അടൂര്‍: സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണം വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍.സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ സ്കൂളായ പെരിങ്ങനാട് തൃച്ചേന്ദമംഗലം സ്കൂള്‍ കെട്ടിട നിര്‍മാണം മുടങ്ങിയതാണ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുന്നത്. എല്‍കെജി മുതല്‍ 10-ാം ക്ലാസ് വരെ 600 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഇപ്പോള്‍ ഇവര്‍ പഠിക്കുന്ന കെട്ടിടവും ജീര്‍ണ്ണാവസ്ഥയിലുമാണ്.
ശുചിമുറി ഉള്‍പ്പെടെയുള്ള ഭൗതിക സാഹചര്യങ്ങളും പരിമിതമാണ്. പാതി വഴിയിലായ കെട്ടിട നിര്‍മ്മാണം പൂര്‍ത്തി കരിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും.നിലവിലെ കെട്ടിടംസംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബിയുടെ അനുമതിയോടെ 2020ല്‍ നിര്‍മാണമാരംഭിച്ച പണികളാണ് രണ്ട് വര്‍ഷമായി നിലച്ചിരിക്കുന്നത്. 3 നിലയുള്ള കെട്ടിടത്തിന്റെ ഒരു ഒരു നില മാത്രമാണ് ഇതു വരെ കോണ്‍ക്രീറ്റ് ചെയ്തത്.2020 മെയ് 23ന് കെട്ടിടത്തിന്റെ നിര്‍മ്മാണ ഉത്ഘാടന ചടങ്ങില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത് യുദ്ധക്കാലാടിസ്ഥാനത്തില്‍ നിര്‍മ്മാണങ്ങള്‍ തുടങ്ങി 2021ലെ അദ്ധ്യായന വര്‍ഷം കെട്ടിടം പ്രവര്‍ത്തന സജ്ജമാക്കുമെന്നായിരുന്നു.
എന്നാല്‍ ഇതുവരെ ഒരു നിലയുടെ കോണ്‍ക്രീറ്റ് മാത്രമാണ് തീര്‍ന്നത്. പ്ലാന്‍ പ്രകാരം എല്‍ രീതിയിലായിരുന്നു കെട്ടിട നിര്‍മ്മാണം. അന്ന് ഇവിടെ ഉണ്ടായിരുന്ന സ്റ്റേജ് പൊളിച്ചാണ് പുതിയ കെട്ടിടം പണി തുടങ്ങിയത്. ഇപ്പോള്‍ സ്കൂളിന് സ്റ്റേജുമില്ല. രണ്ട് നിലകളിലായി 10 മുറികള്‍ എന്നായിരുന്നു പ്ലാന്‍. ഇപ്പോഴത്തെ ഓഫീസ് ബ്ലോക്കിന്റെ മുകളില്‍ പണിയേണ്ട രണ്ട് നിലകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഓഫീസ് ബ്ലോക്കിന്റെ മുകളില്‍ നിര്‍മ്മാണ നടത്തിയാല്‍ കെട്ടിടത്തിന് ബലക്ഷയം ഉണ്ടാകുമെന്നതാണ് കാരണം പറഞ്ഞത്. 3 നില കെട്ടിടത്തിന്റെ ഒരുനില കോണ്‍ക്രീറ്റ് ചെയ്തതിന്റെ ബില്ല് മാറി കൊടുക്കാത്തതിന്റെ പേരില്‍ കരാറുകാരന് പണി തുടര്ന്നില്ലായെന്നാണ് അറിയാന്‍ കഴിയുന്നത്.
എന്നാല്‍ 2022 മെയ് 27ന് കെട്ടിട നിര്‍മ്മാണ തടസ്സങ്ങള്‍ മാറ്റാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ സെക്രട്ടറിയേറ്റില്‍ നിര്‍വഹണ ഏജന്‍സിയായ ഇന്‍കെല്‍ അധികൃതരും കരാറുകാരനുമായി ചര്‍ച്ചകളും നടത്തിയിരുന്നു. ചര്‍ച്ച കഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുന:രാരംഭിച്ചില്ല. ഇത് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പരാജയമാണ്.
സര്‍ക്കാര്‍ വിദ്യാലായങ്ങള്‍ സ്മാര്‍ട്ടാക്കിയെന്നും ഈ മേഖലക്ക് കോടികള്‍ ചില വിട്ടുവെന്നും പറയുന്ന സര്‍ക്കാര്‍ പ്രായോഗിക തലത്തില്‍ ഒന്നും വ്യവസ്ഥാ വിധമായി ചെയ്തിട്ടില്ല. ഇതിന്റെ നേര്‍കാഴ്ച്ചയാണ് സംസ്ഥാനത്തെ മികവുറ്റ വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ട ക്ലാസ് മുറികളുടെ നിര്‍മ്മാണം മുടങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: