ടൊറന്റോ: കനേഡിയന്‍ പാര്‍ലമെന്റ് ഹില്ലില്‍ ഞായറാഴ്ച ഇന്ത്യന്‍ സമൂഹത്തിന്റെ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഇന്തോ-കനേഡിയന്‍ എം പി: ചന്ദ്ര ആര്യ ‘ഓം’ പതിച്ച കൊടി ഉയര്‍ത്തി.
ഇതോടെ വര്‍ഷം തോറും നടന്നുവരുന്ന ഹിന്ദു പൈതൃക മാസ ആചരണത്തിന്റെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇന്ത്യന്‍ പ്രവാസി സമൂഹം നല്‍കിയിട്ടുള്ള വിലയേറിയ സംഭാവനകള്‍ കണക്കിലെടുത്താണ് കാനഡ നവംബറില്‍ ഈ ആഘോഷം നടത്തുന്നത്.
‘പാര്‍ലമെന്റ് ഹില്ലില്‍ ദീപാവലി ആഘോഷം നടത്തിയതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. ഈ അവസരത്തില്‍ അവിടെ പവിത്രമായ ‘ഓം’ മുദ്രണം ചെയ്ത കൊടി പറത്താനും അവസരമുണ്ടായി. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും, സന്നദ്ധപ്രവര്‍ത്തകര്‍, കലാകാരന്‍മാര്‍ എന്നിവര്‍ക്ക് എന്റെ ആത്മാര്‍ത്ഥമായ നന്ദി,’ ആര്യ എക്‌സില്‍ പോസ്റ്റ്ില്‍ എഴുതി.
ചടങ്ങിനു 67 ഹിന്ദു, കനേഡിയന്‍ സംഘടനകളുടെ പിന്തുണ ഉണ്ടായിരുന്നു. ഒട്ടാവ, ഗ്രേറ്റര്‍ ടൊറന്റോ ഏരിയ, മോണ്‍ട്രിയല്‍ എന്നിവയുള്‍പ്പെടെ രാജ്യത്തുടനീളമുള്ളവര്‍ പങ്കെടുത്തു.
ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി എംപിയായ ആര്യ കഴിഞ്ഞ മാസം ചരിത്രത്തില്‍ ആദ്യമായി ഹിമാചല്‍ പ്രദേശിന്റെ പ്രസിദ്ധമായ കുളു ദസറയും പാര്‍ലമെന്റില്‍ നടത്തിയിരുന്നു. ഹിന്ദുക്കള്‍ക്കു എതിരായ വിദ്വേഷ കുറ്റകൃത്യങ്ങളെ വിമര്‍ശിക്കാറുള്ള ആര്യ, ഖാലിസ്ഥാന്‍ തീവ്രവാദികള്‍ കാനഡയില്‍ ഹൈന്ദവ ക്ഷേത്രങ്ങള്‍ക്കു നേരെ നടത്തുന്ന ആക്രമണങ്ങളെ അതിരൂക്ഷമായി വിമര്‍ശിക്കുകയും നടപടിയെടുക്കുകയും ചെയ്തിരുന്നു.
കാനഡയിലെ മൂന്നാമത്തെ വലിയ മതവിഭാഗം ഹിന്ദുക്കളാണ്. 2.3% മാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക