പത്തനാപുരം: ദിവസം കുറഞ്ഞത് ഇരുപത് തവണ കറണ്ട് കട്ട് ചെയ്യുന്ന ഇലക്ട്രിസിറ്റി ബോര്‍ഡിനെക്കൊണ്ട് എണ്ണായിരത്തോളം രൂപയുടെ ചില്ലറത്തുട്ടുകള്‍ എണ്ണിച്ച് പഞ്ചായത്തംഗത്തിന്റെ പ്രതിഷേധം. കെഎസ്ഇബി പട്ടാഴി സെക്ഷന്‍ ഓഫീസിലാണ് സംഭവം.
തലവൂര്‍ മേഖലയില്‍ ബില്‍ അടയ്‌ക്കാത്തവരുടെ വൈദ്യുതി വിച്ഛേദിക്കുന്ന അവസാന ദിവസമായിരുന്നു ഇന്നലെ. വാര്‍ഡിലെ ഒന്‍പതു പേരുടെ ബില്ലും പണവുമായി നേരിട്ടെത്തിയത് തലവൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാലുംമൂട് വാര്‍ഡ് അംഗം സി. രഞ്ജിത്ത്. ബില്ലുകളുടെ തുക പ്രത്യേകം പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടി വലിയ സഞ്ചി നിറയെ നാണയവുമായി തോളിലേറ്റിയാണ് രഞ്ജിത് എത്തിയത്. 3250 മുതല്‍ 1500, 950 എന്നിങ്ങനെയായിരുന്നു ബില്ലിലെ തുക. പണമാകട്ടെ ഒന്നും, രണ്ടും, അഞ്ചും, പത്തും അടങ്ങിയ നാണയത്തുട്ടുകള്‍. വൈദ്യുത ചാര്‍ജ് വര്‍ധനവിനെതിരെയുള്ള പ്രതിഷേധം കൂടിയായിരുന്നു ഇത്. അസി. എന്‍ജിനീയറും മുഴുവന്‍ ജീവനക്കാരും കൂട്ടത്തോടെ ഇരുന്നാണ് നാണയത്തുട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തിയത്.
ബില്ലു നല്‍കിയതിനു ശേഷം പണത്തിനായി കൈനീട്ടിയ കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്കിയത് ഒരു സഞ്ചി നിറയെ നാണയം. അമ്പരന്ന ജീവനക്കാരോട് പരാതി പറഞ്ഞ് മടുത്തതുകൊണ്ടാണ് പണം നേരിട്ടെത്തിച്ചതെന്ന് രഞ്ജിത്തിന്റെ മറുപടി. സംഗതി ഇങ്ങനെതന്നെ തുടരാനാണെങ്കില്‍ അടുത്ത തവണ വാര്‍ഡിലെ മുഴുവന്‍ ബില്ലും നാണയമാക്കി പിക്ക് അപ്പ് വാന്‍ വിളിച്ചു വരുമെന്ന് മുന്നറിയിപ്പ്.
‘നിങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് വിചാരിച്ചട്ടല്ല. ഒന്നുകില്‍ നേരത്തെ അറിയിച്ചിട്ട് അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായി വൈദ്യുതി മുടക്കണം. അല്ലാതെ ഇടയ്‌ക്കിടയ്‌ക്ക് കട് ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. വാട്ടര്‍ അതോറിറ്റിയും പഞ്ചായത്തുമൊക്കെ ഇങ്ങനെതന്നയാണ്. ഇനി വാട്ടര്‍ ബില്ലും കരം അടയ്‌ക്കുന്നതുമൊക്കെ ഇതുപോലെ ചെയ്യാനാണ് നീക്കം. അല്ലാതെ നിങ്ങള്‍ കറന്റ് ഇല്ലാതാക്കുന്നതിന് റോഡ് തടഞ്ഞ് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കണ്ടല്ലോ, രഞ്ജിത് പറഞ്ഞു.
കെഎസ്ഇബി ഓഫീസില്‍ പരാതി പറഞ്ഞ് മടുത്തതോടെയാണ് വ്യത്യസ്ത സമരവുമായി ബിജെപി മെമ്പര്‍ മുന്നിട്ടിറങ്ങിയത്. മടങ്ങും മുമ്പ് രഞ്ജിത് വിളിച്ചുപറഞ്ഞു, ‘നാണയം കൊണ്ടുവന്ന പ്ലാസ്റ്റിക് കവറൊക്കെ തിരിച്ചു തന്നേക്കണേ, ഹരിതകര്‍മ സേനക്കാര്‍ക്ക് കൊടുക്കാനാണ്….’
ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു
നിരന്തരം ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ് കെഎസ്ഇബിയും വാട്ടര്‍ അതോറിറ്റിയും. അടിക്കടി വൈദ്യുതി പോകുന്നത് മൂലം എന്റെ വീട്ടിലെ തന്നെ പല ഇലട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. എന്റെ പ്രതിഷേധം പണം സ്വീകരിക്കുന്ന ജീവനക്കാരോടല്ല, കെഎസ്ഇബിയോടാണ്.
രഞ്ജിത്ത്. സി
വാര്‍ഡ് മെമ്പര്‍, (തലവൂര്‍ ഗ്രാമപഞ്ചായത്ത് )
പ്രതികരിക്കാൻ ഇവിടെ എഴുതുക: