ഗാന്ധിനഗര്‍(കോട്ടയം): ഹൃദയമാറ്റ ശസ്ത്രക്രിയയില്‍ ഒമ്പതാമത്തെ ദൗത്യവും വിജയകരമായി പൂര്‍ത്തീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ്. കോട്ടയം തെള്ളകം കപ്പൂച്ചിന്‍
പ്രൊവിഷണലിലെ അംഗം ഫാ. ജോസഫ് സെബാസ്റ്റ്യന്റെ (ജോമോന്-39) ഹൃദയമാണ് മാറ്റിവച്ചത്. അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി സുരേഷിന്റെ (37) ഹൃദയം ഫാ. ജോസഫിന്റെ ഹൃദയത്തുടിപ്പാകും.
കോട്ടയം മെഡിക്കല്‍ കോളജ് ഹൃദയ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഇതേ വിഭാഗത്തിലെ ഡോക്ടര്‍മാര്‍, പെര്‍ഫ്യൂഷന്‍ ടെക്നീഷ്യന്മാര്, നഴ്സുമാര്‍, ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനവും വിജയത്തില്‍ നിര്‍ണായകമായി.
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും തിങ്കളാഴ്ച വൈകിട്ട് 4.47 നാണ് സുരേഷിന്റെ ഹൃദയം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ഒരു നിമിഷം പോലും പാഴാക്കാതെ ശസ്ത്രക്രിയയും ആരംഭിച്ചു. മണിക്കൂറുകള്‍ക്കൊടുവില്‍ വിജയകരമായി പൂര്‍ത്തിയാക്കി. രണ്ടു വര്‍ഷമായി ഫാ. ജോസഫ് ഇവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടയില്‍ പേസ്മേക്കര്‍ ഘടിപ്പിച്ചു. ബി പോസീറ്റീവ് ഗ്രൂപ്പ് ഇനത്തില്‍പെട്ട ഹൃദയത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. ഞായറാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് കിംസ് ആശുപത്രിയില്‍ നിന്ന് ബി പോസിറ്റീവ് ഗ്രൂപ്പില്‍പ്പെട്ട ഹൃദയം ഉണ്ടെന്ന് അറിയിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജ് ഹൃദയ ശസ്ത്രക്രിയാ വിഭാഗം ഫാ. ജോസഫിനെ ബന്ധപ്പെട്ട് മെഡിക്കല്‍ കോളജില്‍ എത്തിച്ചേരാന്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജിലെത്തിയ അദ്ദേഹം വിദഗ്ധ പരിശോധനകള്‍ പൂര്‍ത്തീകരിച്ചു.
തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 2.30 ന് കോട്ടയം മെഡിക്കല്‍ കോളജ് ഹൃദയ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തില്‍, ഡോക്ടര്‍മാര്‍, പെര്‍ഫ്യൂഷനിസ്റ്റ് ടെക്നീഷ്യന്മാര്, അനസ്തേഷ്യാ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ എന്നിവര്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് പുറപ്പെട്ടു. ഹൃദയവുമായി തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 2.35ന് തിരുവനന്തപുരത്തുനിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പുറപ്പെട്ടു.
ഹാര്‍ട്ട് ഓഫ് കോട്ടയം എന്ന ആംബുലന്‍സ് കൂട്ടായ്മയിലെ ബിനോയ് ആയിരുന്നു വാഹനത്തിന്റെ ഡ്രൈവര്‍. കിംസ് ആശുപത്രി മുതല്‍ കോട്ടയം മെഡിക്കല്‍ കോളജ് വരെ പൂജപ്പുര സ്റ്റേഷനിലെ എസ്ഐ സി.എസ്. പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആംബുലന്‍സിനെ അനുഗമിച്ചു.
ഗതാഗത തടസം ഒഴിവാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുമായി പോലീസും തിരക്കുള്ള വിവിധ ജങ്ഷനുകളിലെത്തി മുന്നറിയിപ്പ് നല്കി ഹാര്‍ട്ട് ഓഫ് ആംബുലന്‍സിന്റെ മറ്റ് 8 ആംബുലന്‍സുകളും കൈകോര്‍ത്തതോടെ 159 കിലോമീറ്റര്‍ രണ്ടേകാല്‍ മണിക്കൂറുകൊണ്ട് പിന്നിട്ട് സുരേഷിന്റെ ഹൃദയം വഹിച്ചുകൊണ്ടുള്ള വാഹനം കോട്ടയം മെഡിക്കല്‍ കോളജിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: