വിവിധ രാജ്യങ്ങളിലെ ജനസമൂഹങ്ങളില്‍ നടമാടിവരുന്ന ലിംഗവിവേചനങ്ങളെ സംബന്ധിച്ചുള്ള സാമ്പത്തിക അപഗ്രഥനത്തെ ആസ്പദമാക്കിയുള്ള പഠനത്തിനാണ് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ധനശാസ്ത്ര അദ്ധ്യാപികയും ഗവേഷകയുമായ ഡോ. ക്ലോഡിയ ഗോള്‍ഡന്‍ ഈ വര്‍ഷത്തെ ധനശാസ്ത്ര നോബല്‍ പുരസ്കാരം ലഭിച്ചിരിക്കുന്നത്. ചരിത്രാതീത കാലം മുതല്ക്കു തന്നെ മാനവ സമൂഹത്തില്‍ സ്ത്രീ-പുരുഷ വിവേചനം നടമാടിയിരുന്നു. അതിന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഈയിടെ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ച വനിതാ സംവരണ ബില്‍ രാഷ്ട്രപതിയുടെ മുദ്രയോടെ നിയമമായിരിക്കുന്നു എന്നത് പ്രതീക്ഷ തരുന്നു. ജി-20 രാജ്യങ്ങളുടെ അദ്ധ്യക്ഷ പദവി അലങ്കരിച്ചു കൊണ്ട് ഇന്ത്യയില്‍ നടന്ന 125 ഓളം രാഷട്രത്തലവന്മാരുടെ ആഗോള സമ്മേളനം വിജയകരമായി സംഘടിപ്പിച്ചതിനു പിന്നാലെ വനിതാ സംവരണ നിയമം ആവിഷക്കരിച്ചത് ശുഭോദര്‍ക്കം തന്നെ. ലിംഗനീതി ഭാരതീയ വൈജ്ഞാനിക പൈതൃകത്തിന്റെ അടിസ്ഥാനമായവയാകുന്നു. സ്ത്രീകളെ ശക്തിരൂപിണികളായിട്ടാണ് ഭാരതീയര്‍ ആരാധിച്ചു പോരുന്നത്.
സ്ത്രീ- പുരുഷ വിവേചനത്തെ സംബന്ധിച്ചുള്ള വിവിധ രാജ്യങ്ങളിലെ ഇരുനൂറോളം വര്‍ഷങ്ങളിലെ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിച്ചുകൊണ്ടുള്ള അപഗ്രഥനമാണ് പ്രൊഫസര്‍ ഗോള്‍ഡന്റെ നിഗമനങ്ങള്‍ക്ക് നിദാനമായത്. എല്ലാ ലോകരാജ്യങ്ങളിലെയും ജനസമൂഹം പുരുഷാധിപത്യത്തില്‍ അധിഷ്ഠിതമായവയാകുന്നു എന്നതിന് പക്ഷാന്തരമില്ല -അവിടെങ്ങളിലെയെല്ലാം ഭരണ നേതൃത്വം പുരുഷനേതൃത്വത്തിലാണ് നിയതമായിരിക്കുന്നത്- അത്തരം സാഹചര്യത്തില്‍ സ്ത്രീ നീതിക്ക് അനുപൂരകമായ നിയമനിര്‍മ്മിതികള്‍ ഒന്നും നടക്കുമെന്ന് കരുതുകവയ്യ. പാശ്ചാത്യ-പൗരസ്ത്യ രാജ്യങ്ങളിലെവിടെയും സ്ഥിതി വ്യത്യാസമുണ്ടായിട്ടില്ല. ഭരണപദവികളില്‍ ഉന്നത സ്ഥാനം വനിതകള്‍ വഹിച്ചിട്ടുണ്ട് എന്നത് വാസ്തവമെങ്കിലും പൊതുജന രംഗങ്ങളിലെ തൊഴില്‍ മേഖലകളില്‍ സ്ത്രീ ജനങ്ങള്‍ക്ക് എവിടെയും മുന്‍ഗണന നല്‍കിയതായി കാണുന്നില്ല.
ഇന്ത്യയില്‍ നടപ്പിലാക്കിയ പഞ്ചായത്തി-നഗരപാലിക നിയമങ്ങള്‍ ഒരപവാദമായി പറയാവുന്നതില്‍ നമുക്ക് അഭിമാനിക്കാവുന്നതാകുന്നു. എന്നാല്‍ ഇന്ത്യയിലും തൊഴില്‍ വിപണി മേഖലയില്‍ സ്ത്രീകള്‍ക്ക് തുല്യ അവസരങ്ങളോ തുല്യ വേതനങ്ങളോ ലഭിക്കപ്പെടുന്നത് വിരളമാകുന്നു. ലോകത്തെ വികസിത രാജ്യങ്ങളില്‍ സ്ത്രീ-പുരുഷ സമത്വങ്ങള്‍ ഇപ്പോഴും അന്യമാകുന്നു. 1800കളില്‍ കാര്‍ഷിക രംഗത്ത് സ്ത്രീകള്‍ക്ക് തൊഴില്‍ രംഗം പ്രാപ്യമായിരുന്നുവെങ്കിലും പിന്നീട് വ്യാവസായിക രംഗം വികസിതമായപ്പോള്‍ കാര്‍ഷിക രംഗത്തു നിന്നും സ്ത്രീ തൊഴിലാളികള്‍ പിന്‍വാങ്ങിയിരുന്നതായി ഗോള്‍ഡന്‍ കണ്ടെത്തുകയുണ്ടായി. പക്ഷേ വ്യാവസായിക വികസനത്തെ തുടര്‍ന്നു അവിടങ്ങളിലെ തൊഴിലവസരങ്ങള്‍ സ്ത്രീകള്‍ക്ക് അപ്രാപ്യമാവുകയായിരുന്നു. എന്നാല്‍ സാമ്പത്തിക വികസനത്തിന്റെ അടുത്ത ഘട്ടത്തില്‍ സേവനമേഖല ഔന്നത്യം പ്രാപിച്ചപ്പോള്‍ സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാവുന്ന കാഴ്ചയും കാണുകയുണ്ടായി. സാമ്പത്തിക വികസന ഘട്ടങ്ങളിലെ സ്ത്രീകളുടെ തൊഴിലവസര പ്രാപ്തി കാര്‍ഷിക വികസന ഘട്ടത്തില്‍ കൂടുകയും വ്യാവസായിക വികസന ഘട്ടത്തില്‍ കുറയുകയും സേവനമേഖല വികസിതമാവുന്ന മൂന്നാം ഘട്ടത്തില്‍ സ്ത്രീ തൊഴിലവസങ്ങള്‍ വര്‍ധിക്കുകയുമായിരുന്നു.
വിദ്യാഭ്യാസം, സാങ്കേതിക പരിജ്ഞാനം എന്നിവ സ്വായത്തമാവുകയാണ് സ്ത്രീകള്‍ക്കു തൊഴിലവസരങ്ങള്‍ പ്രാപ്തിക്ക് നിദാനമാവുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ തൊഴില്‍ പ്രാപ്തി കുറവാകുന്നു. വീട് നോക്കി നടത്തുക, കുട്ടികളെയും വയസ്സായവരെയും പരിചരിക്കുക എന്നിവ സ്ത്രീകളുടെ വേതനരഹിത തൊഴിലുകളാണല്ലോ. ഗര്‍ഭനിരോധന ഗുളികള്‍ ഉപയോഗിക്കുന്നതു സ്ത്രീകളുടെ തൊഴില്‍ അവസരലബ്ധിക്ക് സഹായകരമാവുമെന്ന് അമേരിക്കന്‍ സാഹചര്യങ്ങള്‍ പഠിച്ച ഗോള്‍ഡന്‍ കണ്ടെത്തുകയുണ്ടായി.
എല്ലാ രാജ്യങ്ങളിലെയും രാഷ്ട്രത്തലവന്മാരും നയാവിഷക്കാര പ്രഭൃതികളും ലഭ്യമാവുന്ന തൊഴിലവസരങ്ങളുടെ 50 ശതമാനം സ്ത്രീകള്‍ക്കായി നീക്കിവയ്ക്കുവന് ദത്തശ്രദ്ധരാകുകയും അവ യാഥാര്‍ത്ഥ്യമാവാന്‍ പരിശ്രമിക്കുകയും ചെയ്താല്‍ ലിംഗനീതി ഉറപ്പാക്കാനാവും. അത്തരമൊരു സമീപനം ലോക രാഷ്ട്രനേതാക്കളെല്ലാം കൂട്ടായി തീരുമാനിച്ചാല്‍ അതൊരു പുതിയ ആഗോള നയാവിഷ്ക്കാരമാവുമെന്നത് തീര്‍ച്ചയാണ്.
(ബാംഗ്ലൂര്‍ ഇന്ദിരാ ഗാന്ധി നാഷനല്‍ സെന്റര്‍ ഫോര്‍ ദ് ആര് ട്സിലെ മുന്‍ ടാഗോര്‍ നാഷണല്‍ ഫെല്ലോയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: