തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാനുള്ള ക്ഷാമബത്ത, ലീവ് സറണ്ടര്‍ ഇനങ്ങളില്‍ നല്‍കാനുള്ളത് 30,000 കോടി രൂപയുടെ കുടിശിക. ജീവനക്കാര്‍ സമരത്തിലേക്ക്. കേന്ദ്രസര്‍ക്കാര്‍ ക്ഷാമബത്ത നല്‍കുന്നത് അനുസരിച്ച് സംസ്ഥാന സര്‍ക്കാരും ക്ഷാമബത്ത വര്‍ധിപ്പിക്കണം. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് ആനുപാതികമായി ക്ഷാമബത്ത നല്‍കിയില്ല. 2021 മുതല്‍ 23 വരെയുള്ള ആറു ഗഡുക്കളായുള്ള 18 ശതമാനം ക്ഷാമബത്തയാണ് കുടിശികയായി നല്‍കേണ്ടത്. ക്ഷാമബത്ത നല്കിയാല് ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് 4,124 രൂപയുടെ വര്‍ധന ശമ്പളത്തില്‍ ഉണ്ടാകും. മറ്റ് ജീവനക്കാരുടെ ഗ്രേഡ് അനുസരിച്ച് വര്‍ധിക്കും. ജീവനക്കാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് നാലു ഗഡു നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍ രണ്ട് ഗഡു പോലും ഇതുവരെ നല്‍കിയില്ല.
2019-21 വരെയുള്ള ലീവ് സറണ്ടറും നല്‍കുന്നില്ല. മെഡിക്കല്‍ റീ ഇമ്പേഴ്സും നല്‍കുന്നില്ല. മെഡി സെപിനെതിരെ ജീവനക്കാര്‍ കോടതിയില്‍. സംസ്ഥാനത്ത് അഞ്ചര ലക്ഷം സര്‍ക്കാര്‍ ജീവനക്കാരും അഞ്ചേകാല്‍ ലക്ഷം പെന്‍ഷന്‍കാരുമാണ് ഉള്ളത്. ഇതില്‍ 80,000 പെന്‍ഷന്‍കാര്‍ മരണപ്പെട്ടു. പ്രതിപക്ഷ സംഘടനകള്‍ ഇതിനെതിരെ സമരത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
വരുമാനത്തില്‍ അധികവും പലിശ കൊടുത്തു മുടിയുന്നു
സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാനത്തില്‍ അധികവും വായ്പ തിരിച്ചടവിനും പലിശയും നല്‍കാനാണ് വിനിയോഗിക്കുന്നത്. 26,000 കോടി രൂപ പലിശയിനത്തിലും 49,000 കോടി രൂപ മുതലിലും പ്രതിവര്‍ഷം നല്‍കണം. ആകെ വരുമാനത്തിന്റെ 76 ശതമാനം വായ്പ തിരിച്ചടവിനായി ഉപയോഗിക്കുന്നു. ഇതും പല ഘട്ടങ്ങളിലും മുടങ്ങുന്നു. എന്നിട്ടും എവിടെ നിന്ന് വായ്പ കിട്ടും എന്ന് അന്വേഷിക്കുകയാണ് സര്‍ക്കാര്‍..
പ്രതികരിക്കാൻ ഇവിടെ എഴുതുക: