപെട്ടും ഗാസമേഖല പൂര്‍ണ്ണമായും പാലസ്തീനു വിട്ടുകൊടുക്കുന്നു. ഇസ്രായേലിന്റെ കൈവശമുള്ള വെസ്റ്റ്ബാങ്ക് മേഖലയില്‍ 5 ലക്ഷം ഇസ്രായേലി കുടുംബങ്ങളെ കുടിയേറിപ്പാര്‍പ്പിച്ചു. അങ്ങനെ ആ പ്രശ്നം അവസാനിച്ചതാണ്. പാലസ്തീന് മേഖലയും, ഗാസയും, അവശേഷിച്ച വെസ്റ്റ്ബാങ്ക് മേഖലയും ഒരു രാജ്യമായി അംഗീകരിക്കപ്പെട്ടു. പാശ്ചാത്യരാജ്യങ്ങള്‍ അടക്കം ഈ രാജ്യത്തെ അംഗീകരിച്ചു. ഐക്യരാഷ്ട്രസഭയുടെ അംഗീകാരവും നേടി.
ഇത്തരമൊരു രാജ്യത്ത് ഫത്താപാര്ട്ടിയുടെ നേതാവ് അരാഫത്ത് ഭരണം തുടരുന്നതിനിടയില്‍ 2004ല്‍ അദ്ദേഹം മരണപ്പെടുന്നു. തുടര്‍ന്ന് ഹമാസ് വീണ്ടും തലപൊക്കുന്നു. 2007ല്‍ പാലസ്തീന് രാജ്യത്തെ സൈനികരുമായുള്ള സായുധ പോരാട്ടത്തില്‍ ഹമാസ് ഗാസയുടെ അധികാരം പിടിച്ചെടുത്തതിനെ തുടര്‍ന്ന് വീണ്ടും ഇസ്രായേല്‍ ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നു. ഗാസയില്‍ ഭരണത്തിലേറിയ ഹമാസ് ഭരണകൂടം ഗാസയുടെ വികസനത്തിനും ജനക്ഷേമത്തിനും വേണ്ടിയല്ല ശ്രമിച്ചത്. അവര്‍ ഇസ്രായേലികളെ ആക്രമിക്കുകയെന്ന അജണ്ട മാത്രം ഏറ്റെടുത്തു മുന്നോട്ടുപോയി. അവിടെ വൈദ്യുതി നിലയങ്ങള്‍ സ്ഥാപിക്കാനോ ശുദ്ധജലസംവിധാനം ഉണ്ടാക്കുവാനോ, തൊഴില്‍ ശാലകള്‍ തുടങ്ങുവാനോ ഹമാസ് ഭരണകൂടം തയ്യാറായില്ല. അവിടത്തെ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയായിരുന്നു. ഇസ്രായേലിന്റെ ഭരണകാലത്ത് അവര്‍ സ്ഥാപിച്ച വൈദ്യുതി-ജല സംവിധാനങ്ങളേ അവിടെ നിലവിലുള്ളൂ. ഹമാസ് ഭരണകൂടത്തിന്റെ ശ്രദ്ധ മുഴുവന്‍ ഇസ്രായേലിനെ ആക്രമിക്കുന്നതില്‍ മാത്രമായി ഒതുങ്ങി. അതിന്റെ ഭാഗമാണ് ഇക്കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ആക്രമണവും.
മുഖ്യമന്ത്രി പിണറായി വിജയനും ചില രാഷ്ട്രീയക്കാരും അവരുടെ നിലനില്‍പ്പിനായി ഹമാസിന്റെ പക്ഷം ചേരുമെങ്കിലും മുസ്ലീം സമൂഹം ഹമാസ് ഭീകരരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ഇവര്‍ മതവികാരം ഉപേക്ഷിച്ച് യാഥാര്‍ത്ഥ്യത്തോടെ ചിന്തിക്കണം. ഇപ്പോള്‍ മുസ്ലീം സമൂഹം മതകാഴ്ചപ്പാടിലൂടെ മാത്രമാണ് ഹമാസ് ഭീകരെ കാണുന്നത്. അതിനാല്‍ ഹമാസിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്കുന്ന പ്രവൃത്തികളില്‍ ഈ സമൂഹം ഏര്‍പ്പെടുന്നു. ഇസ്രായേലിനെ യുദ്ധത്തിലേക്ക് ഹമാസ് വലിച്ചിഴക്കുകയായിരുന്നുവെന്ന യാഥാര്‍ത്ഥ്യബോധം ഉണ്ടായാലേ ഹമാസ് ഭീകരരെ തള്ളിപ്പറയാന്‍ കഴിയൂ. ഇസ്ലാം മതത്തിലെ ഒരുകൂട്ടര്‍ മതാന്ധത ബാധിച്ച് തീവ്രവാദത്തിലേക്കും ഭീകരതയിലേക്കും നീങ്ങുമ്പോള്‍ മറ്റുള്ളവര്‍ക്ക് ചെറുത്തു നില്‍പ്പും പ്രതിരോധവും ആവശ്യമായി വരുന്നു. ഹമാസിനെയും ഐഎസിനെയും മുസ്ലീം സമൂഹം തള്ളിപ്പറയാത്തിടത്തോളം കാലം ഇവരുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിക്കാനും പോകുന്നില്ല. മതാന്ധതയിലും തീവ്രവാദത്തിലും, ഭീകരപ്രവര്‍ത്തനങ്ങളിലും മുഴുകിയിരിക്കുന്ന ഹമാസിനെ മുസ്ലീം സമുഹത്തില്‍ നിന്നും മാറ്റിനിര്‍ത്തിയാലേ അവരുടെ പ്രതിച്ഛായ ഉയരുകയുള്ളൂ. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം കിട്ടാനായി ഹമാസ് രാഷ്ട്രീയ മുഖംമൂടിയും സേവന മുഖംമൂടിയും എടുത്തണിഞ്ഞുകൊണ്ടിരിക്കുന്നതും ഈ സമൂഹം തിരിച്ചറിയണം.
ഇസ്രായേലിനിപ്പോള് കൃത്യമായൊരു ഭൂപ്രദേശമുണ്ട്. പാലസ്തീനും, ഹമാസിനും കൃത്യമായ ഭരണപ്രദേശമുണ്ട്. പാലസ്തീന് ഭരണകൂടവും ഹമാസ് ഭരണകൂടവും യോജിച്ച് ഒരു പാലസ്തീന് രാഷ്ട്രം സൃഷ്ടിക്കണം. ഇരുവര്‍ക്കും യോജിക്കാനാവുന്നില്ലെങ്കില്‍ പ്രത്യേകം പ്രത്യേകം രാജ്യങ്ങളായി നിലകൊള്ളുകയാണ് വേണ്ടത്. അവിടെ ഭീകരത ഉപേക്ഷിച്ച് സമാധാനപരമായ ഭരണകൂടം ഉറപ്പുവരുത്തണം. അല്ലാതെ ഇസ്രായേലില്‍ കയറി ആക്രമിച്ച് യുദ്ധം വിളിച്ചു വരുത്തരുത്. തിരിച്ചടിക്കാന്‍ ഗാസയില്‍ ഇസ്രായേല്‍ കയറുമ്പോള്‍ അധിനിവേശമെന്ന് ലോകത്തോടു വിളിച്ചുകൂവുന്ന ഏര്‍പ്പാടും നിറുത്തണം. എന്തുതന്നെയായാലും യുദ്ധവും തീവ്രവാദവും ഒന്നിനും പരിഹാരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: