പഞ്ചതന്ത്രത്തില്‍ ഒരു കഥയുള്ളത് ഇങ്ങിനെയാണ്. ഒരിക്കല്‍ ഒരു സ്ത്രീക്ക് ഒരു കുഞ്ഞു ജനിച്ചു. അതേസമയം തന്നെ “അമ്മ നഷ്ടപ്പെട്ട ഒരു കീരിക്കുഞ്ഞും ഈ അമ്മയുടെ അരികില്‍ വന്നു ചേര്‍ന്നു. അമ്മ തന്റെ കുഞ്ഞിനൊപ്പം തന്നെ കീരിക്കുഞ്ഞിനെയും ശുശ്രൂഷിച്ചു വളര്‍ത്തി. എന്നാലും കീരിക്കുഞ്ഞിനെ പൂര്‍ണ്ണമായി വിശ്വസിക്കാന്‍ അമ്മക്ക് ഭയമായിരുന്നു. ജന്മവാസന വച്ച് കീരി തന്റെ കുഞ്ഞിനെ ഉപദ്രവിച്ചേക്കാം എന്നവര്‍ മനസ്സില്‍ കരുതി.
ഒരു ദിവസം കുഞ്ഞിനെ ഉറക്കിക്കിടത്തി അമ്മ വെള്ളം കോരാന്‍ പുറത്തേക്കുപോയി. കീരിയാകട്ടെ കുഞ്ഞിന്റെ സംരക്ഷണം സ്വയം ഏറ്റെടുത്ത് കുഞ്ഞിന്റെ അരികില്‍ നിലകൊണ്ടു. ഈ സമയത്താണ് ഒരു മൂര്‍ഖന്‍ പാമ്പ് അവിടെയെത്തുന്നത്. പാമ്പ് കുഞ്ഞിനെ അപായപ്പെടുത്താതിരിക്കാന്‍ കീരി പാമ്പിനെ ആക്രമിക്കുകയും അതിനെ കൊല്ലുകയും ചെയ്തു. തിരികെ വീട്ടിലെത്തിയ ‘അമ്മയെ വരവേല്‍ക്കാന്‍ കീരി ഓടിയടുത്തു. ചോരപുരണ്ട മുഖവുമായി വരുന്ന കീരിയെ കണ്ടു കീരി തന്റെ കുഞ്ഞിനെ അപായപ്പെടുത്തിയെന്ന് തെറ്റിദ്ധരിച്ച ആ അമ്മ വലിയൊരു കല്ലെടുത്ത് കീരിയെ തത്ക്ഷണം കൊന്നുകളഞ്ഞു. കുഞ്ഞിനെന്ത് പറ്റിയെന്നറിയാതെ കരഞ്ഞുകൊണ്ട് വീടിനകത്തേക്ക് കയറിയ അമ്മ പക്ഷെ കണ്ടത് സുരക്ഷിതമായി ഉറങ്ങുന്ന തന്റെ കുഞ്ഞിനേയും കുറച്ചകലെ ചത്ത് കിടക്കുന്ന പാമ്പിനെയുമായിരുന്നു. സത്യം മനസ്സിലാക്കിയപ്പോള്‍ കഠിനമായി ദുഖിച്ചു കൊണ്ട് അവര്‍ കീരിയെ കയ്യിലെടുത്തു. എന്നാല്‍ അപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു.
ഇതൊരു ഗുണപാഠ കഥയാണ്. എടുത്തു ചാടി ഒന്നും പ്രവര്‍ത്തിക്കരുത് എന്നാണ് ഇത് നല്കുന്ന പാഠം. എന്നാല്‍ കുട്ടിക്കാലത്ത് ഈ കഥ കേട്ടപ്പോള്‍ അതിന്റെ ഗുണപാഠത്തെക്കാള് ആ കീരിയുടെ നിസ്സഹായത എന്നെ വല്ലാതെ മുറിപ്പെടുത്തുകയുണ്ടായി. ആ കീരിക്ക് സംസാരിക്കാനോ തന്റെ നിരപരാധിത്വം തെളിയിക്കാനോ സാധിക്കാതിരുന്നതിനാലാണ് ഇത്തരമൊരു ദുരന്തം സംഭവിച്ചതെന്നുള്ള തിരിച്ചറിവ് അന്ന് മുതലിന്നുവരെ എന്നോടൊപ്പമുണ്ട്. ‘മിണ്ടാപ്രാണി’ എന്ന വാക്ക് ഈശ്വരന് എന്ന വാക്കിനൊപ്പം പവിത്രമാക്കി ഹൃദയത്തില്‍ സൂക്ഷിക്കാന്‍ അതൊരു കാരണമായി. പിന്നീട് നിരവധി ജീവികളുമായി ഇടകലര്‍ന്ന് വളരാന്‍ സാധിച്ചിട്ടുണ്ട്. അപ്പോഴെല്ലാം അണമുറിയാതെ മീട്ടുന്ന ഒരു ശ്രുതി പോലെ ഈ അലിവ് എന്നോടൊത്തുണ്ടായിരുന്നു.
ഇന്ന് അരിക്കൊമ്പന് എന്ന് പേരിട്ട് വിളിക്കുന്ന ആനയ്ക്കുണ്ടായ ദുരന്താനുഭവങ്ങള്‍ അറിയുമ്പോഴും ഹൃദയം നോവുന്നത് മിണ്ടാപ്രാണി എന്ന വാക്ക് മുള്ളുപോലെ ഉള്ളില്‍ തറഞ്ഞു കയറുന്നത് കൊണ്ടാണ്. നിരവധി മനുഷ്യരെ കൊന്നു എന്ന് പറയുന്ന ആന തന്റെ മുന്നില്‍ വന്നുപെട്ട വയസ്സായ സ്ത്രീയെ ഒന്നും ചെയ്യാതെ കടന്നു പോകുന്ന വീഡിയോ കാണുമ്പോള്‍ മനഃപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു മിണ്ടാപ്രാണിയുടെ നിസ്സഹായത നമ്മെ ബാധിക്കുന്നു.
ജയമോഹന്റെ ‘ആനഡോക്ടര്‍’ എന്നൊരു നോവലുണ്ട്. നോവലാണെങ്കിലും ഫിക്ഷന്‍ എന്നതിനേക്കാള്‍ അതൊരു ജീവചരിത്രമാണ്. ഡോക്റ്റര്‍ കെ എന്നറിയപ്പെടുന്ന ഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയുടെ ജീവിത ഗാഥയാണത് കാടിന്റെ മക്കള്‍ക്ക് വേണ്ടി സമര്‍പ്പിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. വന്യമൃഗങ്ങള്‍ ചാകുമ്പോള്‍ അവയെ പോസ്റ്റ് മാര്‍ട്ടം ചെയ്യണമെന്ന ആവശ്യത്തിന് വേണ്ടി പോരാടുകയും അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. അങ്ങനെ പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴാണ് കേരളത്തിലെയും തമിഴ്നാട്ടിലെയും കാടുകളില്‍ ആനകള്‍ ചരിയുന്നത് വേട്ടയാടലിന്റെ ഫലമായിട്ടാണെന്ന് അറിയുന്നത്. 18 ആനകളുടെ ജഡം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ അതില്‍ 12 എണ്ണവും വെടിയേറ്റാണ് ചരിഞ്ഞതെന്നു ബോധ്യപ്പെട്ടു. 2002ല്‍ അന്തരിച്ച ഡോക്ടര്‍ കെയുടെ കഥ തമിഴ്നാട്ടിലെ ധാരാളം സ്കൂളുകളില്‍ പഠിപ്പിക്കുന്നു.
വേട്ടയാടലിന് പുറമെ മനുഷ്യരുടെ ഇതര കടന്നു കയറ്റങ്ങളും ആനകള്‍ക്ക് പ്രത്യേകിച്ചും ജീവന് ഭീഷണിയാകാറുണ്ട്. അതിലൊന്നാണ് എറിഞ്ഞുടക്കപ്പെടുന്ന ബിയറുകുപ്പികള്‍. ‘മറ്റേത് മൃഗത്തെയുംകാള്‍ ആനയ്ക്ക് വളരെ മാരകമായ ആപത്താണ് മദ്യക്കുപ്പികളുടെ ചില്ല്. ആനയുടെ കാലിന്റെ അടിവശം ഒരു മണല്‍ചാക്കുപോലെയാണ്. ബീര്‍ കുപ്പികളുടെ അടിവശം ഭാരം കൂടിയതായതുകൊണ്ട് പൊട്ടിയഭാഗം മുകളിലേക്കു നില്ക്കുന്ന രീതിയിലാണ് അവ കിടക്കുക. ആന തന്റെ വലിയ ഭാരത്തോടെ കാലെടുത്ത് അതിന്റെ മീതെ വച്ചാല്‍ ചില്ല് നേരെ കയറി ഉള്ളിലേക്കു ചെല്ലും. ആനയ്ക്ക് മൂന്നു കാലില്‍ നടക്കാനാവില്ല. രണ്ടുമൂന്നു തവണ ഞൊണ്ടിയതിനുശേഷം അത് കാലൂന്നുമ്പോള്‍ ചില്ല് നന്നായി ഉള്ളിലേക്കു കയറും. പിന്നെ അതിന് നടക്കാനാവില്ല. ഒരാഴ്ചകൊണ്ട് വ്രണം പഴുത്ത് പുഴു അകത്തേക്ക് കയറും.
‘തുടര്‍ന്ന് എന്താണ് ആ ജീവിക്ക് സംഭവിക്കുകയെന്ന് ആ പുസ്തകത്തില്‍ വിവരിക്കുന്നത് പകര്‍ത്താന്‍ പോലുമാകുന്നില്ല. അത്രയും യാതനാഭരിതമായ മരണമാണ് ആ സാധുജീവിയെ കാത്തിരിക്കുന്നത്. ‘ചലമൊഴുകുന്ന കാലുകളോടെ ആന കാട്ടില്‍ അലഞ്ഞു തിരിയും. ഭക്ഷണമില്ലാതെ മെലിഞ്ഞു കോലം കെടും. ഒടുവില്‍ ഏതെങ്കിലും മരത്തില്‍ ചാഞ്ഞു നില്ക്കും. അഞ്ചാറു ദിവസംകൊണ്ട് വെറും അസ്ഥികൂടമായി മാറും.
പുറത്ത് എല്ലുകള്‍ പൊന്തി വരും. കവിളില്‍ എല്ലുകള്‍ ഉന്തി പുറത്തേക്കു ചാടും. കാതുകള്‍ ആടുന്നത് പതുക്കെയാവും. മസ്തകം താണു താണ് വരും. തുമ്പിക്കൈ നിലത്ത് ഊന്നി തല ചെരിഞ്ഞ് അസ്തിവാരം പൊളിഞ്ഞ മണ്‍വീടുപോലെ ചെരിഞ്ഞുതുടങ്ങും. മലമ്പാമ്പ് പോലെ തുമ്പിക്കൈ പൂഴിയില്‍ പുളയും. എന്തോ മണം തേടി ചെറിയ മൂക്ക് അനങ്ങിക്കൊണ്ടിരിക്കും. കണ്ണുകള്‍ ചുരുങ്ങി വിറച്ചുകൊണ്ടിരിക്കും. മറ്റ് ആനകള്‍ ചുറ്റും നിന്ന് ചിന്നം വിളിച്ചുകൊണ്ടിരിക്കും. ആന ചാകുന്നത് മറ്റ് ആനകളുടെ നിലവിളിയിലൂടെ നമുക്കറിയാന്‍ കഴിയും. ആന ചത്തു കഴിഞ്ഞ് ഒരുപാട് സമയം അവ അവിടെ നിന്ന് അലമുറയിടും. ചിലപ്പോള്‍ രണ്ടുമൂന്ന് ദിവസം തന്നെയാകും. പിന്നീട് അവ ജഡം അവിടെ ഉപേക്ഷിച്ചിട്ട് ഒരുപാട് അകന്നുപോകും. ചെല്ലുന്ന വഴി മുഴുവന്‍ അവ നിലവിളിക്കും. ഉഗ്രമായ കോപത്തോടെ വഴിയില്‍ കാണുന്നവരെ ആക്രമിക്കും. ഞാന്‍ നാലാനകളുടെ മരണം കണ്ടിട്ടുണ്ട്.’
മനുഷ്യനേക്കാള്‍ നൂറ്റിയെഴുപതിരട്ടി ന്യൂറോണുകളുള്ള വൈകാരികമായി ഏറെ വികസിച്ച ഒരു ജീവിയാണ് ആനയെന്ന് ഡോക്ടര്‍ കെ സാക്ഷ്യപ്പെടുത്തുന്നു. ക്ഷിപ്രകോപവും ക്ഷിപ്രകാരുണ്യവുമാണ് ആനയുടെ സ്വഭാവം. ബിയര്‍ കുപ്പി തറഞ്ഞ് കയറി ഗുരുതരാവസ്ഥയിലായ ഏതാനും ആനകളെ ജീവന് പണയപ്പെടുത്തി ഡോക്റ്റര്‍ കെ രക്ഷിച്ചിട്ടുണ്ട്. സമയം ഏറെയെടുത്ത് ചുറ്റും നില്ക്കുന്ന ആനകളുടെ വിശ്വാസം നേടിക്കൊണ്ടാണ് അത് ചെയ്തിട്ടുള്ളത്. സംഭ്രമിപ്പിക്കുന്ന, കണ്ണുതുറപ്പിക്കുന്ന വായനാനുഭവമാണ് ആനഡോക്റ്റര്‍ എന്ന പുസ്തകം. അതിലൊരിടത്ത് കെ ഇങ്ങിനെപറയുന്നുണ്ട്.
‘എന്തൊരു ഡിവൈന്‍ ബീയിങ്ങ് ആണത്. എന്നെങ്കിലും തമിഴ്നാട്ടില്‍ ആന ഇല്ലാതെയായാല്‍ മുഴുവന്‍ സംഘം കവിതകളെയും എടുത്തിട്ട് കത്തിക്കേണ്ടിവരും.’ സംഘകാല തമിഴിനെന്ന പോലെ സമകാലിക കേരളത്തിനും ഈ പറഞ്ഞത് ബാധകമാണ്. അത്തരമൊരു കാലം കേരളത്തില്‍ വന്നാല്‍ മലയാളി ഇപ്പോള്‍ പടച്ചുവിടുന്ന മുഴുവന്‍ മാനവിക സാഹിത്യങ്ങളും എടുത്തിട്ട് കത്തിക്കേണ്ടി വരും. കാരണം മൃഗങ്ങളോടുള്ള സമീപനത്തില്‍ നാം ഫാസിസ്റ്റുകളാണ്. മടി തീര്‍ന്ന, കറ കളഞ്ഞ ഫാസിസ്റ്റുകള്‍.
ഭാരതമെന്ന പേര് കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം നമുക്ക് ചോര ഞരമ്പുകളില്‍’ എന്ന് പാടിയ വള്ളത്തോളിനോട് കേസരി ബാലകൃഷ്ണപിള്ള ചോദിച്ചത്രേ ‘അപ്പോള്‍ തൃശൂര്‍ എന്ന് കേട്ടാലോ ! മനുഷ്യനും മൃഗങ്ങളുമെന്ന ബൈനറി നിര്‍മ്മിച്ച് അതില്‍ ഹ്യൂമന്‍ ഫസ്റ്റ് എന്ന് പറയുന്നവര്‍ കാട്ടിലെ മനുഷ്യരും നാട്ടിലെ മനുഷ്യരുമെന്ന ബൈനറിയില്‍ എവിടെ നില്‍ക്കുന്നവരാണെന്ന് മധുവിന്റെ കേസ് നമുക്ക് പറഞ്ഞു തരുന്നുണ്ട്. മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് സുപ്രീം കോടതി നിര്‍ദ്ദേശിച്ച പരമാവധി 142 അടി എന്നത് മറികടന്ന് 152 അടി വേണമെന്ന് ശഠിക്കുന്ന തമിഴന്റെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്നത് തമിഴന് ഫസ്റ്റ് എന്ന വര്‍ഗ്ഗബോധമാണ്. വര്‍ഗ്ഗബോധം ഈ രീതിയില്‍ പ്രവര്‍ത്തിച്ചാണ് ഏറ്റവും മുകളില്‍ ഒന്നാം ലോക രാജ്യങ്ങള്‍ എന്ന ശാക്തികചേരിയും അതിനു താഴെ സാമ്പത്തിക – സൈനിക ശക്തിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് രണ്ടും മൂന്നും നാലും എന്ന് പേരിട്ട ലോകരാജ്യങ്ങളും നിലനില്‍ക്കുന്നത്. ഏറ്റവുമൊടുവില്‍ നമ്മള് എത്തി നില്‍ക്കുന്നത് കയ്യൂക്കുള്ളവന് കാര്യക്കാരന്‍ എന്ന പ്രാകൃത മനുഷ്യബോധ്യത്തില് തന്നെയാണ്. ഇതറിയുന്നത് കൊണ്ടാവും ചിന്നക്കനാലിലെ ചെമ്പകത്തൊഴുകുടിയിലെ ഗോത്രവര്‍ഗ്ഗ വിഭാഗക്കാര്‍ അരിക്കൊമ്പനെ അത് ജനിച്ച സ്ഥലമായ ചിന്നക്കനാലില്‍ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് സൂര്യനെല്ലി ബോഡിമെട്ട് റോഡില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മുതുവാന്‍ വിഭാഗത്തില്‍ പെട്ട ആട് വിളന്താന്‍ കുടി, ടാങ്ക് മേട് കുടി, പച്ചപ്പുല്‍ കുടി, കോഴിപ്പനക്കുടി എന്നിവിടങ്ങളില്‍ നിന്നുള്ളവരും പ്രതിഷേധ കൂട്ടായ്മയിലുണ്ടായിരുന്നു. നാളിതു വരെ അരിക്കൊമ്പന്റെ ആക്രമണത്തില്‍ മനുഷ്യരാരും കൊല്ലപ്പെട്ടിട്ടില്ലന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ‘നിരവധി മനുഷ്യരെ കൊന്ന ആന’ എന്ന വനംവകുപ്പിന്റെ നരേറ്റീവാണ് ഇവിടെ പൊളിയുന്നത്.
മൃഗങ്ങളോട് തോന്നുന്ന എമ്പതി എന്തോ കുറഞ്ഞ തരം വൈകാരികത മാത്രമാണെന്നും ആദ്യം എമ്പതി തോന്നേണ്ടത് മനുഷ്യരോടായിരിക്കണമെന്നും ചിലര്‍ പറയും. നിങ്ങള്‍ പറയുന്നതാണ് എമ്പതിയുടെ നിര്‍വ്വചനമെങ്കില്‍ ഈ മണ്ണില്‍ ആദികാവ്യമായ രാമായണം പിറക്കില്ലായിരുന്നു. മനുഷ്യന് കൂടിയായ വേടന്റെ അമ്പേറ്റ് വീണ ക്രൗഞ്ച പക്ഷിയെ കണ്ട് ഹൃദയത്തില്‍ മുറിവേറ്റ മറ്റൊരു മനുഷ്യന് പറഞ്ഞ ‘അരുത് കാട്ടാളാ’ എന്ന തിരുത്തല്‍ വാക്യത്തില്‍ നിന്നാണ് ഒരു സംസ്ക്കാരം തന്നെ ഉറവയെടുത്തിട്ടുള്ളത്. ‘രുദിതാനുസാരീ കവി.’ കണ്ണുനീരിനെ പിന്തുടരുന്നവനാണ് കവി. കണ്ണുനീരിനെ പിന്തുടര്‍ന്ന, ഹൃദയത്തില്‍ ആഴത്തിലുള്ള അനുകമ്പ അനുഭവിച്ച മനുഷ്യര്‍ കാലങ്ങളിലൂടെ വാര്‍ത്തെടുത്തതാണ് ഇന്ന് നാം അനുഭവിക്കുന്ന ആത്മീയവും സാംസ്കാരികവുമായ ഈടിരിപ്പുകള്‍. അനുകമ്പക്ക് മനുഷ്യനെന്നോ മൃഗങ്ങളെന്നോ ഭേദമില്ല എന്നറിയേണ്ടത് പ്രധാനമാണ്. എവിടെയാണോ നിസ്സഹായത നിലനില്‍ക്കുന്നത്, എവിടെയാണോ തനിക്ക് വേണ്ടി ശബ്ദിക്കാന്‍ ത്രാണിയില്ലാത്ത ഒരു ജീവന് നീതി നിഷേധിക്കപ്പെടുന്നത് അവിടേയ്ക്ക് നമ്മുടെ ഉള്ളില്‍ നിന്ന് അനുകമ്പ പ്രവഹിച്ചു കൊണ്ടേയിരിക്കും. ഇത് ശാശ്വതമായ,സനാതനമായ സത്യമാണ്.
ആനകളെ ശാസ്ത്രലോകം അംബ്രലാ സ്പീഷീസ് എന്നാണ് പേരിട്ടു വിളിക്കുന്നത്. താന്‍ അതിജീവനം തേടുന്ന ആവാസവ്യവസ്ഥയുടെ സന്തുലനത്തിലും പരിരക്ഷയിലും പ്രധാന പങ്കുവഹിക്കുന്നത് കൊണ്ടാണ് അത്തരമൊരു പേരിന് ആനവര്‍ഗ്ഗം അര്‍ഹമായത്. ഒരു ദിവസം 100 കിലോഗ്രാമോളം പിണ്ഡമിടുന്ന ആനകള്‍ തങ്ങളുടെ സഞ്ചാരപഥങ്ങളെ വളക്കൂറുള്ളതാക്കുന്നു. ആനയുടെ ആമാശയവ്യവസ്ഥയിലൂടെ കടന്നുപോയാലെ ചില വിത്തുകള്‍ മുളക്കുകയുള്ളൂ. ഇങ്ങനെ വിത്തുവിതരണത്തിലും വിത്തുകളുടെ വ്യാപനത്തിലും ഇവര്‍ പങ്കാളികളാവുന്നു.
കാട്ടിലെ ജലസാന്നിധ്യം കണ്ടെത്തുന്നതിലും ആനകള്‍ മിടുക്കരാണ്. ചിലപ്പോള്‍ വരണ്ട മണ്ണ് കൊമ്പുകൊണ്ട് കുത്തിയിളക്കി വെള്ളം കണ്ടെത്തുന്നതും കാണാം. ഇങ്ങനെ തനിക്കുമാത്രമല്ല സഹജീവികള്‍ക്കും ദാഹജലം പ്രാപ്യമാക്കുന്ന ആനകള്‍ വിപുലമായ അര്‍ഥത്തില്‍ തന്നെ വനഭൂമിയുടെ നിലനില്പ് കാത്തുവെക്കുന്നവരാണ്.
ഒരു പുരുഷായുസ്സിനു തുല്യമായ ആയുര്‍ദൈര്‍ഘ്യമുള്ള ആനകള്‍ അവരുടെ ജീവിതകാലത്ത് നടന്നൊതുക്കുന്ന വനഭൂമിയുടെ അളവ് നമ്മുടെ ഭാവനയ്ക്കും അതീതമാണ്. അതുകൊണ്ടുതന്നെ ആനകള്‍ ലാന്റ് സ്കേപ് സ്പീഷീസ് എന്നും വിശേഷിപ്പിക്കപ്പെടുന്നു. തീറ്റയെടുത്തുകൊണ്ട് ഒരുദിവസം 40 കിലോമീറ്ററോളം ഇവര്‍ സഞ്ചരിക്കുന്നു. 150 കിലോയോളം പച്ചപ്പ് ആഹരിക്കുന്നു. 50 ഗ്യാലനോളം വെള്ളം അകത്താക്കുകയും ചെയ്യുന്നു. ഇങ്ങിനെയൊക്കെ ആയിരിക്കുമ്പോള്‍ പോലും ആനകളുടെ അതിജീവനം പലവിധത്തിലും ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.
ശരീരത്തില്‍ സ്വേദഗ്രന്ഥികളില്ലാത്ത ആനകളുടെ ജീവനൗഷധമാണ് ജലം. മനുഷ്യന്റെ അനിയന്ത്രിതമായ കാടുകയറ്റംമൂലം വനവിസ്തൃതി കുറയുകയും ജലപാതകള്‍ ജനപഥങ്ങളും, ആനത്താരകള്‍ ആള്‍ത്താരകളും ആയി മാറുകയും ചെയ്തതോടെ കുടിനീരിനായി അലയേണ്ടിവരുന്ന ഗതിവിപര്യയമാണ് ആനകള്‍ നേരിടുന്നത്. മനുഷ്യരുടെ കടന്നുകയറ്റം മൃതമാക്കുന്ന ആവാസവ്യവസ്ഥയില്‍ നിന്ന് ജലസ്രോതസ്സ് തേടിയുള്ള യാത്രകളിലാണ് ഇവ കൂട്ടം തെറ്റുന്നത്. വന്‍കൂട്ടങ്ങളായി കഴിയുന്ന ഇവര്‍ അപ്രകാരം ശിഥിലീകരിക്കപ്പെടുമ്പോള്‍ വംശപുഷ്ടിക്കാവശ്യമായ ജനിതകസങ്കലനം കുറയുന്നതായും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
ഇതിന്റെയൊക്കെ ഫലമായി കേരളത്തില്‍ കാട്ടാനകളുടെ എണ്ണം വലിയതോതില്‍ കുറഞ്ഞുവരികയാണ്. 2017ല്‍ മൂവ്വായിരത്തിനും അയ്യായിരത്തിനും ഇടയിലായിരുന്നു ആനകളുടെ എണ്ണമെങ്കില്‍ ആറു വര്‍ഷങ്ങള്‍ക്കിപ്പുറം 2023ല്‍ അവയുടെ എണ്ണം ആയിരത്തിനും രണ്ടായിരത്തിനും ഇടയിലായി കുറഞ്ഞിരിക്കുകയാണ്.
വസ്തുതകള്‍ ഇങ്ങനെയായിരിക്കുമ്പോഴും ആനകളെ അവയുടെ അവശേഷിക്കുന്ന ആവാസവ്യവസ്ഥയില്‍ നിന്നുകൂടി പുറത്താക്കാനാണ് നമ്മുടെ സംസ്ഥാനം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യത്തെ ഇരയാണ് അരിക്കൊമ്പന്. ആവാസവ്യവസ്ഥക്കും അവിടെയുള്ള ആദിവാസികളായ മനുഷ്യരുടെ സുരക്ഷക്കും കുടചൂടി നിന്നിരുന്ന ആന വര്‍ഗ്ഗത്തിലെ ലക്ഷണങ്ങള്‍ തികഞ്ഞൊരു കൊമ്പനെയാണ് തെറ്റിദ്ധരിപ്പിച്ചും നുണക്കഥകള്‍ മെനഞ്ഞും കാടുകടത്തിയത്. വൈകാരികവും ബുദ്ധിപരവുമായ അസാധാരണമാം വിധം വികാസം പ്രാപിച്ച ആ ജീവിയെ അതിന്റെ ഇണകളില്‍ നിന്നും തുണകളില്‍ നിന്നും അടര്‍ത്തി മാറ്റിയത് കൊടിയ പാപം തന്നെയാണ്. മധുവിനോട് ചെയ്തതുപോലെയോ അതിനേക്കാളുമോ കൊടിയ ഒരു പാപം.
മധുവിന് ശേഷം പ്രളയമായിരുന്നെങ്കില്‍ അരിക്കൊമ്പനോട് ചെയ്ത അനീതിക്ക് നമ്മെ കാത്തിരിക്കുന്നതെന്താകുമെന്ന് പറയുക വയ്യ. എന്ത് തന്നെയായാലും തകര്‍ന്നിരിക്കുന്ന കേരളം അത് താങ്ങുകയില്ല. ഇന്ന് മനുഷ്യരെന്ന നിലയില്‍ നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം അരിക്കൊമ്പനെ അതിന്റെ ആവാസവ്യവസ്ഥയില്‍ തിരികെ എത്തിക്കുക എന്നതാണ്. അത് സംഭവിക്കുന്നില്ലങ്കില്‍ മറ്റു വിഷയങ്ങളിലുള്ള നമ്മുടെ മാനവിക വാചാടോപങ്ങള്‍ അര്‍ഥം നഷ്ടമായ വെറും മുഴക്കങ്ങള്‍ മാത്രമായി അവശേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: