നീലേശ്വരം: കുളം നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം കഴിപ്പിച്ചപ്പോള്‍ വനിത കൗണ്‍സിലര്‍ കടക്കെണിയിലായി. സിപിഎം ഭരിക്കുന്ന നീലേശ്വരം നഗരസഭയിലാണ് സംഭവം.കുളം നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്ത നീലേശ്വരം നഗരസഭയിലെ അങ്കകളരി കുളം നവീകരിച്ച വാര്‍ഡ് കൗണ്‍സിലര്‍ വി.വി.ശ്രീജയാണ് 1.60ലക്ഷം രൂപയുടെ കടക്കാരിയായത്.
കുളം നവീകരണത്തില്‍ നിന്നും കരാറുകാരന്‍ പിന്‍മാറിയപ്പോള്‍ നാടിന് വേണ്ടി ജനകീയ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തി നഗരസഭ കൗണ്‍സിലര്‍ ഏറ്റെടുക്കുകയായിരുന്നു. 18ലക്ഷം രൂപയ്‌ക്കാണ് കരാറുകാരന്‍ നിര്‍മ്മാണം ഏറ്റെടുത്തത്. എന്നാല്‍ നവീകരണത്തില്‍ പിന്‍വലിഞ്ഞപ്പോള്‍ പദ്ധതി നഷ്ടമാകാതിരിക്കാനാണ് കൗണ്‍സിലര്‍ ശ്രീജയും മുന്‍ കൗണ്‍സിലര്‍ പി.മനോഹരനും നേതൃത്വം നല്‍കി നാട്ടുകാരുടെ യോഗം വിളിച്ച് കമ്മറ്റി ഉണ്ടാക്കി നിര്‍മ്മാണം നടത്തിയത്.
കടം വാങ്ങിയും സ്വര്‍ണ്ണം പണയം വെച്ചുമൊക്കെ കുളം മനോഹരമാക്കി നവീകരിച്ച് ഉദ്ഘാടനവും നടത്തി. എന്നാല്‍ നിര്‍മ്മാണ ചെലവായ തുക കരാറുകാരന്റെ അക്കൗണ്ടിലേക്കാണ് പോയത്. മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ പദ്ധതിയായതിനാല്‍ നഗരസഭ ഇതിന് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. പ്രവൃത്തി പൂര്‍ത്തികരിച്ചതില്‍ കൗണ്‍സിലര്‍ക്ക് 1.60 ലക്ഷം രൂപ കിട്ടാനുണ്ട്. ഇതില്‍ 52000രൂപയോളം സ്വന്തം കയ്യില്‍ നിന്ന് ചെലവാക്കിയതാണ്. ബാക്കി കൂലിയും സാധനങ്ങള്‍ വാങ്ങിയവര്‍ക്കും മറ്റുമായി കൊടുക്കാനുമുണ്ട്. പണം കൊടുക്കാതെ സാധനങ്ങള്‍ വാങ്ങിയ വ്യാപാരികളേയും പണം കടം വാങ്ങിയ വരെ കാണുമ്പോളും ഒളിച്ച് നടക്കേണ്ട ഗതികേടിലാണ് കൗണ്‍സിലര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: