Categories: Samskriti

കല്യാണകാരിയായ വേദവാണി

ശ്രേഷ്ഠം സനാതന പൈതൃകം

Published by

കൃഷ്ണയജുര്‍വേദവും ശുക്ലയജുര്‍വേദവും

ജുര്‍വേദത്തിന് രണ്ടുശാഖകള്‍ നിലവിലുണ്ട്. കൃഷ്ണയജുര്‍വേദ (തൈത്തിരീയ) ശാഖയും ശുക്ലയജുര്‍വേദ (വാജസനേയി) ശാഖയും. പഴയകാലത്ത് കൃഷ്ണയജുര്‍വേദത്തിനു തന്നെ നാലുശാഖകളും ശുക്ലയജുര്‍വേദത്തിന് രണ്ടു ശാഖകളും ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. കൃഷ്ണയജുര്‍വേദത്തിന് തൈത്തരീയം, കഠം, കപിഷ്ഠലം, മൈത്രായണി എന്നീ ശാഖകളുണ്ടായിരുന്നെന്നു പറയപ്പെടുന്നെങ്കിലും തൈത്തരീയശാഖ മാത്രമേ ഇപ്പോള്‍ പ്രചാരത്തിലുള്ളൂ. ശുക്ലയജുര്‍വേദത്തിന് കാണ്വം, മാധ്യന്ദിനം എന്നീ രണ്ടു ശാഖകളുണ്ടായിരുന്നതായി പറയുന്നു. കാണ്വശാഖയാണ് ഇന്നു പ്രചാരത്തിലുള്ളത്.
കൃഷ്ണയജുര്‍വേദവും ശുക്ലയജുര്‍വേദവും തമ്മിലുള്ള മുഖ്യവ്യത്യാസം തൈത്തരീയ (കൃഷ്ണ)ശാഖയില്‍ മന്ത്രഭാഗവും ബ്രാഹ്മണഭാഗ (ക്രിയാഭാഗ) വും സമ്മിശ്രമായാണ് കാണപ്പെടുന്നതെന്നുള്ളതും വാജസനേയി (ശുക്ല) ശാഖയില്‍ അവ തമ്മില്‍ പരസ്പരം വ്യവച്ഛേദിച്ച് സ്പഷ്ടീകരിച്ച് നല്കിയിരിക്കുന്നു എന്നുള്ളതുമാണ്. മന്ത്രഭാഗവും ക്രിയാഭാഗവും തമ്മിലുള്ള സമ്മിശ്രണമാണ് തൈത്തരീയശാഖയുടെ ‘കൃഷ്ണത്വം’. കൃഷ്ണയജുര്‍വേദം കൂടുതല്‍ പ്രാചീനവും അതുകൊണ്ടു തന്നെ കൂടുതല്‍ ദുര്‍ഗ്രാഹ്യവുമായാണ് അനുഭവപ്പെടുന്നത്.
യജുഃസംഹിത പൊതുവേ ഗദ്യപദ്യാത്മകമാണ്. മന്ത്രഭാഗം പദ്യാത്മകവും ക്രിയാഭാഗം ഗദ്യാത്മകവുമായി കാണപ്പെടുന്നു. എന്നാല്‍ പ്രതിപാദ്യ വിഷയം രണ്ടു ശാഖകളിലും ഏറെക്കുറെ സമാനമാണ്.

യജുര്‍വേദ സംഹിത മുഴുവന്‍ ഏഴു കാണ്ഡങ്ങളിലായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. കൃഷ്ണയജുര്‍വേദത്തിലെ ഏഴു കാണ്ഡങ്ങളില്‍ 44 പ്രശ്‌നങ്ങള്‍(പ്രപാഠകങ്ങള്‍) ഉള്‍പ്പെട്ടിരിക്കുന്നു. ഈ പ്രശ്‌നങ്ങളെ 631 അനുവാകങ്ങള്‍ (സൂക്തങ്ങള്‍) ആയും വിഭജിച്ചിട്ടുണ്ട്.
ശുക്ലയജുര്‍വേദത്തെ 40 അധ്യായങ്ങളും 1975 മന്ത്രങ്ങളും ആയാണ് വിഭജിച്ചിരിക്കുന്നത്. 40ാമത്തെ അധ്യായം 18 മന്ത്രങ്ങള്‍ അടങ്ങുന്ന (ലഘുരൂപത്തിലുള്ളതെങ്കിലും അതിവിശിഷ്ടമായ) ഈശാവാസ്യം എന്ന ഉപനിഷത്താണ്. ഈ ഉപനിഷത്ത് കാലപരിഗണനയില്‍ മാത്രമല്ല, മറ്റ് അനേകം ദൃഷ്ടികളിലും ഉപനിഷത്തുകളില്‍ പ്രണവസ്ഥാനത്തിരുത്തി ആദരിക്കപ്പെടാന്‍ സര്‍വഥാ യോഗ്യമാണ്.
ശുക്ലയജുര്‍വേദത്തിന്റെ 32ാമത്തെ അധ്യായത്തിന്റെ തുടക്കത്തില്‍ ഋഗ്വേദീയമായ ഹിരണ്യഗര്‍ഭസൂക്തത്തിലെ മഹിമാമണ്ഡിതമായ കുറെ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതായി കാണാം. 34ാം അധ്യായത്തിന്റെ പ്രാരംഭത്തിലുള്ള ‘ശിവസങ്കല്‌പോപനിഷദ്’ എന്നു പറഞ്ഞുവരാറുള്ള ആറു മന്ത്രങ്ങള്‍ (ഓരോ മന്ത്രത്തിന്റെയും അന്ത്യത്തില്‍ ‘തന്മേ മനഃ ശിവസങ്കല്പമസ്തു’ എന്ന് പ്രാര്‍ഥിക്കപ്പെട്ടിരിക്കുന്നു.) ശുക്ലയജുഃ സംഹിതയ്‌ക്ക് തിലകക്കുറിയായി ശോഭിക്കുന്നു. കല്യാണകാരിയായ ഈ വേദവാണി സമസ്ത മനുഷ്യരാശിക്കുമായിട്ടാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും വര്‍ണവിഭാഗത്തിനോ ജാതി വിഭാഗത്തിനോ ഇതില്‍ യാതൊരു വിശേഷാധികാരവുമില്ല എന്നുള്ള ധീരമായ പ്രഖ്യാപനവും ഇവിടെ കാണപ്പെടുന്നുണ്ട്.

‘യഥേമാം വാചം കല്യാണീമാവദാനി
ജനേഭ്യഃ ബ്രഹ്മരാജന്യാഭ്യം
ശൂദ്രായ ചാര്യായ സ്വായചാരണായച
(ശു. യജു. 26/2)

ശ്രീരുദ്രം
ശുക്ലയജുര്‍വേദത്തിലെ 16ാം അധ്യായം രുദ്രാധ്യായം എന്ന പേരില്‍ പ്രസിദ്ധമാണ്. അല്പം ചില മാറ്റങ്ങളോടെ കൃഷ്ണയജുര്‍വേദത്തിലും ഈ അധ്യായം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൃഷ്ണയജുര്‍വേദ സംഹിതയിലെ നാലാം കാണ്ഡത്തിലെ അഞ്ചാം പ്രശ്‌നമാണ് ശ്രീരുദ്രപ്രശ്‌നം. ഇതിന് ശതരുദ്രീയം, നമകം എന്നൊക്കെ കൂടി പേരു പറഞ്ഞുവരാറുണ്ട്.

പതിനൊന്ന് അനുവാകങ്ങളിലായി 1234 മന്ത്രപദങ്ങള്‍ അടങ്ങിയ സംഹിതാഭാഗമാണ് ശ്രീരുദ്രം. വേദസംഹിതകള്‍ ആദ്യാവസാനം പരിശോധിച്ചാല്‍ ആത്മസമര്‍പ്പണാത്മകമായ ‘നമഃ’ പദം, ചതുര്‍ത്ഥീ വിഭക്ത്യന്തമായ ഭഗവന്നാമങ്ങളോട് ചേര്‍ത്ത്, പഠിക്കപ്പെടുന്നത് കേവലം ശ്രീരുദ്രത്തില്‍ മാത്രമേയുള്ളൂ എന്നു കാണാന്‍ കഴിയും.അങ്ങനെയുള്ള 300 മന്ത്രപദങ്ങള്‍ കൊണ്ട് ശ്രീരുദ്രത്തില്‍ വിരാള്‍ പുരുഷരൂപേണ ശ്രീമഹാദേവനെ സ്‌തോത്രം ചെയ്തിരിക്കുകയാണ്. രുദ്രഹോമം എന്ന നിലയിലാണ് യജുഃസംഹിതയില്‍ ഈ സ്‌തോത്രം സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നതെങ്കിലും യജുര്‍വേദാനുയായികള്‍ മാത്രമല്ല, ആസ്തികരായ മറ്റു വേദാനുയായികളായ ശ്രോതിയരും പ്രാതഃ സന്ധ്യയിലെ ജപത്തിനും അഭിഷേകത്തിനും ശ്രീരുദ്രം സാര്‍വത്രികമായി ഉപയോഗിച്ചു വരുന്നുണ്ട്. സര്‍വജനസുലഭവും സമസ്തപാപഹരവും സദാമംഗളകാരിയുമായി പ്രകീര്‍ത്തിക്കപ്പെടുന്ന വേദമന്ത്രമായ ‘പഞ്ചാക്ഷരം’ (നമഃശിവായ) ഈ ശ്രീരുദ്രത്തിലാണ്. എട്ടാം അനുവാകത്തില്‍ പത്താമത്തെ മന്ത്രമാണിത്. (ഇന്ന സാധാരണ ജപിച്ചു വരാറുള്ള മറ്റു ഭഗവന്നാമങ്ങളൊന്നും വേദമന്ത്രങ്ങളല്ലെന്ന് ഒാര്‍മിക്കുക).
(തുടരും)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക