പ്രചോദയാത് പദത്തിന്റെ അര്‍ത്ഥമാണ് പ്രേരണ നല്‍കുക, യോജിപ്പിക്കുക, വര്‍ദ്ധിപ്പിക്കുക. ഗായത്രി മുഖേന സവിതാ, വരേണ്യ, ഭര്‍ഗ ഗുണയുക്തമായ ഈശ്വരനെ ധ്യാനിക്കുന്നു. ഈ ധ്യാനത്തിനു കാരണം ഇതില്‍ സദ്ബുദ്ധിക്കുവേണ്ടി യാചിച്ചിരിക്കുന്നു എന്നതാണ്. എന്നാല്‍ ഈ യാചന ഇന്നത്തെ ദൈന്യതയും ഹീനതയും കലര്‍ന്ന വിധത്തിലുള്ളതല്ല, പ്രത്യുത വൈദിക സംസ്‌ക്കാരപ്രകാരം ആത്മാവിനു അനുയോജ്യമായ അന്തസ്സുറ്റ ഭാവനയോടെയാണ് ചെയ്തിരിക്കുന്നത്. ദീനഭാവത്തില്‍ ഭിക്ഷ യാചിക്കുക എന്നതും ഭാരതീയ സംസ്‌ക്കാരവും തമ്മില്‍ പൊരുത്തപ്പെടുന്നതല്ലഭിക്ഷയാചിക്കുന്നത് ഈശ്വരനോട് ആയിരുന്നാല്‍ തന്നെയും.
സദ്ബുദ്ധിയെ പ്രേരിപ്പിക്കൂ എന്നാണ് ‘പ്രചോദയാത്’ എന്നു ചൊല്ലി ഈശ്വരനോടു അപേക്ഷിച്ചിരിക്കുന്നത്. അതുമൂലം ഉത്സാഹത്തോടെ ഞങ്ങള്‍ അന്തഃകരണം ശരിയാക്കാന്‍ തുനിയട്ടെ! ഞങ്ങളിലെ ദുര്‍ബ്ബുദ്ധിയെ എതിര്‍ത്തു പരാജയപ്പെടുത്തി അതിന്റെ സ്ഥാനത്ത് സദ്ബുദ്ധിയെ സ്ഥാപിക്കാനുള്ള പുരുഷാര്‍ത്ഥം ഞങ്ങള്‍ കാട്ടുമാറാകട്ടെ! ഭാരതീയസംസ്‌ക്കാരം കര്‍മ്മ വൈശിഷ്ട്യത്തിന്റെ സംസ്‌ക്കാരമാണ്. പുരുഷാര്‍ത്ഥവും പ്രയത്‌നവും സംഘര്‍ഷവും അദ്ധ്വാനവുംമൂലം അഭീഷ്ടവസ്തുക്കള്‍ നേടുവാനാണ് ഇതു നിര്‍ദ്ദേശിക്കുന്നത്. ഈ പ്രാര്‍ത്ഥനയിലെല്ലാം ഈശ്വരനോടു അദ്ദേഹത്തിന്റെ ആശീര്‍വാദവും, മാര്‍ഗ്ഗദര്‍ശനവും, നായകത്വവുമാണ് യാചിച്ചിരിക്കുന്നത്. ശുഭകര്‍മ്മങ്ങളുടെ ആരംഭത്തില്‍ ഇതേ വിധത്തിലുള്ള ആശീര്‍വാദമാണ് ഗുരുജനങ്ങളോടു യാചിക്കുന്നത്. കുട്ടികള്‍ പരീക്ഷ എഴുതാന്‍ പോകുമ്പോള്‍ പാസ്സാകാന്‍ വേണ്ടി ഗുരുക്കന്മാരുടെ ആശീര്‍വാദം തേടുന്നു. ആശീര്‍വാദം ലഭിക്കുന്നതോടെ കുട്ടിയുടെ ഉത്സാഹം വര്‍ദ്ധിക്കുന്നു. തന്റെ പ്രയത്‌നംമൂലം കുട്ടി പരീക്ഷയില്‍ പാസ്സാകുന്നു. ഏതെങ്കിലും കുട്ടി സ്വയം പ്രയത്‌നം ചെയ്യാതെ ഈശ്വരന്റെ ആശീര്‍വാദം കൊണ്ടു മാത്രം പാസ്സാകാമെന്നു കരുതുന്നുവെങ്കില്‍ അങ്ങനെയുള്ള ആശ മൗഢ്യമായി കരുതപ്പെടുമെന്നു പറയേണ്ടതില്ലല്ലോ.
ദൈവത്തിന്റെ ആസൂത്രണമനുസരിച്ച് കര്‍മ്മത്തിനു ഫലവും വിധിച്ചിട്ടുണ്ട്. പരിശ്രമത്തിന്റെ പുഛത്തിലാണ് സാഫല്യം ബന്ധിച്ചിരിക്കുന്നത്. ഇന്നു പ്രാരബ്ധത്തിന്റെയോ അഥവാ ഭാഗ്യത്തിന്റെയോ പേരില്‍ നാം അനുഭവിക്കുന്നത് ഒരു കാലത്തെ കര്‍മ്മമാണ്. കാലാന്തരത്തില്‍ കര്‍മ്മം പരിപക്വമാകുന്നതിനാണു ഭാഗ്യമെന്നു പറയുന്നത്. ഭാഗ്യത്തിനു കാരണം ഈശ്വരപ്രീതിയോ അപ്രീതിയോ അല്ല, പിന്നെയോ ഭൂതകാലത്തിലെ നമ്മുടെ കര്‍മ്മം പരിപക്വമായി ഫലമായി രൂപാന്തരം പ്രാപിച്ച് നമുക്കു തന്നെ ലഭിക്കുന്നതാണ്. ഇതിനു പ്രാരബ്ധമെന്നു പറയുന്നു. ഈശ്വരന്‍ ആരുടെയും മേല്‍ പ്രസാദിക്കുകയോ, അപ്രീതിപ്പെടുകയോ ചെയ്യുന്നില്ല. ഈശ്വരന്റെ മുമ്പാകെ സകലരും തുല്യരാണ്. സകലര്‍ക്കും അവസരവും അവകാശവും തുല്യമായി കൊടുത്തിരിക്കുകയാണ്. അതോടൊപ്പം ഇഷ്ടാനുസരണം നന്മയോ, തിന്മയോ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും കൊടുത്തിട്ടുണ്ട്. പക്ഷേ കര്‍മ്മഫലം അനുഭവിക്കാന്‍ ബാദ്ധ്യസ്ഥനാണ്. (കര്‍മ്മഫലം തെരഞ്ഞെടുക്കാനാവില്ല). സ്വന്തം കര്‍മ്മഫലത്തില്‍ നിന്നും രക്ഷപ്പെടുക പ്രയാസമാണ്.
ഗുരുജനങ്ങളോടും ഈശ്വരനോടും അനുഗ്രഹത്തിനുവേണ്ടി യാചിക്കുന്നത് ഉചിതമാണ്; എന്തെന്നാല്‍ അവരുടെ ഹൃദയം സല്‍ക്കര്‍മ്മം ചെയ്യുന്നവര്‍ക്കുവേണ്ടി സദാ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. നാം സന്മാര്‍ഗ്ഗത്തിലേക്കു ചുവടു വയ്‌ക്കുന്നതോടെ ഈ അനുഗ്രഹം കൂടുതല്‍ ശക്തമായി നമ്മോടൊത്തു ചേരുന്നു. എന്നാല്‍ നാം ദുര്‍മാര്‍ഗ്ഗത്തില്‍ വിചരിക്കുകയും അലസരും ആഭാസരുമായി വര്‍ത്തിക്കുകയും ചെയ്തുകൊണ്ട് ഈശ്വരനോടു ആശീര്‍വാദത്തിനപേക്ഷിച്ചാല്‍ അതു ഫലപ്പെടുക അസാദ്ധ്യമാണ്. കര്‍മ്മഫലത്തിന്റെ നിയമം ലംഘിച്ച്, സ്തുതിയും പുകഴ്‌ത്തലും കൊണ്ടു പ്രീതിപ്പെട്ടു ഈശ്വരന്‍ തിരിമറി കാട്ടുകയില്ല.
ഏതെങ്കിലും സംഗതി ആദരവോടെ അഭിമന്ത്രിച്ചെടുക്കുക, അതിനെ നമ്മില്‍ പ്രതിഷ്ഠിക്കുക, നമ്മുടെ ആഗ്രഹങ്ങളെ ആ വഴിക്കു നയിക്കുക എന്നതാണ് പ്രാര്‍ത്ഥനയുടെ അര്‍ത്ഥം. നമ്മുടെ ആഗ്രഹങ്ങളുടെയും അഭീഷ്ടങ്ങളുടെയും പൂര്‍ത്തീകരണത്തിനായി ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഉപയുക്തമായ അടിസ്ഥാനം ഉണ്ടാക്കത്തക്ക വിധത്തില്‍ അന്തഃകരണം തയ്യാറാക്കണം. ദിവ്യശക്തികള്‍ നമുക്ക് ആശീര്‍വാദവും പ്രേരണയും പ്രോത്സാഹനവും പ്രദാനം ചെയ്യുന്നു. ഈ സൂക്ഷ്മദാനം നമ്മുടെ ആന്തരികമായ പ്രവണതകളെ ഉചിതമായ വിധത്തില്‍ നയിക്കാന്‍ സഹായിക്കുന്നു. ഇക്കാരണത്താല്‍ ഇതിന്റെ പ്രാധാന്യം അസാമാന്യമാണ്. വിശ്വാസമാകുന്ന ബീജം ഏതെങ്കിലും ഒരു പ്രത്യേക മാര്‍ഗ്ഗത്തിലേക്കു തിരിയുന്നതു തന്നെ മനസ്സിന്റെ മറ്റുള്ള പ്രവണതകള്‍ക്കും അതേ മാര്‍ഗ്ഗം പിന്തുടരാനുള്ള കളമൊരുക്കലാണ്. നമ്മുടെ ഹൃദയാഭിലാഷമായ ബീജം മുളയ്‌ക്കുവാനും അതു വളര്‍ന്നു പൂവും ഫലവും നല്‍കാനും വേണ്ടി മനോഭൂമിയെ ഫലഭൂയിഷ്ഠമാക്കാനുള്ള മനഃശാസ്ത്രപരമായ ഒരു ധാര്‍മ്മിക ക്രിയ കൂടിയാണ് പ്രാര്‍ത്ഥന.
ഗായത്രീമന്ത്രത്തില്‍ ‘പ്രചോദയാത്’ എന്ന പദം വളരെ മഹനീയമാണ്. ഇത് ആത്മാവിന്റെ അന്തസ്സിനു പരിപൂര്‍ണ്ണ സംരക്ഷണം നല്‍കിയിരിക്കുന്നു. ആത്മാവ് ശക്തികളുടെ ഖജനാവാണ്. ഇഷ്ടാനുസരണം എന്തും നേടാന്‍ ഉപകരിക്കുന്ന എല്ലാ തത്ത്വങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഏതെങ്കിലും സ്ഥിതിവിശേഷത്തിനോ വസ്തുവിനോ വേണ്ടി യാചിക്കേണ്ട ആവശ്യമില്ല, പ്രത്യുത ബുദ്ധി ശുദ്ധമാകുവാനും, ദുര്‍ബുദ്ധി നിഷ്‌ക്കാസനം ചെയ്യപ്പെട്ട് തല്‍സ്ഥാനത്തു സദ്ബുദ്ധി സ്ഥാപിക്കപ്പെടുവാനും വേണ്ടിയുള്ള പ്രേരണയ്‌ക്കുവേണ്ടി അഭ്യര്‍ത്ഥിക്കുകയേ വേണ്ടൂ. സദ്ബുദ്ധി സംജാതമായാല്‍ പിന്നെ ലോകത്തില്‍ നേടാനാവാത്തതായി യാതൊരു വൈഭവവും ഐശ്വര്യവും അവശേഷിക്കുന്നില്ല.
ഗായത്രിയില്‍ സദ്ബുദ്ധിക്കുവേണ്ടിയല്ല, സദ്ബുദ്ധിയെ പ്രേരിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും അനുഗ്രഹിക്കുവാനും വേണ്ടിയാണ് ഈശ്വരനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്; എന്തുകൊണ്ടെന്നാല്‍ സദ്ബുദ്ധിയും പ്രയത്‌നം മൂലമാണ് ലഭിക്കുന്നത്. ഇതിനു വേണ്ടി സംയമനം, വ്രതം, ഉപവാസം, സ്വാദ്ധ്യായം, സത്സംഗം ഇത്യാദികളെ അവലംബിക്കേണ്ടത് ആവശ്യമാണ്. എങ്കിലും അതിനുള്ള പ്രേരണ ഈശ്വരനില്‍ നിന്നാണ് ലഭിക്കുന്നത്. ആന്തരികമായ പ്രേരണ ഇല്ലാത്തപക്ഷം, മേല്പറഞ്ഞ കര്‍മ്മകാണ്ഡങ്ങളെല്ലാം അര്‍ത്ഥശൂന്യമാണ്. ആത്മദര്‍ശനത്തിനും ബ്രഹ്മപ്രാപ്തിക്കും ദൈവിക വരദാനങ്ങള്‍ക്കുംവേണ്ടി ആവശ്യമായ അന്തഃപ്രേരണ പ്രദാനം ചെയ്യുവാനാണ് ഈശ്വരനോടു പ്രാര്‍ത്ഥിക്കുകയും അഭ്യര്‍ത്ഥിക്കുകയും ചെയ്തിരിക്കുന്നത്. ‘പ്രചോദയാത്’ എന്ന പദം ഈ ബോധം ഉളവാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: