Categories: Samskriti

വേദങ്ങള്‍ പിറന്ന കാലം

Published by

വേദങ്ങളുടെ രചനാകാലത്തെപ്പറ്റി പരിചിന്തിക്കാം. ഋഗ്വേദസംഹിതയില്‍ ഓരോരോ ഋഷികള്‍ ദര്‍ശിച്ചതായി പറയപ്പെട്ടിട്ടുള്ള മന്ത്രങ്ങള്‍ യജുസ്സില്‍ ഏതേതെല്ലാം സന്ദര്‍ഭങ്ങളിലാണ് ഉപയോഗിക്കേണ്ടതെന്ന് നിഷ്‌കര്‍ഷയുണ്ട്. അതുകൊണ്ടുതന്നെ ഋഗ്വേദം ആദ്യം ക്രോഡീകരിക്കപ്പെട്ടതാണെന്നും ആകയാല്‍ ആദ്യം രചിക്കപ്പെട്ടതാണെന്നും അനുമാനിക്കാവുന്നതാണ്. ആ നിലയ്‌ക്ക് ഋഗ്വേദത്തിന്റെ രചനാകാലം നിര്‍ണയിക്കുന്നതിനാണ് പണ്ഡിതന്മാര്‍ കൂടുതല്‍ താത്പര്യം പ്രദര്‍ശിപ്പിച്ചത്. അവരുടെ അഭ്യൂഹങ്ങളില്‍ പ്രധാനപ്പെട്ട ചിലതുമാത്രം താഴെക്കൊടുക്കുന്നു.

വേദമന്ത്രങ്ങളുടെ രചനാകാലത്തെക്കുറിച്ച് ആദ്യമായി മാക്‌സ്മുള്ളര്‍ ആണ് ഒരഭിപ്രായം പറഞ്ഞുവച്ചത്. അദ്ദേഹം ശ്രീബുദ്ധന്റെ ആവിര്‍ഭാവത്തിന് 800 വര്‍ഷം മുമ്പ്, (അതായത് ക്രിസ്തുവിന് 1300 സംവത്സരങ്ങള്‍ മുമ്പ്) ആയിരിക്കണം ഋഗ്വേദത്തിന്റെ രചനാകാലം എന്ന് അനുമാനിച്ചിരിക്കുന്നു.

ഡോ. അവിനാശ് ചന്ദ്രാ ‘ഋഗ്വേദിക് ഇന്‍ഡ്യാ’ എന്ന തന്റെ ഗ്രന്ഥത്തില്‍ ഭൂമിശാസ്ത്രപരവും ഭൗഗോളികവുമായ ചില സൂചന കള്‍ കണക്കിലെടുത്ത് (സരസ്വതീനദി ഒഴുകിക്കൊണ്ടിരുന്നതിന്റെ സൂചകങ്ങളായ തെളിവുകളേയും ചതുസ്സമുദ്രങ്ങളെപ്പറ്റിയുള്ള ഋഗ്വേദത്തിലുള്ള പരാമര്‍ശങ്ങളേയും അടിസ്ഥാനപ്പെടുത്തി) ക്രിസ്തുവിന് 25000 വര്‍ഷങ്ങള്‍ക്ക് അപ്പുറമായിരിക്കണം ഋഗ്വേദം രചിച്ചിട്ടുള്ളതെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.

വേദങ്ങളില്‍ നിന്നും ബ്രാഹ്മണഗ്രന്ഥങ്ങളില്‍ നിന്നും ലഭിക്കുന്ന ജ്യോതിഷപരമായ സൂചനകളെയും, ഋതുക്കള്‍ അല്പാല്പമായി പിന്നോക്കം നീങ്ങിമാറിക്കൊണ്ടിരിക്കുന്നതിന്റെ തെളിവുകളേയും വര്‍ഷാരംഭ നിരീക്ഷണഫലങ്ങളെയും ആധാരമാക്കിയാണ് ലോകമാന്യതിലകനും ജര്‍മ്മന്‍ വിദ്വാനായ യാക്കോബിയും വേദകാലനിര്‍ണയം നടത്തുന്നത്. അവരുടെ അനുമാനം ഇന്നേക്ക് 6000 വര്‍ഷങ്ങള്‍ക്കു മുമ്പാകണം ഋഗ്വേദത്തിന്റെ രചനാകാലം എന്നാണ്. (തിലകന്‍ പറഞ്ഞിരിക്കുന്നത് ഋഗ്വേദകാലം ‘വിക്രമീസംവത്’ ആരംഭിക്കുന്നതിന് 4000 വര്‍ഷം മുമ്പാണെന്നാണ്. ക്രിസ്തുവര്‍ഷാരംഭത്തിന് 57 വര്‍ഷം മുന്‍പാണ് വിക്രമാബ്ദം തുടങ്ങുന്നത്. ക്രിസ്തുവര്‍ഷം 2010 എന്നാല്‍ വിക്രമാബ്ദം 2067 ആണ്. അതനുസരിച്ച് ഋഗ്വേദരചനാകാലം ഇന്നേയ്‌ക്ക് 4000 + 2067 = 6067 വര്‍ഷങ്ങള്‍ മുന്‍പ് ആകുന്നു.) പില്‍ക്കാലത്തു കണ്ടെടുക്ക പ്പെട്ട ശിലാലേഖങ്ങളിലെ ചില പ്രസ്താവങ്ങളും തെളിവുകളും ഈ കാലഗണനയ്‌ക്ക് അനുകൂലമായി കാണപ്പെട്ടിട്ടുണ്ട്. ആ നില യ്‌ക്ക് അതുതന്നെ ഇപ്പോള്‍ ഏറെക്കുറെ സര്‍വസമ്മതയായി സ്വീകരിക്കപ്പെട്ടിരിക്കുന്നു.

ബ്രാഹ്മണങ്ങള്‍
വേദങ്ങള്‍ക്ക് അനുബന്ധമായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളവയും യജ്ഞങ്ങളെ (യാഗങ്ങളെ അഥവാ വൈദിക ഹോമങ്ങളെ) പറ്റി പ്രതിപാദിക്കുന്നവയുമായ അനേകം ഗ്രന്ഥങ്ങള്‍ നമുക്കു ലഭിച്ചിട്ടുണ്ട്. അവയെ പൊതുവെ ബ്രാഹ്മണങ്ങള്‍ എന്നാണ് വിളിച്ചു വരുന്നത്. വിവിധ നാമധേയങ്ങളില്‍ അറിയപ്പെടുന്ന ഓരോ ബ്രാഹ്മണവും ഓരോ വേദവുമായി ബന്ധപ്പെടുത്തിയാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. (ഉദാഹരണമായി ഐതരേയ ബ്രാഹ്മണം, സാംഖ്യായന ബ്രാഹ്മണം തുടങ്ങിയവ ഋഗ്വേദീയവും തൈത്തിരീയ ബ്രാഹ്മണം, ശതപഥബ്രാഹ്മണം മുതലായവ യജുര്‍വേദീയവും, ജൈമിനീയ ബ്രാഹ്മണം താണ്ഡ്യമഹാബ്രാഹ്മണം മുതലായവ സാമ വേദീയവും ഗോപഥബ്രാഹ്മണം ആദിയായവ അഥര്‍വവേദീയവും ആകുന്നു.) എന്നാല്‍ വൈദിക യജ്ഞങ്ങള്‍ ലുപ്തപ്രചാരങ്ങള്‍ ആയതോടെ ഇമ്മാതിരി ബ്രാഹ്മണഗ്രന്ഥങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ലാ തായിത്തീര്‍ന്നുകൊണ്ടിരിക്കുന്നു.

വേദങ്ങളിലെ മുഖ്യ പ്രതിപാദ്യ വിഷയങ്ങള്‍ കര്‍മ്മം, ജ്ഞാനം എന്നിങ്ങനെ രണ്ടെണ്ണമാണല്ലോ. കര്‍മ്മം എന്ന വാക്കിന് വൈദിക സാഹിത്യത്തില്‍ പൊതുവേ യജ്ഞകര്‍മ്മമെന്നാണ് അര്‍ത്ഥകല്പന ചെയ്തിട്ടുള്ളത്. (കര്‍മ്മശബ്ദത്തിന്റെ വികസിതമായ ‘പ്രവൃത്തി’ എന്ന അര്‍ത്ഥം പ്രധാനമായും ഗീതയിലും പുരാണങ്ങളിലുമാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ആ ഗ്രന്ഥങ്ങളില്‍ ഇപ്പറഞ്ഞ രണ്ടര്‍ത്ഥങ്ങളിലും ‘കര്‍മ്മം’ എന്ന പദം പ്രയോഗിക്ക പ്പെട്ടിട്ടുള്ളതായി കാണപ്പെടുന്നുണ്ട്.) ബ്രാഹ്മണഗ്രന്ഥങ്ങളിലെ മുഖ്യ വിഷയം യജ്ഞക്രിയകളെ (കര്‍മ്മകാണ്ഡ്രക്രിയകളെ) പുരസ്‌കരിച്ചുള്ളതാണെന്ന് മുകളില്‍ സൂചിപ്പിച്ചുവല്ലോ. അനേകാര്‍ഥ വാചിയായ ബ്രഹ്മം എന്ന വാക്കിന്റെ ഒരര്‍ത്ഥം വേദമെന്നുതന്നെയാണ്. അതുകൊണ്ടുതന്നെ ബ്രാഹ്മണം എന്ന ശബ്ദത്തിന് വേദ സംബന്ധിയായ ഗ്രന്ഥം എന്ന് അര്‍ത്ഥം സിദ്ധിക്കുന്നു. അതു നപുംസക ലിംഗവുമാണ്.
(തുടരും)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക