റഷ്യ-യുക്രയിന് യുദ്ധത്തിനായി നിര്‍മിതബുദ്ധി ഉപയോഗിച്ചുവെന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തകള്‍ ശരിയാണെങ്കില്‍, യുക്രയിനെതിരായ യുദ്ധത്തില്‍ റഷ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സിന്റെ സഹായത്തോടെ ആദ്യ നരഹത്യ നടത്തിയത്. തങ്ങളുടെ ‘എസ്-350 വിത്യാസ്’ എന്ന വ്യോമ പ്രതിരോധ സംവിധാനം ഒരു യുക്രയിന് വിമാനത്തെ വെടിവച്ചു വീഴ്ത്തിയെന്നാണ് റഷ്യ അവകാശപ്പെട്ടിരിക്കുന്നത്. ഓട്ടോമാറ്റിക് മോഡില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഡിഫന്‍സ് സിസ്റ്റം ഒരു അസാധാരണദൗത്യം പൂര്‍ത്തിയാക്കിയതായി റഷ്യന്‍ ഉപ പ്രധാനമന്ത്രിയും സ്ഥിരീകരിച്ചു. ഇത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് നടത്തുന്ന ആദ്യത്തെ കൊലപാതകമാണെന്നാണ് ലോകം അന്നു പ്രതികരിച്ചത്.
യുദ്ധസാഹചര്യങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ഉപയോഗിച്ച് ഒരു സിസ്റ്റം പൂര്‍ണ്ണമായി, യാന്ത്രികമായി പ്രവര്‍ത്തിപ്പിക്കുന്ന ആദ്യത്തെ ഉദാഹരണമായാണ് ‘എസ്-350 വിത്യാസ്’ വ്യോമ പ്രതിരോധ സംവിധാനത്തെ അടയാളപ്പെടുത്തുന്നത്. ആഗോളതലത്തില്‍ തന്നെ ഹൈപ്പര്‍സോണിക് മിസൈലുകളെ തടയാനും നശിപ്പിക്കാനും കഴിവുള്ള ഏക സംവിധാനമാണ് തങ്ങളുടെ എയര്‍ ഡിഫന്‍സ് സിസ്റ്റമെന്ന് റഷ്യ അവകാശപ്പെടുന്നു. യുക്രയിനിലെ നിരവധി യുദ്ധവിമാനങ്ങളും ഡ്രോണുകളും ഈ സംവിധാനത്തിന്റെ മിസൈലുകളാല്‍ വെടിവച്ചിട്ടതായും ഉപപ്രധാനമന്ത്രി വെളിപ്പെടുത്തി. മനുഷ്യ ഇടപെടലില്ലാതെ യുദ്ധസാഹചര്യങ്ങളില്‍ ഈ സംവിധാനം എല്ലാ കാര്യങ്ങളും സ്വന്തമായി തന്നെ ഓപറേറ്റ് ചെയ്യും. അതിനായി പൂര്‍ണ്ണമായും ആശ്രയിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സിനെയും. ഇതോടെയാണ് യുദ്ധത്തിലെ നിര്‍മിത ബുദ്ധിയുടെ ഭീഷണി ലോകം അറിഞ്ഞത്. രണ്ട് വര്‍ഷത്തിനുള്ളില്‍ അനേകം മനുഷ്യരെ കൊല്ലാനുള്ള ശക്തി നിര്‍മിത ബുദ്ധി കൈവരിക്കുമെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ ഉപദേശകനായ മാറ്റ് ക്ലിഫോര്‍ഡും വ്യക്തമാക്കിയതോടെ നിര്‍മിത ബുദ്ധിയുടെ വില്ലനിസം പുറത്തുവന്നു.
നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന പ്രതിരോധ ആയുധങ്ങള്‍ക്കായുള്ള ഗവേഷണം അമേരിക്കയും ആരംഭിച്ചിട്ടുണ്ട്. ഒരു ദശാബ്ദത്തിനിടെ ആദ്യമായിട്ടാണ് നിര്‍മിത ബുദ്ധി ആയുധങ്ങളിലേക്ക് അമേരിക്ക കൂടുതലായി ശ്രദ്ധ നല്‍കുന്നത്. കൊലയാളി റോബോട്ടുകളുടെ സാങ്കേതികവിദ്യ സഖ്യരാജ്യങ്ങള്‍ക്കിടയില്‍ കൈമാറുന്നതില്‍ പ്രതിജ്ഞാബന്ധരാണെന്ന് നാറ്റോ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യ, ചൈന, ദക്ഷിണ കൊറിയ, അമേരിക്ക, യൂറോപ്യന്‍ യൂണിയന് എന്നിവരാണ് വലിയ തോതില്‍ സ്വയം തീരുമാനമെടുക്കാവുന്ന ആയുധങ്ങളില്‍ പണം മുടക്കുന്നത്. മറ്റു രാജ്യങ്ങളേയും ഈ ആയുധ മത്സരത്തില്‍ പങ്കാളികളാവാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ക്യാംപയിന് ടു സ്റ്റോപ് കില്ലര്‍ റോബോട്ട്സ് പോലുള്ള കൊലയാളി ഡ്രോണുകള്‍ വികസിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ശതകോടികളാണ് മുടക്കുന്നത്. വാഹനങ്ങളേയോ കെട്ടിടങ്ങളേയോ ആയുധങ്ങളേയോ ലക്ഷ്യമിടാതെ മനുഷ്യരെ മാത്രം ലക്ഷ്യം വെക്കുന്ന നിലയിലേക്ക് ഇത്തരം നിര്‍മിത ബുദ്ധി ആയുധങ്ങള്‍ മാറും. ഇത്തരം ആയുധങ്ങള്‍ ഭീകരവാദികളുടേയും മറ്റും കൈവശമെത്തിയാല്‍ സംഭവിക്കാനിടയുള്ള അപകടത്തെക്കുറിച്ചും ലോകരാജ്യങ്ങള്‍ ഇതുവരെ ബോധവാന്മാരല്ല.
ഹൃദയമില്ലാത്ത വിധികള്‍
നിര്‍മിതബുദ്ധിയുടേത് ഹൃദമില്ലാത്ത തീരുമാനങ്ങളാണ്. വ്യക്തിയുടെ പൂര്‍വ ജീവിത സാഹചര്യങ്ങളേയോ അവന്റെ ഗതികേടുകളേയോ ഒന്നും നിര്‍മിതബുദ്ധി പരിഗണിക്കില്ല. അവയുടെ തീരുമാനങ്ങള്‍ എഐ തീരുമാനങ്ങളുടെ അന്തിമ അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. നിര്‍മിത ബുദ്ധിയുടെ സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന കോടതികളാണ് വരാന്‍ പോകുന്നതെന്ന വ്യക്തമായ സൂചനകള്‍ പുറത്തു വന്നുകഴിഞ്ഞു. നമ്മുടെ സുപ്രീംകോടതിയും അതിന്റെ സേവനം ഉപയോഗിക്കുകയാണ്. കഴിഞ്ഞ ഏപ്രിലില്‍ സുപ്രീം കോടതിയുടെ പോര്‍ട്ടല്‍ ഫോര്‍ അസിസ്റ്റന്‍സ് ഇന്‍ കോര്‍ട്സ് എഫിഷ്യന്‍സി (എസ്യുപിഎസിഇ) തുടങ്ങിയത് ഇന്ത്യന്‍ നിയമ മേഖലയിലെ ചരിത്ര നിമിഷമായി കൊണ്ടാടപ്പെടുകയാണ്. രണ്ടു വര്‍ഷത്തെ പരിശ്രമങ്ങളെ തുടര്‍ന്നാണ്, എഐ കൊണ്ടുവരാനായി സ്ഥാപിച്ച കമ്മറ്റിക്ക് ഉചിതമായ നീക്കങ്ങള്‍ നടത്തി അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചത്. സ്വന്തമായി വികസിപ്പിച്ചെടുത്ത ന്യൂറല്‍ ട്രാന്‍സിലേഷന്‍ ടൂള്‍ 2019ല്‍ തന്നെ അവതരിപ്പിച്ചിരുന്നു എന്നതും എടുത്തുപറയേണ്ട കാര്യമാണ്. ഭാവിയില്‍ കോടതികളുടെ നടത്തിപ്പ് സുഗമമാക്കാനുള്ള അവശ്യ ഘടകങ്ങള്‍ നേരത്തെ തന്നെ ഒരുക്കുകയാണ് ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയും.
ബിഗ് ഡേറ്റാ വിശകലനത്തിനടക്കമുള്ള സംവിധാനങ്ങളാണ് സുപ്രീം കോടതിയിലും ഒരുങ്ങുന്നത്. മറ്റെല്ലാ രാജ്യത്തും നിലനിന്നിരുന്ന നീതിന്യായ വ്യവസ്ഥയേയും പോലെ ബുക്കുകളും, രേഖകളും കൂട്ടിവച്ചാണ് ഇന്ത്യന്‍ കോടതികളും പ്രവര്‍ത്തിച്ചുവന്നത്. പതിനായിരക്കണക്കിനു കേസുകളാണ് ഒരോ വര്‍ഷവും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യപ്പെടുന്നത്. ഇവയേക്കുറിച്ചുള്ള വിവരങ്ങള്‍ ഡിജിറ്റൈസു ചെയ്യുന്നതും ഇപ്പോള്‍ നടക്കുന്ന വെര്‍ച്വല്‍ വാദങ്ങളുടെ ഡേറ്റ ശേഖരിക്കുന്നതുമാണ് നിര്‍മിത ബുദ്ധിയിലൂടെ നടക്കുന്നത്. പ്രാദേശിക ഭാഷകളിലെ കോടതി നടപടികള്‍ ഇംഗ്ലിഷിലേക്കും തിരിച്ചും തര്‍ജമ ചെയ്യുന്നതിനാണ് ന്യൂറല്‍ ട്രാന്സലേഷന് ടൂള്‍ പ്രയോജനപ്പെടുത്തുന്നത്. പഴയ വിധികളും മറ്റും അന്വേഷിച്ച് ഫയലുകള്‍ തിരഞ്ഞ് തളരുന്നത് ഒഴിവാക്കുക വഴി ജഡ്ജിമാര്‍ക്ക് വളരെയധികം സമയം ലാഭിക്കാം. ഇവിടം വരെ’നിര്‍മിത ബുദ്ധി’ പരീക്ഷിക്കുന്നതിന് തടസമില്ല. എന്നാല്‍, വിധികള്‍ക്കായി എഐ സങ്കേതങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയാല്‍ മാനുഷിക പരിഗണന എന്നൊരുവാക്ക് കോടതികളില്‍ പിന്നെ മുഴങ്ങിക്കേള്‍ക്കില്ല. എല്ലാം യാന്ത്രികമായിരിക്കും. അവിടെ മനുഷ്യനൊരു പരിഗണനയും ലഭിക്കില്ല. മനുഷ്യന്റെ വിധി യന്ത്രങ്ങള്‍ തീരുമാനിക്കുന്ന കാലം വരും. ഇവിടെ ദയ, കാരുണ്യം, തുല്ല്യത, ബഹുമാനം, പരിഗണന എന്നീ മാനുഷിക മൂല്യങ്ങള്‍ക്കൊന്നും ഇടമില്ല. അതിനാല്‍, കോടതി മുറികളിലേക്ക് നിര്‍മിതബുദ്ധിയുടെ കടന്നുകയറ്റം ഒരു പരിധിവരെ തടയേണ്ടതാണ്.
ലോകത്തിന്റെ സമസ്ത മേഖലകളിലും നിര്‍മിത ബുദ്ധി കീഴടക്കികൊണ്ടിരിക്കുകയാണ്. ഈ സാങ്കേതികത മനുഷ്യവംശത്തിന് മഹാദുരന്തം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി പ്രമുഖ രാജ്യങ്ങള്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്. പ്രഥമ നിര്‍മിത ബുദ്ധി ഉച്ചകോടിയുടെ ഉദ്ഘാടനത്തില്‍ യുഎസ്, യുകെ, യൂറോപ്യന്‍ യൂനിയന്‍, ചൈന എന്നീ രാജ്യങ്ങള്‍ അടക്കം ഒപ്പുവെച്ച ബ്ലെച്ച്ലി പ്രഖ്യാപനത്തിലാണ് ഇത്തരം ഒരു മുന്നറിയിപ്പുള്ളത്. ബ്രിട്ടീഷ് സര്‍ക്കാര്‍ ആതിഥ്യം വഹിച്ച ഉച്ചകോടിയില്‍ ഇന്ത്യ, യുഎസ്, ഫ്രാന്‍സ് അടക്കം 28 രാജ്യങ്ങള്‍ പങ്കെടുത്തിരുന്നു. ഇന്ത്യയെ പ്രതിനിധാനം ചെയ്തത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറായിരുന്നു. ബോധപൂര്‍വമോ അല്ലാതെയോ ഗുരുതരമായ, ചിലപ്പോള്‍ ദുരന്തസമാനമായ നാശത്തിന് ശേഷിയുള്ളതാണ് ഈ നിര്‍മിത ബുദ്ധി മാതൃകകള്‍. നിര്‍മിത ബുദ്ധി രംഗത്ത് അതിവേഗത്തില്‍, സംഭവിക്കുന്ന മാറ്റങ്ങളും ഒപ്പം ഈ മേഖലയിലെ നിക്ഷേപങ്ങളും പരിഗണിച്ചാല്‍ ഇവ ഉയര്‍ത്താവുന്ന ഭീഷണികള്‍ നേരിടല്‍ അനിവാര്യമാണെന്നാണ് ബ്ലെച്ച്ലി പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയത്. ‘എനിക്ക് ദുഃഖമുണ്ട്, ഇത് വലിയ അപകടം ചെയ്യും’ എന്നാണ് നിര്‍മിത ബുദ്ധിയുടെ സ്രഷ്ടാവ് ഡോ. ജെഫ്രി ഹിന്റന് ബിബിസിക്ക് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
സമീപ ഭാവിയില്‍ നിര്‍മിത ബുദ്ധി മനുഷ്യ ബുദ്ധിയെ മറികടക്കും. അത് വലിയ പ്രശ്നങ്ങള്‍ക്ക് വഴി തെളിയ്ക്കുമെന്നും ജെഫ്രി ഹിന്റന് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ മനുഷ്യനോളം ബുദ്ധിയുളളവയല്ല ചാറ്റ് ബോട്ടുകള്‍. എന്നാല്‍ ഉടനെതന്നെ മനുഷ്യ മസ്തിഷ്ക്കങ്ങളെ മറികടക്കാന്‍ നിര്‍മിത ബുദ്ധിക്കാകുമെന്നാണ് ജെഫ്രി ഹിന്റണ്‍ പറയുന്നത്. നിര്‍മിത ബുദ്ധി ലോകത്തുണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് പ്രചാരണം നടത്താന്‍ ഇനിയുള്ള കാലം ഉപയോഗിക്കുമെന്നുമാണ് അദേഹം പറഞ്ഞുവെച്ചത്. നിര്‍മിത ബുദ്ധിയുടെ സാധ്യകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് ലോകത്ത് വലിയ തോതിലുള്ള ചര്‍ച്ചകള്‍ നടക്കുകയും വന്‍കിട കമ്പനികള്‍ ഉള്‍പ്പെടെ ഇതിന്റെ ഉപയോഗത്തിലേക്ക് തിരിഞ്ഞു കഴിഞ്ഞ സമയത്താണ് എഐയുടെ ദുരുപയോഗം ലോകത്തിനു വെല്ലുവിളി സൃഷ്ടിക്കുമെന്ന് ജെഫ്രി ഹിന്റന് പറയുന്നത്. അതായത്, സംവിധായകന് ഷങ്കര്‍ ‘എന്തിരന്’ എന്ന സിനിമയിലൂടെ ലോകത്തെ കാണിച്ച ‘ചിട്ടി’യുടെ തനിസ്വഭാവം നിര്‍മിതബുദ്ധിയും കാണിക്കുമെന്ന് സാരം. അതുലോകം എങ്ങനെ മറികടക്കുമെന്നതിലാണ് ഇനിയുള്ള കാത്തിരിപ്പ്.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: